അവശിഷ്ട സഭ

ഭാവിയിലെ സഭ അവശിഷ്ടസഭയായിരിക്കും. അവശിഷ്ടസഭ എന്ന  പേരു  കേൾക്കുമ്പോൾ തന്നെ മുന്നോട്ടു വായിക്കേണ്ട എന്നു ചിന്തിക്കുന്ന അനേകർ ഉണ്ടാകുമെന്നറിയാം.  അതിന് അവരെ കുറ്റപ്പെടുത്തിയിട്ടു  കാര്യമില്ല.  അവശിഷ്ടസഭ എന്നത് ഏതോ വിഘടിതഗ്രൂപ്പോ പാഷാണ്ഡതകൾ പഠിപ്പിക്കുന്ന പ്രസ്ഥാനമോ ആണെന്ന സംശയം പലരിലുമുണ്ട്. അതുകൊണ്ട് ആദ്യമേ ആ സംശയം തീർക്കുന്നത് ഉചിതമായിരിക്കുമെന്നു  കരുതുന്നു. 

അവശിഷ്ട സഭയെക്കുറിച്ചുള്ള പരാമർശം നാം  വായിക്കുന്നതു  പൗലോസ് ശ്ലീഹാ  റോമാക്കാർക്കെഴുതിയ ലേഖനത്തിലാണ്.  ‘അപ്രകാരം തന്നെ, കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട  ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്’ (റോമാ  11:5). ആ അവശിഷ്ട ഭാഗത്തെ അപ്പസ്തോലൻ   താരതമ്യപ്പെടുത്തുന്നത്  ഏലിയാ പ്രവാചകൻറെ കാലത്ത്,  ബഹുഭൂരിപക്ഷം ഇസ്രായേൽക്കാരും വഴിതെറ്റിപ്പോയപ്പോഴും  അതിനിടയിൽ   കർത്താവിനോടു  വിശ്വസ്തത പുലർത്തിക്കൊണ്ടു  പിടിച്ചുനിന്ന  ഏഴായിരം  പേരോടാണ്.

ആറുലക്ഷത്തിൽ പരം പുരുഷന്മാരുമായി  (സംഖ്യ 1:46) മരുഭൂമിയിലൂടെ കടന്നുപോന്ന  ഇസ്രായേൽക്കാരുടെ എണ്ണം ദാവീദു രാജാവിൻറെ കാലമെത്തിയപ്പോഴേക്കും  യൂദായിൽ  അഞ്ചുലക്ഷവും ഇസ്രായേലിൽ  എട്ടുലക്ഷവും എന്ന കണക്കിൽ  ആകെ പതിമൂന്നുലക്ഷമായി  വളർന്നുകഴിഞ്ഞിരുന്നു (2 സാമു. 24:9). 

പിന്നെയും ഒന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ ഇസ്രായേലിലെ ലക്ഷക്കണക്കിനു ദൈവജനത്തിൽ  വെറും  ഏഴായിരം പേർ  മാത്രമേ സത്യദൈവത്തോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിന്നുള്ളൂ. ശേഷിച്ചവരെല്ലാം ബാലിൻറെ മുന്നിൽ  മുട്ടുകുത്തി (റോമാ  11:4).  ഈ ഏഴായിരം പേരായിരുന്നു ആദ്യത്തെ അവശിഷ്ടസഭ.  അവരെപ്പോലെ കൃപയാൽ മാറ്റിനിർത്തപ്പെട്ട ഒരു അവശിഷ്ടഭാഗം  പൗലോസ് ശ്ലീഹായുടെ കാലത്തെന്നപോലെ ഇന്നുമുണ്ട്.  ഈ അവശിഷ്ടസഭ  അവസാനം വരെ പിടിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ് എന്നു പറഞ്ഞതു  മറ്റൊരു പൗലോസാണ്.  വിശുദ്ധനായ പോൾ ആറാമൻ  പാപ്പ തൻറെ മരണത്തിന് ഒരു വർഷം മുൻപ് 1977 ൽ  ഇങ്ങനെ  പറഞ്ഞു. 

‘കത്തോലിക്കാ സഭയെക്കുറിച്ചു ചിന്തിക്കുമ്പോൾ  എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളതു  സഭയ്ക്കുള്ളിൽ ഒരു അകത്തോലിക്കാ ചിന്താധാര പ്രബലപ്പെട്ടുനിൽക്കുന്നു എന്നാണ്.  ഈ അകത്തോലിക്കാ മനോഭാവം  നാളെ ഒരു പക്ഷേ  കൂടുതൽ ശക്തിയാർജ്ജിച്ചേക്കാം. പക്ഷേ, അത്തരം ചിന്താഗതി  തിരുസഭയുടെ ചിന്താധാരയുടെ  പ്രതിഫലനമായിരിക്കില്ല എന്നു  മാത്രം. ഒരു ‘ചെറിയ അജഗണം’ അതെത്ര   തന്നെ ചെറുതാണെങ്കിലും  അവസാനം വരെ പിടിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ്’.

അവസാനം വരെ പിടിച്ചുനിൽക്കുന്ന  ഈ ചെറിയ അജഗണം  മാത്രമേ കർത്താവു വീണ്ടും വരുന്നതിനു തൊട്ടുമുൻപുള്ള നാളുകളിൽ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയുള്ളൂ. അതിൻറെ സൂചന കർത്താവിൻറെ വാക്കുകളിൽ  തന്നെയുണ്ട്. ‘എങ്കിലും   മനുഷ്യപുത്രൻ വരുമ്പോൾ  ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ (ലൂക്കാ  18:8). 

അവശിഷ്ട സഭയിലെ  അംഗങ്ങളുടെ  എണ്ണം തീർച്ചയായും കുറവായിരിക്കും. എന്നാൽ അവരായിരിക്കും അവസാനനാളുകളിലെ   യാഥാർത്ഥസഭ. ആ സഭയെക്കുറിച്ച്‌  ബെനഡിക്ട് പതിനാറാമൻ പാപ്പ ഇങ്ങനെ പ്രവചിച്ചിട്ടുണ്ട്. മാർപ്പാപ്പയോ  കർദിനാളോ എന്തിന്‌ മെത്രാൻ പോലുമോ ആകുന്നതിനു മുൻപേ, കൃത്യമായി പറഞ്ഞാൽ 1969 ൽ   ജോസഫ് റാറ്റ്സിംഗർ പറഞ്ഞ വാക്കുകൾ:

 ‘ഇപ്പോഴത്തെ പ്രതിധിസന്ധികളിൽ നിന്നു   നാളത്തെ സഭ ഉടലെടുക്കും. ഒരുപാടു നഷ്ടപ്പെട്ട ഒരു  സഭയായിരിക്കും അത്.  അവൾ ഇപ്പോഴത്തേക്കാൾ ചെറുതായിത്തീരും. അവൾക്ക് എല്ലാം ആദ്യം മുതലേ വീണ്ടും തുടങ്ങേണ്ടിവരും. സഭയോടു  ചേർന്നുനിൽക്കുന്ന വിശ്വാസികളുടെ  എണ്ണം  കുറയുന്നതനുസരിച്ച്  അവൾക്കു  സമൂഹത്തിൽ ഉണ്ടായിരുന്ന പല ആനുകൂല്യങ്ങളും  ഇല്ലാതാകും.  മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സഭയിലെ അംഗത്വം  വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു  മാത്രം തെരഞ്ഞെടുക്കപ്പെടുന്ന ഒന്നായിരിക്കും.  ഒരു ചെറുസമൂഹം എന്ന നിലയിൽ  തൻറെ മക്കളിൽ  നിന്നു  മുൻപില്ലാതിരുന്ന  വിധം  വൻകാര്യങ്ങൾ ചെയ്യാൻ  അവൾ ആവശ്യപ്പെടും. 

എന്നാൽ നമുക്കു  സങ്കൽപ്പിക്കാൻ കഴിയുന്ന ഈ മാറ്റങ്ങൾക്കെല്ലാമപ്പുറം,സഭ  തൻറെ സ്വത്വത്തെ  നവമായും,  സഭയുടെ കേന്ദ്രസ്ഥാനത്ത് എന്നും ഉണ്ടായിരുന്ന സത്യങ്ങളിലുള്ള   പൂർണമായ ഉറപ്പോടും കൂടി  വീണ്ടും കണ്ടെത്തും.  ഈ സത്യങ്ങൾ  ത്രിയേക ദൈവത്തിലും മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ  യേശുക്രിസ്തുവിലും  ലോകാവസാനം വരെയും നിലനിൽക്കുന്ന പരിശുദ്ധാത്മാവിൻറെ സാന്നിധ്യത്തിലും ഉള്ള വിശ്വാസമാണ്.  സഭ കൂടുതൽ  ആത്മീയമായിത്തീരും.  ഒരു രാഷ്ട്രീയമായ മാനം ആ സഭയ്ക്കുണ്ടാകില്ല.  ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഉള്ള വ്യത്യാസം നോക്കാതെ തന്നെ ആരുമായും ഉള്ള സമ്പർക്കങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്ന ഒരു സഭയായിരിക്കും അത്. 

ഇതു  സഭയെ സംബന്ധിച്ചിടത്തോളം  തീർച്ചയായും  വൈഷമ്യമേറിയ ഒരു കാലഘട്ടമായിരിക്കും. കാരണം ഈ  രൂപാന്തരീകരണ പ്രക്രിയക്കായി സഭ  തൻറെ വിലയേറിയ ഊർജ്ജത്തിൻറെ വലിയൊരു പങ്ക്  ചെലവഴിക്കേണ്ടിവരും. അത് അവളെ കൂടുതൽ ദരിദ്രയാക്കും.  അതുവഴി സഭ  എളിയവരുടെ സഭയായി മാറുകയും ചെയ്യും.   വിഭാഗീയത പരത്തുന്ന സങ്കുചിതചിന്തകളും  ആർഭാടം  നിറഞ്ഞ സ്വേഛാപ്രവണതകളും  മാറ്റിവയ്‌ക്കേണ്ടിവരും എന്നതിനാൽ  ഈ പ്രക്രിയ എല്ലാ അർഥത്തിലും  ദുഷ്കരമായിരിക്കും’. 

ഈ ബുദ്ധിമുട്ടു നിറഞ്ഞ കാലഘട്ടത്തെയും  ദുഷ്‌കരമായ പ്രക്രിയയെയും തരണം ചെയ്ത്  വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ  കൃപയാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ചെറിയ അജഗണത്തെയാണ്  അവശിഷ്ടസഭ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.  അന്ത്യകാല അപ്പസ്തോലർ  എന്ന്  അനേകം വിശുദ്ധർ പരാമമർശിച്ചിരിക്കുന്നതും അവരെക്കുറിച്ചാണ്.

നമുക്ക് ബെനഡിക്ട് പാപ്പയുടെ വാക്കുകൾ അനുസ്മരിക്കാം.  സമ്പത്തിലും സാമൂഹ്യാന്തസിലും  അംഗസംഖ്യയിലും അഭിമാനിച്ചിരുന്ന  പഴയ സഭയിൽ നിന്ന്  ദരിദ്രയും വിനീതയും എല്ലാം നഷ്ടപ്പെട്ടവളുമെങ്കിലും ആത്മാവിൽ കത്തിജ്വലിക്കുന്ന പുതിയ സഭയിലേക്കുള്ള പ്രയാണത്തിൻറെ  നടുവിലാണു  നാമിപ്പോൾ നിൽക്കുന്നത്  എന്ന്  അനുസ്മരിക്കാം. സഭയ്ക്കുള്ളിലെ  നെല്ലും പതിരും അതിവേഗം വേർതിരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആ  പ്രക്രിയയുടെ അവസാനം, ഭൂരിപക്ഷവും ഒരു പക്ഷേ പതിരായിപ്പോയാലും, എണ്ണത്തിൽ  ചുരുങ്ങിയ  അവശേഷിക്കുന്ന നെന്മണികൾക്കുവേണ്ടിയാണ്   അറപ്പുരയൊരുക്കി കർത്താവ് കാത്തിരിക്കുന്നത്.   ഭൂരിപക്ഷത്തോടു ചേർന്നു  ലോകത്തോട്  ഒത്തുതീർപ്പുകൾ നടത്താതെയും വ്യാജദൈവങ്ങളുടെ മുൻപിൽ മുട്ടുമടക്കാതെയും   ദൈവം കൃപയാൽ തെരഞ്ഞെടുത്ത് താങ്ങിനിർത്തുന്ന  ആ അവശിഷ്ടഭാഗത്തിൽ നമ്മളും  ഉൾപ്പെടാൻ വേണ്ടി  പ്രാർഥിക്കാം.