ഈ കൊന്തയ്ക്കു ശക്തിയുണ്ടെങ്കിൽ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  കേരളത്തിൽ അനേകം തവണ ചർച്ച ചെയ്യപ്പെട്ട ഒരു  വാചകമാണിത്. കള്ളക്കേസിൽ കുടുക്കി അറസ്റ്റ്  ചെയ്യപ്പെട്ട  ഒരു രാഷ്ട്രീയനേതാവിൻറെ ഭാര്യയാണു  കൊന്ത അഥവാ ജപമാലയുടെ ശക്തിയിലുള്ള വിശ്വാസം  പരസ്യമായി  പ്രഖ്യാപിച്ചത്. നമ്മുടെ വിഷയം രാഷ്ട്രീയമോ കേസോ അറസ്റ്റോ അല്ല. ജപമാലയ്ക്കു  സത്യത്തിൽ ശക്തിയുണ്ടോ എന്നതാണ്. പലരും ജപമാലയെ കളിയാക്കാറുണ്ട്. ജപമാല പ്രാർഥന കൊണ്ടു ഗുണമില്ലെന്നു  പറയാറുണ്ട്. ജപമാല യേശുവിനേക്കാളധികം  മറിയത്തെ മാനിക്കുന്നു  എന്ന ദുരാരോപണവും പലരും ഉയർത്താറുണ്ട്. 

ജപമാലപ്രാർഥനയ്ക്കു ശക്തിയുണ്ടോ? ഉണ്ടെന്നാണു  ചരിത്രം തെളിയിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ അനേകായിരങ്ങളുടെ വിശ്വാസം കെടുത്തിക്കളഞ്ഞ  ആൽബിജെൻസിയൻ  പാഷണ്ഡതയെ  ചെറുത്തുതോല്പിച്ചത്  വിശുദ്ധ  ഡൊമിനിക്കിലൂടെ സ്വർഗം വെളിപ്പെടുത്തിക്കൊടുത്ത ജപമാല പ്രാർഥനയായിരുന്നു  എന്നത് സുവിദിതമാണ്.  

1945  ഓഗസ്റ്റ് ആറിനു   ഹിരോഷിമയിൽ അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ   പന്ത്രണ്ടു ചതുരശ്രകിലോമീറ്റർ സ്ഥലം നശിപ്പിക്കപ്പെട്ടു. എൺപതിനായിരത്തിലധികം പേർ തൽക്ഷണം കൊല്ലപ്പെട്ടു.  അണുവികിരണത്തിൻറെ  ഫലമായി തുടർന്നുള്ള മാസങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതിനായിരത്തിലധികമാണ്. ആ  പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങളിൽ മൂന്നിൽ രണ്ടും  തകർക്കപ്പെട്ടു.  ബലവത്തായ ചുരുക്കം   കെട്ടിടങ്ങൾ മാത്രമേ നിലംപതിക്കാതിരുന്നുള്ളൂ. എന്നാൽ ആറ്റം ബോംബ് വീണതിനു കേവലം 8 ബ്ലോക്കുകൾ മാത്രം  അകലെയുണ്ടായിരുന്ന ഒരു  ജെസ്യൂട്ട്  ആശ്രമവും അവിടെയുണ്ടായിരുന്ന എട്ടു  വൈദികരും  അത്ഭുതകരമായി രക്ഷപ്പെട്ടു.  ബോംബ് വീണതിന് ഒന്നര   ചതുരശ്ര കിലോമീറ്ററിനുള്ളിലുണ്ടായിരുന്ന എല്ലാ മനുഷ്യരും കൊല്ലപ്പെടുകയും  കോൺക്രീറ്റ്  കെട്ടിടങ്ങൾ പോലും തകരുകയും  ചെയ്തപ്പോൾ മരം കൊണ്ടു  പണിത ഈ ജെസ്യൂട്ട്  ആശ്രമവും അവിടുത്തെ  എട്ടു സന്യാസിമാരും രക്ഷപ്പെട്ടു എന്നതു  മാത്രമല്ല അത്ഭുതം. തുടർന്നുള്ള വർഷങ്ങളിൽ ഇരുനൂറോളം തവണ ശാസ്ത്രീയപരീക്ഷണനിരീക്ഷണങ്ങൾക്കു വിധേയരാക്കിയപ്പോഴും  ഈ എട്ടു വൈദികരുടെ ശരീരത്തിൽ അണുപ്രസരണത്തിൻറെ യാതൊരു ദോഷഫലങ്ങളും പ്രകടമായിരുന്നില്ല! അവരെല്ലാവരും തന്നെ പിന്നെയും  പതിറ്റാണ്ടുകൾ ആരോഗ്യത്തോടെ ജീവിച്ച്, തികച്ചും   സ്വാഭാവികമായ തരത്തിലാണ് മരിച്ചത്.

എന്താണ് ഈ അത്ഭുതകരമായ രക്ഷപ്പെടലിൻറെ കാരണമെന്നു ചോദിച്ചപ്പോൾ   അവർ  പറഞ്ഞത് ഇതായിരുന്നു. ‘ഞങ്ങൾ ഫാത്തിമയിൽ (1917ൽ) പരിശുദ്ധ അമ്മ നൽകിയ സന്ദേശം അനുസരിച്ചാണ് ജീവിച്ചിരുന്നത്. ഞങ്ങൾ എല്ലാ ദിവസവും ഞങ്ങളുടെ ഈ സന്യാസഭവനത്തിൽ ജപമാല ചൊല്ലി പ്രാർഥിക്കാറുണ്ട് ‘. ജപമാലയ്ക്കു ശക്തിയുണ്ടോ എന്നു   നിങ്ങൾ തന്നെ തീരുമാനിക്കുക.

ഹിരോഷിമയിൽ ആറ്റം ബോംബ് വീണ ഓഗസ്റ്റ് ആറ് കർത്താവിൻറെ  രൂപാന്തരീകരണ തിരുനാൾ ദിവസമായിരുന്നു.  താബോർ മലയിൽ   യേശുവിൻറെ അലൗകികമായ പ്രകാശത്തിൽ കുളിച്ചുനിന്ന പത്രോസിനും യാക്കോബിനും യോഹന്നാനും  ആ സമയത്തു  പുറംലോകവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കർത്താവിനു  പ്രിയപ്പെട്ടവരായ   അവർ  അപ്പോൾ   ദൈവത്തിൻറെ മഹത്വത്തിൻറെ വലയത്തിൽ  സുരക്ഷിതരായിരുന്നുവല്ലോ.  അതുപോലെ തന്നെ ജപമാല  ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് യേശുവിനോടൊപ്പം  ആയിരുന്ന ഹിരോഷിമയിലെ എട്ടു വൈദികരെയും അവരുടെ  ആശ്രമഭവനത്തെയും  സ്പർശിക്കാതെ  അണുബോംബിൻറെ  സംഹാരദൂതൻ  കടന്നുപോയി എന്നു  മനസിലാക്കിയാൽ മതി.

ക്രിസ്ത്യാനിയായ സ്വന്തം യജമാനനും മൃഗഡോക്ടറും  ഇനി  രക്ഷയില്ല എന്നു  പറഞ്ഞ് ഉപേക്ഷിച്ച ഒരു പശു  തളർന്നുകിടന്നിടത്തുനിന്നു   ചാടിയെഴുന്നേറ്റതു   ദൂരെയെങ്ങുമല്ല. എറണാകുളം ജില്ലയിലെ ഒരു മലയോരഗ്രാമത്തിലാണ്.  അക്രൈസ്തവയായ വേലക്കാരി  വീട്ടുടമസ്ഥൻറെ വീട്ടിൽ പ്രാർഥനയ്ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ജപമാല എടുത്തുകൊണ്ടുവന്നു   തളർന്നുകിടന്ന പശുവിൻറെ തലയിൽ തൊടുവിച്ചു പ്രാർഥിച്ചപ്പോഴാണ്  ഈ അത്ഭുതം നടന്നത്.  അതു  നേരിട്ടറിഞ്ഞയാൾ  തന്നെയാണ് ഈ  അത്ഭുതം സാക്ഷ്യപ്പെടുത്തുന്നതും.

ജപമാലപ്രാർഥനയിലൂടെ  സംഭവിച്ച അത്ഭുതങ്ങൾക്കു കണക്കില്ല.   1571 ലെ ലെപ്പാൻറോ യുദ്ധത്തിൽ  ആൾബലത്തിലും ആയുധശക്തിയിലും മികച്ചു നിന്ന ഓട്ടോമൻ തുർക്കികളെ  പാശ്ചാത്യസൈന്യം പരാജയപ്പെടുത്തിയതിനു പിന്നിലെ രഹസ്യവും ജപമാലയായിരുന്നു. ആ യുദ്ധത്തിൽ തുർക്കികൾ വിജയിച്ചിരുന്നുവെങ്കിൽ  അവിടെ  സംഭവിച്ചതുപോലെ തന്നെ  യൂറോപ്പിലും  തുടർന്ന് അമേരിക്കയിലും  ക്രിസ്തീയവിശ്വാസവും സംസ്കാരവും നാമാവശേഷമാകുമായിരുന്നു. പരാജയം ഉറപ്പായ ഘട്ടത്തിൽ റോമിലെ ദൈവാലയങ്ങൾ എല്ലാം ജപമാല പ്രാർത്ഥനയ്ക്കായി തുറന്നുകൊടുത്ത പിയൂസ് അഞ്ചാമൻ പാപ്പയ്ക്ക്  ജപമാലയിൽ അത്രയധികം വിശ്വാസമുണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത കനേഡിയൻ വ്യോമസേനയുടെ ഒരു  സ്ക്വാഡ്രൻറെ  തലവനായിരുന്ന  Stan Fulton  ക്യാമ്പിൽ തനിയെയിരുന്നു   ജപമാല ചൊല്ലുക പതിവായിരുന്നു.  അതു  കണ്ട  പട്ടാളക്കാരും  (അതിൽ ബഹുഭൂരിപക്ഷവും അകത്തോലിക്കരായിരുന്നു)  തങ്ങളുടെ  സ്ക്വാഡ്രൺ ലീഡറിനെ  അനുകരിച്ചുതുടങ്ങി. യുദ്ധമേഖലയിലേക്കു പുറപ്പെടുന്നതിനു തലേന്നാൾ അദ്ദേഹം തൻറെ സൈനികർക്കെല്ലാം ഓരോ ജപമാല കൊടുത്തുകൊണ്ടു  പറഞ്ഞു. “നിങ്ങൾ ഇതു  കൈവശം  സൂക്ഷിക്കുകയും ദിവസേന ജപമാല പ്രാർഥിക്കുകയും ചെയ്താൽ  പരിശുദ്ധ കന്യക നമ്മളെ എല്ലാവരെയും സുരക്ഷിതരായി  സ്വഭവനങ്ങളിൽ തിരിച്ചെത്തിക്കും എന്നു  ഞാൻ ഉറപ്പു തരുന്നു.”  അവർ  അതിനു സമ്മതിച്ചു.  യുദ്ധമേഖലയിലും വിമാനത്തിലും ക്യാമ്പിലുമായി ഒരുമിച്ചും തനിച്ചും ആയിരക്കണക്കിനു ജപമാലകൾ  ചൊല്ലി  അവർ പ്രാർഥിച്ചു.  നാലു വർഷം ദീർഘിച്ച  ആ യുദ്ധത്തിൽ Stan Fulton നയിച്ച സ്ക്വാഡ്രൻറെ  ഒരു വിമാനവും തകർക്കപ്പെട്ടില്ല, അദ്ദേഹത്തിൻറെ സൈനികരിൽ ഒരാൾ പോലും കൊല്ലപ്പെട്ടുമില്ല.  ജപമാലക്കു ശക്തിയുണ്ടെങ്കിൽ എന്നല്ല, ശക്തിയുണ്ട് എന്നാണ് Stan Fulton  വിശ്വസിച്ചത്.

ജപമാല  സാത്താനെ തളച്ചിടുന്ന ചങ്ങലയാണ്.  സാത്താൻറെ തത്വശാസ്ത്രമായ നിരീശ്വരവാദത്തെ തോല്പിക്കുന്ന ആയുധവുമാണ്.  ബ്രസീലിൽ ആറുലക്ഷം സ്ത്രീകൾ കൈകളിൽ ജപമാലയുമേന്തി സാവോ പോളോ നഗരത്തിൻറെ  തെരുവീഥികളിലൂടെ നടത്തിയ പ്രാർത്ഥന  ഒന്നുകൊണ്ടു മാത്രമാണ് ആ രാജ്യം  1964 ൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിലേക്കു പോകാതിരുന്നത്.  ഓസ്ട്രിയയിൽ നിന്ന് 1955 ൽ  സോവിയറ്റു യൂണിയൻ പിൻവാങ്ങിയതിൻറെ പിന്നിൽ മാത്രമല്ല  റഷ്യ നിരീശ്വരവാദകമ്മ്യൂണിസം ഉപേക്ഷിച്ചതിൻറെ പിന്നിലും പ്രവർത്തിച്ചതു   ജപമാലയേന്തിയ കരങ്ങളാണ്.

ഇനിയും നിങ്ങൾക്കു  ജപമാലപ്രാർഥനയുടെ ശക്തിയിൽ വിശ്വാസമില്ലെങ്കിൽ സ്വയം ജപമാല ചൊല്ലി  ബോധ്യപ്പെടുക എന്നേ പറയാനുള്ളൂ.

നമുക്കു  ധൈര്യമായി പറയാം; ഈ കൊന്തയ്ക്കു ശക്തിയുണ്ട് എന്ന്.  ജപമാലയുടെ ശക്തി  ഇപ്പോൾ മനസിലാക്കാത്തവരും  അതു മനസിലാക്കുന്ന ഒരു നാൾ  വരും എന്ന ഉറച്ച വിശ്വാസത്തോടെ  നമുക്കു  പ്രാർഥിക്കാം:

പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.