സായാഹ്നത്തിൽ കുടുംബപ്രാർഥനയുടെ തുടക്കത്തിൽ ചൊല്ലേണ്ട ഒന്നാണ് ത്രികാലജപമെന്നാണു പലരുടെയും ധാരണ. എന്നാൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ആയി ദിവസം മൂന്നുതവണ ചൊല്ലണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്ന പ്രാർഥനയാണത്. പതിനൊന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ആരംഭിച്ച്, പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിൽ വ്യാപകമായി പ്രചരിക്കുകയും പതിനാറാം നൂറ്റാണ്ടിൽ ഇന്നത്തെ രൂപം കൈവരിക്കുകയും ചെയ്ത ത്രികാലജപം നമ്മുടെ കർത്താവിൻറെ മനുഷ്യാവതാരത്തിൻറെയും പീഡാസഹനത്തിൻറെയും ഉത്ഥാനത്തിൻറെയും അതുവഴി നമുക്കോരുരുത്തർക്കും ലഭിക്കുമെന്നു നാം പ്രത്യാശിക്കുന്ന നിത്യരക്ഷയുടെയും അനുസ്മരണമാണ്.
ത്രികാലജപം ആരംഭിക്കുന്നത് ഗബ്രിയേൽ മാലാഖ മറിയത്തിനെ അഭിവാദനം ചെയ്ത സംഭവം അനുസ്മരിച്ചുകൊണ്ടാണ്. ‘കർത്താവിൻറെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവിനാൽ മറിയം ഗർഭം ധരിച്ചു’. തുടർന്ന് ഒരു ദൈവകൃപ നിറഞ്ഞ മറിയമേ ചൊല്ലുന്നു. അടുത്തതായി നാം അനുസ്മരിക്കുന്നത് ദൈവത്തിൽ നിന്നുള്ള സന്ദേശത്തിനു മറിയം നൽകുന്ന മറുപടിയാണ്. ‘ഇതാ, കർത്താവിൻറെ ദാസി. നിൻറെ വചനം പോലെ എന്നിലാകട്ടെ’. തുടർന്ന് ഒരു ദൈവകൃപ നിറഞ്ഞ മറിയമേ ചൊല്ലുന്നു. മൂന്നാമത്തെ ഭാഗമെത്തുമ്പോൾ നാം അനുസ്മരിക്കുന്നതു കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുന്നതാണ് ( ലൂക്കാ 1:45).’വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’.
ഒരു ദൈവകൃപ നിറഞ്ഞ മറിയമേ കൂടി ചൊല്ലിയതിനുശേഷം നാം ത്രികാലജപത്തിൻറെ അടുത്ത ഭാഗത്തിലേക്കു കടക്കുകയാണ്. മനുഷ്യനായി അവതരിച്ച്, നമ്മെ വീണ്ടെടുത്ത യേശുക്രിസ്തു നൽകിയ വാഗ്ദാനങ്ങൾ എല്ലാം നമ്മുടെ ജീവിതത്തിൽ നിറവേറപ്പെടുവാൻ നമ്മെ യോഗ്യരാക്കണമേ എന്ന യാചന പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിലൂടെ സമർപ്പിക്കുകയാണ് ഇവിടെ നാം ചെയ്യുന്നത്.
‘ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ, സർവേശ്വരൻറെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ’.
ത്രികാലജപത്തിൻറെ അവസാനഭാഗത്തു നാം ചെയ്യുന്നത്, മാലാഖയുടെ സന്ദേശത്താൽ ലോകത്തിനു വെളിപ്പെട്ടുകിട്ടിയ മനുഷ്യാവതാരവാർത്തയെ സ്മരിച്ചുകൊണ്ട്, ഈശോമിശിഹാ തൻറെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും നമുക്കായി നേടിയെടുത്ത രക്ഷ, അതായത് ഉയിർപ്പിൻറെ മഹിമ നമുക്കു ലഭിക്കുവാൻ വേണ്ടി പിതാവായ ദൈവത്തോടുള്ള യാചന സമർപ്പിക്കുകയാണ്.
‘പ്രാർഥിക്കാം, സർവേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിൻറെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ’. തുടർന്നു പരിശുദ്ധ ത്രിത്വത്തിൻറെ സ്തുതിക്കായി മൂന്നു ത്രിത്വസ്തുതി ചൊല്ലി പ്രാർഥന അവസാനിപ്പിക്കുന്നു.
ഓരോ ക്രിസ്ത്യാനിക്കും സുപരിചിതമായ ത്രികാലജപത്തെക്കുറിച്ച് ഇത്ര വിശദമായി പറയാൻ കാരണം ത്രികാലജപത്തിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം നമ്മുടെ ഇടയിൽ കുറഞ്ഞുവരുന്നു എന്നതാണ്. പരിശുദ്ധത്രിത്വത്തെയും പരിശുദ്ധ അമ്മയെയും മനുഷ്യാവതാരം മുതൽ ഉയിർപ്പു വരെയുള്ള രക്ഷാകരരഹസ്യങ്ങളെയും അതിലൂടെ നമുക്കു കൈവന്നിരിക്കുന്ന രക്ഷയെക്കുറിച്ചുള്ള പ്രത്യാശയെയും മനോഹരമായി അനുസ്മരിപ്പിക്കുന്ന ഈ കൊച്ചുപ്രാർഥന നമ്മെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യനിധി തന്നെയാണ്.
ത്രികാലജപത്തിൻറെ സമയം അറിയിച്ചുകൊണ്ടു മണി മുഴക്കുന്ന പതിവു സന്യാസാശ്രമങ്ങളിലാണ് ആരംഭിച്ചത്. പതുക്കെപ്പതുക്കെ അതു ദൈവാലയങ്ങളിലേക്കും വ്യാപകമായി. ദൈവാലയമണികൾ മുഴങ്ങുമ്പോൾ തങ്ങൾ അപ്പോൾ ഏർപ്പെട്ടിരിക്കുന്ന എല്ലാ പ്രവർത്തികളിൽ നിന്നും തൽക്കാലത്തേയ്ക്കു വിരമിച്ച്, രക്ഷാകരരഹസ്യങ്ങളെ ഭക്തിപൂർവ്വം ധ്യാനിക്കാനായി ഏതാനും നിമിഷങ്ങൾ ചെലവഴിക്കുന്ന ക്രിസ്ത്യാനികൾ നമ്മുടെ തൊട്ടുമുൻപു വരെയുള്ള തലമുറയിൽ ഒരു സാധാരണകാഴ്ചയായിരുന്നു.
ആ നല്ല പതിവ് നമുക്കു വീണ്ടടുക്കണം. ത്രികാലജപം ചൊല്ലുന്നതിനു ഭാഗികദണ്ഡവിമോചനം സഭ അനുവദിച്ചിട്ടുണ്ട് എന്നതുകൊണ്ടു മാത്രമല്ല അത്. നമ്മുടെ രക്ഷയും ഭൂമുഖത്തിൻറെ നവീകരണവും ‘ഇപ്പോൾ നമ്മൾ ആരും പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരുന്നു'( റോമാ 13:11) എന്നതുകൊണ്ടുകൂടിയാണ് .
ത്രികാലജപം മൂന്നു കാലങ്ങളെയും (ഭൂതം, വർത്തമാനം, ഭാവി) ബന്ധിപ്പിക്കുന്ന ഒരു പ്രാർഥന കൂടിയാണ്. കർത്താവിൻറെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചതു ഭൂതകാലത്തിൽ സംഭവിച്ച കാര്യമാണ്. അതു പോലെ കർത്താവ് നമ്മോടും വചനത്തിലൂടെ സംസാരിച്ചുകഴിഞ്ഞു. വർത്തമാനകാലത്തിൽ നമുക്കു ചെയ്യാനുള്ളതു മറിയത്തെപ്പോലെ ‘ഇതാ കർത്താവിൻറെ ദാസി/ ദാസൻ’ എന്നു പറഞ്ഞുകൊണ്ടു ദൈവഹിതത്തിനു സ്വയം സമർപ്പിക്കുകയാണ്. അതാകട്ടെ ‘ഇന്ന് എന്നു പറയപ്പെടുന്ന ദിവസങ്ങൾ ഉള്ളിടത്തോളം കാലം’ തുടരേണ്ട പ്രക്രിയയുമാണ്. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ഭാവി പ്രത്യാശാഭരിതമാകും . കാരണം മാംസമായി നമ്മുടെ ഇടയിൽ വസിച്ച വചനത്തെ നാം തിരിച്ചറിയുന്നത് അപ്പോഴാണ്. ഈ അറിവാണു പീഡാസഹനവും കുരിശുമരണവും പിന്നിട്ട് ‘അവസാനത്തെ ശത്രുവായ മരണത്തെയും തോൽപിച്ച്’ ഉയർപ്പിൻറെ മഹിമയിലേക്കു പ്രവേശിക്കാൻ നമ്മെ സഹായിക്കുന്നത്.
മൂന്നുതവണ മൊബൈലിൽ അലാറം വച്ചു ത്രികാലജപം ചൊല്ലാൻ വേണ്ടി ഏതാനും നിമിഷങ്ങൾ മാറ്റിവയ്ക്കുക. . ഈശോമിശിഹായുടെ വാഗ്ദാനങ്ങളായ സമാധാനം (യോഹ. 14:27), സന്തോഷം ( യോഹ.16:22), സ്വാതന്ത്ര്യം ( യോഹ. 8:32) പാപമോചനം ( ലൂക്കാ 24:47), പിതാവിനോടു ചോദിക്കുന്നതെല്ലാം ലഭിക്കുമെന്ന ഉറപ്പ് ( യോഹ.16:23), പരിശുദ്ധാത്മാഭിഷേകം ( യോഹ 14: 16), രോഗശാന്തി നൽകാനും പിശാചുക്കളെ ബഹിഷ്കരിക്കാനുമുള്ള കൃപ (മർക്കോസ് 16:18), ശത്രുക്കളുടെ മേൽ വിജയം (ലൂക്കാ 10:19), ഞെരുക്കത്തിൽ ആത്മധൈര്യം (യോഹ 16:33), പിതാവിൻറെ ഭവനത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകാൻ വീണ്ടും വരുമെന്ന ഉറപ്പ് ( യോഹ.14:3), എല്ലാറ്റിലും ഉപരിയായി നിത്യജീവൻ ( യോഹ. 3:36, 6:54) എന്നിവയെല്ലാം നമ്മുടെ ജീവിതത്തിൽ എങ്ങനെ നിറവേറുമെന്നു രുചിച്ചറിയുകയും ചെയ്യുക .