അതീവ ദാരിദ്ര്യത്തിൽ നിന്ന് അതിസമ്പന്നതയിലേക്ക് എത്തിച്ചേരുന്നവരെ കുറിച്ചു പറയുമ്പോഴാണ് ‘കുടിലിൽ നിന്നു കൊട്ടാരത്തിലേക്ക്’ എന്ന പ്രയോഗം നാം ഉപയോഗിക്കുന്നത്. എന്നാൽ ചില വിശുദ്ധാത്മാക്കളുടെ ജീവിതയാത്ര കൊട്ടാരത്തിൽ നിന്നു കുടിലിലേക്കായിരുന്നു.
ഹംഗറിയിലെ രാജ്ഞി ആയിരുന്ന എലിസബത്തിൻറെ ഭർത്താവു മരിച്ചതോടെ കൊട്ടാരത്തിൽ എല്ലാവരും അവൾക്കെതിരായി. ഇന്നലെ വരെ രാജ്ഞിയായിരുന്ന എലിസബത്ത്, അക്ഷരാർഥത്തിൽ ഉടുതുണിയ്ക്കു മറുതുണിയില്ലാതെ തൻറെ കുഞ്ഞുങ്ങളെയും രണ്ടു തോഴിമാരെയും കൂട്ടി തെരുവിലേക്കിറങ്ങി. ഭിക്ഷ യാചിച്ചാണ് അവർ ജീവൻ നിലനിർത്തിയത്. ആരും എലിസബത്തിനെ സഹായിക്കരുത് എന്ന് പുതിയ രാജാവിൻറെ കൽപന ഉണ്ടായിരുന്നതിനാൽ അവർക്കു മുന്നിൽ വാതിലുകൾ ഒന്നൊന്നായി അടഞ്ഞു. താമസിക്കാൻ ഒരിടം തേടിയ അവർക്കു ലഭിച്ചത് ഒരിക്കൽ പന്നികളെ വളർത്തിയിരുന്ന ഒരു കെട്ടിടമായിരുന്നു. പട്ടിണി അവരുടെ വിട്ടുപിരിയാത്ത കൂട്ടുകാരനായി. എങ്കിലും എലിസബത്ത് ആ കഷ്ടതകൾ ഓർത്തു വിലപിക്കുകയല്ല, ദൈവത്തിനു സ്ത്രോത്രം അർപ്പിക്കുകയാണ് ചെയ്തത്. രാജകൊട്ടാരത്തിൽ സുഖജീവിതം ആസ്വദിച്ചിരുന്ന തൻറെ മക്കളെ പന്നിക്കൂട്ടിലെ വയ്‌ക്കോൽ കിടക്കയിൽ കിടത്തിയുറക്കുമ്പോഴും, എലിസബത്ത് പ്രാർഥിച്ചത് ഇങ്ങനെയായിരുന്നു. ‘ഓ ദൈവമേ, ദാരിദ്ര്യം എന്ന മഹാഭാഗ്യം അനുഭവിക്കുന്നതിന് എന്നെ തെരഞ്ഞെടുക്കാൻ മാത്രം എനിക്ക് എന്തു യോഗ്യതയാണുള്ളത്? അങ്ങേയ്ക്കറിയാമല്ലോ, ഞാൻ തികച്ചും അയോഗ്യയാണ്’.
തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തുവിൻറെ (ഫിലിപ്പി 2) വഴികളെ അതേപടി പിന്തുടർന്ന അസ്സീസിയിലെ ഫ്രാൻസിസിൻറെ ജീവിതം ആയിരുന്നു എലിസബത്തിൻറെ മാതൃക. പതിനാലു വയസിൽ വിവാഹിതയും ഇരുപത്തൊന്നു വയസിൽ വിധവയും ആയ എലിസബത്ത് ഈ ലോകത്തിൽ ജീവിച്ചത് ഇരുപത്തിനാലു വർഷം മാത്രം! അവളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതു ഭർത്താവിൻറെ മരണത്തിനു ശേഷമായിരുന്നു എന്നും അറിഞ്ഞിരിക്കണം . ഈ കഷ്ടതകളുടെ നടുവിലും ‘ദുരിതങ്ങൾ എനിക്കുപകാരമായി. തൻമൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ’ ( സങ്കീ 119:71) എന്ന മനോഭാവത്തിലേക്കു വളരാൻ കഴിഞ്ഞതാണ് എലിസബത്തിൻറെ വിജയരഹസ്യം.
ദാരിദ്ര്യത്തിൽ ആനന്ദിക്കുക എന്നതു വലിയൊരു പുണ്യമാണ്. അതു പരിശീലിക്കുന്നവർ വിശുദ്ധിയിലേക്കുള്ള വലിയൊരു ചുവടുവയ്പു നടത്തിക്കഴിഞ്ഞു.