വിശുദ്ധിയുടെ പടവുകൾ – 8


ഒരു വൈദികൻ   തൻറെ സഹോദരന് എഴുതിയ കത്തിൽ നിന്നുള്ള ഏതാനും വരികൾ വായിക്കുക; ‘ എഴുനൂറിൽപരം  രോഗികളുടെ ഇടയിലാണു  ഞാൻ ശുശ്രൂഷ ചെയ്യുന്നത്.  അവരെ കുമ്പസാരിപ്പിക്കണം. അവരുടെ രോഗത്തിൻറെ ആരംഭത്തിൽ തന്നെ രോഗാണുക്കൾ  അവരുടെ തൊണ്ടയെ  ബാധിക്കുന്നതുകൊണ്ടു   പലർക്കും സംസാരിക്കാൻ  ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവർ പറയുന്നത് കേൾക്കാൻ അവരുടെ അടുത്തു ചേർന്നിരിക്കണം. അവരുടെ ശരീരത്തിൽ നിന്ന്, പ്രത്യേകിച്ച് വായിൽ നിന്നു  വരുന്ന അസഹനീയമായ ദുർഗന്ധം സഹിക്കണം. ചിലർ ചുമയ്ക്കുമ്പോൾ  ചോരയും പഴുപ്പും കഫവും എൻറെ മുഖത്തേക്കു തെറിക്കും. അതുകൊണ്ട് അവരെ കുമ്പസാരിപ്പിക്കാൻ പോകുമ്പോൾ  കുറച്ചു വെള്ളവും ഒരു തോർത്തും  ഞാൻ കൊണ്ടുപോകാറുണ്ട്.’


മൊളോക്കോയിൽ നിന്നു   ഫാദർ ഡാമിയൻ ഈ കത്തെഴുതിയത്   ഏതാണ്ട് ഒന്നര നൂറ്റാണ്ടു  മുൻപാണ്. അവിടുത്തെ കുഷ്ഠരോഗികൾക്ക്  ആത്മീയശുശ്രൂഷ ചെയ്യാൻ മൂന്നു മാസത്തേയ്ക്ക് അയയ്ക്കപ്പെട്ട ഡാമിയൻ  തൻറെ ജീവിതം മുഴുവൻ അവിടെ  ചെലവഴിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തിൻറെ മെത്രാൻ  മാത്രമല്ല, സന്യാസസഭയുടെ തലവനും  അതിനെ പലവട്ടം നിരുത്സാഹപ്പെടുത്തി.അപ്പോൾ ഡാമിയൻ പറഞ്ഞു; ‘  ഇനി മുതൽ മൊളോക്കോ ആണ് എൻറെ നാട്. അവരാണ് എൻറെ ജനങ്ങൾ.  എൻറെ തീരുമാനത്തിനു മാറ്റമില്ല.’
കോവിഡിനെക്കാൾ എത്രയോ അധികം ഭയപ്പെട്ടിരുന്ന കുഷ്ഠരോഗം  ബാധിച്ചിരുന്നവർക്കു  പോലും കുമ്പസാരം മുടങ്ങരുത് എന്ന  നിർബന്ധം  ഫാദർ ഡാമിയനുണ്ടായിരുന്നു. അദ്ദേഹത്തിൻറെ മാതൃക പിന്തുടർന്ന അനേകം വൈദികർ കോവിഡ്  കാലത്തു രോഗികൾക്ക്  ആശ്വാസമായിരുന്നു എന്നു  നമുക്കറിയാം. അതേ, വിശുദ്ധിയിലേക്കുള്ള വഴി  വളരെയധികം  ബുദ്ധിമുട്ടുള്ളതാണ്. അതു  കണ്ടെത്തുന്നവർ ചുരുക്കവും!