വിശുദ്ധിയുടെ പടവുകൾ – 7

‘കർത്താവേ, ഞാൻ അവിടുത്തെ ദാസനാണ്;  അവിടുത്തെ ദാസനും അവിടുത്തെ  ദാസിയുടെ പുത്രനും തന്നെ’ (സങ്കീ. 116:16). അശുദ്ധിയുടെ ചെളിക്കുണ്ടിൽ നിന്നു  വിശുദ്ധിയുടെ  ഔന്നത്യങ്ങളിലേക്ക്  ഈശോ എടുത്തുയർത്തിയ  വിശുദ്ധ ആഗസ്തീനോസ്  സങ്കീർത്തകൻറെ  ഈ വാക്കുകൾ    സ്വന്തജീവിതത്തിൽ ഏറ്റുപറഞ്ഞിരുന്നു.

ആഗസ്തീനോസിൻറെ ജീവിതം നമുക്കറിയാം.  ദുർമാർഗിയും അവിശ്വാസിയുമായിരുന്ന ഭർത്താവിനെ പ്രാർഥന  കൊണ്ടും ഉപവാസം കൊണ്ടും പ്രായശ്ചിത്ത- പരിത്യാഗ പ്രവൃത്തികൾ കൊണ്ടും മാനസാന്തരപ്പെടുത്തിയപ്പോൾ  മോനിക്കയ്ക്ക് കർത്താവ് കൊടുത്ത  അടുത്ത കുരിശായിരുന്നു  ആഗസ്തീനോസ് എന്ന മകൻ.

പിന്നീടുള്ള  പതിനെട്ടു  വർഷങ്ങൾ മോനിക്ക ജീവിച്ചത് ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി  മാത്രമായിരുന്നു. മകൻറെ മാനസാന്തരം!  ആ കണ്ണീരു കണ്ട മെത്രാൻ  മോനിക്കയെ ആശ്വസിപ്പിച്ചു.  ‘കണ്ണീരിൻറെ ഈ  മകൻ നശിച്ചുപോവുകയില്ല’.  ദൂരെയൊരിടത്ത്  ജീവിക്കുന്ന മകൻറെ അടുക്കൽ എത്താനായി   തനിക്കുണ്ടായിരുന്ന വസ്തുവകകൾ എല്ലാം  വിറ്റിട്ടാണ് യാത്രാച്ചെലവിനുള്ള പണം  അവൾ സംഘടിപ്പിച്ചത്.  മെഴുകിതിരിക്കാലുകളും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന പെട്ടിയും അടക്കം  വിൽക്കേണ്ടിവന്നു  എന്നു പറയുമ്പോൾ ആ അമ്മയുടെ തീക്ഷ്ണത മനസിലാക്കാം.  മോണിക്കയുടെ കണ്ണുനീർ വെറുതെയായില്ല. ആഗസ്തീനോസ്  മാനസാന്തരപ്പെട്ടു, വൈദികനായി, മെത്രാനായി, വേദപാരംഗതനായി, വിശുദ്ധനായി.

ജോബിനെപ്പോലെ മക്കൾക്കു  വേണ്ടി  പ്രായശ്ചിത്തം ചെയ്തു (ജോബ് 1:5) ജീവിക്കാനുള്ള വിളിയാണു  മാതാപിതാക്കളുടേത് എന്നു മോനിക്ക തിരിച്ചറിഞ്ഞിരുന്നു.  ദൂരദേശങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു മക്കൾക്കും വേണ്ടി  അവരുടെ  കിടപ്പുമുറിയിൽ മുട്ടുകുത്തി നടന്നുകൊണ്ട്  ജപമാല ചൊല്ലുകയും, അതോടൊപ്പം ജപമാല  കോർക്കുകയും ചെയ്യുന്ന ഒരമ്മയെക്കുറിച്ച്  ഈയിടെ അറിയാനിടയായി.  അങ്ങനെ പ്രവർത്തിക്കുന്നവരുടെ മക്കൾ  തീർച്ചയായും വിശുദ്ധരാകും.  വിശുദ്ധരാകുമ്പോൾ ആഗസ്തീനോസിനെപ്പോലെ അവരും  ഇപ്രകാരം പറയും.  ‘കർത്താവേ, ഞാൻ ഇന്ന് അങ്ങയുടെ ദാസനാണെങ്കിൽ അത് അങ്ങയുടെ ദാസിയുടെ മകനായതുകൊണ്ടാണ്.’