വിശുദ്ധിയുടെ പടവുകൾ -6

സിയെന്നായിലെ വിശുദ്ധ കാതറിൻ; വേദപാരംഗതയായ വിശുദ്ധ! ഗ്രിഗറി ഒൻപതാമൻ പാപ്പ അവിഞ്ഞോണിൽ നിന്നു  റോമിലേക്കു  തിരികെ വന്നതു  കാതറിൻറെ ശ്രമഫലമായിട്ടായിരുന്നു. സഭയ്ക്കു  വേണ്ടിയും സത്യവിശ്വാസത്തിനു വേണ്ടിയും തൻറെ ജീവിതം  മുഴുവൻ നീക്കിവച്ച വിശുദ്ധ കാതറിൻറെ ജീവിതം നമുക്കു മാതൃകയാണ്.

മറ്റേതു  വിശുദ്ധരെയും പോലെ  കാതറിനും അതികഠിനമായ പ്രലോഭനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്.  ഒരിക്കൽ പിശാച്  കാതറിനെ  പരീക്ഷിച്ചതു  ശുദ്ധത എന്ന പുണ്യത്തിനെതിരായി   ശക്തമായ പ്രലോഭനങ്ങൾ  നൽകിക്കൊണ്ടായിരുന്നു. തുടർച്ചയായി  മൂന്നു ദിവസം പിശാച് ഈ ഒരേ പ്രലോഭനത്താൽ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. കാതറിനാകട്ടെ സാത്താനെയും ശുദ്ധതയ്‌ക്കെതിരെ  അവൻ കൊണ്ടുവന്ന പ്രലോഭനങ്ങളെയും   വീരോചിതമായ  രീതിയിൽ നേരിട്ടു വിജയം വരിച്ചു.

ആ മൂന്നു ദിവസങ്ങളിൽ താൻ  അനുഭവിച്ച പരീക്ഷണങ്ങളെക്കുറിച്ചു   കാതറിൻ എഴുതിവെച്ചിട്ടുള്ളതു  നമുക്കൊരു പാഠമാണ്.  മൂന്നുദിവസവും അവൾ പിശാചുമായി നേരിട്ടുള്ള ബലപ്രയോഗത്തിലായിരുന്നു. എന്നാൽ അവളെ കൂടുതൽ  വിഷമിപ്പിച്ചത് അപ്പോഴൊന്നും   തനിക്കു വേണ്ട സമാശ്വാസം കർത്താവു നൽകുന്നില്ലല്ലോ  എന്നതായിരുന്നു.   മൂന്നുദിവസം മുഴുവനും ആ പൈശാചികപീഡ  അനുഭവിച്ചതിനു
 ശേഷമാണ് കർത്താവ് പ്രത്യക്ഷപ്പെട്ട്  അവളെ ആശ്വസിപ്പിച്ചത്. അപ്പോൾ കാതറിൻ കർത്താവിനോട് ഇപ്രകാരം ചോദിച്ചു;  “എൻറെ രക്ഷകാ, ഈ മൂന്നു ദിവസങ്ങൾ അങ്ങ് എവിടെയായിരുന്നു?”.

ഈശോ മറുപടി പറഞ്ഞു; ‘ ഞാൻ നിൻറെ ഹൃദയത്തിലുണ്ടായിരുന്നു. ഞാനാണ് ആ പ്രലോഭനങ്ങളെ എതിർത്തു  തോൽപ്പിക്കാനുള്ള ശക്തി നിനക്കു തന്നത്.”   അതേ, വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്നവരുടെ ഉള്ളിൽ ഈശോ നിശബ്‌ദമായി എപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അത്  അവർ ഒരുപക്ഷേ  അറിഞ്ഞു കൊള്ളണമെന്നില്ല.

നമുക്കു പ്രാർഥിക്കാം: ഓ എൻറെ ഈശോയേ, ഞാൻ  ഒരു വിശുദ്ധൻ / വിശുദ്ധ  ആകാൻ ആഗ്രഹിക്കുന്നു. എന്നാൽ ജഡത്തിൻറെ ദുരാശകൾ  വലിയ  പ്രലോഭനമായി എൻറെ വഴിയിൽ തടസങ്ങൾ സൃഷ്ടിക്കുന്നു. എൻറെ  ഹൃദയത്തിൽ വസിക്കുന്ന അങ്ങ്  ആ പ്രലോഭനങ്ങളെ  ചെറുത്തുതോൽപിക്കാനുള്ള ശക്തി എനിക്കു നൽകണമേ.  ആമേൻ.