വിശുദ്ധിയുടെ പടവുകൾ -5

രണ്ടാം ക്രിസ്തു എന്നും  സകല ക്രിസ്ത്യാനികളുടെയും മാതൃക എന്നും പ്രകീർത്തിക്കപ്പെടുന്ന  വിശുദ്ധ ഫ്രാൻസിസ് അസീസി  ഒരു പുരോഹിതനാകാനുള്ള യോഗ്യത തനിക്കില്ല എന്നു സ്വയം  കരുതിയിരുന്നു.  ഫ്രാൻസിസ്  ഒരു  വൈദികനാകണം എന്ന ആഗ്രഹം കർദിനാൾ ഉഗോളിനോയും മറ്റു പല സഭാധികാരികളും  പലതവണ പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു. “മഹാപാപിയായ  ഞാൻ  മഹോന്നതമായ  പൗരോഹിത്യപദവി സ്വീകരിക്കാൻ യോഗ്യനല്ല.”

വിശുദ്ധനാകണമെങ്കിൽ ആദ്യം ചെയ്യേണ്ടതു  നമ്മെക്കുറിച്ചു  നമുക്കുതന്നെയുള്ള അഭിപ്രായത്തിൽ  മാറ്റം വരുത്തുക എന്നതാണ്.  അസീസിയിലെ ഫ്രാൻസിസ്, തനിക്കു  വൈദികനാകാനുള്ള  യോഗ്യത ഇല്ലെന്നു കരുതിയെങ്കിൽ  സ്ഥാനമാനങ്ങൾക്കു പിറകെ ഓടുന്ന  നാം  എങ്ങനെയാണു  ദൈവതിരുമുൻപിൽ നമ്മെത്തന്നെ ന്യായീകരിക്കാൻ പോകുന്നത്?  ‘ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം’ (ഫിലിപ്പി 2:3) എന്ന തിരുവചനം സ്വജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർ വിശുദ്ധിയിലേക്കുള്ള ഒരു പടി കൂടി  പിന്നിട്ടുകഴിഞ്ഞു എന്നറിയുക