വിശുദ്ധിയുടെ പടവുകൾ 4

ലൂർദിൽ പരിശുദ്ധ അമ്മ ദർശനം നൽകിയ ബർണദീത്ത, സ്വർഗം തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റിയതിനുശേഷം ആരാലും അറിയപ്പെടാതെയിരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ഒരു മഠത്തിൻറെ ആവൃതിക്കുള്ളിൽ, തന്നെ ഏല്പിച്ചിരുന്ന ചുമതലകൾ നിറവേറ്റിയും ശിഷ്ടസമയം പ്രാർഥിച്ചും കൊണ്ട് തുടർന്നുള്ള വർഷങ്ങൾ ചെലവഴിച്ചു. ആയിടെ ഒരു സഹോദരി ബർണദീത്ത ലൂർദിൽ നിൽക്കുന്നതിൻറെ ഒരു ചിത്രം കാണിച്ചുകൊടുത്തപ്പോൾ അവളുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

‘ ഒരു ചൂൽ എത്ര തന്നെ നല്ലതായാലും അതുപയോഗിക്കുന്നത് അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാനാണ്. ഉപയോഗം കഴിഞ്ഞാൽ പിന്നെ ആരും ചൂലിനെ ശ്രദ്ധിക്കാറില്ല. പിന്നെ അതിൻറെ സ്ഥാനം ഏതെങ്കിലും വാതിലിൻറെ പിറകിലോ മുറിയുടെ മൂലയിലോ ആയിരിക്കും. അതുപോലെയാണു ഞാനും. പരിശുദ്ധദൈവമാതാവിന് ഒരിക്കൽ എന്നെ ആവശ്യമായിരുന്നു. ആ ആവശ്യം നിറവേറ്റിക്കഴിഞ്ഞു. ഇപ്പോൾ എൻറെ സ്ഥാനം ഇവിടെയാണ്’.

കർത്താവ് ശിഷ്യരോട്‌ പറഞ്ഞ വചനം ഓർക്കുന്നുണ്ടോ? ‘ഇതുപോലെ തന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്. കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ’ (ലൂക്കാ 17:10). ബർണദീത്ത ചെയ്തതും അതായിരുന്നു.

നമ്മുടെ യോഗ്യത കൊണ്ടല്ല, കർത്താവിൻറെ ശുശ്രൂഷയ്ക്കായി അവിടുന്നു നമ്മെ തെരഞ്ഞെടുത്തു എന്നതുകൊണ്ടാണു നാം ഇവിടെയായിരിക്കുന്നത്. അതിൽ നമുക്ക് അഭിമാനിക്കാൻ ഒന്നുമില്ല. എന്തെങ്കിലും അഭിമാനിക്കാനുണ്ടെങ്കിൽ അതു കർത്താവിലുള്ള അഭിമാനമായിരിക്കട്ടെ. ബർണദീത്തയും മറ്റനേകം പേരും ഇപ്രകാരം കർത്താവിനു മാത്രം മഹത്വം കൊടുത്തതുകൊണ്ടാണു വിശുദ്ധരായത് എന്നു നാം ഓർക്കണം.