കഴിഞ്ഞ മുപ്പത്തിരണ്ടു ദിവസവും നാം ധ്യാനിച്ചുകൊണ്ടിരുന്നതു വിശുദ്ധിയിലേക്കുള്ള വഴികളെക്കുറിച്ചാണ്. ‘വിശുദ്ധി കൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല’ (ഹെബ്രാ 12:14) എന്നതിനാൽ ദൈവൈക്യം പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഒരാത്മാവ് എന്തു വിലകൊടുത്തും വിശുദ്ധിയ്ക്കു വേണ്ടി പരിശ്രമിക്കും. വിശുദ്ധിയ്ക്കു വേണ്ടി പരിശ്രമിക്കുന്നവർ അതു പ്രാപിക്കുകയും ചെയ്യും.
സാധാരണ ഗതിയിൽ നമുക്ക് അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും അനായാസം ചെയ്യാൻ വിശുദ്ധീകരിക്കപ്പെട്ടുകഴിയുമ്പോൾ നമുക്കു കഴിയും. ഞാൻ ഉദ്ദേശിക്കുന്നത് അത്ഭുതപ്രവൃത്തികളെക്കുറിച്ചല്ല; വിശുദ്ധരെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ
പ്രവർത്തിക്കുക എന്നത് ഒരിക്കലും അവരുടെ പ്രധാനപ്രവർത്തനമണ്ഡലം ആയിരുന്നില്ല. ദൈവരാജ്യത്തിൻറെ മഹത്വത്തിനുവേണ്ടിയോ, വചനപ്രഘോഷണത്തിന് അനുബന്ധമായോ മറ്റുള്ളവരുടെ നിലവിളിയ്ക്കു മറുപടിയായോ ഒക്കെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവം വിശുദ്ധരെ അനുവദിക്കാറുണ്ട്. വിശുദ്ധരുടെ പ്രഥമലക്ഷ്യം അത്ഭുതപ്രവർത്തനമായിരുന്നില്ല, മറിച്ച് കൂടുതൽ കൂടുതൽ വിശുദ്ധിയിലേക്കു വളരണം എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അങ്ങനെ ആഗ്രഹിക്കുമ്പോഴാണു വിശുദ്ധിയുടെ നിറവിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം ചെയ്യാൻ അവർ പ്രാപ്തരാകുന്നത്. അതു മറ്റൊന്നുമല്ല, രക്തസാക്ഷിത്വം എന്ന മഹാത്ഭുതമാണ്. നമുക്കു മുൻപേ കടന്നുപോയ പരസഹസ്രം രക്തസാക്ഷികളെ ഒരു നിമിഷം ഓർക്കുക. അവർ അനുഭവിച്ച പീഡനങ്ങളും ഏറ്റെടുത്ത സഹനങ്ങളും മനുഷ്യദൃഷ്ടിയിൽ അസാധ്യം എന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും. എന്നാൽ മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണല്ലോ. എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെട്ടപ്പോഴും അചഞ്ചലരായി നിന്ന മൂന്നു യുവാക്കൾ (ദാനി 3:20) അതിനുള്ള ശക്തി സംഭരിച്ചതു തങ്ങൾ പിന്തുടർന്നുപോന്ന വിശുദ്ധ ജീവിതത്തതിൽ നിന്നായിരുന്നു.
തൊണ്ണൂറു വയസുകാരനായ എലെയാസർ ‘തൻറെ വാർധക്യത്തിൻറെ അന്തസിനും നരച്ച മുടിയുടെ മഹത്വത്തിനും ബാല്യം മുതൽ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം ദൃഢനിശ്ചയം ചെയ്തുകൊണ്ടാണ്’ ( 2 മക്ക. 6:23) രക്തസാക്ഷിത്വം വരിച്ചതെന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
എതിരാളികളിൽ നിന്നുള്ള ഏത് ആയുധത്തിനുമെതിരെ വിശ്വാസിക്കു നല്കപ്പെട്ടിട്ടുള്ള പരിചയും വിശുദ്ധി തന്നെയാണ്. ‘വിശുദ്ധിയെ അജയ്യമായ പരിചയാക്കും’ (ജ്ഞാനം 7:19) എന്ന തിരുവചനത്തിൻറെ അഭിഷേകം ഉണ്ടായിരുന്നതുകൊണ്ടാണ് അസഹനീയമെന്നു നമുക്കു തോന്നുന്ന പീഡനത്തിൻറെ വേളകളിൽ വിശുദ്ധരായ രക്തസാക്ഷികൾ തളരാതെ നിന്നത്.
പന്ത്രണ്ടു വയസു തികയും മുൻപേ ക്രൂരമായ ഒരു മരണത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കാൻ മരിയ ഗൊരേത്തിയെ പ്രേരിപ്പിച്ചതു വിശുദ്ധിയെക്കുറിച്ചുള്ള അവളുടെ ഉറച്ച ബോധ്യമായിരുന്നു. തൻറെ രണ്ട് ആൺമക്കളും പാപംചെയ്യാതിരിക്കാൻ വേണ്ടി അവർ ഉടനടി മരിച്ചു പൊയ്‌ക്കൊള്ളട്ടെ എന്നു പ്രാർത്ഥിച്ച ഒരമ്മയുടെ പേരാണു വിശുദ്ധ റീത്താ. വിശുദ്ധിയുടെ മുൻപിൽ മക്കളുടെ ജീവൻ നിസാരമാണെന്ന് അവൾ കരുതി. ഇറാക്കിലും സിറിയയിലും ലിബിയയിലും സുഡാനിലും നൈജീരിയയിലും വടക്കൻ കൊറിയയിലും ചൈനയിലും പാകിസ്ഥാനിലും ഇറാനിലും ഈജിപ്തിലും എല്ലാം നൂറുകണക്കിനു ക്രിസ്ത്യാനികൾ ഇന്നും പുഞ്ചിരിച്ചുകൊണ്ട് മരണത്തെ നേരിടുന്നുവെങ്കിൽ അവരുടെ വിശുദ്ധിയുടെ ആഴം എത്രയധികമായിരിക്കണം! തങ്ങൾക്കെതിരെ വരുന്ന ശത്രുവിൻറെ എല്ലാ ആയുധങ്ങളെയും അവർ തടഞ്ഞുനിർത്തിയതു വിശുദ്ധിയാകുന്ന പരിച കൊണ്ടായിരുന്നു.
വലിയ ഞെരുക്കങ്ങളിലൂടെ കടന്നുപോകുന്ന വിശുദ്ധർക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് വെളിപാടുപുസ്തകം ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. ‘ ഇവരാണ് വലിയ ഞെരുക്കത്തിൽ നിന്നു വന്നവർ; കുഞ്ഞാടിൻറെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവർ. അതുകൊണ്ട് ഇവർ ദൈവത്തിൻറെ സിംഹാസനത്തിനു മുൻപിൽ നിൽക്കുകയും അവിടുത്തെ ആലയത്തിൽ രാപകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥൻ തൻറെ സാന്നിധ്യത്തിൻറെ കൂടാരത്തിൽ അവർക്ക് അഭയം നൽകും’ (വെളി 7:14-15).
നിത്യനായ ദൈവം തൻറെ സാന്നിധ്യത്തിൻറെ കൂടാരത്തിൻറെ ദർശനം കൊണ്ട് അനുഗ്രഹിച്ച ഒരു മനുഷ്യനെക്കുറിച്ചു വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട്. അവനെ ‘ബന്ധിച്ചു ന്യായാധിപസംഘത്തിൻറെ മുൻപാകെ കൊണ്ടുവന്നപ്പോൾ അവൻറെ മുഖം ഒരു ദൈവദൂതൻറെ മുഖം പോലെ കാണപ്പെട്ടു’ (അപ്പ. 6:15) എന്നും നാം വായിക്കുന്നു. ജനപ്രമാണികളുടെയും നിയമജ്ഞരുടെയും ന്യായാധിപസംഘത്തിൻറെയും മുൻപാകെ നടത്തിയ സുദീർഘമായ ഒരു സുവിശേഷപ്രഭാഷണത്തിനുശേഷം കല്ലെറിയപ്പെടുമ്പോളും സ്തേഫാനോസ് പ്രാർഥിച്ചത് ‘കർത്താവേ, ഈ പാപം അവരുടെ മേൽ ആരോപിക്കരുതേ’ (അപ്പ 7:60) എന്നായിരുന്നുവല്ലോ. കുരിശിൽ കിടന്നുകൊണ്ടു കർത്താവു ചെയ്ത അതേ കാര്യം – തന്നെ പീഡിപ്പിക്കുന്നവരോടു ക്ഷമിക്കുക എന്നത് – തന്നെ ചെയ്ത സ്തേഫാനോസിൻറെ വിശുദ്ധിയുടെ പ്രതിഫലം മരണത്തിനു തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ അവനു ലഭിച്ചിരുന്നു. ‘എന്നാൽ അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിൻറെ മഹത്വം ദർശിച്ചു; ദൈവത്തിൻറെ വലതുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു’ (അപ്പ 7:55). മനുഷ്യർക്കു മരണശേഷം മാത്രം ലഭിക്കുന്ന ആ സൗഭാഗ്യം ജീവിച്ചിരിക്കുമ്പോൾ തന്നെ അനുവദിച്ചുകൊടുത്തുകൊണ്ടാണു സ്തേഫാനോസിൻറെ വിശുദ്ധിയെ സ്വർഗം മാനിച്ചത്.
അതേ, വിശുദ്ധിയിലേക്കുള്ള വിളി എന്നത് അതോടൊപ്പം തന്നെ രക്തസാക്ഷിത്വത്തിലേക്കുള്ള വിളിയും കൂടിയാണ്. നാമോരോരുത്തരും ആ വിളിയ്ക്കു യോഗ്യരായിത്തീരുന്നതിനായി നമുക്കു സകല വിശുദ്ധരുടെയും രക്തസാക്ഷികളുടെയും മാധ്യസ്ഥം യാചിച്ചുകൊണ്ടു പ്രാർഥിക്കാം. ‘കുഞ്ഞാടിൻറെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിൻറെ വചനം കൊണ്ടും സാത്താൻറെ മേൽ വിജയം നേടാനും ജീവൻ നൽകാനും തയ്യാറായ’ (വെളി 12:11) അനേകായിരം രക്തസാക്ഷികളുടെ പേരിനോടൊപ്പം നമ്മുടെ പേരുകളും സ്വർഗത്തിലെ പുസ്തകത്തിൽ എഴുതപ്പെടാൻ ദൈവം കൃപ നൽകട്ടെ എന്നും പ്രാർഥിക്കാം.
അടിക്കുറിപ്പ് : വിശുദ്ധിയുടെ പടവുകൾ എന്ന ഈ പരമ്പര എഴുതാനുള്ള പ്രചോദനം ലഭിച്ചതു ബഹുമാനപ്പെട്ട ജെയിംസ് കിളിയനാനിക്കൽ അച്ചൻ എഴുതിയ വിശുദ്ധിയുടെ വിജയരഹസ്യങ്ങൾ എന്ന
പുസ്തകം (സോഫിയ ബുക്ക്‌സ് പ്രസിദ്ധീകരണം) വായിച്ചതിൽ നിന്നാണ്. പല വിശുദ്ധരുടെയും ജീവിതാനുഭവങ്ങൾ ഉദ്ധരിച്ചിരിക്കുന്നതും ഈ ഗ്രന്ഥത്തിൽ നിന്നു തന്നെയാണ്. വിശുദ്ധിയിൽ വളരാൻ ആഗ്രഹിക്കുന്നവർക്കു മാത്രമല്ല, തനിക്കൊരിക്കലും വിശുദ്ധനാകാൻ കഴിയില്ല എന്നോർത്തു വിലപിക്കുന്നവർക്കും ഈ സദ് ഗ്രന്ഥത്തിൻറെ പാരായണം ഉപകരിക്കും എന്നതു നിസ്തർക്കമാണ്.