എപ്പോഴാണ് ഒരാൾ വിശുദ്ധനാകുന്നത് എന്നു ചോദിച്ചാൽ അതിൻറെ ഉത്തരം ദൈവവുമായി ഏറ്റവും അടുത്ത വ്യക്തിബന്ധം സ്ഥാപിക്കുമ്പോഴാണ് അതു സംഭവിക്കുന്നതെന്നാണ്. ദൈവം മോശയോടു സുഹൃത്തിനോടെന്നപോലെ സംസാരിച്ചിരുന്നു എന്നു നാം വായിക്കുന്നുണ്ടല്ലോ. താൻ ചെയ്യാൻ പോകുന്ന വലിയൊരു കാര്യം – സോദോം ഗൊമോറ ദേശങ്ങളെ അഗ്നിയിറക്കി നശിപ്പിക്കുന്നത് – അബ്രാഹത്തിനു വെളിപ്പെടുത്തിക്കൊടുക്കാതിരിക്കാൻ ദൈവത്തിനു കഴിഞ്ഞില്ല. കാരണം അബ്രഹാം ദൈവവുമായി അത്രമേൽ അടുത്ത ഒരു വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു.
പല വിശുദ്ധരും ഈശോയുടെ സാമീപ്യം നേരിട്ട് അനുഭവിച്ചവരായിരുന്നു. വിശുദ്ധ അമ്മ ത്രേസ്യയെക്കാണാൻ ഉണ്ണീശോ ഇടയ്ക്കിടെ വരുമായിരുന്നു. വന്നാൽ അവർ തമ്മിൽ അങ്ങനെ സംസാരിച്ചിരിക്കും. അപ്പോഴായിരിക്കും മഠത്തിൽ ഭക്ഷണത്തിനുള്ള മണി മുഴങ്ങുന്നത്. അമ്മ ത്രേസ്യ ഉണ്ണീശോയോടു പറയും. ‘മഠത്തിലെ നിയമം തെറ്റിക്കുന്നതു ശരിയല്ല. അതുകൊണ്ടു ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്നു. അങ്ങ് ഇവിടെ എനിക്കുവേണ്ടി കാത്തിരിക്കില്ലേ?” അമ്മത്രേസ്യ ഭക്ഷണം കഴിച്ചു തിരിച്ചുവരുന്നതുവരെ ഉണ്ണീശോ മഠത്തിൻറെ കോവണിപ്പടിയിൽ കാത്തിരിക്കുമായിരുന്നു!
ഈ സംഭവം വിവരിച്ചതിനുശേഷം കോൺവെൻറിൽ സന്യാസിനികളെല്ലാം ഒരുമിച്ചിരിക്കുമ്പോൾ ലൂർദിലെ ബർണദീത്തയുടെ സുപ്പീരിയർ അവളോട് ഇങ്ങനെ ചോദിച്ചു. “ഇങ്ങനെയൊരു സാഹചര്യത്തിൽ നീയാണെങ്കിൽ എന്തു ചെയ്യുമായിരുന്നു?” ബർണദീത്തയ്ക്കു മറുപടി പറയാൻ ഇരു നിമിഷം പോലും വേണ്ടിവന്നില്ല. “ഞാൻ ഒരിക്കലും മഠത്തിലെ നിയമം പാലിക്കാനായി ഉണ്ണീശോയെ തനിയെ വിട്ടിട്ടു പോരില്ല. പകരം ഞാൻ ഉണ്ണീശോയെ എൻറെ കൈകളിലെടുത്തുകൊണ്ടു തീൻമേശയിലേക്കു വരും. അവിടെ ഞങ്ങൾ ഒരുമിച്ചിരുന്നു സംസാരിച്ചുകൊണ്ടു ഭക്ഷണം കഴിക്കും.” ഏറ്റവും അടുത്ത സുഹൃത്തിനെ തനിച്ചാക്കിയിട്ടു ഭക്ഷണം കഴിക്കാൻ പോകുന്നത് അവൾക്കു ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
കുഞ്ഞുപ്രായത്തിൽ കൂടെക്കളിക്കാൻ ആരുമില്ലാതെ വിഷമിച്ചിരുന്ന ലീമായിലെ റോസിൻറെ കൂടെ കളിക്കാനായി ഒരു കൊച്ചുബാലൻ വന്നു. കളിക്കുമ്പോഴെല്ലാം ആ ബാലൻ തോറ്റു. റോസ് ജയിച്ചു. അവസാനം അവൻ റോസിനോടു ചോദിച്ചു. “എന്താണു നിൻറെ പേര്?” അവൾ പറഞ്ഞു. “ഞാൻ ഉണ്ണീശോയുടെ റോസ്.” അവൾ തിരിച്ചു ചോദിച്ചു. “നിൻറെ പേരോ?” അപ്പോൾ ആ ബാലൻ പറഞ്ഞു. “റോസിൻറെ ഉണ്ണീശോ എന്നാണ് എൻറെ പേര്.” എഴുത്തും വായനയും പഠിക്കാൻ കൊതിച്ചിരുന്ന റോസിനെ പഠിപ്പിച്ചതു ഗുരുനാഥന്മാരല്ല, ഉണ്ണീശോ തന്നെയായിരുന്നു. ആദ്യം വായിച്ച പുസ്തകമോ സിയെന്നായിലെ വിശുദ്ധ കാതറിൻറെ ജീവചരിത്രവും! റോസ് വിശുദ്ധയായതിൽ അത്ഭുതമുണ്ടോ?
റോസും ബർണദീത്തയും അമ്മ ത്രേസ്യയും മാത്രമല്ല, ഈശോയുമായി അടുത്ത വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുമെങ്കിൽ നാമോരോരുത്തരും വിശുദ്ധരാകും.