വിശുദ്ധജീവിതത്തിലേക്കുള്ള യാത്രയിൽ പലപ്പോഴും കൂടെയുള്ളവർ തന്നെ തെറ്റിദ്ധരിക്കുന്ന അനുഭവം ഉണ്ടാകാത്തവർ ചുരുക്കമാണ്. ഈ ഒരനുഭവത്തിലൂടെ കടന്നുപോകാത്ത വിശുദ്ധർ ഇല്ലെന്നു തന്നെ പറയാം. അകാരണമായി തെറ്റിദ്ധരിക്കപ്പെടുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണു വിശുദ്ധരെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാക്കുന്നത്.
വിശുദ്ധ മറിയം ത്രേസ്യ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായിരുന്നു. ത്രേസ്യയിൽ പിശാച് ആവസിച്ചിരിക്കുന്നു എന്ന വളരെ ഗുരുതരമായ ആരോപണം പലരും പറഞ്ഞുപരത്തിയപ്പോൾ മെത്രാൻ അതിനെക്കുറിച്ച് പഠിക്കുകയും അന്വേഷണനടപടികളുടെ അവസാനം മറിയം ത്രേസ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ശാസനപത്രം എഴുതി അവളുടെ മുറിയിൽ പതിക്കാൻ നിർദേശിക്കുകയും ചെയ്തു. ഒരുപാടുപേർ അതു വായിക്കാനിടയായി. വായിച്ചവരെല്ലാം അവളെ കളിയാക്കി. ഏതൊരു മനുഷ്യനും തളർന്നുപോകാവുന്ന ഒരവസ്ഥ. എന്നാൽ മറിയം ത്രേസ്യയുടെ പ്രതികരണം എന്തായിരുന്നുവെന്നോ? അവൾ പറഞ്ഞു. ‘അഭിവന്ദ്യപിതാവിൻറെ ഈ കല്പന ദയവായി ഞായറാഴ്ച ഇടവക പള്ളിയിൽ വായിക്കണം എന്നും ദൈവാലയത്തിൻറെ പ്രധാന കവാടത്തിൽ ഇതു പതിക്കണം എന്നുമാണ് എൻറെ അപേക്ഷ!’
രാജ്ഞിയുടെ ചാപ്ലയിൻ ആയിരിക്കേ മോഷ്ടാവാണെന്ന ആരോപണം നേരിടേണ്ടിവന്ന ആളാണു വിൻസെൻറ് ഡി പോൾ. ആരോപണം ഉന്നയിച്ചതാകട്ടെ അദ്ദേഹത്തിൻറെ കൂടെത്തന്നെ താമസിച്ചിരുന്ന പ്രശസ്തനായ ഒരു ന്യായാധിപനും. അനേകം ഉന്നതവ്യക്തികൾ സന്നിഹിതരായിരുന്ന ഒരു സദസിൽ വച്ച് ആ ന്യായാധിപൻ പരസ്യമായി വിൻസെൻറച്ചൻറെ മേൽ കുറ്റം ആരോപിച്ചു. അദ്ദേഹം നിശബ്ദനായി, ഒരു പരാതിയും കൂടാതെ ആ ആരോപണം സഹിച്ചു. ആറുമാസങ്ങൾക്കുശേഷം മറ്റൊരു മോഷണക്കേസിൽ പിടിയിലായ ഒരു കള്ളൻ, ന്യായാധിപൻറെ പണം മോഷ്ടിച്ചതു താൻ ആയിരുന്നു എന്ന് ഏറ്റുപറഞ്ഞതോടെയാണു വിൻസെൻറച്ചൻറെ മേൽ നിന്നു സംശയത്തിൻറെ നിഴൽ നീങ്ങിപ്പോയത്.
കുഷ്ഠരോഗികളെ പരിചരിക്കുന്നതിനിടെ കുഷ്ഠരോഗിയായി മാറിയ ഫാദർ ഡാമിയനെ ഓർക്കുന്നില്ലേ? ജനങ്ങൾ അറപ്പോടും വെറുപ്പോടും കൂടി മാത്രം കണ്ടിരുന്ന കുഷ്ഠരോഗം ബാധിച്ചതിനേക്കാൾ ഡാമിയനച്ചനെ വേദനിപ്പിച്ചതു കുഷ്ഠരോഗം പകരുന്നതു ലൈംഗികബന്ധം വഴിയാണെന്ന തെറ്റായ ധാരണ മൂലം മറ്റുളളവർ അദ്ദേഹത്തെ സംശയിക്കുകയും പരിഹസിക്കുകയും ചെയ്തതാണ്. ഡാമിയനച്ചൻറെ വൃദ്ധയായ അമ്മ ഈ വാർത്ത കേട്ടു മനം തകർന്നു കിടപ്പിലായി. ഏറെത്താമസിയാതെ അമ്മ മരിക്കുകയും ചെയ്തു.
വിശുദ്ധനായ മക്കാരിയൂസിൻറെ മേൽ പതിച്ച ആരോപണം അദ്ദേഹം ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കി എന്നായിരുന്നു. ആരോപണം ഉന്നയിച്ചത് ആ സ്ത്രീ തന്നെയായിരുന്നു. പ്രകോപിതരായ ജനങ്ങൾ മക്കാരിയൂസിനെ പിടികൂടി തെരുവിലൂടെ വലിച്ചിഴച്ചു. തൻറെ നിരപരാധിത്വം തെളിയിക്കാൻ ഒരു വഴിയുമില്ലാതെ അതെല്ലാം നിശബ്ദമായി സഹിക്കുകയല്ലാതെ അദ്ദേഹത്തിനു വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ ആ സ്ത്രീയ്ക്ക് പ്രസവസമയം അടുത്തപ്പോൾ പ്രസവക്ലേശം നീണ്ടുപോവുകയും പ്രസവിക്കാൻ സാധിക്കാതെയും വേദന സഹിക്കാൻ വയ്യാതെയും വന്നപ്പോൾ അവൾ തന്നെ മാനഭംഗപ്പെടുത്തിയത് ആരാണെന്നു വിളിച്ചുപറഞ്ഞു. അതിനുശേഷം മാത്രമാണ് അവൾക്കു പ്രസവിക്കാൻ കഴിഞ്ഞത്. അതുവരെയും വ്യാജമായ കുറ്റാരോപണം നിശബ്ദനായി സഹിക്കാനായിരുന്നു മക്കാരിയൂസിൻറെ വിധി.
തെറ്റിദ്ധരിക്കപ്പെടുമ്പോഴെല്ലാം തങ്ങളുടെ അലച്ചിലുകൾ കർത്താവ് എണ്ണിയിട്ടുണ്ടെന്നും തങ്ങളുടെ കണ്ണുനീർ അവിടുന്ന് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ടെന്നും അവ അവിടുത്തെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉള്ള സമാശ്വാസമാണു വിശുദ്ധരെ മുന്നോട്ടു നയിച്ചത്.