വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഒരാത്മാവ് തൻറെ നിസാരാവസ്ഥയെക്കുറിച്ചും ദൈവതിരുമുൻപിൽ നിൽക്കാനുള്ള തൻറെ യോഗ്യതക്കുറവിനെയും കുറിച്ചും എപ്പോഴും ബോധവാനായിരിക്കും. ദൈവത്തിൻറെ വഴിയിലേക്കു വരുന്നതിനു മുൻപു താൻ എന്തായിരുന്നുവെന്നും എത്ര നികൃഷ്ടമായ അവസ്ഥയിൽ നിന്നാണു കർത്താവ് തന്നെ കൈപിടിച്ചുയർത്തിയതെന്നും എപ്പോഴും ഓർക്കുന്ന ഒരു വ്യക്തിയ്ക്കു വിശുദ്ധിയിലേക്കുള്ള പ്രയാണം കൂടുതൽ എളുപ്പമുള്ളതായി അനുഭവപ്പെടും. ഒരു രാത്രിയിൽ കർത്താവിനെ തള്ളിപ്പറഞ്ഞ പത്രോസ് ശ്ലീഹാ പിന്നെ ഹൃദയം നൊന്തു കരഞ്ഞത് ഒരു തവണ മാത്രമായിരുന്നില്ല. തൻറെ കർത്താവും ദൈവവുമായവനെ ഏറ്റുപറയാൻ ലജ്ജിച്ചതിൻറെ വേദനയാൽ അദ്ദേഹം എല്ലാ ദിവസവും കരഞ്ഞിരുന്നുവെന്നും കണ്ണീർ ഒഴുകിയൊഴുകി അദ്ദേഹത്തിൻറെ കവിളുകളിൽ കണ്ണീർച്ചാലുകളുടെ അടയാളം സ്ഥിരമായി പ്രത്യക്ഷപ്പെട്ടു എന്നും ഒരു പാരമ്പര്യമുണ്ട്.
മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ടുവെന്നു തന്നെക്കുറിച്ചുതന്നെ അഭിമാനിക്കുന്ന പൗലോസ് ശ്ലീഹാ പറയുന്നത് താൻ പാപികളിൽ ഒന്നാമനാണെന്നാണ് (1 തിമോ 1:16). അദ്ദേഹം വീണ്ടും പറയുന്നു. ഞാൻ അപ്പസ്തോലന്മാരിൽ ഏറ്റവും നിസ്സാരനാണ്. ദൈവത്തിൻറെ സഭയെ പീഡിപ്പിച്ചതു നിമിത്തം അപ്പസ്തോലനെന്ന നാമത്തിനു ഞാൻ അയോഗ്യനുമാണ്’ (1 കൊറി 15:9). ക്രിസ്തുവിനുവേണ്ടിയും സഭയ്ക്കുവേണ്ടിയും ഓടിനടന്നു തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യുമ്പോഴും താൻ കർത്താവിനെയും സഭയെയും പീഡിപ്പിച്ച നാളുകളുടെ ഓർമ പൗലോസിൻറെ മനസിൽ നിന്നു വിട്ടുപോയിരുന്നില്ല.
പഴയ പാപങ്ങളിൽ നിന്ന് യേശുക്രിസ്തുവിൻറെ അമൂല്യരക്തത്താൽ വീണ്ടെടുക്കപ്പെട്ടുവെങ്കിലും ആ പാപങ്ങളുടെ ഓർമ കൂടുതൽ കഠിനമായ പരിഹാരപ്രവൃത്തികൾ ചെയ്യാനും ആ പതിവു ജീവിതാവസാനം വരെ നിലനിർത്താനും വിശുദ്ധരെ സഹായിച്ചിരുന്നു. ഈജിപ്തിലെ വിശുദ്ധ മറിയം പതിനേഴു വർഷക്കാലം പാപത്തിൻറെ ചെളിക്കുണ്ടിലാണു ജീവിച്ചത്. ജറുസലേമിലെ തിരുക്കല്ലറയുടെ ദൈവാലയത്തിലേക്ക് അശുദ്ധിയോടെ കാലെടുത്തുവയ്ക്കാൻ തുനിഞ്ഞപ്പോൾ ഒരദൃശ്യശക്തി അവളെ തടഞ്ഞു. അതായിരുന്നു അവളുടെ മാനസാന്തരത്തിൻറെ നിമിഷം. തുടർന്നുള്ള നാല്പത്തിയേഴു വർഷങ്ങൾ അവൾ താൻ പതിനേഴുവർഷം കൊണ്ടു ചെയ്ത പാപങ്ങൾക്കു പരിഹാരം ചെയ്യുകയായിരുന്നു. അതിന് അവൾ തെരഞ്ഞെടുത്തതു മരുഭൂമിയിലെ ഏകാന്തവാസമാണ്. കഠിനമായ ഉപവാസവും പ്രാർഥനയും പരിഹാരപ്രവൃത്തികളും കൊണ്ടു തൻറെ പാപങ്ങളുടെ കണക്കുപുസ്തകത്തിലെ അവസാനത്തെ വരിയും മായ്ച്ചുകളഞ്ഞിട്ടാണ് അവൾസ്വർഗ്ഗത്തിലേക്കു പോയത്.
വിശുദ്ധരായാലും സാധാരണ മനുഷ്യരായാലും പഴയ പാപങ്ങൾ ഇടയ്ക്കിടെ ഓർമ്മയിൽ വരുന്നത് സ്വാഭാവികമാണ്. എന്നാൽ സാധാരണ മനുഷ്യർക്കു പഴയ പാപങ്ങളുടെ ഓർമ്മ കൊണ്ടുവരുന്നതു കുറ്റബോധമാണെങ്കിൽ, വിശുദ്ധർ ആ ഓർമ്മയുടെ ഫലമായി കൂടുതൽ പരിഹാര പ്രവൃത്തികൾ അനുഷ്ഠിക്കുകയാണു ചെയ്യുന്നത്. സ്നേഹം തന്നെയായ ദൈവത്തെ താൻ എത്രയധികം വേദനിപ്പിച്ചു എന്ന തിരിച്ചറിവിൽ നിന്നാണ് അവരുടെ ഭാവിജീവിതത്തിലെ ഓരോ പ്രവൃത്തികളും രൂപമെടുക്കുന്നത്. അതുതന്നെയാണു വിശുദ്ധിയിലേക്കുള്ള വഴിയും.