ഒരിക്കൽ ഫിലിപ്പിൻറെ കീഴിൽ പരിശീലനം നടത്തിയിരുന്ന മാണി എന്ന സന്യാസാർഥി പ്രഗത്ഭനായ പ്രഭാഷകനായിരുന്നു. തൻറെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തിക്കിത്തിരക്കിയതോടെ മാണിയുടെ ഹൃദയത്തിൽ അഹങ്കാരം തലപൊക്കി. ഇതു മനസിലാക്കിയ ഫിലിപ്പ് നേരി ആ ചെറുപ്പക്കാരനോട് ഇങ്ങനെ പറഞ്ഞു. “ഇനി ഞാൻ അനുവദിക്കുന്നതുവരെ വേറൊരു വിഷയത്തെക്കുറിച്ചും പ്രസംഗിക്കരുത്. ഇന്നത്തെ പ്രസംഗം അതേപടി എല്ലാ ദിവസവും ആവർത്തിച്ചാൽ മാത്രം മതി.”
വളരെ വിചിത്രമെന്നു തോന്നാവുന്ന ഈ നിർദേശം മാണി അനുസരിച്ചു. ഫലമോ? ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ജനങ്ങൾക്ക് അദ്ദേഹത്തിൻറെ പ്രഭാഷണം മടുത്തു. അദ്ദേഹം എളിമ അഭ്യസിക്കുകയും ചെയ്തു.
നമുക്കു പ്രാർഥിക്കാം. വിശുദ്ധ ഫിലിപ്പ് നേരീ, ഞങ്ങളുടെ സംരക്ഷണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നവരിൽ അഹങ്കാരം എന്ന തിന്മ മുളയെടുക്കാതിരിക്കാൻ വേണ്ട കരുതലുകൾ എടുക്കാനും അവരെ എളിമയിൽ വളർത്താനും ഉള്ള കൃപയ്ക്കായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.
(വിശുദ്ധരുടെ ജീവിതത്തിലെ സംഭവങ്ങൾ എടുത്തെഴുതുന്നതിന് ജെയിംസ് കിളിയനാനിക്കൽ അച്ചൻറെ ‘വിശുദ്ധിയുടെ വിജയരഹസ്യങ്ങൾ’ എന്ന വിശിഷ്ട ഗ്രന്ഥത്തോടു കടപ്പാട്)