വിശുദ്ധിയുടെ പടവുകൾ 29

ആർക്കാണു പിശാചിനെ പേടിയില്ലാത്തത്?  നമ്മുടെ ചുറ്റും തിരഞ്ഞാൽ പിശാചിനെ പേടിയില്ലാത്ത ഒരാളെപ്പോലും കണ്ടുമുട്ടാൻ  കഴിയുമെന്നു തോന്നുന്നില്ല. അഥവാ പിശാചിനെ ഭയപ്പെടാത്ത ഒരാളെ നിങ്ങൾ കണ്ടുമുട്ടുന്നുവെങ്കിൽ  അതിൻറെയർഥം  നിങ്ങൾ നിൽക്കുന്നത് ഒരു വിശുദ്ധൻറെ  മുൻപിലാണെന്നാണ്.

വിശുദ്ധരുടെ ജീവിതം മുഴുവനും  ദുഷ്ടാരൂപികളുമായുള്ള നിരന്തരസംഘട്ടനത്തിൻറേതായിരുന്നു.  അവരെ കീഴ്‌പ്പെടുത്താൻ പിശാച് പതിനെട്ടടവും പ്രയോഗിച്ചു. പക്ഷേ ഓരോ പരീക്ഷണത്തിൻറെയും അവസാനം വിശുദ്ധർ കൂടുതൽ  പ്രഭയോടെ ജ്വലിച്ചുയർന്നു. അവർ തനിക്കുമേൽ നേടിയ വിജയം സാത്താൻറെ   വെറുപ്പും വിദ്വേഷവും വർധിപ്പിച്ചു. അപ്പോഴൊക്കേ അവൻ  കൂടുതൽ ശക്തിയോടെ അവരെ  ആക്രമിച്ചു.  ഇത് ഒന്നോ രണ്ടോ ദിവസം  കൊണ്ട് അവസാനിച്ചില്ല. സാധിക്കുമെങ്കിൽ വിശുദ്ധരുടെ മരണനിമിഷം വരെ അവരെ ആക്രമിക്കാൻ പിശാച് ആഗ്രഹിച്ചിരുന്നു.

വിശുദ്ധ  മറിയം ത്രേസ്യയെ പിശാചുക്കൾ നേരിട്ടു  വന്നു  പീഡിപ്പിച്ചിരുന്നതായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്.  ദൈവം ഞങ്ങളെ  അനുവദിച്ചിട്ടാണു  ഞങ്ങൾ നിന്നെ പീഡിപ്പിക്കുന്നത് എന്നു  പറഞ്ഞുകൊണ്ടാണ് പലപ്പോഴും ദുഷ്ടാരൂപികൾ  അവളുടെ അടുക്കൽ വന്നിരുന്നത്.  പലപ്പോഴും അവ വിശുദ്ധയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു. ഒരിക്കൽ ഒരു കൊമ്പനാനയുടെ രൂപത്തിൽ വന്ന പിശാച് അവളുടെ വയറ്റിൽ കുത്തി മുറിവേൽപ്പിച്ചു. പിന്നെയൊരിക്കൽ  പിശാച് തന്ത്രപരമായി അവളെ വീഴിക്കാനായി ഇങ്ങനെ പറഞ്ഞു. ‘ഞങ്ങൾ തോറ്റു, നീ ജയിച്ചു.’ എന്നാൽ ആ കെണിയിലും മറിയം ത്രേസ്യ വീണില്ല. അവൾ പറഞ്ഞു. ‘ജയിച്ചത് ഞാനല്ല, ഈശോയാണ്.

പാദ്രേ  പിയോ സന്യാസജീവിതത്തിലേക്കു   പ്രവേശിക്കുന്നതിൻറെ തലേദിവസം വിരൂപരായ ഭീകരസത്വങ്ങളുടെ നടുവിൽ നിന്നു   കയറിവരുന്ന ഒരു  ഭീകരജീവിയെ  യുദ്ധം ചെയ്തു തോൽപിക്കാൻ സ്വർഗം തന്നോടാവശ്യപ്പെടുന്നതായി  അദ്ദേഹം ദർശനത്തിൽ കണ്ടു.   ജീവിതകാലം മുഴുവൻ അദ്ദേഹം ആ യുദ്ധത്തിലായിരുന്നു എന്നതാണ് സത്യം.  വന്യമൃഗങ്ങളുടേയും വിചിത്രരൂപം ധരിച്ച മറ്റു ജന്തുക്കളുടെയും  രൂപമെടുത്ത ദുഷ്ടാരൂപികൾ രാത്രികളിൽ  പാദ്രേ പിയോയെ ഉറങ്ങാൻ സമ്മതിക്കാതെ    ശല്യപ്പെടുത്തിയിരുന്നു. എന്നു  മാത്രമല്ല പലപ്പോഴും അവരിൽ നിന്നുള്ള ശാരീരികപീഡനവും അദ്ദേഹത്തിനു  നേരിടേണ്ടിവന്നിരുന്നു.

ജോൺ  മരിയ വിയാനിയുടെ  അനുഭവവും വ്യത്യസ്തമായിരുന്നില്ല.  കിടപ്പുമുറിയുടെ വാതിലിൽ ആഞ്ഞുതൊഴിക്കുന്ന ശബ്ദവും  ഭയാനകമായ അട്ടഹാസങ്ങളും കൊണ്ടു  പല രാത്രികളിലും  പിശാച്  അദ്ദേഹത്തെ പരീക്ഷിച്ചു.  അടച്ചിട്ട മുറിക്കുള്ളിൽ ഭീകരസത്വങ്ങൾ  പ്രത്യക്ഷപ്പെട്ടു. ഭീഷണികൾ മുഴങ്ങി.  ചിലപ്പോൾ എലികളുടെ  രൂപത്തിൽ, ചിലപ്പോൾ ഈച്ചക്കൂട്ടങ്ങളുടെ രൂപത്തിൽ, ചിലപ്പോൾ കുതിച്ചുചാടുന്ന കുതിരകളുടെ   വേഷത്തിൽ!  ഒരിക്കൽ ‘വിയാനീ, നിന്നെ  ഇപ്പോൾ എൻറെ കൈയിൽ കിട്ടിയിരിക്കുന്നു എന്നു  പറഞ്ഞു  പിശാച് അട്ടഹസിക്കുമ്പോൾ വിയാനിയച്ചൻ ശാന്തനായി പറഞ്ഞു , ‘ എനിക്കു  നിന്നെ ഒട്ടും ഭയമില്ല.’

നിർഭാഗ്യപാപികൾക്കായി പ്രാർഥിക്കുന്നതിനാൽ  വിശുദ്ധ ഫൗസ്റ്റീന പിശാചുക്കളുടെ നോട്ടപ്പുള്ളിയായിരുന്നു. ഒരിക്കൽ അങ്ങനെ പ്രാർഥിച്ചുകൊണ്ടിരിക്കേ   പെട്ടെന്നു ഭീകരരൂപികളായ പിശാചുക്കൾ അവളുടെ മുറിയിൽ പ്രത്യക്ഷപ്പെട്ട് അവളെ ഭീഷണിപ്പെടുത്തി. എന്നാൽ ഫൗസ്റ്റീന ഭഭയപ്പെട്ടില്ല. അവൾ  ‘വചനം  മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’ എന്ന് ഉറക്കെ പറഞ്ഞു. അതുകേട്ട ദുഷ്ടാരൂപികൾ തൽക്ഷണം  പിന്തിരിഞ്ഞോടി.

ഏകാന്തപ്രാർഥനയിലായിരിക്കുമ്പോൾ  ഫ്രാൻസിസ് അസീസിയെ പലപ്പോഴും പിശാചുക്കൾ നേരിട്ട് ആക്രമിക്കാറുണ്ടായിരുന്നു. ഫ്രാൻസിസിൻറെ മേൽ ചാടിവീണ്  അങ്ങോട്ടുമിങ്ങോട്ടും വലിക്കുക, അടിക്കുക, ഇടിക്കുക, കാലിൽ പിടിച്ചു വലിച്ചുകൊണ്ടുപോകുക ഇതൊക്കെയായിരുന്നു പിശാചുക്കളുടെ  വിനോദം.   എന്നാൽ ഫ്രാൻസിസ് തരിമ്പും ഭയപ്പെട്ടില്ല എന്നു  മാത്രമല്ല തൻറെ സഹനങ്ങളെല്ലാം  പാപങ്ങൾക്കു പരിഹാരമായി  കാഴ്ചവയ്ക്കുകയും  ചെയ്തു.

പിശാചിനെ ഭയപ്പെടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇനിയും താമസിക്കേണ്ട. എത്രയും വേഗം ഒരു വിശുദ്ധനാവുക. അപ്പോൾ നിങ്ങൾ പിശാചിനെയല്ല, പിശാച് നിങ്ങളെ പേടിക്കും.