വിശുദ്ധിയുടെ പടവുകൾ 28

വിശുദ്ധർ ആദ്യം ശ്രമിച്ചതു  പുണ്യം  ചെയ്യാനല്ല; പാപം ചെയ്യാതിരിക്കാനായിരുന്നു. തൻറെ വ്രതവാഗ്ദാനത്തിൻറെ ദിവസം കൊച്ചുത്രേസ്യയുടെ പ്രാർഥന  ഇങ്ങനെയായിരുന്നു. ‘ഏറ്റവും  ചെറിയ ഒരു പാപം പോലും ഞാൻ   മനപൂർവം  ചെയ്യാൻ ഇടയാകുന്നതിനു മുൻപ്   എൻറെ ജീവിതം അവസാനിപ്പിക്കാൻ ദൈവം തിരുമനസാകട്ടെ.”

പാപം ചെയ്യാതിരിക്കണമെങ്കിൽ അതിനു നമ്മുടെ പ്രയത്നത്തെക്കാളധികം  ദൈവത്തിൻറെ സഹായമാണു  വേണ്ടത്.  ഇതു മനസിലാക്കിയ വിശുദ്ധ  ഫൗസ്റ്റീനയുടെ പ്രാർഥന ഇങ്ങനെയായിരുന്നു; ‘കർത്താവേ, അങ്ങുതന്നെ എൻറെ  ആത്മാവിനെ നയിക്കണമേ.  കാരണം ഞാൻ എന്നിൽതന്നെ ഒന്നുമല്ല.’

 വിശുദ്ധ ആൻസലമിൻറെ  അഭിപ്രായത്തിൽ  എല്ലാ തിന്മകളുടെയും അടിസ്ഥാനം  സ്വയംസ്നേഹമാണ്.  ഈ സ്വയംസ്‌നേഹത്തിൽ നിന്നുള്ള വിടുതലിനായി വിശുദ്ധരെല്ലാം  തീക്ഷ്ണതയോടെ പ്രാർഥിച്ചിരുന്നു.  എന്നാൽ അവരെ സംബന്ധിച്ചിടത്തോളം അത്  അത്ര  എളുപ്പമുള്ള കാര്യമായിരുന്നില്ല. വിശുദ്ധ ബർണാർഡിൻറെ വാക്കുകൾ;  ‘മുറിച്ചുകളഞ്ഞാലും വീണ്ടും  തളിർത്തുവരുന്ന കളകളെപ്പോലെയാണു  സ്വയംസ്നേഹം  എന്ന  തിന്മ.  പിഴുതെടുത്തുകളഞ്ഞു എന്നു നാം ചിന്തിക്കുമ്പോൾ തന്നെ  അതു  വീണ്ടും തലപൊക്കും.’

സ്വയംസ്നേഹത്തിൻറെ  പ്രതിവിധി ദൈവത്തെ കൂടുതൽ സ്നേഹിക്കുക എന്നതാണ്.   ‘ദൈവത്തിൽ നിന്നല്ലാത്തതോ, ദൈവത്തിലല്ലാത്തതോ  ദൈവത്തിനു വേണ്ടിയല്ലാത്തതോ ആയ  എന്തെങ്കിലും എൻറെ ഹൃദയത്തിൽ ഉണ്ടെന്നു  ഞാനറിഞ്ഞാൽ ആ നിമിഷം തന്നെ ഞാനതു   പുറത്തേക്കെറിഞ്ഞു കളയും.’   ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വിശുദ്ധ ഫ്രാൻസിസ് സാലസ് സ്വയംസ്നേഹത്തെ ജയിച്ചത്.  അൽഫോൻസാമ്മ പറഞ്ഞതും അതുതന്നെയാണ് . ‘എനിക്ക് എൻറെ ഈശോയെ മാത്രം മതി. മറ്റൊന്നും എനിക്കു  വേണ്ട.’

ഹൃയത്തിൽ ഈശോ നിറഞ്ഞാൽ പിന്നെ എങ്ങനെ പാപം ചെയ്യാനാണ്?  പാപം ചെയ്യുന്നില്ലെങ്കിൽ പിന്നെ പുണ്യമല്ലാതെ മറ്റെന്താണു ചെയ്യാനുള്ളത്? പുണ്യംചെയ്യുന്നവർ പുണ്യവാന്മാരാകുന്നതിൽ എന്തത്ഭുതം!