വിശുദ്ധിയുടെ പടവുകൾ 24

പർവതങ്ങളിലേക്കു  ഞാൻ  കണ്ണുകൾ ഉയർത്തുന്നു; എനിക്കു  സഹായം എവിടെ നിന്നു  വരും? എനിക്കു സഹായം  കർത്താവിൽ നിന്നു  വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്’ (സങ്കീ 121:1-2). സഹായം ആവശ്യമായി വന്നപ്പോൾ സങ്കീർത്തകൻ നോക്കിയതു  താഴെ ഭൂമിയിലേക്കല്ല, മുകളിൽ കർത്താവിൻറെ പർവതങ്ങളിലേക്കാണ്.   തനിക്ക് ആവശ്യമായ സഹായം ലഭിക്കുന്നതുവരെ  സങ്കീർത്തകൻ തൻറെ കണ്ണുകൾ പിൻവലിച്ചില്ല.  ‘ദാസന്മാരുടെ കണ്ണുകൾ  യജമാനൻറെ   കൈയിലേക്കെന്ന പോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നെ പോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു  ഞങ്ങളുടെ മേൽ കരുണ തോന്നുവോളം  ഞങ്ങളുടെ  കണ്ണുകൾ  അവിടുത്തെ നോക്കിയിരിക്കുന്നു’ ( സങ്കീ 123:2) എന്നു പാടിക്കൊണ്ടു   കർത്താവിൻറെ സമയത്തിനായി  കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ അവിടുന്ന് വരിക തന്നെ ചെയ്യും.


സഹായം ആവശ്യമായി വരുമ്പോൾ  ഭൂമിയിലേക്കു  നോക്കാതെ   സ്വർഗത്തിലേക്കു കണ്ണുകളുയർത്തുകയും  കരുണ കാണിക്കാൻ കർത്താവ് നിർണ്ണയിച്ച സമയം വരുന്നതുവരെ  സ്ഥിരോത്സാഹത്തോടെ  അവിടുത്തെ കാത്തിരിക്കുകയും ചെയ്തവരാണു വിശുദ്ധർ.  കുരിശിൻറെ വിശുദ്ധ യോഹന്നാൻ സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തി സഭാധികാരികളുടെ തടവറയിൽ കഴിഞ്ഞതു  ദിവസങ്ങളോ ആഴ്ചകളോ  അല്ല.    ചമ്മട്ടിയടി,  പ്രകാശം പോലും കടക്കാത്ത മുറിയിൽ ഏകാന്തത്തടവ്,  കണ്ണുമൂടിക്കെട്ടിക്കൊണ്ടുള്ള യാത്രകൾ, കല്ലു  വിരിച്ച തണുത്ത  തറയിൽ കിടക്കാൻ  രണ്ടു പലകക്കഷണങ്ങൾ  മാത്രം! സാഹസന്യാസിമാരുടെ ഭക്ഷത്തിൽ  എന്തെങ്കിലും ബാക്കി വന്നാൽ അതായിരുന്നു അദ്ദേഹത്തിൻറെ ഭക്ഷണം. അതും  മുട്ടിന്മേൽ നിന്നുവേണം  കഴിക്കാൻ. ഭക്ഷണസമയത്തും ആശ്രമാധിപൻ യോഹന്നാനെതിരായ കുറ്റപത്രം വായിക്കും.  അതിനുശേഷം സന്യാസികൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ ചമ്മട്ടി കൊണ്ട് അടിക്കും.  കുർബാന ചൊല്ലാൻ അനുവാദമില്ല.  അപ്പോഴെല്ലാം  സ്വർഗത്തിൽ നിന്നുള്ള സമാശ്വാസം മാത്രം പ്രതീക്ഷിച്ചു കാത്തിരുന്ന യോഹന്നാന് അതു  ലഭിച്ചതു  വളരെ നീണ്ട ഒരു കാലഘട്ടത്തിനുശേഷമായിരുന്നു.


കർത്താവ്  അനുവദിക്കുന്നിടത്തോളം കാലം സഹനങ്ങൾ ക്ഷമയോടെ സഹിക്കുക എന്നതല്ലാതെ വിശദ്ധർക്കു  മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.    പാദ്രേ പിയോ ഒറ്റപ്പെടലും ചോദ്യം ചെയ്യലും പരിഹാസവും സഹിച്ചതു  വർഷങ്ങളാണ്. ഫിലിപ്പ്  നേരിയ്ക്ക്  കുമ്പസാരിപ്പിക്കാനുള്ള അനുവാദം നിഷേധിക്കുക വരെ ചെയ്തു എന്നു  മാത്രമല്ല അദ്ദേഹത്തോടൊപ്പം നടക്കരുത് എന്നു   സഭാധികാരികൾ ചെറുപ്പക്കാർക്കു  കർശന മുന്നറിയിപ്പും കൊടുത്തു. ആ രണ്ടു വിശുദ്ധരും കർത്താവു തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതുവരെ മൗനം പാലിച്ചുകൊണ്ട് സഹിച്ചു.
 ദേവസഹായം  പിള്ളയെ കഴുത്തുവെട്ടിക്കൊല്ലാൻ രാജാവു കല്പിച്ചു എന്നു പറയുമ്പോൾ നാം കരുതുക അതു  വളരെ പെട്ടെന്നു  തന്നെ നിറവേറ്റപ്പെട്ട ഒരു കല്പനയായിരുന്നു  എന്നായിരിക്കും. എന്നാൽ സത്യമതല്ല.  എല്ലാവർക്കും ഒരു പാഠമാകത്തക്കവിധം അദ്ദേഹത്തിൻറെ കഴുത്തിൽ  എരുക്കിൻ പൂമാലയിട്ടു   പരിഹസിച്ചു   തെരുവുകൾ തോറും ചെണ്ട കൊട്ടി വിളംബരം ചെയ്തു  കൊലക്കളത്തിലേക്കു നയിക്കാനായിരുന്നു രാജകല്പന.  അവിടെ എത്താറായപ്പോഴാണ്  അടുത്ത കല്പന വരുന്നത്.  ‘ഉടനെ കൊല്ലരുത്.  പിള്ളയെ  വീണ്ടും തടവിലിടുക’. തടവിലായിരുന്ന ഓരോ ദിവസവും  എരുമപ്പുറത്തു കയറ്റി തെരുവുകളിൽ കൂടി കൊണ്ടുനടക്കാനും ചൂരൽ കൊണ്ടു  മുപ്പത്   അടി വീതം കൊടുക്കാനും   മുറിവുകളിൽ മുളകുപൊടി  തേച്ചു  വെയിലത്തിരുത്താനും ആയിരുന്നു കല്പന. ദേവസഹായം പിള്ളയുടെ കണ്ണുകൾ അപ്പോഴെല്ലാം സ്വർഗ്ഗത്തിലേക്കുമാത്രം നോക്കിയിരുന്നു. അതുകൊണ്ടാണല്ലോ മുളകുപൊടി തേക്കാൻ പട്ടാളക്കാർ മറന്നുപോയ ഒരു ദിവസം  അദ്ദേഹം തന്നെ അത് അവരെ ഓർമ്മിപ്പിച്ചത്! 


തുടർന്ന് ഒരു തൊഴുത്തിനു സമീപത്തുള്ള മരത്തിൽ കെട്ടിയിടപ്പെട്ട ദേവസഹായം പിള്ള മഴയും വെയിലും കാറ്റും മഞ്ഞും സഹിച്ച് അവിടെ ജീവിച്ചത് ഏഴു മാസമാണ്.  1752 ൽ വധിക്കപ്പെടുമ്പോൾ ദേവസഹായം പിള്ളയ്ക്ക്   വയസ് 40. അതിൽ അവസാനത്തെ ഏഴുവർഷമാണ് അദ്ദേഹം  കർത്താവീശോമിശിഹായെ  അനുഭവിച്ചറിഞ്ഞ് അനുഗമിച്ചത്. അതിൽ തന്നെ അവസാനത്തെ  മൂന്നുവർഷം  വധശിക്ഷ പ്രതീക്ഷിച്ചുകൊണ്ടു  കാരാഗൃഹത്തിലായിരുന്നു. 


നീണ്ട മൂന്നുവർഷത്തെ  ക്രൂരമായ പീഡനങ്ങൾക്കിടയിൽ ഒരിക്കൽ പോലും  ദൈവസഹായം പിള്ള കണ്ണുകൾ കർത്താവിൽ നിന്നകറ്റിയില്ല. അകറ്റിയിരുന്നെങ്കിൽ   നമുക്ക് ഇന്നൊരു വിശുദ്ധനെ ലഭിക്കുമായിരുന്നില്ല. കർത്താവിൻറെ സമയത്തിനു  വേണ്ടി ക്ഷമയോടെ കാത്തിരുന്നവർ മാത്രമേ അന്നുമിന്നും വിശുദ്ധരായിട്ടുള്ളൂ.