വിശുദ്ധിയുടെ പടവുകൾ 23

വിശുദ്ധർ സ്വർഗരാജ്യത്തിൽ പ്രവേശിക്കും എന്നു  നാം വിശ്വസിക്കുന്നു. ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണെന്ന കർത്താവിൻറെ വചനവും നാം വിശ്വസിക്കുന്നു.   വിശുദ്ധരെല്ലാവരും ലൗകികസമ്പത്തിനോടു  പുറം തിരിഞ്ഞുനിന്നവരാണ്. പലരും കഠിനമായ ദാരിദ്ര്യത്തിലൂടെ കടന്നുപോയവരാണ്. വേറെ ചിലരാകട്ടെ തങ്ങൾക്കുണ്ടായിരുന്ന വലിയ സമ്പത്ത് ഉപേക്ഷിച്ചുകൊണ്ടാണു  വിശുദ്ധജീവിതത്തിൻറെ പാത തിരഞ്ഞെടുത്തത്.

നിത്യവ്രത സ്വീകരണ വേളയിൽ സിസ്റ്റർ  ഫൗസ്റ്റീനയുടെ  വീട്ടിൽ നിന്നു  മാത്രം ആരും എത്തിയില്ല. കാരണം യാത്രാച്ചെലവിനുള്ള പണംകണ്ടെത്താൻ അവർക്കു കഴിഞ്ഞിരുന്നില്ല. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയും ദാരിദ്ര്യത്തിൻറെ കാഠിന്യം അറിഞ്ഞ വ്യക്തിയാണ്. തങ്ങളുടെ ഭഭക്ഷണമേശയിൽ മാംസമോ വീഞ്ഞോ രുചികരമായ എന്തെങ്കിലുമോ ഉണ്ടാകുന്നത്  അപൂർവമായിരുന്നു എന്ന്  അദ്ദേഹം എഴുതിയിട്ടുണ്ട്.  കർദിനാൾ സ്ഥാനം ഏറ്റെടുക്കാനായി പോളണ്ടിൽ നിന്നു  റോമിലേക്കു യാത്ര പുറപ്പെടുമ്പോൾ   കരോൾ വൊയ്റ്റീവയുടെ കൈയിൽ ഉണ്ടായിരുന്നത് അൻപതു  ഡോളർ മാത്രം. കർദിനാളിൻറെ ഔദ്യോഗികവസ്‌ത്രത്തിൻറെ ഭാഗമായ ചുവന്ന സോക്സ് വാങ്ങാൻ പണമില്ലാത്തതിനാൽ കറുത്ത സോക്സ് ധരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്.

ആകെയുള്ള ഒരു ജോഡി ഷൂസ് കൈയിൽ പിടിച്ചുകൊണ്ട്  സ്‌കൂളിലേക്കു നഗ്നപാദനായി നടക്കുകയും സ്‌കൂളിൽ ചെന്നതിനുശേഷം മാത്രം ഷൂസ് ധരിക്കുകയും ചെയ്ത ഒരു ബാലനാണു  പിൽക്കാലത്ത് വിശുദ്ധ പത്താം  പിയൂസ് പാപ്പയായത്.  അദ്ദേഹം മാർപ്പാപ്പയായിരിക്കുമ്പോഴും  കുടുംബാംഗങ്ങൾ ദാരിദ്ര്യത്തിൽ തന്നെയായിരുന്നു എന്നും ഓർക്കണം. സെമിനാരിയിൽ പോകാനുള്ള പണത്തിനായി അയൽവീടുകളിൽ  പോയി യാചിച്ച ചെറുപ്പക്കാരനെ നാം ഇന്നറിയുന്നതു  വിശുദ്ധ ഡോൺ ബോസ്‌കോ ആയിട്ടാണ്.
മരിയ ഗൊരേത്തിയ്ക്ക്  ആദ്യകുർബാനസ്വീകരണത്തിന്  ആവശ്യമായതെല്ലാം അവളുടെ ഇടവകയിലെ ജനങ്ങൾ സംഭാവന നല്കിയതായിരുന്നു.  എവുപ്രാസ്യമ്മയെക്കുറിച്ച് സാഹസന്യാസിനിമാരുടെ സാക്ഷ്യം ഇങ്ങനെയായിരുന്നു; ‘കീറിത്തുന്നിയ  ഉടുപ്പും പഴയ സാധനങ്ങളുമായിരുന്നു  അമ്മ ഉപയോഗിച്ചിരുന്നത് . പരാതിയോ  പരിഭവമോ ഇല്ലാതെ ഉള്ളതുകൊണ്ടു  തൃപ്തിപ്പെട്ടിരുന്നു.  വിശേഷഭക്ഷണം മനപൂർവം ഒഴിവാക്കിയിരുന്നു’.

മൂന്നു സാരികൾ മാത്രമേ  മദർ തെരേസയ്ക്ക്  ഉണ്ടായിരുന്നുള്ളൂ.  ചാക്കുവസ്ത്രം കൊണ്ട് സംതൃപ്തനായ  വിശുദ്ധനെ നാം വിളിക്കുന്നത് രണ്ടാം ക്രിസ്തു എന്നാണ്. വിശുദ്ധ ക്ലാരയുടെ  മഠത്തിൽ ഒരിക്കൽ മാർപ്പാപ്പ വന്നപ്പോൾ  ആകെയുണ്ടായിരുന്നത്‌ ഒരു കഷ്ണം ഉണക്കറൊട്ടി മാത്രം. മുറിച്ചുവച്ച റൊട്ടി  ആശീർവദിക്കാൻ  മാർപ്പാപ്പയോടപേക്ഷിച്ചപ്പോൾ ആശ്രമാധിപ എന്ന നിലയിൽ ക്ലാര   തന്നെ പ്രാർഥിച്ചാൽ മതി  എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  അതനുസരിച്ച് ക്ലാര  പ്രാർഥിച്ചപ്പോൾ ഓരോ റൊട്ടിക്കഷണത്തിലും  അത്ഭുതകരമായി കുരിശടയാളം പതിഞ്ഞിരിക്കുന്നതാണ് അവർ കണ്ടത്.  ഭൂമിയിലെ ദാരിദ്ര്യത്തെ ദൈവം സ്വർഗത്തിൽ മഹത്വപ്പെടുത്തും എന്നതു സത്യമാണ്.

ദരിദ്രനായി ജനിച്ച്, ദരിദ്രനായി ജീവിച്ച്, ദരിദ്രനായി മരിച്ച  യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർക്കു   കുറുക്കുവഴികൾ  ഒന്നുമില്ല. കാരണം ‘അവനിൽ വസിക്കുന്നെന്നു പറയുന്നവൻ  അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹ. 2:6) എന്നാണു തിരുവചനം പറയുന്നത്. ദൈവത്തെയും മാമ്മോനെയും ഒരുമിച്ചു സേവിക്കാൻ ആഗ്രഹിച്ച ആരും ഇന്നുവരെ വിശുദ്ധരായിട്ടില്ല.