വിശുദ്ധിയുടെ പടവുകൾ 21

ശരീരത്തെ മാത്രം  കൊല്ലാൻ  കഴിവുള്ളവരെ  ഭയപ്പെടുന്നുവെങ്കിൽ  നാം വിശുദ്ധരല്ല; ക്രിസ്ത്യാനികൾ പോലുമല്ല. കർത്താവീശോമിശിഹാ നമ്മെ പഠിപ്പിച്ചതു  ശരീരത്തെ മാത്രം കൊല്ലാൻ  കഴിയുന്നവരെയല്ല, മറിച്ച് മരണശേഷം ശരീരത്തെയും  ആത്മാവിനെയും  ഒരുമിച്ച് അഗ്നിയിലേക്കെറിയാൻ  അധികാരമുള്ളവനെയാണു  നാം ഭയപ്പെടേണ്ടതെന്നാണ്.  രക്തസാക്ഷികളായ വിശുദ്ധർ കർത്താവിൻറെ ഈ പ്രബോധനം  ഹൃദയത്തിൽ സ്വീകരിച്ചവരാണ്.  


അവരെ സംബന്ധിച്ചിടത്തോളം  സ്വന്തം ശരീരത്തിൽ ഏല്പിക്കപ്പെടുന്നഏതു പീഡനവും  ക്രിസ്തുവിൻറെ പീഡാസഹനവുമായുള്ള താദാത്മ്യപ്പെടലായിരുന്നു.  സഭയാകുന്ന തൻറെ ശരീരത്തെ പ്രതി ക്രിസ്തുവിന് ഏൽക്കേണ്ടിവന്നിട്ടുള്ള പീഡനങ്ങളുടെ കുറവു  സ്വശരീരത്തിൽ ഏൽക്കാൻ തയ്യാറാണെന്ന്  ആത്മവിശ്വാസത്തോടെ  പ്രഖ്യാപിച്ച  പൗലോസ് ശ്ലീഹായുടെ വാക്കുകൾ അവർക്കു  മാതൃകയായിരുന്നു. മരണം അവരെ ഭയപ്പെടുത്തിയില്ല.  


ചുട്ടെരിച്ചു കൊല്ലപ്പെടാനായി നിർത്തിയപ്പോൾ വിശുദ്ധ പോളികാർപ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ദൈവമേ, അങ്ങയുടെ പ്രിയസുതനായ ഈശോമിശിഹായുടെ പീഡാനുഭവത്തിൽ എന്നെയും പങ്കുകാരനാക്കിയതിനു ഞാൻ  നന്ദി പറയുന്നു. സ്വർഗത്തിൽ അങ്ങയെ നിത്യകാലം സ്തുതിക്കാൻ എന്നെ യോഗ്യനാക്കണമേ’.  വിറകു  കത്തി തീ ആളിപ്പടർന്നെങ്കിലും അഗ്നി അദ്ദേഹത്തെ സ്പർശിച്ചില്ല. ‘നീതിമാന്മാരെ പോറ്റിരക്ഷിക്കാൻ അഗ്നി സ്വഗുണം മറന്നു’ (ജ്ഞാനം  16:23) എന്നതു  ഹനനിയാ, മിഷായേൽ, അസറിയ  എന്നീ  മൂന്നു ചെറുപ്പക്കാരും അനുഭവിച്ചറിഞ്ഞ സത്യമാണ്  (ദാനി  3:27). അഗ്നിയിലൂടെ കടന്നുപോയ പോളിക്കാർപ്പിനെ കാത്തിരുന്നതു  കുന്തമുനയാലുള്ള  മരണമായിരുന്നു.


തിളച്ച ടാറിലേക്ക്  എറിയപ്പെട്ടപ്പോഴും വിശുദ്ധിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിന്ന  പൊട്ടാമിയേന! രക്തസാക്ഷിത്വത്തിനുവേണ്ടി എന്നും പ്രാർഥിച്ചിരുന്ന  ചാൾസ് ഡി  ഫുക്കോൾഡ്! അഗ്നികുണ്ഡത്തിലേക്കെറിയപ്പെടാനും  വിവസ്ത്രയാക്കപ്പെടാനും സിംഹങ്ങളും വിഷപ്പാമ്പുകളും തേളുകളും നിറഞ്ഞ ഗുഹയിൽ അടയ്ക്കപ്പെടാനും  തയ്യാറായ തെക്ല!  ഇംഗ്ലണ്ടിലെ ചാൻസലർ പദവി മാത്രമല്ല സ്വന്തം ജീവൻ  തന്നെയും വിശ്വാസത്തിനു വേണ്ടി ത്യജിക്കാൻ തയ്യാറായ  തോമസ് മൂർ!  സഭയുടെ ചരിത്രം ക്രിസ്‌തുവിനെ പ്രതി സ്വന്തജീവൻ നഷ്ടപ്പെടുത്താൻ തയാറായി മുന്നോട്ടുവന്ന  അനേക ലക്ഷങ്ങളുടെ ചരിത്രമാണ്.  


വിശ്വാസത്തെപ്രതി പീഡനങ്ങളും ഒറ്റപ്പെടുത്തലുകളൂം അവഹേളനങ്ങളും ഉണ്ടാകുമ്പോൾ  നമുക്കു മുൻപേ സഹനത്തിൻറെ അഗ്നിയിലൂടെ കടന്നുപോയ  വിശുദ്ധരെ നമുക്ക് അനുസ്മരിക്കാം, അവരുടെ മാതൃക പിൻതുടരാം.