വിശുദ്ധിയുടെ പടവുകൾ 2

കാസിയായിലെ വിശുദ്ധ റീത്തായുടെ പ്രായശ്ചിത്ത – പരിഹാര പ്രാർഥനകളുടെ ഫലമായി ദുർമാർഗിയായിരുന്ന ഭർത്താവ് മാനസാന്തരപ്പെട്ടു. എന്നാൽ ഏറെത്താമസിയാതെ അദ്ദേഹത്തെ ശത്രുക്കൾ വധിച്ചു. റീത്തയുടെ രണ്ട് ആൺമക്കളാകട്ടെ തങ്ങളുടെ പിതാവിനെ വധിച്ചവരോടുള്ള പക നിറഞ്ഞ് അവരെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. ഇതറിഞ്ഞ റീത്താ ഈശോയുടെ മുൻപിൽ സമർപ്പിച്ച പ്രാർഥന കണ്ണീരോടെയല്ലാതെ ഒരാൾക്കും വായിക്കാനാവില്ല. ‘ക്രൂശിതനായ കർത്താവേ, എൻറെ മക്കളുടെ മനസു മാറ്റിത്തരുക. അല്ലെങ്കിൽ അവരെ അങ്ങു തിരികെ വിളിക്കുക. ഒരു കൊലപാതകം ചെയ്യാൻ അവരെ അനുവദിക്കരുതേ. അവരുടെ ആത്മാവ് നഷ്ടപ്പെടുന്നതിനേക്കാൾ, ഞാൻ ആഗ്രഹിക്കുന്നത് അവരുടെ മരണമാണ്’.

ഈശോ ആ പ്രാർഥന കേട്ടു. കൊലപാതകം എന്ന മാരകപാപം ചെയ്യാൻ ഇട നൽകാതെ ഈശോ റീത്തയുടെ രണ്ട് ആൺമക്കളെയും പെട്ടെന്നു തന്നെ തിരികെ വിളിച്ചു.

മക്കളെ സ്‌നേഹിക്കുന്നതു നല്ല കാര്യം തന്നെ. എന്നാൽ ആ സ്നേഹത്തിൻറെ ലക്‌ഷ്യം അവരുടെ ആത്മരക്ഷ ഒന്നു മാത്രമായിരിക്കണം എന്നാണു വിശുദ്ധ റീത്താ നമ്മെ പഠിപ്പിക്കുന്നത്. മാരകപാപം ചെയ്യുന്നതിനു മുൻപായി മക്കൾ മരിച്ചുപോകാൻ വേണ്ടി പ്രാർഥിച്ച വിശുദ്ധയുടെ മാതൃക അനുകരിക്കാനുള്ള വിശ്വാസവും ധൈര്യവുമാണ് നമുക്കു വേണ്ടത്. ആ വിശ്വാസവും ധൈര്യവും തന്നെയാണു നമ്മെയും വിശുദ്ധരാക്കുന്നത്.

നമുക്കു പ്രാർഥിക്കാം. വിശുദ്ധ റീത്തായെ, ഞങ്ങളുടെ മക്കൾ പാപം ചെയ്ത് ആത്മാക്കളെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ, അവരുടെ മരണത്തിനായി പ്രാർഥിക്കാനുള്ള വിശ്വാസവും കൃപയും ഞങ്ങൾക്കു വാങ്ങിത്തരണമേ.