വിശുദ്ധിയുടെ പടവുകൾ 19

വിശുദ്ധി  എന്നാൽ അനുദിനം നടത്തേണ്ട  ഒരു തെരഞ്ഞെടുപ്പിൻറെ ജീവിതമാണ്.   ജീവനോ മരണമോ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാൻ  ആവശ്യപ്പെടുമ്പോൾ വിശുദ്ധർ എപ്പോഴും ജീവൻറെ പക്ഷത്തു നിന്നു. ‘ ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിൻറെ മുൻപിൽ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു.  നീയും നിൻറെ സന്തതികളും ജീവിക്കേണ്ടതിനു   ജീവൻ തെരഞ്ഞെടുക്കുക’  (നിയമാ. 30:19).  ഗർഭച്ഛിദ്രത്തിനെതിരെയുള്ള  പ്രവർത്തനങ്ങൾ  സുവിശേഷപ്രഘോഷണത്തിൻറെ ഭാഗം തന്നെയാണ്. കാരണം  ഓരോ ഗർഭച്ഛിദ്രവും ‘കൊല്ലരുത്’ എന്ന അഞ്ചാം പ്രമാണത്തിൻറെ നേരിട്ടുള്ള ലംഘനമാണ്. ഈ കൊടിയ പാപത്തെ നിയമം വഴി അംഗീകരിക്കാൻ പല രാജ്യങ്ങളും തയ്യാറെടുക്കുമ്പോൾ  അതിനെതിരെ  ഏറ്റവും    ആദ്യം  ഉയർന്നതും ഇപ്പോഴും ഉയരുന്നതുമായ ശബ്ദം ക്രൈസ്തവസഭകളുടെ, വിശിഷ്യാ കത്തോലിക്കാ സഭയുടേതാണ്.  ഈ കാലഘട്ടത്തിലെ വിശുദ്ധർ എല്ലാവരും തന്നെ ജീവൻറെ  മൂല്യം ഉയർത്തിപ്പിടിക്കുകയും അബോർഷൻ എന്ന മാരകപാപത്തിനെതിരെ ശക്തമായ നിലപാട്  സ്വീകരിക്കുകയും  ചെയ്തവരാണ്.

1992 ൽ അയർലൻഡ് സന്ദർശിക്കുമ്പോൾ  മദർ തെരേസ  അവിടുത്തെ ജനങ്ങളോട്  അപേക്ഷിച്ചത്  ദൈവസന്നിധിയിൽ പ്രതികാരത്തിനായി നിലവിളിക്കുന്ന അബോർഷൻ എന്ന മാരകപാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനായിരുന്നു. എന്നാൽ ഇരുപത്തൊന്നു വർഷങ്ങൾക്കുശേഷം  മഹാഭൂരിപക്ഷവും കത്തോലിക്കരായ  അയർലണ്ടിലെ ജനത അബോർഷൻ കൂടുതൽ എളുപ്പവും നിയമവിധേയവും ആക്കാനുള്ള നടപടികളെ അനുകൂലിച്ചു.  ഇതു  സംബന്ധിച്ചു  നടത്തപ്പെട്ട റഫറണ്ടത്തിൽ രാജ്യത്തെ ജനങ്ങളിൽ മൂന്നിൽ രണ്ടും  അബോർഷനെ  അനുകൂലിച്ചപ്പോൾ മൂന്നിൽ ഒന്നു മാത്രമാണ് വിശ്വാസത്തിൻറെയും  ധാർമികതയുടെയും പേരിൽ അബോർഷനെ എതിർത്തത്.  

വിശുദ്ധരുടെ വാക്കുകൾ പ്രവചനങ്ങളാണ്.   അയർലണ്ടിനും അതുവഴി ലോകത്തിനും  മദർ തെരേസയിലൂടെയും മറ്റനേകം  വിശുദ്ധരിലൂടെയും സ്വർഗം  നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്ന കാഴ്ചയാണു  പിന്നീടുള്ള നാളുകളിൽ നാം കാണുന്നത്.

തൻറെ ഉദരത്തിലുള്ള കുഞ്ഞിൻറെ  ജീവൻ തൻറെ ജീവനേക്കാൾ  വലുതാണെന്നു  കരുതിയ ജിയാന്ന ബെറേറ്റ  മോല്ല (Gianna Beretta Molla)   മുപ്പത്തൊൻപതാം വയസിൽ തൻറെ നാലാമത്തെ കുഞ്ഞിനു ജന്മം കൊടുത്തത്  ഒരു ദുഖശനിയാഴ്ചയായിരുന്നു.  എല്ലാവരും   ഉയിർപ്പുതിരുനാൾ ആഘോഷിക്കുമ്പോൾ അവൾ വേദന കൊണ്ടു പിടയുകയായിരുന്നു. ഒരാഴ്ചക്കപ്പുറം അടുത്ത ശനിയാഴ്ച  അവൾ സ്വർഗത്തിലേക്കു പറന്നുപോയി.  

രണ്ടു മാസം ഗർഭിണിയായിരിക്കുമ്പോൾ   തന്നെ രോഗത്തിൻറെ ഗൗരവം മനസിലാക്കിയ ഡോക്ടർമാർ അവളെ ഉപദേശിച്ചത്   സ്വന്തം ജീവൻ രക്ഷിക്കാനായി അബോർഷൻ നടത്താനായിരുന്നു.  ജിയാന്നയും  ഒരു ഡോക്ടറായിരുന്നു എന്നോർക്കണം.  എല്ലാ അപകടസാധ്യതകളും കൃത്യമായി അറിഞ്ഞിരുന്നിട്ടും അബോർഷനിലൂടെ തൻറെ കുഞ്ഞിനെ കൊന്നുകളയാൻ അവൾ  തയ്യാറായില്ല. കാരണം  ഓരോ മനുഷ്യജീവനും ദൈവസന്നിധിയിൽ എത്രയധികം വിലപ്പെട്ടതാണെന്ന് അവൾ  തിരിച്ചറിഞ്ഞിരുന്നു.

ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാൻ  ഒരു മടിയും ഇല്ലാത്ത പിൻതലമുറകൾക്ക്  ഓർത്തുവയ്ക്കാനും അനുകരിക്കാനും ഒരു മാതൃക നൽകിക്കൊണ്ടാണ് 1962 ൽ ജിയാന്ന  മരിച്ചത്. വിശുദ്ധിയുടെ വില എന്നതു  സ്വന്തം ജീവൻറെ വില തന്നെയാണെന്നും  ജിയാന്ന നമ്മെ ഓർമ്മിപ്പിക്കുന്നു.  2004 മേയ് 16ന് ജിയാന്ന  വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു.