‘ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്’ (1 കൊറി 13:1). തൻറെ ജീവിതം അങ്ങനെ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആയി അവസാനിക്കാനുള്ളതല്ല എന്ന വിശ്വാസമായിരുന്നു അധകൃതവിഭാഗങ്ങളിൽ പെട്ട സഹോദരർക്ക് അതുവരെ നിഷേധിക്കപ്പെട്ടിരുന്ന സംസ്കൃത ഭാഷാപഠനത്തിനായി ഒരു സ്‌കൂൾ സ്‌ഥാപിക്കാൻ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ പ്രേരിപ്പിച്ചത്. പള്ളിയോടു ചേർന്നു പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും സ്‌കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം കൊടുത്തുതുടങ്ങിയതും പിടിയരി ശേഖരിച്ചുതുടങ്ങിയതും പ്രിൻറിംഗ് പ്രസ് സ്ഥാപിച്ചതും എല്ലാം മറ്റുളളവരോടുള്ള സ്നേഹത്തിൻറെ പ്രകടനമായിരുന്നു.
കർമലീത്താ സഭയ്ക്ക് ഒരു ആശ്രമം പണിയുവാനായി സ്ഥലം അന്വേഷിച്ചുനടക്കുന്ന കാലം. എല്ലാം കൊണ്ടും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി അവിടെ ആശ്രമം പണിയാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണു പരിസരവാസികളായ ചില അന്യമതവിശ്വാസികൾ എതിർപ്പുമായി രംഗത്തു വരുന്നത്. നിയമപരമായി യാതൊരു തടസവും ഇല്ലായിരുന്നുവെങ്കിലും ആ ദേശവാസികൾക്ക് എതിർപ്പുള്ളിടത്തോളം കാലം അവിടെ ആശ്രമം തുടങ്ങേണ്ട എന്നായിരുന്നു ചാവറയച്ചൻറെ തീരുമാനം. മറ്റുള്ളവരെ വേദനിപ്പിക്കാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
ശത്രുക്കളെപ്പോലും സ്നേഹിക്കാൻ തക്ക വിധം ക്രിസ്തുവിൻറെ സ്നേഹം ആ വിശുദ്ധനിൽ നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ടാണ് അദ്ദേഹം തൻറെ മരണത്തിനു മുൻപായി ഒരു വ്യക്തിയുടെ പേരു പരാമർശിച്ചുകൊണ്ടു തൻറെ സന്യാസസഹോദരന്മാർക്ക് ഇങ്ങനെയൊരു നിർദേശം കൊടുത്തത്. അദ്ദേഹത്തിൻറെ കുടുംബത്തെ പ്രത്യേകമായി ഓർമ്മിച്ചു പ്രാർഥിക്കണം. നമ്മുടെയടുത്തുനിന്ന് അവർക്ക്
എന്തെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ അവരെ സഹായിക്കുകയും ചെയ്യണം.’ ആരായിരുന്നു ഈ വ്യക്തി എന്നുകൂടി അറിയണം. മാന്നാനം ആശ്രമത്തിൻറെ വസ്തു അന്യായമായി കൈയേറി സ്വന്തമാക്കുകയും ചാവറയച്ചനെതിരെ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തയാളായിരുന്നു അദ്ദേഹം. ആ വ്യക്തിയുമായി രമ്യതപ്പെടാൻ തന്നെക്കൊണ്ടാവുന്നതെല്ലാം ചാവറയച്ചൻ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം രമ്യതപ്പെടാൻ തയ്യാറായിരുന്നില്ല. അങ്ങനെയൊരാളെപ്പോലും സ്നേഹിക്കാൻ വിശുദ്ധർക്കു മാത്രമേ കഴിയുകയുള്ളൂ.
പൗലോസ് ശ്ലീഹാ പറയുന്നുണ്ടല്ലോ. ‘സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു’ ( 1 കൊറി 13:7). സകലത്തെയും അതിജീവിക്കുന്ന സ്നേഹം സ്വന്തമാക്കിയവരെയാണല്ലോ നാം വിശുദ്ധർ എന്നു വിളിക്കുന്നത്.