വിശുദ്ധിയുടെ പടവുകൾ – 17

പ്രലോഭനങ്ങളെ എങ്ങനെയാണു  നേരിടുന്നത് എന്നതിലാണ് ഒരു സാധാരണ മനുഷ്യനും വിശുദ്ധനും  തമ്മിലുള്ള വ്യത്യാസം  ഏറ്റവുമധികം  പ്രകടമാകുന്നത്.   ഓരോ നിമിഷവും തങ്ങൾ പ്രലോഭനത്തിൽ വീണുപോയേക്കുമോ എന്നു ഭയപ്പെട്ടു ജീവിക്കുന്ന  സാധാരണ മനുഷ്യർക്കിടയിൽ  എത്ര വലിയ പ്രലോഭനത്തെയും തങ്ങൾ നേരിട്ടു  വിജയിക്കും എന്നു കർത്താവിൽ പ്രത്യാശിക്കുന്നവരാണു   വിശുദ്ധർ.  എന്നാൽ തങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള ദൈവിക സഹായം പരീക്ഷണവേളകളിൽ ലഭിച്ചില്ലെങ്കിലോ? ‘ഇവിടെയാണ് ദൈവത്തിൻറെ കല്പനകൾ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും  യേശുവിലുള്ള വിശ്വാസവും വേണ്ടത്’ ( വെളി 14:12).

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതത്തിൽ നിരന്തരം സാത്താൻറെ  പീഡകൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം പരിശുദ്ധ അമ്മയുടെ സഹായം  അവൾക്കു  ലഭിച്ചിരുന്നു.  ഒരു പ്രത്യേകഘട്ടത്തിൽ  ആ സഹായം  ലഭിക്കുന്നില്ല എന്നു  തോന്നിയപ്പോൾ സാത്താൻ അവളോടു  പറഞ്ഞു; ‘ദൈവം  നിന്നെ ഉപേക്ഷിച്ചതു കണ്ടില്ലേ? നീ  ഇപ്പോൾ ഞങ്ങളുടെ കൈകളിലാണ്’. എന്നാൽ മറിയം ത്രേസ്യ  ആ കഠിനപരീക്ഷണത്തെയും അതിജീവിച്ചു.

പിന്നീടൊരിക്കൽ  വിശ്വാസം, സ്നേഹം,  പ്രത്യാശ  എന്നീ  ദൈവികപുണ്യങ്ങൾക്കെതിരായ പ്രലോഭനങ്ങളാണ് അവൾക്കു നേരിടേണ്ടിവന്നത്.  ഒരു മാസക്കാലം നീണ്ടുനിന്ന ഈ പരീക്ഷണവേളയിൽ മറിയം ത്രേസ്യ പിടിച്ചുനിന്നത്    ഒരു  കുഞ്ഞുപ്രാർഥന ജപമാല പോലെ  നിരന്തരം ചൊല്ലിക്കൊണ്ടായിരുന്നു.  ആ പ്രാർഥന മറിയം ത്രേസ്യയോടൊപ്പം നമുക്കും ചൊല്ലാം.  ‘കർത്താവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു,  എൻറെ വിശ്വാസം വർധിപ്പിക്കണമേ.  കർത്താവേ, നിന്നിൽ ഞാൻ ശരണപ്പെടുന്നു, എന്നെ കൈവെടിയരുതേ.  കർത്താവേ, നിന്നെ ഞാൻ സ്നേഹിക്കുന്നു, എനിക്ക് അധികം സ്നേഹം നൽകണമേ’.