എങ്ങനെയാണ് വിശുദ്ധർ ജനിക്കുന്നത്? വിശുദ്ധരുമായുള്ള സമ്പർക്കമാണ് ഒരു വ്യക്തിയെ വിശുദ്ധിയിലേക്കു നയിക്കുന്ന ഒരു പ്രധാന ഘടകം. അതു ചിലപ്പോൾ നേരിട്ടാകാം. ചിലപ്പോൾ മറ്റൊരാൾ പറഞ്ഞുകേട്ട അറിവിലൂടെയാകാം. പലപ്പോഴും വിശുദ്ധരുടെ ജീവചരിത്രം വായിച്ച് അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടുമാകാം.
ഫെർണാണ്ടോ എന്ന അഗസ്റ്റീനിയൻ സന്യാസവൈദികൻ തൻറെ ആശ്രമത്തിൽ ആയിരിക്കുമ്പോൾ അഞ്ച് ഫ്രാൻസിസ്കൻ സന്യാസികൾ യാത്രാമധ്യേ അവിടെയെത്തി. അവർ അന്തിയുറങ്ങാൻ ഒരിടം അന്വേഷിച്ചാണ് വന്നത്. ഫെർണാണ്ടോ തൻറെ ആശ്രമത്തിൽ അവരെ സ്വീകരിച്ച് ആതിഥ്യം നൽകി. അവരിൽ നിന്നാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ചും അദ്ദേഹത്തിൻറെ ദാരിദ്ര്യനിഷ്ഠയെക്കുറിച്ചും പ്രേഷിതതീക്ഷ്ണതയെക്കുറിച്ചുമൊക്കെ ഫെർണാണ്ടോ മനസിലാക്കിയത്. എല്ലാ വിധ സുഖസൗകര്യങ്ങളും ഉള്ള തൻറെ ആശ്രമജീവിതവും ഫ്രാൻസിസും സഹോദരന്മാരും നയിക്കുന്ന സർവ്വസംഗപരിത്യാഗിയായ ആശ്രമജീവിതവും തമ്മിൽ ഫെർണാണ്ടോയുടെ മനസ്സിൽ വലിയൊരു വടംവലി നടന്നു. ആ ആന്തരികപോരാട്ടത്തിനൊടുവിൽ ഫെർണാണ്ടോ ഒരു തീരുമാനമെടുത്തു. ‘എനിക്കും ഒരു ഫ്രാൻസിസ് ആകണം’.
കഥ ഇവിടെ അവസാനിക്കുന്നില്ല. ആ രാത്രിയിൽ ആശ്രമത്തിൽ അന്തിയുറങ്ങിയ അഞ്ചു ഫ്രാൻസിസ്കൻ സന്യാസിമാരും മൊറോക്കോയിലേക്കു പോവുകയായിരുന്നു. അവിടെവച്ച് അവർ രക്തസാക്ഷിത്വം വരിച്ചു. അവരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നാട്ടിലെത്തിച്ചപ്പോൾ രാജാവ് അവ പൂർണ ബഹുമതികളോടെ ഒരു കഴുതയുടെ പുറത്തുകയറ്റി ഫ്രാൻസിസ്കൻ ആശ്രമത്തിലേക്കു കൊണ്ടുവരികയായിരുന്നു. എന്നാൽ പോകുന്ന വഴിയിൽ ഫെർണാണ്ടോയുടെ അഗസ്റ്റീനിയൻ ആശ്രമത്തിൻറെ മുൻപിലെത്തിയപ്പോൾ കഴുത മുന്നോട്ടു പോകാതെ ആശ്രമത്തിൻറെ ഉള്ളിലേക്കു കയറി അൾത്താരയുടെ മുൻപിൽ ചെന്നു മുട്ടുമടക്കി. അങ്ങനെ ആ അഞ്ചു ഫ്രാൻസിസ്കൻ സന്യാസികളുടെ അന്ത്യവിശ്രമസ്ഥലമാകാനുള്ള നിയോഗം ഫെർണാണ്ടോയുടെ ആശ്രമത്തിനു ലഭിച്ചു.
ഇതോടെ ഫെർണാണ്ടോ അച്ചൻ ഫ്രാൻസിസ് അസീസിയുടെ വഴി പിൻതുടരാൻ അന്തിമമായി തീരുമാനിക്കുകയും അധികാരികളുടെ സമ്മതത്തോടെ ഫ്രാൻസിസ്കൻ സഭയിൽ ചേരുകയും ചെയ്തു. ഇന്ന് അദ്ദേഹത്തെ നാം അറിയുന്നത് അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസ് എന്ന പേരിലാണ്.
വിശുദ്ധർ വിശുദ്ധരെ സൃഷ്ടിക്കുന്നു എന്നത് എത്ര സത്യം!