വിശുദ്ധിയുടെ പടവുകൾ – 12

വിശുദ്ധരുടെ ജീവിതം പഠിച്ചാൽ നമുക്കു മനസിലാകുന്ന ഒരു കാര്യം അവരെല്ലാവരും വലിയ മരിയഭക്തരായിരുന്നു എന്നതാണ്. പരിശുദ്ധ ദൈവമാതാവിൻറെ സഹായം തങ്ങളുടെ പുണ്യജീവിതത്തിലുള്ള വളർച്ചയെ വളരെയധികം സഹായിച്ചുവെന്നും ജീവിതത്തിൻറെ ഓരോ നിമിഷവും അതുപോലെ തന്നെ മരണനേരത്തും  പരിശുദ്ധ അമ്മയുടെ  വലിയ സഹായം  തങ്ങൾക്കു ലഭിച്ചുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.   മറിയത്തിൽ അഭയം തേടുന്നവർ വിശുദ്ധരാകുന്നതിൽ അത്ഭുതമില്ല. കാരണം   പരിശുദ്ധനിൽ പരിശുദ്ധനായ യേശുവിനെ പ്രസവിച്ചു വളർത്തിയവളാണ് മറിയം. വിശുദ്ധരെ രൂപപ്പെടുത്തുന്നതിൽ  മറിയത്തിനുള്ള വലിയ പങ്കിനെപ്പറ്റി ലൂയിസ് ഡി മോൺഫോർട്ടും മറ്റനേകം വിശുദ്ധരും  വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

തൻറെ മരണത്തിനു  ശേഷം വിശുദ്ധ ഡൊമിനിക്ക് സാവിയോ, ഡോൺ ബോസ്‌കോയ്ക്കു പ്രത്യക്ഷപ്പെട്ട സംഭവത്തെക്കുറിച്ചു  ഡോൺ ബോസ്‌കോ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതകാലത്ത്  അനേകം പുണ്യങ്ങൾ അഭ്യസിച്ചിരുന്ന ഡൊമിനിക്കിനു  തൻറെ  മരണ നേരത്ത് അതിൽ ഏതു  പുണ്യമായിരുന്നു  ഏറ്റവുമധികം സഹായകമായത് എന്ന ഡോൺ ബോസ്‌കോയുടെ  ചോദ്യത്തിനു    ഡൊമിനിക്ക്  പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘സ്നേഹനിധിയും  ദിവ്യരക്ഷിതാവിൻറെ അമ്മയും  ശക്തയുമായ  മറിയത്തിൻറെ സഹായമായിരുന്നു എൻറെ എല്ലാ പുണ്യങ്ങളെക്കാളും കൂടുതലായി  മരണസമയത്ത് എനിക്ക് ഉപകരിച്ചത്.’

എവുപ്രാസ്യാമ്മ പരിശുദ്ധ  അമ്മയുടെ വലിയ സംരക്ഷണം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു. എങ്കിലും
 തുടർച്ചയായി അവൾക്കു  പിശാചിൻറെ  നേരിട്ടുള്ള ആക്രമണങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. ഒരിക്കൽ എവുപ്രാസ്യാമ്മയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട പിശാച്    അവളോട് ഇങ്ങനെ പറഞ്ഞു;  ‘ഈശോയെയും മറിയത്തെയും ഉപേക്ഷിക്കാൻ നീ തീരുമാനിച്ചാൽ പിന്നെ ഞാൻ നിന്നെ ആക്രമിക്കില്ല.’  മാതാവിനോടു ചേർന്നു നിൽക്കുന്നവരെ  സ്പർശിക്കാൻ തനിക്കു സാധ്യമല്ലെന്നു പിശാചിനറിയാം.

ശുദ്ധത എന്ന പുണ്യം നേടാനാഗ്രഹിക്കുന്നവരുടെ ആശ്രയവും പരിശുദ്ധ അമ്മ തന്നെ.  വിശുദ്ധ അലോഷ്യസ് ഗോൺസാഗ  ഇപ്രകാരം പ്രാർഥിച്ചുകൊണ്ടാണു  തൻറെ ദൈവവിളി സ്ഥിരീകരിച്ചത്.  ‘അമ്മേ, എൻറെ ശുദ്ധതയെ  ഞാൻ  അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങ്  എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ  കാത്തുകൊള്ളണമേ.’  അദ്ദേഹത്തിന് ആ വരം അമ്മ  നൽകി എന്നതിൽ അത്ഭുതമില്ല.  

വിശുദ്ധരാകാൻ ആഗ്രഹിക്കുന്നവർ  ജീവിതത്തിലും മരണത്തിലും  പരിശുദ്ധ അമ്മയുടെ  സഹായം തേടണം. നമുക്കു പ്രാർഥിക്കാം; ‘പരിശുദ്ധ മറിയമേ, തമ്പുരാൻറെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ.’