വിശുദ്ധിയുടെ പടവുകൾ 10

വ്യാജമായ കുറ്റാരോപണങ്ങൾ നേരിടേണ്ടി വരിക എന്നതു വലിയൊരു സഹനമാണ്.    അത്തരം  അവസരങ്ങളിൽ നാം എങ്ങനെയാണു പ്രതികരിക്കുക എന്നതു നമ്മിലുള്ള  വിശുദ്ധിയുടെ  അളവനുസരിച്ചിരിക്കും.  സാധാരണ മനുഷ്യരായ നാം നമുക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിക്കുകയോ  അല്ലെങ്കിൽ നമ്മുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുകയോ  ചെയ്യും. പലപ്പോഴും നമുക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നാം തിരിച്ചും ആരോപണം ഉന്നയിക്കാറുണ്ട്.  എന്തു  വില കൊടുത്തും  നമുക്കെതിരെയുള്ള വ്യാജാരോപണങ്ങളുടെ നിജസ്ഥിതി  മറ്റുള്ളവരെ ധരിപ്പിക്കുന്നതുവരെ  നമുക്ക് ഉറക്കം വരില്ല.

ജോൺ മരിയ വിയാനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ  ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിൻറെ സഹവൈദികർ തന്നെയായിരുന്നു. ഒരു വൈദികൻ  അയച്ച ഊമക്കത്തിൽ   പറഞ്ഞതു   വിയാനിയച്ചൻ  വലിയ പുണ്യവാനാണെന്നൊക്കെ  അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ അടുത്തു   വരുന്ന പലരും മാനസാന്തരപ്പെടുന്നില്ല എന്നായിരുന്നു. വിയാനിയച്ചൻറെ  അമിതാവേശം അവസാനിപ്പിച്ചില്ലെങ്കിൽ മെത്രാൻറെ അടുക്കൽ പരാതി അയയ്ക്കും എന്നും ആ കത്തിൽ എഴുതിയിരുന്നു.

കത്തെഴുതിയ ആളെ  പെട്ടെന്നു  തന്നെ വിയാനിയച്ചനു  മനസിലായി.  തൻറെ അജ്ഞതയും കഴിവുകേടും അംഗീകരിച്ചുകൊണ്ടും തന്നെ കാണാനെത്തുന്ന എല്ലാവരും മാനസാന്തരപ്പെടാത്തതിലുള്ള വിഷമം മറച്ചുവയ്ക്കാതെയും അദ്ദേഹം   തൻറെ സഹവൈദികനോട് ആവശ്യപ്പെട്ടത് അദ്ദേഹത്തിനു യുക്തമെന്നു തോന്നുന്നുവെങ്കിൽ മെത്രാൻറെ അടുക്കൽ പരാതി സമർപ്പിച്ചുകൊള്ളുക എന്നായിരുന്നു. മെത്രാൻ തരുന്ന ശിക്ഷ  ഏറ്റുവാങ്ങാൻ താൻ  തയ്യാറാണെന്നും  കൂടി സൂചിപ്പിച്ച മറുപടിക്കത്തിൽ വിയാനിയച്ചൻ ഇങ്ങനെയും എഴുതിയിരുന്നു.  ‘എന്നെക്കൊണ്ടുള്ള ദോഷം കുറയ്ക്കാനും ഞാൻ കൂടുതൽ നന്മ ചെയ്യാനുമായി  പ്രിയപ്പെട്ട അച്ചാ, അങ്ങയുടെ പ്രാർഥന ഞാൻ യാചിക്കുന്നു.’

ഈ മറുപടി ലഭിച്ച വൈദികൻ തൻറെ തെറ്റ് ഏറ്റുപറഞ്ഞു ക്ഷമായാചനം നടത്തി.  അങ്ങനെ തനിക്കെതിരെ  വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയെ വിയാനിയച്ചൻ ക്രിസ്തുവിനായി നേടി.  

മറ്റൊരിക്കൽ  ഒരു സഹോദരവൈദികൻ  എഴുതിയതു   വിയാനിയച്ചനെപ്പോലെ  ഇത്രയും അറിവില്ലാത്ത  ഒരാൾ കുമ്പസാരം കേൾക്കാൻ പാടില്ല എന്നായിരുന്നു. വിയാനിയച്ചൻറെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അങ്ങ് യഥാർത്ഥത്തിൽ എന്നെ മനസിലാക്കിയതിനും എൻറെ ആത്മാവിൻറെ സ്ഥിതിയിൽ ശ്രദ്ധ  കാണിക്കുന്നതിനും  നന്ദി  പറയുന്നു.  എനിക്ക് അറിവില്ല എന്നതു  ശരിയാണ്.അതുകൊണ്ട് ഈ സ്ഥാനത്തിനു  ഞാൻ അയോഗ്യനുമാണ്. ഏകാന്ത ജീവിതം നയിച്ച്  എൻറെ പാപങ്ങളെ ഓർത്തു  കണ്ണീരൊഴുക്കാനാണു  ഞാൻ ആഗ്രഹിക്കുന്നത്. കാരണം  ഞാൻ അത്രയധികം  പ്രായശ്ചിത്തം  ചെയ്യേണ്ടതുണ്ട്’.  വിയാനിയച്ചൻറെ മറുപടി കിട്ടിയ  ആ  വൈദികൻ അദ്ദേഹത്തോടു  ക്ഷമ യാചിച്ചു.

വിശുദ്ധർ അങ്ങനെയാണ്. തങ്ങൾക്കെതിരെയുള്ള വ്യാജ ആരോപണങ്ങളിൽ ശാന്തത കൈവിടാതെ അവർ ആ സഹനത്തെ കൃപയാക്കി മാറ്റുകയും  ആ കൃപയിലൂടെ   മറ്റുള്ളവരെ രക്ഷിക്കുകയും ചെയ്യുന്നു.