വിശുദ്ധിയുടെ പടവുകൾ 1

വിശുദ്ധനാകാനുള്ള എളുപ്പവഴി വിശുദ്ധരായവരെ അനുകരിക്കുക എന്നതാണ്. ഓരോ വിശുദ്ധരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് ഒരായിരം പാഠങ്ങൾ പഠിക്കാനുണ്ട്. അതിൽ ഒന്നെങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ അതു വിശുദ്ധിയിലേക്കുള്ള ആദ്യപടി ആയിരിക്കും.

ഇന്നു നമുക്കു വിശുദ്ധ വിൻസെൻറ് ഡി പോളിൻറെ ജീവിതത്തിൽ നിന്നുള്ള ഒരനുഭവം വായിക്കാം. അദ്ദേഹത്തിൻറെ സുഹൃത്തായ ഒരു വൈദികൻ ഗുരുതരമായ രോഗത്തിനടിമയായി. മരണത്തോടടുക്കുന്തോറും ആ വൈദികൻ വിശ്വാസത്തിനെതിരായ വലിയ പ്രലോഭനങ്ങൾക്കു വിധേയനായി. തൻറെ സഹവൈദികനെ സഹായിക്കാനും അദ്ദേഹത്തിന് ഒരു നല്ല മരണം വാങ്ങിക്കൊടുക്കാനും വിൻസെൻറ് ഡി പോൾ കണ്ടെത്തിയ മാർഗം ആ പ്രലോഭനങ്ങളെല്ലാം താൻ ഏറ്റെടുത്തുകൊള്ളാമെന്ന് ഈശോയ്ക്കു വാക്കുകൊടുത്തു നിയോഗം വച്ച് പ്രാർഥിക്കുകയായിരുന്നു. താമസിയാതെ ആ വൈദികൻ പ്രലോഭനങ്ങളെ അതിജീവിച്ചു ശാന്തനായി മരിച്ചു.

തുടർന്നു വിൻസെൻറിൻറെ ജീവിതത്തിൽ കഠിനമായ പ്രലോഭനങ്ങളുടെ പ്രവാഹമായിരുന്നു. അപ്പോൾ അദ്ദേഹം കൂടുതലായി പ്രാർഥനയിലേക്കും ഉപവാസത്തിലേക്കും തിരിഞ്ഞു. എന്നിട്ടും പ്രലോഭനം ശക്തമായി തുടർന്നപ്പോൾ അദ്ദേഹം ചെയ്തതു വിശ്വാസപ്രമാണം ഒരു കടലാസിലെഴുതി തൻറെ ഹൃദയത്തോടു ചേർത്തു വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കുകയും കൂടെക്കൂടെ അതു ചൊല്ലുകയുമാണ്. തൻറെ ജീവിതം മുഴുവൻ ദരിദ്രക്കും പാവങ്ങൾക്കും വേണ്ടി പ്രവർത്തിക്കും എന്നുകൂടി തീരുമാനമെടുത്തതോടെയാണു പ്രലോഭനം അദ്ദേഹത്തെ വിട്ടകന്നത്.

ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർഥിക്കുന്നതു വലിയൊരു കാരുണ്യപ്രവൃത്തിയാണ്. മരണാസന്നനായ വ്യക്തികളാകട്ടെ ഏറ്റവും കൂടുതൽ കരുണ ആവശ്യമുള്ളവരുമാണ്. അവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടു നമുക്കു വിശുദ്ധിയുടെ ആദ്യ പടി കയറാം. വിശ്വാസത്തിനെതിരെയുള്ള പ്രലോഭനങ്ങളെ അതിജീവിക്കാൻ ഏറ്റവും ഫലപ്രദമായ വഴി ഇടയ്ക്കിടെ വിശ്വാസപ്രമാണം ചൊല്ലുന്നതാണെന്നും ഓർക്കുക.