ഒരു നല്ല അപ്പന്‍റെ ചാവരുള്‍ -8

വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് :

ദൈവവിശ്വാസം ഇല്ലാത്തവരുടെ പുസ്തകങ്ങള്‍ വായിക്കരുത്. അവ വായിച്ചാല്‍ നിങ്ങള്‍ വഴി തെറ്റിപ്പോകും. ഇങ്ങനെയുള്ള അജ്ഞാനികളുടെ പുസ്തകങ്ങളും അശ്ലീലകാര്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സംശയാലുക്കളുടെ പുസ്തകങ്ങളും വീട്ടില്‍ സൂക്ഷിക്കുന്നതു വയ്ക്കോലില്‍ തീ സൂക്ഷിച്ചുവയ്ക്കുന്നതു പോലെയാണ്.

നീ മക്കള്‍ക്കായി സമ്പാദിച്ചു വയ്ക്കേണ്ടതു ഭക്തിവര്‍ധനയ്ക്ക് ഉപകരിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രപുസ്തകങ്ങളുമത്രേ. കഴിവിനനുസരിച്ച് അതു ചെയ്യുക.

വായിക്കാന്‍ അറിയാത്ത ഒരു യാചകന്‍ ഭിക്ഷ യാചിച്ചു കിട്ടിയ പണം കൊണ്ടു സത്ഗ്രന്ഥങ്ങള്‍ വാങ്ങി, വായന അറിയാവുന്നവരെക്കൊണ്ടു വായിപ്പിച്ച്, പുണ്യജീവിതം നയിക്കുകയും മറ്റുള്ളവര്‍ക്കു നല്ല മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തതിനെ ഓര്‍ക്കുക.
കടമുള്ള ദിവസങ്ങളെ കുറിച്ച് :

കടമുള്ള ദിവസങ്ങളില്‍ കുര്‍ബാന കാണുന്നതുകൊണ്ടു മാത്രം കടമ തീരുന്നില്ല. നല്ല പ്രസംഗങ്ങള്‍ കേട്ടും നല്ല പുസ്തകങ്ങള്‍ വായിച്ചും സത്കര്‍മ്മങ്ങള്‍ ചെയ്തും രോഗികളെ സന്ദര്‍ശിച്ചും ആ ദിവസം ചെലവഴിക്കണം.

വേലക്കാരെ സംബന്ധിച്ച്:

വേലക്കാരുടെ എണ്ണം കുറച്ചു മതി. എന്നാല്‍ അവര്‍ ദൈവഭയം ഉള്ളവരായിരിക്കണം. പല വീടുകളിലും പിശാചിന്‍റെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്നതു വേലക്കാരത്രേ. വേലക്കാരുടെ നടപടികള്‍ ശ്രദ്ധിക്കാനും അവരുടെ ആത്മീയകാര്യങ്ങള്‍ നടത്തിക്കൊടുക്കാനും യജമാനന്മാര്‍ക്ക്‌ക്കു കടമയുണ്ടെന്നതു മറക്കരുത്.

(തുടരും)