പരിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും കുറിച്ച്:
സാധിക്കുമെങ്കിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ തിങ്കളാഴ്ചകളിൽ മരിച്ച വിശ്വാസികൾക്കു വേണ്ടിയും വെള്ളിയാഴ്ചകളിൽ കർത്താവിൻറെ പീഡാസഹനത്തിൻറെ ഓർമ്മയ്ക്കായും ശനിയാഴ്ച പരിശുദ്ധ അമ്മയുടെ വ്യാകുലത്തിൻറെ ഭക്തിയ്ക്കു വേണ്ടിയും കുർബാനയിൽ പങ്കെടുക്കുക. എല്ലാവർക്കും ഒരുമിച്ചു പോയി കുർബാനയിൽ പങ്കെടുക്കാൻ സാധ്യമല്ലെങ്കിൽ കുടുംബാംഗങ്ങൾ ഓരോരുത്തരായി തവണ വച്ചു പള്ളിയിൽ പോകാൻ ശ്രദ്ധിക്കണം.
മാസത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും പാപസങ്കീർത്തനം നടത്തണം. പ്രധാന തിരുനാളുകളുടെ നവനാൾ പ്രാർഥനകളും മാതാവിൻറെയും യൗസേപ്പിതാവിൻറെയും വണക്കമാസപ്രാർഥനകളും മുടങ്ങാതെ നടത്തണം.
ക്ഷമാശീലത്തെക്കുറിച്ച്:
എപ്പോഴും ക്ഷമിക്കാനും എല്ലാ ഞെരുക്കങ്ങളിലും രോഗങ്ങളിലും ദൈവതിരുമനസിനു കീഴ്പ്പെട്ടിരിക്കാനും ശീലിക്കണം. സന്തോഷകാലങ്ങളിൽ മാത്രം ക്ഷമയോടെയിരിക്കുന്ന മനുഷ്യനെ ശക്തൻ എന്നു വിളിക്കാൻ സാധ്യമല്ല. ഈ ലോകത്തിൽ സകലതും നിൻറെ മനസുപോലെ നടക്കണം എന്ന ആഗ്രഹം നല്ലതുതന്നെ. എന്നാൽ അതു സംഭവിക്കണമെങ്കിൽ ദൈവം മനസാകുന്നതൊക്കെ നീയും മനസാകുന്നു എന്നു തീരുമാനിക്കണം.
വിശുദ്ധ അംബ്രോസ് ഒരിക്കൽ ഒരു വീട്ടിൽ പ്രവേശിച്ചപ്പോൾ അവിടെ അതുവരെയും രോഗമോ ദുഖമോ ദുരിതമോ ഉണ്ടായിട്ടില്ല എന്ന് അവർ പറഞ്ഞപ്പോൾ വിശുദ്ധൻ തൻറെ ശിഷ്യന്മാരോടു പറഞ്ഞത് ഉടനെ തന്നെ ആ വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളാനാണ്. വേദനകളും ദുരിതങ്ങളും സഹനങ്ങളും ദൈവഹിതം തിരിച്ചറിയാനുള്ള വഴികളാണ് എന്ന് നാം തിരിച്ചറിയണം
(തുടരും)