ഒരു നല്ല അപ്പൻറെ ചാവരുൾ – 5

കച്ചവടത്തെക്കുറിച്ച്:

കച്ചവടജോലി  ആത്മാവിനും സമ്പത്തിൻറെ നിലനില്പിനും അപകടം വരുത്താൻ സാധ്യതയുള്ളതാണ്.  മറ്റൊരു ജീവിതമാർഗവുമില്ലെങ്കിൽ കച്ചവടം  ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത്  അങ്ങേയറ്റം  സൂക്ഷ്മതയോടെയും നീതിയോടെയും ചെയ്യേണ്ടതാണ്.  സൂത്രം കൊണ്ടും  കളവുകൊണ്ടും ഉണ്ടാക്കുന്ന സമ്പത്ത്  മഞ്ഞുപോലെ പെട്ടെന്ന് അലിഞ്ഞുപോകും എന്നോർത്തുകൊള്ളുക.

പല ഉപായങ്ങളും  സൂത്രങ്ങളും പ്രയോഗിച്ചിട്ടും  നാൾക്കുനാൾ  കച്ചവടം  മോശമായിക്കൊണ്ടിരുന്ന ഒരു കച്ചവടക്കാരൻ  തൻറെ  കുമ്പസാരവേളയിൽ വൈദികനോട്  ഇക്കാര്യം പറയുകയും വൈദികൻ അവനെ  ഇനി ഒരു  സൂത്രവും ചെയ്യാതെയും ഒരു നുണയും പറയാതെയും  കച്ചവടം ചെയ്യുക എന്നുപദേശിച്ചയയ്ക്കുകയും  ചെയ്തു. അതിൻ  പ്രകാരം പ്രവർത്തിച്ച അവൻറെ  കച്ചവടം അന്നു  മുതൽ അഭിവൃദ്ധിപ്പെട്ടു എന്ന  സംഭവവും  ഓർത്തുകൊൾക.

പരോപകാരപ്രവൃത്തികളെക്കുറിച്ച്:

മറ്റുള്ളവർക്ക് ഒരുപകാരവും ചെയ്യാത്ത ദിവസങ്ങൾ നിൻറെ  ആയുസ്സിൻറെ കണക്കുപുസ്തകത്തിൽ  ചേർക്കപ്പെടില്ല. ഭിക്ഷക്കാർ നിൻറെ വീട്ടിൽ നിന്നു  വെറും കൈയോടെ തിരികെപ്പോകാൻ ഒരിക്കലൂം അനുവദിക്കരുത്. കഴിവനുസരിച്ചു  ദാനധർമ്മം ചെയ്യാൻ നീ കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ നിന്നെ ഭയപ്പെടാനല്ല, മറിച്ച് നിന്നെ സ്നേഹിക്കാൻ വേണ്ടി  പരിശ്രമിക്കുക.

ധാരാളിത്തം പോലെ തന്നെ പിശുക്കും തിന്മയാണ്.  പിശുക്കൻറെ വസ്തുക്കൾ പുഴു തിന്നുകയും ധാരാളിയുടെ  സന്തോഷം പുക പോലെ കടന്നു പോവുകയും ചെയ്യും.  പണം ഇല്ലാതിരിക്കുമ്പോഴും കഴിവിനനുസരിച്ച് ചിലവു  ചെയ്യുകയും ദാനധർമ്മം കൊടുക്കുകയും ചെയ്യുന്നവർ പണക്കാരാകുമ്പോൾ   സമ്പത്തിനോട് അമിതമായ  ആഗ്രഹം  പ്രകടിപ്പിക്കുന്നതു   കാണാറുണ്ട്. അതു ശരിയല്ല. ദാനധർമ്മം നടത്താതെ ഉണ്ടാക്കുന്ന സമ്പത്ത് ഗുണത്തിനായി ഉപകരിക്കില്ല എന്നറിഞ്ഞുകൊൾക.

സ്നേഹിതന്മാരെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്:

അധികം സ്നേഹിതന്മാരുടെ ആവശ്യം ഇല്ല.  എണ്ണത്തിൽ കുറച്ചേ ഉള്ളൂവെങ്കിലും സ്നേഹിതന്മാരുടെ ഗുണമാണു പ്രധാനം.  നിൻറെ സ്നേഹിതൻ  ദൈവഭയമുള്ളവനായിരിക്കണം.  ദൈവത്തെ സ്നേഹിക്കാത്തവൻ എങ്ങനെ നിന്നെ സ്നേഹിക്കും? ദാവീദിനെയും ജോനാഥനെയും പോലെ ആത്മാർഥതയുള്ള സ്നേഹിതരെ  നേടുവിൻ.

(തുടരും)