സംസർഗവിശേഷത്തെക്കുറിച്ച്:
അന്യരുടെ വീടുകളിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമിതമായ താല്പര്യം വേണ്ട. സ്വന്തം കാര്യം വേണ്ട വിധം നോക്കാൻ ആഗ്രഹിക്കുന്നവന് അന്യൻറെ കാര്യത്തിലിടപെടാൻ സമയം ഉണ്ടാവുകയില്ല എന്നതാണു സത്യം.
വിവാഹാലോചനകളെക്കുറിച്ച്:
മക്കൾക്കു വിവാഹം ആലോചിക്കുമ്പോൾ പ്രഥമപരിഗണന അതു ദൈവഭയവും ക്രിസ്തീയക്രമവും ഉള്ള കുടുംബമാണോ എന്നതിനായിരിക്കണം. അങ്ങനെയല്ലാത്ത വീടുകളിൽനിന്നുള്ള ആലോചനകൾ ഒരിക്കലും സ്വീകരിക്കരുത്. ഏതൊരു കുടുംബത്തിൻറെയും സന്തോഷം എന്നതു സമ്പന്നരായ ബന്ധുക്കളല്ല, മറിച്ച് ക്രിസ്തീയക്രമവും ദൈവപേടിയും ഉള്ള ബന്ധുകുടുംബങ്ങളത്രേ. തന്നെക്കാൾ ധനസ്ഥിതിയുള്ള കുടുംബത്തിൽ നിന്നുള്ള വിവാഹാലോചനകൾ സ്വീകരിക്കുകയും കഴിവിനുമപ്പുറം ചെലവുചെയ്ത് ആ വിവാഹം നടത്തുകയും ചെയ്താൽ ഭാവിയിൽ താൻ അവരുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ടതായി വരും എന്നോർത്തുകൊള്ളുക.
ഭവനത്തിൽ വരുന്നവരെ സംബന്ധിച്ച്:
എല്ലാത്തരം ആളുകളെയും കയറ്റാനുള്ള ഇടമല്ല നിൻറെ ഭവനം. മര്യാദയും ദൈവഭയവും ഉള്ളവരെ മാത്രമേ വീട്ടിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. പഴഞ്ചൊല്ല് ഓർക്കുക; ‘നീ ആരോടുകൂടെ ഇടപെടുന്നുവെന്നു പറഞ്ഞാൽ മതി, നീ ആരാകുന്നു എന്നു ഞാൻ പറയാം.’
വീട്ടിലെ സംസാരത്തെ സംബന്ധിച്ച്:
മാന്യതയില്ലാത്ത സംസാരം ഭവനത്തിൽ ഒരിക്കലും അനുവദിക്കരുത്. ക്രിസ്ത്യാനികൾക്കു യോജിക്കാത്ത വർത്തമാനവും അരുത്. മറ്റുളളവരുടെ പോരായ്മകളെക്കുറിച്ചു പറയാനും പിറുപിറുക്കാനും നമ്മെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. നമ്മുടെ ഭവനം മറ്റുളളവരെക്കുറിച്ചു കുറ്റം പറയേണ്ട സ്ഥലമല്ല. മറ്റൊരാളുടെ ദോഷം നിൻറെ ഭവനത്തിൽ വച്ചു നീ പറയുമ്പോൾ ആ ദോഷത്തിനുള്ള ശിക്ഷ നിൻറെ ഭവനത്തിന്മേൽ തന്നെ വരികയും ചെയ്യും. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം പറയുനന്തു ശീലമാക്കിയ നാവിനും ആ നാവിൻറെ ഉടമസ്ഥനും ദുരിതം.
അധ്വാനശീലത്തെക്കുറിച്ച്:
കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ ഉള്ള കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യുകയാണു വേണ്ടത്. വസ്തുക്കളുടെ പെരുപ്പത്തേക്കാൾ അവയുടെ ഗുണമാണു നാം ശ്രദ്ധിക്കേണ്ടത്. അധ്വാനശീലൻ ഉള്ളതുകൊണ്ടു തൃപ്തിയടയുന്നു. അസൂയാലുക്കൾ അവൻറെ സമ്പത്തിനെക്കുറിച്ച് അവൻറെ മേൽ കുറ്റം ആരോപിച്ചാലും ദൈവം അവനെ കാത്തുകൊള്ളും.
അവനവൻറെ ആരോഗ്യമനുസരിച്ചു വേല ചെയ്യുക. ജോലി ചെയ്യാതെ അലസരായിരിക്കുന്നതു മാന്യന്മാരുടെ രീതിയല്ല, പിന്നെയോ വീടും കുടിയും സന്തതിയും ഇല്ലാത്തവരുടെ പ്രകൃതമത്രേ. അലസത സകല ദുർഗുണങ്ങളുടെയും മാതാവും മദ്യപാനത്തിലേക്ക് ഒരുവനെ നയിക്കുന്നതുമാകുന്നു. മദ്യപാനം ലോകത്തിൻറെ മുൻപിൽ അപമാനകാരണവും ദൈവതിരുമുൻപിൽ എത്രയും പാപകരവുമാകുന്നു. തൻറെ പ്രജകളെല്ലാം ശാരീരിക അദ്ധ്വാനം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താനായി അവരുടെ കൈകളിലെ തഴമ്പ് രാജസേവകരെ കാണിച്ചു ബോധ്യപ്പെടുത്തണം എന്നുത്തരവിട്ട രാജാക്കന്മാർ പണ്ടുണ്ടായിരുന്നു എന്നോർക്കണം.
(തുടരും)