മക്കളുടെ ജീവിതാന്തസു തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്:
ജീവിതാന്തസു തെരഞ്ഞെടുക്കുന്നതിൽ മക്കൾക്കു പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കണം. ഓരോരുത്തരുടെയും ജീവിതാന്തസു നിശ്ചയിക്കുന്നതു ദൈവവും തെരഞ്ഞെടുക്കുന്നത് അവരവർ തന്നെയും ആകുന്നു. ഈ കാര്യത്തിൽ ഉപേക്ഷ വരുത്തിയ അനേകർ, അവർ മക്കളാകട്ടെ മാതാപിതാക്കളാകട്ടെ, ഇപ്പോൾ നരകത്തിൽ കിടന്നു വിലപിക്കുന്നു എന്നോർത്തുകൊള്ളുക. വിവാഹപ്രായമെത്തിയാൽ പിന്നെ വിവാഹം നടത്താൻ താമസിപ്പിക്കരുത്. വിവാഹത്തിനു മക്കളുടെ സമ്മതം പ്രത്യേകം ചോദിച്ചറിയണം. വിവാഹാലോചനയ്ക്കു പോകുമ്പോൾ കുടുംബത്തിൻറെ പണമോ സമ്പത്തോ പ്രതാപമോ അല്ല മറിച്ച് അവരുടെ സ്വഭാവത്തെയും മര്യാദയെയും നല്ല ശീലങ്ങളെയുമാണു പരിഗണിക്കേണ്ടത്. അല്ലാത്ത പക്ഷം ഭാവിയിൽ അതു മക്കൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ദുഖകാരണമാകും.
മക്കൾ പ്രായപൂർത്തിയായി ഉയർന്ന നിലയിൽ എത്തിയാലും മാതാപിതാക്കൾ അവരുടെ മുൻപിൽ ബലക്ഷയം കാണിക്കരുത്. കഴിയുന്നിടത്തോളം കുടുംബകാര്യങ്ങളിലുള്ള നിയന്ത്രണം അവരെ ഏല്പിക്കുകയും വേണ്ട. ഈ വിഷയത്തിൽ ഉപേക്ഷ വരുത്തിയ എത്രയോ കാരണവന്മാർ പിന്നെ സങ്കടപ്പെടാൻ ഇടയായിരിക്കുന്നു!
മാതാപിതാക്കൾ മരിക്കുന്നതിനു മുൻപുതന്നെ മക്കളെ വേറെ വീടുകളിലേക്കു മാറ്റി താമസിപ്പിക്കുക. സുബോധം ഉള്ളപ്പോൾ തന്നെ വസ്തുവകകൾ അവർക്കു ഭാഗം ചെയ്തു കൊടുക്കുക. അല്ലാത്തപക്ഷം മാതാപിതാക്കളുടെ മരണശേഷം മക്കൾ തമ്മിൽ വഴക്കും തർക്കവും ഉണ്ടാവുകയും ആ പാപത്തിനു മാതാപിതാക്കൾ ഉത്തരവാദികളാവുകയും ചെയ്യും.
ചാവറ പിതാവ് ‘ഒരു നല്ല അപ്പൻറെ ചാവരുൾ’ അവസാനിപ്പിക്കുന്നതു മക്കൾക്കുള്ള ഉപദേശത്തോടെയാണ്. അത് ഇപ്രകാരമാണ്.
‘ അവസാനമായി, മക്കളേ! നിങ്ങൾ നിങ്ങളുടെ കാരണവന്മാരെ ബഹുമാനിക്കാനും അവരുടെ മനസിനെ നൊമ്പരപ്പെടുത്താതിരിക്കാനും ദൈവപ്രമാണത്താൽ തന്നെ എത്രയോ കടപ്പെട്ടിരിക്കുന്നു. അതിനാൽ ദൈവപ്രമാണത്തിൽ നാലാമത്തേതു ലംഘിക്കുന്നവർക്കു, പരലോകത്തിൽ തന്നെയല്ല, ഈ ലോകത്തിൽ കൂടിയും ദൈവശാപം കല്പിക്കപ്പെട്ടിരിക്കുന്നു എന്നു നല്ലവണ്ണം ഓർത്തുകൊള്ളുവിൻ.