ഒരു നല്ല അപ്പൻറെ ചാവരുൾ – 11

മക്കളുടെ ജീവിതക്രമത്തെക്കുറിച്ച്:

കുഞ്ഞുപ്രായത്തിൽ മാതാപിതാക്കൾക്കു നേരിട്ടു കാണാൻ സാധിക്കാത്ത സ്ഥലംങ്ങളിൽ കളിക്കാൻ പോകാൻ കുഞ്ഞുങ്ങളെ അനുവദിക്കരുത്. കുഞ്ഞുങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കാത്ത വേലക്കാരെക്കുറിച്ചും ജാഗ്രതയായിരിക്കുക. പലപ്പോഴും കുഞ്ഞുങ്ങളെ വഷളാക്കുന്നത് ഇത്തരം വേലക്കാരാണ്.

സ്‌കൂളിൽ വിടേണ്ട പ്രായമാകുമ്പോൾ മക്കളെ സ്‌കൂളിൽ വിട്ടാൽ മാത്രം പോരാ, അവർ പഠിക്കുന്നുണ്ടോ, അവരുടെ കൂട്ടുകാർ എങ്ങനെയുള്ളവരാണ് എന്നൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കുകയും വേണം. കൂടാതെ ആഴ്ചയിലൊരിക്കലെങ്കിലും അവർ പഠിച്ചതിനെ പരിശോധിക്കുകയും വേണം.

കുഞ്ഞുങ്ങളെ ബന്ധുക്കളുടെ വീട്ടിൽ താമസിപ്പിക്കരുത്. പലപ്പോഴും അവർ പോകുന്നതു മാലാഖാമാരായിട്ടാണെങ്കിലും തിരികെ വരുന്നതു പിശാചുക്കളായിട്ടായിരിക്കും. മക്കൾക്ക് ഏഴു വയസു തികയുമ്പോൾ അവരെ കുമ്പസാരിക്കാൻ പഠിപ്പിച്ച് ഒരുക്കി അയയ്ക്കുക. ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയിൽ വളരാനും അവരെ പഠിപ്പിക്കണം.

മക്കളോട് ഇടപെടുമ്പോൾ അമിതമായ കാർക്കശ്യമോ അതിവാത്സല്യമോ പാടില്ല. രണ്ടും ഒരുപോലെ തിന്മയാകുന്നു. അധിക കാർക്കശ്യം ഭയവും അപകർഷതാബോധവും ബുദ്ധിമരവിപ്പും വരുത്തും. അതിവാത്സല്യമാകട്ടെ മക്കളെ അഹങ്കാരികളാക്കും. മക്കളെ ശിക്ഷിക്കുന്നതിനു മുൻപു പക്വതയോടെ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊടുക്കുക. ആദ്യം ലഘുവായ ശിക്ഷകൾ മാത്രം നൽകുക. മക്കളെ ശിക്ഷിക്കുമ്പോൾ ഒരു കാരണവശാലും ചീത്ത വാക്കുകളോ ദൂഷണങ്ങളോ പറയരുത്. അങ്ങനെ പറഞ്ഞാൽ അവർക്കു മക്കളുണ്ടാകുമ്പോൾ അവരും അതേ വാക്കുകൾ തങ്ങളുടെ മക്കളോടു പറയുകയും അതിനു നാം ഉത്തരവാദിയാവുകയും ചെയ്യും.

അമ്മയെ ബഹുമാനിക്കേണ്ടതെങ്ങനെയെന്ന് അപ്പൻറെ പെരുമാറ്റത്തിൽ നിന്നും അപ്പനെ ബഹുമാനിക്കേണ്ടതെങ്ങനെയെന്ന് അമ്മയുടെ പെരുമാറ്റത്തിൽ നിന്നും മക്കൾ പഠിക്കണം. മാതാപിതാക്കൾ തമ്മിൽ തമ്മിൽ സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ മക്കളിൽ നിന്ന് അതു പ്രതീക്ഷിക്കാമോ?

ലോകരീതി ഇങ്ങനെയൊക്കെയാണ് എന്നു പറഞ്ഞുകൊണ്ടു നിങ്ങളുടെ മക്കളെ ചതിയും സൂത്രങ്ങളും നുണയും തട്ടിപ്പും പഠിപ്പിക്കരുത്. മറിച്ച് അവർ അങ്ങനെ എന്തെങ്കിലും ചെയ്യുന്നതു കണ്ടാൽ അവരെ സ്നേഹത്തോടെ തിരുത്തുകയും അവരെ സത്യത്തിൻറെയും നീതിയുടെയും സ്നേഹത്തിൻറെയും വഴിയിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക.

(തുടരും)