‘അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണു നിങ്ങൾ മരുഭൂമിയിലേക്കു പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ വേറെ എന്തു കാണാനാണു നിങ്ങൾ പോയത്? മൃദുല വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയോ?’ ( മത്തായി 11:7-8).
യേശു ഏറ്റവുമധികം പ്രശംസിച്ച ഒരാളാണു സ്നാപകയോഹന്നാൻ. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല എന്നൊക്കെ യേശു പറഞ്ഞുവയ്ക്കുന്നുണ്ട്. ആ യോഹന്നാനെക്കാളും വലിയവനാണു സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ പോലും എന്നു നാം മറക്കരുത്. കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ആസ്വദിച്ചിട്ടില്ലാത്തതും എന്നൊക്കെ സ്വർഗ്ഗരാജ്യത്തെക്കുറിച്ചു പറയുമ്പോൾ യോഹന്നാൻ പോലും നിസാരനായി ഗണിക്കപ്പെടുന്ന ഒരിടമാണത് എന്ന ചിന്ത നമ്മെ തീർച്ചയായും സംഭ്രമിപ്പിക്കണം.
പുതിയനിയമ കാലഘട്ടത്തിലെ ആദ്യ രക്തസാക്ഷി എന്നു സ്നാപകയോഹന്നാനെ വിശേഷിപ്പിക്കാം. യേശുവിനു പകരം ബലിയർപ്പിക്കപ്പെട്ട വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങളെ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. തങ്ങൾ ചെയ്ത പ്രവൃത്തികളുടെ ഫലമായല്ലല്ലോ അവർക്കു ജീവൻ നഷ്ടപ്പെട്ടത്.
എന്തായിരുന്നു യോഹന്നാൻ ചെയ്ത കുറ്റം? ഇന്നുവരെയുള്ള എല്ലാ രക്തസാക്ഷികളും ചെയ്ത ഒരേയൊരു കുറ്റം തന്നെയേ യോഹന്നാനും ചെയ്തുള്ളു. സത്യം വിളിച്ചുപറയുക എന്നതായിരുന്നു അത്. സഹോദരൻറെ ഭാര്യയെ സ്വന്തമാക്കുന്നത് അധാർമ്മികവും ദൈവം ഇഷ്ടപ്പെടാത്തതുമാണ് എന്ന സത്യം വിളിച്ചുപറഞ്ഞപ്പോൾ പ്രതിസ്ഥാനത്തുനിൽക്കുന്നതു നാടു ഭരിക്കുന്ന രാജാവാണെന്നതു യോഹന്നാന് ഒരു പ്രശ്നമേ ആയിരുന്നില്ല. അവൻറെ വാക്കുകൾക്കു കോടാലിയുടെ മൂർച്ചയുണ്ടായിരുന്നു. ആ വാക്കുകൾ കൊണ്ടാണ് അവൻ ഒരു ജനത്തെ മുഴുവൻ മാനസാന്തരത്തിലേക്കു നയിച്ചത്. ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്ന ഒരു തലമുറയെ യോഹന്നാൻ വിളിച്ചത് ‘അണലിസന്തതികളേ’ എന്നായിരുന്നു. എന്നിട്ടും അവരിലാരും യോഹന്നാനെതിരെ കൈയുയർത്തിയില്ല എന്നതു യോഹന്നാൻറെ വാക്കുകൾ അവരെ അത്രമേൽ ഇളക്കിമറിച്ചതുകൊണ്ടാണ്. ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്ന യോഹന്നാൻ പിശാചുബാധിതനാണെന്ന് അവരിലെ ചില ദുഷ്ടബുദ്ധികൾ ആരോപിച്ചു എന്നതു ശരിതന്നെ. എന്നിട്ടും വേരിനു കോടാലി വയ്ക്കപ്പെട്ടു കഴിഞ്ഞ വൃക്ഷങ്ങളാണു തങ്ങളെന്ന സത്യം അവർക്ക് അംഗീകരിക്കേണ്ടിവന്നു എന്നതാണു വചനത്തിൻറെ ശക്തി.
ജനങ്ങൾ യോഹന്നാനെ പ്രവാചകനായി അംഗീകരിച്ചുകഴിഞ്ഞിരുന്നു. വിജാതീയനും ദുർവൃത്തനുമെങ്കിലും ഹേറോദോസ് രാജാവും ഉള്ളുകൊണ്ടു യോഹന്നാനെ അംഗീകരിച്ചിരുന്നു. എന്നാൽ താൻ ചെയ്ത പ്രവൃത്തികൾ തന്നോടു വിളിച്ചുപറഞ്ഞ മിശിഹായെ അംഗീകരിച്ച സമരിയക്കാരിയുടെ ഹൃദയവിശാലതയൊന്നും അയാൾക്കുണ്ടായിരുന്നില്ല. യോഹന്നാനെ കാരാഗൃഹത്തിലടച്ചുകൊണ്ട് അയാൾ തൻറെ തിന്മകളുടെ എണ്ണം ഒന്നുകൂടി വർധിപ്പിച്ചു എന്നാണു തിരുവചനം പറയുന്നത്. എന്നിരുന്നാലും യോഹന്നാനെ വധിക്കാൻ അയാൾക്കു ധൈര്യമില്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, ജനങ്ങൾ യോഹന്നാനെ ഒരു പ്രവാചകനായി കരുതി ആദരിച്ചിരുന്നു. ഒരുപക്ഷേ തൻറെ ഭരണകാലമത്രയും കാരാഗൃഹത്തിൽ സൂക്ഷിച്ചാൽ ഇനിയും അവൻ തനിക്കെതിരെ ഒന്നും പറയില്ല എന്നും ഭീരുവായ ആ രാജാവ് ചിന്തിച്ചിരിക്കണം.
എന്നാൽ വീഞ്ഞിലും നൃത്തത്തിലും മുങ്ങി അതിഥികളോടൊപ്പം ആഘോഷിച്ച ഒരു ജന്മദിനത്തിൽ അതേ ഹേറോദോസ് തന്നെ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തിയ യോഹന്നാൻറെ മരണവാറണ്ടിൽ ഒപ്പിട്ടുകൊടുത്തു. ഹേറോദോസിൻറെ മുൻപിൽ കുനിയാത്ത സ്നാപകൻറെ ശിരസ് ഹേറോദിയായുടെ മുൻപിലും കുനിഞ്ഞില്ല. കാരാഗൃഹത്തിൻറെ തറയിലും രാജാവിൻറെ തളികയിലുമായി ഒഴുകിപ്പരന്ന തൻറെ രക്തം കൊണ്ടു യോഹന്നാൻ സ്വർഗത്തിൽ ഒരിടം സ്വന്തമാക്കി.
ദൈവത്തിൻറെ കോപം ആളിക്കത്തുന്നതിനു മുൻപ് അതിനെ തണുപ്പിക്കുന്നതിനും പിതാവിൻറെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും അങ്ങനെ യാക്കോബിൻറെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്തു തിരിച്ചുവരുമെന്ന് തിരുവചനം ( പ്രഭാ. 48-10) ആരെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയോ ആ ഏലിയായുടെ ശക്തിയും തീക്ഷ്ണതയും യോഹന്നാൻറെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. രാജപത്നിയായ ജെസബേൽ പോറ്റുന്ന ബാലിൻറെ നാനൂറ്റമ്പതു പ്രവാചകന്മാർക്കെതിരെ നിർഭയനായി നിന്ന ഏലിയായെപ്പോലെ പിന്നീടൊരിക്കൽ യോഹന്നാനും രാജാവിൻറെയും രാജ്ഞിയുടെയും അനിഷ്ടം വകവയ്ക്കാതെ സത്യം വിളിച്ചുപറഞ്ഞു.
ഏലിയാ അഗ്നിരഥത്തിലാണു സ്വർഗ്ഗത്തിലേക്കു പോയതെങ്കിൽ യോഹന്നാൻ ഒരു അഗ്നിപരീക്ഷയിലൂടെയാണു സ്വർഗം സ്വന്തമാക്കിയത്. ഏകാന്തതയിലുള്ള താപസജീവിതം മാത്രമല്ല അവർക്കു പൊതുവായുള്ളത്. എട്ടര നൂറ്റാണ്ടുകൾക്കപ്പുറവും ഇപ്പുറവും ജീവിച്ച അവരുടെ വസ്ത്രം പോലും ഒരേതരത്തിലുള്ളതായിരുന്നു. ‘അവൻ ചോദിച്ചു: നിങ്ങളോട് ഇതു പറഞ്ഞയാൾ എങ്ങനെയിരുന്നു? അവർ പറഞ്ഞു: അവൻ രോമക്കുപ്പായവും തുകൽ കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു. ഉടനെ രാജാവ് പറഞ്ഞു. തിഷ്ബ്യനായ ഏലിയാ ആണ് അവൻ’ ( 2 രാജാ 1:8). യോഹന്നാനെ ക്കുറിച്ചാകട്ടെ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു; ‘യോഹന്നാൻ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു’ ( മത്തായി 3:4).
‘ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു’ എന്ന ഗാനം നമുക്കു സുപരിചിതമാണ്. യോഹന്നാൻറെ ദൗത്യം കർത്താവിൻറെ വരവിനായി ഇസ്രായേൽ ജനത്തെ ഒരുക്കുക എന്നതായിരുന്നു. അത് അദ്ദേഹം ഭംഗിയായി നിറവേറ്റി. സ്വന്തം പ്രവൃത്തികളുടെ മഹത്വം ഒന്നും അവൻ സ്വയം അവകാശപ്പെട്ടില്ല. കർത്താവിൻറെ വഴിയൊരുക്കുവാനും അവൻറെ പാതകൾ നേരെയാക്കുവാനും വേണ്ടി മരുഭൂമിയിൽ വിളിച്ചുപറയാൻ അയയ്ക്കപ്പെട്ടവൻറെ ശബ്ദം മാത്രമാണു താനെന്നു യോഹന്നാനു ബോധ്യമുണ്ടായിരുന്നു. തനിക്കു പിറകെ വരുന്നവൻ തന്നെക്കാൾ ശക്തനാണെന്നും അവൻറെ ചെരുപ്പു വഹിക്കാൻ പോലും താൻ യോഗ്യനല്ല എന്നും തുറന്നുപറയാനുള്ള എളിമയും യോഹന്നാനുണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ വളരുകയും താൻ കുറയുകയും വേണം എന്നു ശിഷ്യരോടു പറയാൻ യോഹന്നാനു സാധിച്ചത്. സ്വയം വളരാനുള്ള ശ്രമത്തിൽ യേശുക്രിസ്തു ചെറുതാകുന്നത് അറിയാതെ പോകുന്ന ഒരു തലമുറയിൽ, സുവിശേഷപ്രഘോഷണം ആദായമാർഗമായി കൊണ്ടുനടക്കുന്ന വർക്കിടയിൽ, കർത്താവിനു വേണ്ടി സ്വയം ചെറുതാകാൻ നമ്മിൽ എത്ര പേർ തയ്യാറുണ്ട്?
കർത്താവിൻറെ ആദ്യവരവിനു വഴിയൊരുക്കിയതു സ്നാപകയോഹന്നാനാണെങ്കിൽ അവിടുത്തെ രണ്ടാം വരവിനു വഴിയൊരുക്കേണ്ടതു നാമോരോരുത്തരുമാണ്. ‘ഏതു പ്രവാചകനുണ്ട്, നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിക്കാത്തതായി? നീതിമാനായവൻറെ ആഗമനം മുൻകൂട്ടി അറിയിച്ചവരെ അവർ കൊലപ്പെടുത്തി’
(അപ്പ. 7:52) എന്ന തിരുവചനം ഇനിയും ഒരിക്കൽ കൂടി നിറവേറേണ്ടിയിരിക്കുന്നു. അതേ, ഇത് അന്ത്യകാലവിശുദ്ധരുടെ കാലമാണ്. സത്യത്തിനു സാക്ഷ്യം നൽകാനും, നീതിവിധിയാളനായ യേശുക്രിസ്തുവിൻറെ ദ്വിതീയാഗമനം ആസന്നമാണെന്ന സന്തോഷവാർത്ത പ്രഘോഷിക്കാനും, തിന്മയെ തിന്മയെന്നു വിളിക്കാനും, ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുമ്പോൾ സ്നാപകനെപ്പോലെ ശിരസ്സുയർത്തി നിൽക്കാനും, കർത്താവു നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഓട്ടപ്പന്തയം പൂർത്തിയാകുന്ന നിമിഷം സ്നാപകനെപ്പോലെതന്നെ രക്തസാക്ഷിയാകാനും തയ്യാറുള്ള അന്ത്യകാലവിശുദ്ധരെ ലോകത്തിനു വേണം.
നമുക്കു പ്രാർഥിക്കാം.
കാരുണ്യവാനായ ദൈവമേ, ക്രിസ്തുവിനു വഴിയൊരുക്കുവാനായി സ്നാപകയോഹന്നാനെ ഉയർത്തുവാൻ അങ്ങു തിരുമനസായല്ലോ. ആത്മാർത്ഥമായി അനുതപിച്ച്, അങ്ങയുടെ കൃപയും രക്ഷയും സ്വന്തമാക്കാൻ ഞങ്ങളെ ഒരുക്കണമേയെന്ന് വിശുദ്ധ സ്നാപകയോഹന്നാൻറെ മാധ്യസ്ഥത്തിലൂടെ ഞങ്ങൾ പ്രാർഥിക്കുന്നു. അങ്ങയുടെ പുത്രൻറെ വരവിനു കാഹളം മുഴക്കാനായി അയയ്ക്കപ്പെട്ട അങ്ങയുടെ പ്രിയദാസനായ സ്നാപകയോഹന്നാനെപ്പോലെ സത്യത്തിനും നീതിയ്ക്കും വിശ്വസ്തസാക്ഷികളായിരിക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. ഓ! കർത്താവേ, അനുദിനം ഞങ്ങൾ കുറയുകയും അങ്ങു ഞങ്ങളിൽ വളരുകയും ചെയ്യുമാറാകട്ടെ. ആമേൻ.