ലോകത്തിൽ രണ്ടുതരം മനുഷ്യരേയുള്ളൂ; ആത്മീയമനുഷ്യരും ജഡികമനുഷ്യരും. തികച്ചും വിരുദ്ധസ്വഭാവങ്ങൾ ഉള്ള ഈ രണ്ടു തരം വ്യക്തികൾ ലോകത്തിൽ ഒരുമിച്ചു ജീവിക്കുന്നു എന്നതുതന്നെ വലിയൊരത്ഭുതമാണ്. അനുദിനവ്യാപാരങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ജഡികമനുഷ്യന് ആത്മീയമനുഷ്യൻറെ സഹായം തേടാതെയും ജീവിക്കാൻ കഴിയും. കാരണം എക്കാലവും ലോകത്തിൽ ബഹുഭൂരിപക്ഷവും ലൗകിക മനുഷ്യരായിരിക്കും. എന്നാൽ ഒരു ആത്മീയമനുഷ്യനു ചുരുക്കം ചില കാര്യങ്ങളിലെങ്കിലും പുറംലോകത്തെ ആശ്രയിക്കേണ്ടിവരും. അവിടെ അവർ കണ്ടുമുട്ടുന്നതു ലോകപ്രകാരം ജീവിക്കുന്നവരെ ആയിരിക്കും. അവർ തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ച്, ഏറെ ലൗകികരും അൽപം ആത്മീയരുമുണ്ടായിരുന്ന ഗലാത്തിയ ദേശത്തിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ പൗലോസ് ശ്ലീഹാ വിവരിക്കുന്നുണ്ട്. ‘സഹോദരരേ, നമ്മളാകട്ടെ ഇസഹാക്കിനെപ്പോലെ വാഗ്ദാനത്തിൻറെ മക്കളാണ്. എന്നാൽ ശാരീരിക രീതിയിൽ ജനിച്ചവൻ ആത്മാവിൻറെ ശക്തിയാൽ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെ തന്നെയാണ്’ (ഗലാ. 4: 28-29).
ആത്മീയമനുഷ്യനും ലൗകികമനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇതിലും ലളിതമായി വിശദീകരിക്കാൻ കഴിയില്ല. ലോകപ്രകാരം ജീവിക്കുന്ന മനുഷ്യർ ആത്മീയരായവരെ പീഡിപ്പിച്ച സംഭവങ്ങളുടെ സംഗ്രഹമാണു മനുഷ്യചരിത്രം. അത് ആരംഭിക്കുന്നതു ലൗകികനായ കായേൻ ആത്മീയനായ ആബേലിനെ വധിക്കുന്നതോടെയാണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനെങ്കിലും സ്വന്തം ചെയ്തികൾ കൊണ്ട് അഭിഷേകം നഷ്ടപ്പെടുത്തി, തികച്ചും ജഡികമനുഷ്യനായി മാറിയ സാവൂൾ ദാവീദിനെ വധിക്കാൻ ഏതൊക്കെ വിധത്തിലാണു ശ്രമിച്ചത് എന്നു നാം വായിച്ചിട്ടുണ്ട്. എന്നാൽ രാജാവും പ്രവാചകനുമായിരുന്ന ദാവീദാകട്ടെ അവസരം കിട്ടിയിട്ടും സാവൂളിനെ വെറുതെ വിടുകയാണു ചെയ്തത്. ദാവീദിൻറെ പുത്രൻറെ കാര്യത്തിലാണെങ്കിൽ ആത്മീയ-ജഡിക പോരാട്ടം നടന്നത് അവൻറെ ഉള്ളിൽ തന്നെയായിരുന്നു. ജെറുസലേം ദൈവാലയപ്രതിഷ്ഠാവേളയിൽ സോളമൻ നടത്തിയ പ്രാർഥന ഓർത്താൽ ഇതിനേക്കാൾ വലിയൊരു ആത്മീയനെ നമുക്കു കാണാൻ കിട്ടില്ല എന്നു തോന്നിപ്പോകും. എന്നാൽ കാലം ചെന്നപ്പോൾ സോളമൻ വിഗ്രഹാരാധനയിലേക്കു വഴുതിവീഴുന്നതായി നാം കാണുന്നുണ്ട്. ആത്മീയ-ലൗകിക സംഘർഷം ഒരുവൻറെ ഉള്ളിൽ തന്നെ ഉണ്ടാകും എന്നർഥം.
‘ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ശരീരത്തിൽ അവസാനിപ്പിക്കുവാൻ മാത്രം ഭോഷന്മാരാണോ നിങ്ങൾ?’ ( ഗലാ. 3:3) എന്നു പൗലോസ് ശ്ലീഹായും ചോദിക്കുന്നുണ്ടല്ലോ. ആത്മീയമനുഷ്യനു പീഡനം ഉറപ്പാണ്. അതു വരുന്നത് ഒരു ലൗകികമനുഷ്യനിൽ നിന്നായിരിക്കുകയും ചെയ്യും. ആ ശത്രു പലപ്പോഴും മറ്റൊരു വ്യക്തിയായിരിക്കും. ചിലപ്പോഴൊക്കെ നമ്മുടെ ഉള്ളിൽ തന്നെ പതുങ്ങിക്കിടക്കുന്ന ജഡികമനുഷ്യൻ തലപൊക്കി വരുന്നതുമാകാം.
അബ്രാഹത്തിന് ഒരു സന്തതിയേയുള്ളൂ. അതു വാഗ്ദാനപ്രകാരം ജനിച്ച ഇസഹാക്കാണ്. ദൈവം വാഗ്ദാനം കൊടുത്തപ്പോൾ, പലരെ ഉദ്ദേശിച്ചു സന്തതികൾ എന്നല്ല, മറിച്ച് ഒരുവനെ മാത്രം ഉദ്ദേശിച്ചു സന്തതിയ്ക്ക് എന്നാണു പറഞ്ഞിരിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട്. അബ്രാഹത്തിനു മറ്റു മക്കളുമുണ്ടായിരുന്നു. എന്നാൽ ദൈവം തൻറെ ഉടമ്പടി ഉറപ്പിച്ചതു വാഗ്ദാനത്തിൻറെ സന്തതിയായ ഇസഹാക്കിനെ മാത്രം മനസിൽ കണ്ടുകൊണ്ടാണ്. വിശ്വാസത്തിൽ ആ ഇസഹാക്കിൻറെ പിന്തുടർച്ചക്കാരാണു നാം. യേശുക്രിസ്തുവിൻറെ ആദിരൂപവുമായിരുന്നല്ലോ ഇസഹാക്ക്. മനുഷ്യപുത്രൻറെ കൈകളിൽ ആണി തറയ്ക്കപ്പെട്ട അതേസ്ഥലത്തായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് ഇസഹാക്കിൻറെ കെട്ടുകൾ അഴിഞ്ഞുവീണത് എന്നും നാം ഓർക്കണം..
യേശു നമ്മെ ആത്മാവിൽ വീണ്ടും ജനിക്കാൻ അനുവദിച്ചു. അങ്ങനെ നാം ആത്മീയരായി മാറി. ഇപ്രകാരം ആത്മാവിൽ വീണ്ടും ജനിച്ചിട്ടില്ലാത്തവർ നമ്മെ പീഡിപ്പിക്കും എന്നതിൽ അത്ഭുതമില്ല. മാത്രവുമല്ല ഈ പീഡനം അവസാനം വരെ തുടർന്നുപോകേണ്ടിയിരിക്കുന്നു. ‘സഭയുടെ തീർത്ഥാടനത്തോടൊത്തുപോകുന്ന പീഡനം’ (CCC 675) എന്നു മതബോധനഗ്രന്ഥത്തിൽ പറയുന്നതിൻറെ അർഥം സഭ തീർത്ഥാടകയായിരിക്കുന്നിടത്തോളം കാലം പീഡനവുമുണ്ടായിരിക്കും എന്നാണ്. യഥാർത്ഥ തിന്മ എന്താണെന്നു നമുക്കു വെളിപ്പെട്ടുകിട്ടുന്നത് ഈ പീഡനത്തിലൂടെയാണ്. ഈ ‘പീഡനം തിന്മയുടെ രഹസ്യത്തെ വെളിവാക്കും’ (CCC 675) എന്നുതന്നെ സഭ കൃത്യമായി പഠിപ്പിക്കുന്നുണ്ട്.
അബ്രാഹത്തിൻറെ മക്കളെല്ലാം അബ്രാഹത്തിൻറെ അവകാശികളാണ് എന്ന അബദ്ധധാരണ നാം തിരുത്തണം. അബ്രാഹത്തിൻറെ മക്കളിൽ തന്നെ ആത്മീയരും ജഡികരുമുണ്ട്. എന്നാൽ അബ്രാഹത്തിൻറെ സന്തതികളും അവകാശികളും ആണെന്നവകാശപ്പെടണമെങ്കിൽ നാം യഥാർത്ഥത്തിൽ ആത്മീയരായിരിക്കണം. അങ്ങനെ ആത്മീയരാണെന്നു നാം അവകാശപ്പെടുന്നുവെങ്കിൽ അതിനോടൊപ്പം വരുന്ന സഹനങ്ങളും പീഡനങ്ങളും സ്വീകരിക്കാൻ നാം തയ്യാറാവുകയും വേണം. അബ്രാഹത്തിൻറെ സന്തതിയായ ‘ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി സഹിക്കാൻ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു’ ( ഫിലിപ്പി 1:29) എന്നു പൗലോസ് അപ്പസ്തോലൻ പറയുന്നത് ആത്മീയമനുഷ്യർക്കു ജഡികമനുഷ്യരിൽ നിന്നു നിരന്തരം നേരിടേണ്ടിവരുന്ന പീഡനത്തെ ഓർത്തുകൊണ്ടാണ്.
നമ്മെ പീഡിപ്പിക്കുന്ന ജഡികമനുഷ്യൻ നമ്മുടെ ജീവിതപങ്കാളിയോ, മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ, അയൽക്കാരോ ആകാം. ‘അവൻ കാട്ടുകഴുതയ്‌ക്കൊത്ത മനുഷ്യനായിരിക്കും. അവൻറെ കൈ എല്ലാവർക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവൻ തൻറെ സഹോദരങ്ങൾക്കെതിരായി വർത്തിക്കുകയൂം ചെയ്യും’ (ഉൽ. 16:12) എന്ന് ആരെക്കുറിച്ചു പ്രവചിക്കപ്പെട്ടിരിക്കുന്നുവോ ആ ഇസ്മായേലിനെക്കുറിച്ചാണു ജഡികമനുഷ്യൻ ആത്മീയമനുഷ്യനെ പീഡിപ്പിച്ചു എന്ന് അപ്പസ്തോലൻ എഴുതിയിരിക്കുന്നത്. ഇന്നും അതുപോലെ തന്നെയാണ് എന്ന് അപ്പസ്തോലൻ എഴുതിയിട്ടു കാലമേറെയായിരിക്കുന്നു.
രണ്ടായിരം വർഷത്തിനിപ്പുറം ഇന്നും കാര്യങ്ങൾ അതുപോലെയൊക്കെത്തന്നെയാണ്. ചുറ്റുപാടുമുള്ള എല്ലാവർക്കുമെതിരെ കൈ ഉയർത്തുകയും സ്വന്തം കർമ്മങ്ങൾ കൊണ്ടു തങ്ങൾക്കെതിരെ കൈ ഉയർത്താൻ മറ്റെല്ലാവരെയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ജഡികമനുഷ്യരുടെ കൂട്ടങ്ങളെ നാം അനുദിനം കണ്ടുകൊണ്ടിരിക്കുന്നു. അബ്രാഹത്തിൻറെ മക്കളായതിനാൽ സ്വന്തം സഹോദരങ്ങൾ എന്ന് ഓമനപ്പേരിട്ടു വിളിക്കുകയും അതേസമയം തന്നെ നമുക്കെതിരായി വർത്തിക്കുകയും ചെയ്യുന്നവരെ ഭരിക്കുന്നത് ഏത് അരൂപിയാണെന്നു തിരിച്ചറിയാൻ ഒരു വിഷമവുമില്ല. ആ അരൂപി ഇന്നു ലോകത്തിൽ കൂടുതൽ കൂടുതൽ ശക്തിയാർജിച്ചുവരികയാണല്ലോ.
നമുക്ക് പ്രാർഥിക്കാം: വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവമേ, ലോകാരൂപിയാൽ നയിക്കപ്പെടുന്നവരുടെ പീഡനങ്ങളെ അന്ത്യം വരെയും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് നേരിടുവാനുള്ള കൃപ വാഗ്ദാനത്തിൻറെ സന്തതികളായ ഞങ്ങൾക്കു തന്നരുളണമേ. ആമേൻ.