അവൻ വീണ്ടും വരുന്നു അധ്യായം 20

നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്  യുഗാന്ത്യത്തിൽ പ്രത്യക്ഷപ്പെടുന്ന എതിർക്രിസ്തു എന്ന ക്രിസ്തുവിരോധിയെക്കുറിച്ചാണ്. അവനെക്കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങളിൽ  നിന്നു  തുടങ്ങി  പുതിയനിയമത്തിൽ പറഞ്ഞ കാര്യങ്ങളിലേക്കു ‌ വരാം.

ആകാശസൈന്യത്തിൻറെ   അധിപനെ വെല്ലുവിളിക്കുകയും നിരന്തരദഹനബലികൾ മുടക്കുകയും  വിശുദ്ധമന്ദിരത്തെ  കീഴ്‌മേൽ  മറിക്കുകയും  ( ദാനി. 8: 11)  ചെയ്യുന്നവൻ.   ശക്തരെയും  പരിശുദ്ധരെയും നശിപ്പിക്കുകയും  രാജാധിരാജനെതിരെ പൊരുതുകയും ചെയ്യുന്നവൻ ( ദാനി. 8:24-25).  ഒരാഴ്ചത്തേക്കു  പലരുമായി  ശക്തമായ ഉടമ്പടി ഉണ്ടാക്കുകയും  പകുതി ആഴ്ചത്തേക്കു  ബലിയും കാഴ്ചകളും നിരോധിക്കുകയും  ദൈവാലയത്തിൻറെ  ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത സ്‌ഥാപിക്കുന്നതിനു ( ദാനി.9:27) കാരണമാവുകയും ചെയ്യുന്നവൻ.  മുന്നറിയൊപ്പൊന്നും കൂടാതെ ചതിയിൽ അധികാരം പിടിച്ചെടുക്കുന്നവൻ ( ദാനി. 11: 21). വിശുദ്ധ ഉടമ്പടിയ്‌ക്കെതിരെ സംസാരിക്കുകയും  വിശുദ്ധ ഉടമ്പടി  ഉപേക്ഷിച്ചവരുടെ ഉപദേശം  കേൾക്കുകയും  ദൈവാലയവും കോട്ടയും അശുദ്ധമാക്കാനും   നിരന്തര ദഹനബലി നിരോധിക്കാനും  നാശത്തിൻറെ  മ്ലേച്ഛവിഗ്രഹം ദൈവാലയത്തിൽ സ്ഥാപിക്കാനും വേണ്ടി  സൈന്യത്തെ അയയ്ക്കുന്നവൻ ( ദാനി.11:30).  ദേവന്മാർക്കും ദൈവമായവനെതിരെ    ഭീകര ദൂഷണം പറയുന്നവൻ ( ദാനി. 11:36).  എല്ലാവർക്കുമുപരിയായി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ഒരു ദേവനെയും വകവയ്ക്കാതിരിക്കുകയും ചെയ്യുന്നവൻ ( ദാനി. 11:37) ഇങ്ങനെയൊക്കെയാണ് പഴയനിയമകാലഘട്ടത്തിൽ  എതിർക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതാ ക്രിസ്തു ഇവിടെ, അല്ലെങ്കിൽ അല്ലെങ്കിൽ അവിടെ ( മത്തായി 24:23) എന്നു  പറയത്തക്കവിധം പ്രശസ്തൻ.  സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം  അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ ( മത്തായി 24:24). നാശത്തിൻറെ സന്താനമായ അരാജകത്വത്തിൻറെ മനുഷ്യൻ, സ്വയം  ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ടു  ദൈവാലയത്തിൽ  സ്ഥാനം പിടിക്കുന്നവൻ ( 2 തെസ. 2:3-4). തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴിമാറിയാൽ  പ്രത്യക്ഷപ്പെടാൻ  തയ്യാറായിരിക്കുന്നവൻ  ( 2  തെസ. 2:7).

നിയമനിഷേധി ( 2 തെസ.2:9).  പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ ( 1 യോഹ.2:22), യേശുക്രിസ്തുവിനെ ഏറ്റുപറയാത്ത ആത്മാവുള്ളവൻ ( 1 യോഹ.4:3). യേശുക്രിസ്തു മനുഷ്യശരീരം  ധരിച്ചുവന്നു എന്ന് സമ്മതിക്കാത്തവൻ ( 2  യോഹ. 7).  കടലിൽ നിന്നു കയറിവരുന്ന മൃഗം, ദൈവദൂഷണകരമായ നാമം വഹിക്കുന്നവൻ,  മാരകമായി മുറിവേറ്റതുപോലെ തോന്നിയെങ്കിലും   സുഖമാക്കപ്പെട്ടവൻ, ഭൂമിയെ മുഴുവൻ ആശ്ചര്യപ്പെടുത്തുന്നവൻ,  സാത്താൻ തൻറെ അധികാരവും ശക്തിയും പകർന്നുകൊടുക്കുന്നവൻ, നാല്പത്തിരണ്ടുമാസം പ്രവർത്തനം നടത്താൻ  അധികാരം ലഭിച്ചവൻ, ദൈവദൂഷണവും  വൻപും പറയുന്നവൻ, വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്തുന്നവൻ, സകലഗോത്രങ്ങളുടെയും ജനതകളുടെയും  ഭാഷകളുടെയും രാജ്യങ്ങളുടെയും  മേൽ അധികാരം ലഭിക്കുന്നവൻ, വധിക്കപ്പെട്ട കുഞ്ഞാടിൻറെ  ജീവഗ്രന്ഥത്തിൽ പേരില്ലാത്ത സകലരും  ആരാധിക്കുന്നവൻ , തൻറെ മുദ്ര സകല ജനങ്ങളുടെയും വലതുകൈയിലോ നെറ്റിയിലോ പതിപ്പിക്കണം എന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അവർക്ക് കൊടുക്കൽ വാങ്ങൽ  സാധിക്കില്ല എന്നും പറയുന്നവൻ, അറുനൂറ്റിയറുപത്തിയാറ്‌  എന്ന നാമസംഖ്യ  കൊണ്ടു  സൂചിപ്പിക്കപ്പെടുന്നവൻ ( വെളിപാട് പതിമൂന്നാം അധ്യായം), ഗന്ധകാഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയാൻ  വിധിക്കപ്പെട്ടവൻ ( വെളി.  19:20) എന്നിങ്ങനെ  വൈവിധ്യമാർന്ന  പേരുകളിൽ എതിർക്രിസ്തു പുതിയനിയമ ഗ്രന്ഥങ്ങളിൽ വ്യവഹരിക്കപ്പെടുന്നു.

കഴിഞ്ഞ പതിനെട്ട്  അദ്ധ്യായങ്ങളിൽ നാം  ചർച്ച ചെയ്ത പല അടയാളങ്ങളും എതിർക്രിസ്തുവിൻറെ അരൂപിയുടെ പ്രവർത്തനങ്ങളാണെന്നതു  പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. എതിർക്രിസ്തുവിൻറെ  ജനനം, സ്വഭാവസവിശേഷതകൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ആദിമനൂറ്റാണ്ടുകൾ മുതലേ പല   വിശുദ്ധരും പ്രവചങ്ങൾ നടത്തിയിട്ടുണ്ട്. അവയെല്ലാം എടുത്തെഴുതുക എന്ന സാഹസത്തിനു  മുതിരുന്നില്ല  എന്നാൽ ഫാ. ചാൾസ് അർമിനോ  എന്ന ഫ്രഞ്ച്‌  വൈദികൻ    1881 ൽ  എഴുതിയ  ‘ യുഗാന്ത്യവും ഭാവിജീവിതത്തിൻറെ രഹസ്യങ്ങളും’ എന്ന വിശിഷ്ടഗ്രന്ഥത്തിൽ  ( 2015 മേയിൽ ശ്രീ. ബെന്നി പുന്നത്തറയുടെ  അവതാരികയോടെ  സോഫിയ ബുക്‌സ് പ്രസിദ്ധീകരിച്ചത്) നിന്നുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്  നന്നായിരിക്കും എന്നു  കരുതുന്നു. വിശുദ്ധ കൊച്ചുത്രേസ്യ ഈ ഗ്രന്ഥത്തെക്കുറിച്ചു പറഞ്ഞ അഭിപ്രായമാണ് ഈ പുസ്തകത്തെക്കുറിച്ച് ഇവിടെ പരാമർശിക്കാൻ എനിക്കു  ധൈര്യം  നൽകുന്നത്. അവർ ഇപ്രകാരം  എഴുതി; “ഈ  പുസ്തകം വായിക്കാനിടയായത് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്”.

ഇനി ഫാ. ചാൾസ് അർമിനോയുടെ ഗ്രന്ഥത്തിൽ നിന്ന്:  (ബ്രാക്കറ്റിൽകൊടുത്തിരിക്കുന്നത് ലേഖകൻറെ  വാക്കുകളാണ്)

എതിർക്രിസ്തു ഒരു വ്യക്തിയായിരിക്കും എന്നാണു  ബല്ലാർമീൻറെ പണ്ഡിതോചിതമായ   അഭിപ്രായവും പൗലോസ് ശ്ലീഹായുടെ  വാക്കുകളും ഉദ്ധരിച്ചുകൊണ്ട്  ഫാ ചാൾസ് അർമിനോ  സ്ഥാപിക്കുന്നത്.  വിശുദ്ധ അംബ്രോസിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്  അവൻ യഹൂദ വംശത്തിൽ നിന്ന് ജന്മമെടുക്കുമെന്നാണ്. ദാൻ  ഗോത്രത്തിൽ നിന്നാണ്  അവൻ ജനിക്കുകയെന്നും  അവൻ എല്ലാവരെയും പരിച്ഛേദനത്തിനു നിർബന്ധിക്കുമെന്നും   പറഞ്ഞിട്ടുണ്ട്. യഹൂദർ  കാത്തിരുന്ന മിശിഹായാണു  താനെന്ന്  അവൻ അവരെ   വിശ്വസിപ്പിക്കും( യുഗാന്ത്യ കാല പ്രവചനങ്ങളിൽ ഇസ്രായേലിൻറെ പങ്കിനെക്കുറിച്ച് ചിന്തിക്കുക) . അവൻ ഒരു അവിഹിതബന്ധത്തിലെ സന്തതിയായിരിക്കുമോ എന്ന കാര്യം പണ്ഡിതനായ സ്വാരസും മറ്റു പലരും  ചർച്ചചെയ്തിട്ടുള്ളതാണ്. അമലോത്ഭവയായ മറിയത്തിൽ  നിന്നു  ജന്മമെടുത്ത യേശുവിൻറെ  എതിരാളി   ‘വ്യഭിചാരത്തിൻറെ    സന്തതിയായിരിക്കും എന്നും അവൻറെ ജനനം സാത്താൻറെ നിസ്വനത്തിലും ആത്മാവിലും നിന്നായിരിക്കും’ എന്നുമാണ് വിശുദ്ധ ജോൺ ഡമാസീൻ  പറയുന്നത് ( ലൈംഗിക അരാജകത്വും സകലവിധ മ്ലേച്ഛതകളൂം  പുണ്യങ്ങളായി ചിത്രീകരിക്കപ്പെടുന്ന കാലത്താണ് അവൻ ജനിക്കുന്നത്)

 വിശുദ്ധ തോമസ് അക്വിനാസ് പറയുന്നത്  എല്ലാത്തരത്തിലും – പ്രവൃത്തികളിലും വ്യക്തിത്വത്തിലും- അവൻ ദൈവപുത്രന് എതിരായിരിക്കുകയും അവിടുത്തെ അത്ഭുതങ്ങളുടെയും പ്രവൃത്തികളുടെയും ഹാസ്യാനുകരണം നടത്തുകയും ചെയ്യും എന്നാണ്. താനാണു   സർവശക്തൻ എന്നു  പ്രഖ്യാപിക്കുന്ന അവൻ തനിക്കു സ്തുതിപാടുന്നതിനായി ഒരു പ്രത്യേക ആരാധനവിഭാഗത്തെ ഒരുക്കും.    അവനു പുരോഹിതരും അവനുവേണ്ടി ബലികളും ഉണ്ടായിരിക്കുമെന്നും  സത്യപ്രതിജ്ഞകളിലും ഉടമ്പടികളിലും തൻറെ നാമം ഉപയോഗിക്കാൻ അവൻ കല്പിക്കുകയും  ചെയ്യുമെന്നും അദ്ദേഹം പറയുന്നു ( സാത്താൻ ആരാധന, ബ്ലാക്ക് മാസ്സ്, എന്നിവയിലൂടെ ദൈവത്തിന് എതിരായ ഒരു ആരാധന രീതി ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. നമ്മെയെല്ലാം ഒരു ആഗോള ഭരണവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവന്നാൽ പിന്നെ എല്ലാ ഔദ്യോഗിക ഇടപാടുകളിലും രേഖകളിലും  കരാറുകളിലും ആ ആഗോളഭരണാധികാരിയുടെ പേര് ഉണ്ടാകും എന്നുറപ്പാണല്ലോ ).

 തെർത്തുല്ല്യൻ പറയുന്നത്  സ്വർഗ്ഗരാജ്യത്തിന് ബദലായി ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള പരിശ്രമത്തിൽ  അവൻ  ദൈവത്തെ അനുകരിക്കാനുള്ള വിഫലശ്രമം നടത്തും എന്നാണ് ( ദൈവത്തെക്കൂടാതെ സ്വർഗം  പണിയാം എന്ന  നിരീശ്വരവാദികളുടെയിലും സാത്താൻ ആരാധകരുടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കുക).

 സഭയ്‌ക്കെതിരെ  നികൃഷ്ടമായ ഒരു സംഘടനയുണ്ടാക്കി   അവൻ അതിൻറെ പ്രധാനിയും നേതാവുമാകും

( സഭയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭയ്ക്കുള്ളിൽ നുഴഞ്ഞുകയറി അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഫ്രീമേസൺ പ്രസ്ഥാനക്കാർ തങ്ങളുടെ ശ്രമങ്ങളിൽ ഒരളവുവരെ വിജയിച്ചുകഴിഞ്ഞു). സാത്താൻ  മനുഷ്യവംശത്തിനുമേൽ ഇതുവരെ നടപ്പിലാക്കാനാഗ്രഹിച്ച   സകല പൈശാചികപദ്ധതികളും  അവൻ നിറവേറ്റും.

അവൻ വലിയ പണ്ഡിതനും തത്വജ്ഞാനിയും  പ്രസംഗകനും കലകളിലും ശില്പവേലയിലും അദ്വിതീയനും  അത്ഭുതപ്രവർത്തകനും ആയിരിക്കും (ബുദ്ധിയിലും അറിവിലും അഭിരമിക്കുന്ന   ലോകത്തിനു   തികച്ചും അനുയോജ്യനായിരിക്കും അവൻ. കലയും സാഹിത്യവും തൻറെ പൈശാചിക അജണ്ട പൂർത്തീകരിക്കാനായി എങ്ങനെ   ഉപയോഗിക്കണമെന്നും അവനറിയാം) . വെളിപാട് പുസ്തകം പതിമൂന്നാം അധ്യായത്തിൽ  പറഞ്ഞിട്ടുള്ള  പത്തു കിരീടങ്ങളും  അവൻറെ പിണിയാളുകളായ  പത്തു ഭരണകൂടങ്ങളാണ് ( ലോകത്തിലെ എല്ലാ ഭരണകൂടങ്ങളും  അവനു ദാസ്യവേല ചെയ്യുന്നവരായിരിക്കും എന്നതു  നമുക്കു  മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല).  അവൻ എല്ലാ പരിധിയേയും ലംഘിക്കുന്ന മതപീഡനം നടത്തും. ഗൂഢവിദ്യകളിൽ  അദ്വിതീയനായ അവൻ എല്ലാത്തരം അശുദ്ധിയിലും  വ്യാപരിക്കാനുള്ള   സ്വാതന്ത്ര്യം  മനുഷ്യർക്കു  നൽകും( വിശദീകരണം ആവശ്യമില്ലാത്ത ഒരു കാര്യമാണല്ലോ ഇത്. ജഡികപാപങ്ങൾമൂലമാണ് അനേകം ആത്മാക്കൾ നരകത്തിൽ വീഴുന്നതെന്നു  മാതാവ് നൽകിയ സന്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളത് ഓർക്കാം) .

 അവൻ മരണത്തിൽ നിന്ന്  ഉയിർക്കുന്നതായി മനുഷ്യരെ വിശ്വസിപ്പിക്കും ( സാങ്കേതിക വിദ്യ  ഇത്രയ്ക്കു  പുരോഗമിച്ചതിനാൽ  ഇതൊന്നും  ജനങ്ങളെ വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടില്ല). വിശ്വാസമില്ലാതെ യുക്തിപരമായും ശാസ്ത്രീയമായും മാത്രം കാര്യങ്ങളെ വിലയിരുത്തുന്നവർ ഇതോടെ അവൻറെ ആരാധകരാകും( ഇപ്പോൾ തന്നെ ദൈവത്തേക്കാളും യുക്തിക്കും ബുദ്ധിയ്ക്കും സയൻസിനും പ്രാധാന്യം കൊടുക്കുന്നവരാണു  നല്ലൊരു ശതമാനം ജനങ്ങളും). അവൻ ആകാശത്തുനിന്ന് അഗ്നിയിറക്കും( വളരെ എളുപ്പത്തിൽ ഇതു  സാധിക്കാവുന്ന   വിദ്യകളുണ്ടല്ലോ). താൻ  പ്രപഞ്ചത്തിൻറെ നാഥനാണെന്നു ലോകത്തെ വിശ്വസിപ്പിക്കും ( ദൈവമൊഴികെ  മറ്റെന്തിനെയും ആരാധിക്കാൻ തയാറായിരിക്കുന്ന ഒരു തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന ആശയം). അവൻ ഒരു പ്രതിമയെ ( രൂപത്തെ) കൊണ്ട് സംസാരിപ്പിക്കും.( ഇലൿട്രോണിക് മാധ്യമങ്ങളിൽ വരുന്ന രൂപങ്ങൾ സംസാരിക്കുന്നുണ്ടല്ലോ.  ആയിരക്കണക്കിനു  കിലോമീറ്റർ ദൂരെയിരുന്ന്  ഒരാൾ  സംസാരിക്കുന്നതു  തത്സമയം  നാമെല്ലാം ടി വി യിൽ കാണുന്നില്ലേ?)).  അനേകർ അവൻറെ ഗൂഢവിദ്യയിലും വഞ്ചനയിലും വീഴും ( തീർച്ചയായും വീഴും. കാരണം മനുഷ്യൻറെ മനസ് തിന്മയിലേക്കാണു  ചാഞ്ഞിരിക്കുന്നത്. പാപത്തിനു  വശീകരണശക്തിയുണ്ടല്ലോ). അവൻ ദൈവദൂഷണം പറയുകയും  നിയമങ്ങളും ഉത്സവങ്ങളും  മാറ്റുന്നതിന് ആലോചിക്കുകയും ചെയ്യും. (സാബത്തിനെ നിസാരവൽക്കരിക്കാനുള്ള   ശ്രമങ്ങൾ  ഓർക്കുക.  കാലഗണനയ്ക്ക് AD  എന്നതും BC  എന്നതും മാറ്റി CE എന്നും BCE  എന്നുമാക്കി മാറ്റിയതിൻറെ  പിന്നിൽ പ്രവർത്തിച്ച അരൂപിയെ തിരിച്ചറിയുക).

അവൻ സമ്പൂർണ്ണ നിരീശ്വരവാദിയായിരിക്കും (അല്ലെങ്കിൽ ഇത്ര വലിയ ദൈവനിഷേധം ചെയ്യാൻ കഴിയില്ല).  അവൻ കുരിശിനെ നിഷേധിക്കും.മതപരമായ പ്രതീകങ്ങൾ എല്ലാം നിഷേധിക്കും. (പല  രാജ്യങ്ങളിലും പൊതുസ്ഥലങ്ങളിൽ കുരിശോ  മതപരമായ അടയാളങ്ങളോ  പാടില്ലെന്നു  നിയമം വന്നുകഴിഞ്ഞു.  ആംബുലൻസിൻറെയും ഡോക്ടർമാരുടെയും  അടയാളമായിരുന്ന കുരിശ് ഒരു സുപ്രഭാതത്തിൽ മാറി വടിയിൽ ചുറ്റിയ പാമ്പായത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്?) അവൻ ജുഗുപ്‌സാവഹമായ ആചാരാനുഷ്ടാനങ്ങൾ  കൊണ്ടുവരും (ഉദാഹരണങ്ങൾ ആവശ്യമില്ലല്ലോ).  ജറുസലേം അവൻറെ  രാജധാനി  ആയിരിക്കും. അവൻറെ  യുദ്ധം തന്ത്രപരവും  വശീകരണ സ്വഭാവമുള്ളതും ആയിരിക്കും ( എങ്കിൽ മാത്രമേ   ആദ്യം യഹൂദരെയും  പിന്നീടു  മറ്റു ജനതകളെയും കൈയിലെടുക്കാൻ കഴിയുകയുള്ളൂ).

വിദ്യാഭ്യാസവും  അധ്യാപനവും  നിർബന്ധമായും ദൈവമില്ലാത്തതാകും ( അതു  തുടങ്ങിക്കഴിഞ്ഞു. ഉദാഹരണങ്ങൾ എത്ര  വേണമെങ്കിലും ഉണ്ട്. ‘ മതമില്ലാത്ത ജീവന്’  പ്രാമുഖ്യം വരുന്നതനുസരിച്ച് മനുഷ്യമനസ്സുകളിൽ നിന്നും ദൈവത്തെ പടിയിറക്കാനെളുപ്പമാണ്). മാമോദീസയിൽ നിന്നും വിവാഹ വേദിയിൽ നിന്നും മരണാസന്നരുടെ പക്കൽ നിന്നും  ക്രിസ്തു ബഹിഷ്‌കൃതനാകും. (  മാമോദീസയും വിവാഹവും  വേണ്ടെന്നു  ചിന്തിക്കുന്ന ഒരു തലമുറയുടെ  യാഥാർത്ഥചിത്രം. അന്ത്യകൂദാശയെക്കുറിച്ച്  ആരെങ്കിലും ഇപ്പോൾ  ചിന്തിക്കുന്നുണ്ടോ? അതു  വേണമെന്നുള്ളവർക്കു  ലഭിക്കുന്നുണ്ടോ?). ഭരണനേതാക്കൾ എതിർക്രിസ്തുവിൻറെ മുൻപിൽ മുട്ടുകുത്തും( അധികാരവും പണവും ഉള്ളിടത്തല്ലേ ജനങ്ങൾ നിൽക്കുകയുള്ളൂ)..  ശാസ്ത്രജ്ഞന്മാരും വേദശാസ്ത്രപണ്ഡിതന്മാരും പ്രസംഗകരും  സത്യത്തെ നിരാകരിക്കുകയും  കാലഘട്ടത്തിൻറെ ധാർമികാധപതനങ്ങൾക്കൊപ്പം   സഞ്ചരിക്കാൻ  തുടങ്ങുകയും ചെയ്യും ( ജനങ്ങൾ ഉത്തമമായ  പ്രബോധനത്തിൽ  സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു എന്നും അവർ  തങ്ങളുടെ അഭിരുചിക്കൊത്ത പ്രസംഗകരെ  വിളിച്ചുകൂട്ടും എന്നും  പൗലോസ് ശ്ലീഹ തിമോത്തിയോസിനെ  ഓർമ്മിപ്പിച്ചിരുന്നല്ലോ ). അവൻ എല്ലാവരുടെയും വലതുകൈയിലോ നെറ്റിയിലോ തൻറെ മുദ്ര പതിപ്പിക്കാൻ നിർബന്ധിക്കും ( ഇതേപ്പറ്റി വിശദമായി പിന്നീടു  പ്രതിപാദിക്കുന്നതാണ്).

അവൻറെ നാമസംഖ്യയായ 666 ൻറെ അർത്ഥമെന്തെന്നതു  മുൻ തലമുറകൾക്കു വെളിപ്പെടുത്തപ്പെട്ടു കൊടുത്തിരുന്നില്ല.  വിശുദ്ധ  ഇരണേവൂസ്  ഇതിനെക്കുറിച്ചു  പറയുന്നത് ;’ പരിശുദ്ധാത്മാവ് തികച്ചും രഹസ്യമായി ഒരു അക്കത്തിൽ ഈ നാമം ഒളിപ്പിച്ചിരിക്കുന്നതിൻറെ കാരണം അതിൻറെ അർഥം ആരുമറിയാതെ  തന്നെ സൂക്ഷിച്ചു   തൻറെ പ്രവചനം പൂർത്തീകരിക്കപ്പെടാനും  എതിർക്രിസ്തുവിനെക്കുറിച്ചറിയാനുള്ള മനുഷ്യരുടെ ആകാംക്ഷ  സൂക്ഷിച്ചുകൊണ്ട്  അവൻറെ നാമം വെളിപ്പെടുത്താനുമാണ്’  എന്നാണ്.  ബുദ്ധിയുള്ളവൻ  മൃഗത്തിൻറെ  സംഖ്യ കണക്കുകൂട്ടട്ടെ എന്നാണല്ലോ വെളി. 13:18ലും പറയുന്നത്. 

സമ്പത്ത്  മതത്തിൻറേയും സന്മാർഗത്തിൻറെയും  സ്ഥാനം ഏറ്റെടുക്കും. രാജാക്കന്മാരും പുരോഹിതപ്രമുഖരും  ബിസിനസുകാരാകും. പണം കൈയിലുള്ളവൻ മറ്റുള്ളവരെ  നിയന്ത്രിക്കും ( നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ   തന്നെ). മനുഷ്യവംശത്തെ രക്ഷിക്കാനെന്ന വ്യാജേന എതിർക്രിസ്തു   ആഹ്വാനങ്ങൾ നൽകുമ്പോൾ  എല്ലാ മതങ്ങളിലുമുള്ള  അവൻറെ  അനുയായികൾ  ഒന്നാകും ( കാരണം അവൻ അവർക്കു വാഗ്ദാനം ചെയ്യുന്നത്  ദൈവത്തെ മാറ്റിനിർത്തിക്കൊണ്ട്,  ഭൂമിയിൽ തന്നെയുള്ള, ഒരു സ്വർഗമാണ്).

അവൻ കൊണ്ടുവരുന്ന മതപീഡനം പൊതുവെയും  ലോകമെങ്ങും സംഭവിക്കുന്നതുമായിരിക്കും. വിശുദ്ധ ആഗസ്തീനോസ് തൻറെ ‘ ദൈവത്തിൻറെ നഗരം’ എന്ന കൃതിയിൽ പറയുന്നത് അവിശ്വാസികൾ, നാസ്തികർ,  വിഭാഗീയചിന്താഗതിക്കാർ, നിരാകരിക്കപ്പെട്ടവർ എന്നിവർ  എതിർക്രിസ്തുവിനോടു  സഖ്യം ചേർന്നു  വിശുദ്ധജനത്തോടും ദൈവത്തോടു  വിശ്വസ്തത പുലർത്തുന്നവരോടും യുദ്ധം ചെയ്യുമെന്നാണ്.

ആ  പീഡനം  അതിക്രൂരമായിരിക്കും. കാരണം  അതു  ദൈവത്തിന് എതിരായിട്ടുള്ളതാണ്.  അവൻ യഹൂദരെ പ്രീതിപ്പെടുത്താനായി ജെറുസലേം ദൈവാലയം  പുനർനിർമ്മിക്കും. അവിടെ യഹൂദരീതിയിലുള്ള ബലികൾ  കുറച്ചുകാലത്തേക്കു നടക്കും. അവൻ  വിശുദ്ധഗ്രന്ഥത്തിൽ അതി നിപുണനായിരിക്കും.  പ്രകൃതി ശാസ്ത്രത്തിലും അവൻ  വിദഗ്ദനായിരിക്കും.അവൻ മനുഷ്യരെ ലൈംഗിക അരാജകത്വവും ഭോഗാസക്തിയും  അനിയന്ത്രിതമായി അനുവദിച്ചുകൊണ്ടു   ലഹരിപിടിപ്പിക്കും. അവൻറെ പീഡനങ്ങളിൽ നിന്നു  രക്ഷപെടാനായി  അനേകം ക്രിസ്ത്യാനികൾ വിശ്വാസം ഉപേക്ഷിക്കും.

ലോകത്തിലെ ഏറ്റവും വലിയ ധനവാനും അവനായിരിക്കും. വിശ്വാസത്തെ പ്രതി അനേകം പേർ  രക്തസാക്ഷികളാകും.  ഒരു ഗണം  പുരോഹിതർ   അവൻറെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഒളിക്കുകയും  ദൈവം  ഈ സങ്കേതങ്ങളെ പീഡകരുടെ അന്വേഷണങ്ങളിലും ജാഗ്രതയിലും നിന്നു  രക്ഷിക്കുകയും സാത്താൻ അവരെ കണ്ടുപിടിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും എന്നു  വിശുദ്ധ ആഗസ്തീനോസ് പറയുന്നു. എല്ലായിടവും  അവൻറെ നിയന്ത്രണത്തിലായാൽ അവൻ ക്രൂരമായ  ആക്രമണം അഴിച്ചുവിടും. തൻറെ പ്രതിമയെയോ ഛായാചിത്രത്തെയോ ആരാധിക്കാൻ ജനങ്ങളോടു  കല്പിക്കും. 

ഇതൊക്കെ വായിക്കുമ്പോഴും   ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു  ചിന്തിക്കുന്ന ശുദ്ധാത്മാക്കളുണ്ടാകും.  അവരുടെ അറിവിലേക്കായി  പറയാം. ഒരു  ആഗോള ഭരണകൂടം എന്നതു  രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഏകലോക കറൻസിയും ഏകലോക മതവും   

 അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.  ഏകലോകമതത്തിൻറെ മുഖമുദ്ര ആഗോളസഹോദര്യം ആയിരിക്കും. ഇപ്പോൾ ഉള്ള മതങ്ങൾ എല്ലാം  ഒരുമിച്ച് ഒരു ലക്ഷ്യത്തിലേക്കാണു  പ്രയാണം ചെയ്യുന്നതെന്ന വ്യാജം വിശ്വസിച്ചുകഴിഞ്ഞാൽ  പിന്നെ ഒരു മതം മതിയല്ലോ.  മാനവസ്നേഹം ആയിരിക്കും ആ മതത്തിൻറെ മുദ്രാവാക്യം.  അതിൽ ദൈവത്തിനു  സ്ഥാനമുണ്ടാകില്ല.  പാപം എന്നൊരു കാര്യമേ ഉണ്ടാകില്ല. സ്വവർഗബന്ധവും വ്യഭിചാരവും കൊലപാതകവും ഗർഭച്ഛിദ്രവുമൊക്കെ അംഗീകരിക്കുന്ന നിയമങ്ങൾ ലോകത്തിലെ ഗവണ്മെന്റുകളും മതങ്ങളും  അംഗീകരിക്കുന്നതുകാണുമ്പോൾ മനസിലാക്കേണ്ടത് അവയെല്ലാം ഒരു ഏകോലോക മതത്തിലേക്കുള്ള  അവസാനത്തെ പടികളാണെന്നാണ് .

ആഗോള സാഹോദര്യം,  ആഗോളപൗരത്വം. അതിർത്തികളില്ലാത്ത ലോകം, അനിയന്ത്രിതമായ രാജ്യാന്തരകുടിയേറ്റം, ഐക്യരാഷ്ട്രസഭ, ലോകാരോഗ്യസംഘടന, യുനെസ്കോ, യൂണിസെഫ്, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി,  ലോകവ്യാപാരസംഘടന, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നൊക്കെ  കേൾക്കുമ്പോൾ അവയെല്ലാം തന്നെ നമ്മുടെ  ദേശീയസർക്കാരുകളുടെയോ ദേശീയനിയമങ്ങളുടെയോ പരിധിക്കുള്ളിലല്ല  പ്രവർത്തിക്കുന്നത് എന്നു  നമുക്കറിയാം. മൈക്രോസോഫ്റ്റും. ഗൂഗിളും ആപ്പിളും ട്വിറ്ററും ഫേസ്ബുക്കും ഒന്നും ദേശീയനിയമങ്ങൾ  കാര്യമാക്കുന്നതേയില്ല.  ലോകത്തിലെ ഏതാനും ചില സമ്പന്നന്മാരുടെ ആസ്തി പല ലോകരാജ്യങ്ങളുടെയും   മൊത്തം  വരുമാനത്തിലും  കൂടുതലാണ്. ഉദാഹരണത്തിന്   മുകേഷ് അംബാനിയുടെ ആസ്തി നേപ്പാളിൻറെ ജി. ഡി. പി. യുടെ മൂന്നിരട്ടി വരും. ബിൽ  ഗേറ്റ്സിൻറെയും  മെലിൻഡയുടെയും  സമ്പത്ത് ശ്രീലങ്ക, മൗറിഷ്യസ്, കോംഗോ എന്നീ മൂന്നുരാജ്യങ്ങളുടെ ആകെ ജി ഡി പി യെക്കാൾ കൂടുതലാണ്.  

എതിർക്രിസ്തു തൻറെ സമ്പത്ത്, പ്രതാപം, അധികാരം,  ജനങ്ങളുടെ സുഖാസക്തിയെ  സന്തോഷിപ്പിക്കുന്ന നിയമങ്ങൾ, ആശയവിനിമയപാടവം, വിവരസാങ്കേതികവിദ്യ, എന്നിവയും അതിനേക്കാളുപരിയായി തനിക്കു   സാത്താൻ നേരിട്ടു നൽകിയ കഴിവുകളും ഉപയോഗിച്ചു പരമാവധി  മനുഷ്യരെ ദൈവത്തിൽ നിന്നകറ്റി നിത്യനരകത്തിനർഹനാക്കാൻ ശ്രമിക്കും.   അവനെക്കുറിച്ചു വിശുദ്ധഗ്രന്ഥം വ്യക്തമായ സൂചനകൾ  നല്കിയിരിക്കുന്നതിൻറെ ഉദ്ദേശം അവസാന തലമുറയിൽ  പെട്ട നാം അവൻറെ  പ്രലോഭനങ്ങളിലും കെണിയിലും വീണുപോകാതിരിക്കാൻ വേണ്ടിയാണ്.  നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം.

(തുടരും)