അവൻ വീണ്ടും വരുന്നു – അധ്യായം 2

മുൻലക്കത്തിൽ  ആമുഖമായി സൂചിപ്പിച്ചതുപോലെ  കർത്താവായ യേശുക്രിസ്തുവിൻറെ  മഹത്വപൂർണമായ രണ്ടാം വരവ് എന്ന വിശ്വാസസത്യത്തെ  അവിശ്വസിക്കുന്ന അനേകം പേരുള്ള ഒരു കാലഘട്ടത്തിലാണു   നാം ജീവിക്കുന്നത്.   ഇതു മുന്നിൽക്കണ്ടുകൊണ്ടുതന്നെ അവിശ്വാസികൾക്കും വിശ്വാസികൾക്കും ഒരുപോലെ ബാധകമായ  ഒരുപിടി അടയാളങ്ങൾ  യുഗാന്ത്യകാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർക്കായി നമ്മുടെ കർത്താവു     പ്രവചിച്ചിട്ടുണ്ട്.   സാമാന്യബുദ്ധികൊണ്ടുതന്നെ  ആർക്കും ഗ്രഹിക്കാവുന്ന വിധത്തിൽ അത്ര വ്യക്തമായ അടയാളങ്ങളാണ് അവിടുന്നു   പ്രവചിച്ചിരിക്കുന്നത്. ദൈവവചനത്തിനു   മാറ്റമില്ല എന്നു  നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ  നമുക്കുചുറ്റും  അരങ്ങേറുന്ന  സംഭവവികാസങ്ങളെ   ബൈബിളിൻറെ കാഴ്ചപ്പാടിലൂടെ  വീക്ഷിക്കേണ്ട കാലമാണിത്. യേശുവിൻറെ  രണ്ടാമത്തെ ആഗമനത്തിൻറെയും യുഗാന്തത്തിൻറെയും മുന്നോടിയായി സംഭവിക്കും എന്ന് അവിടുന്നു  പ്രവചിച്ചിട്ടുള്ളവ എന്തൊക്കെയാണ് എന്ന് നമുക്കു  ശ്രദ്ധിക്കാം.

1. ക്രിസ്തുശിഷ്യൻമാരെ  വഴിതെറ്റിക്കാൻ പലരും വരും. അവരെ സൂക്ഷിക്കണം.

2. അനേകർ  ക്രിസ്തുവിൻറെ  നാമത്തിൽ വന്നു   താൻ  ക്രിസ്തുവാണെന്നു  പറയുകയും മനുഷ്യരെ  വഴിതെറ്റിക്കുകയും ചെയ്യും.

3.യുദ്ധങ്ങളെപ്പറ്റി കേൾക്കും. അവയെപ്പറ്റിയുള്ള കിംവദന്തികളും  കേൾക്കും.

4. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും  ഉണർന്നെഴുന്നേൽക്കും

5. ക്ഷാമങ്ങളും ഭൂകമ്പങ്ങളും  പല  സ്ഥലങ്ങളിലും ഉണ്ടാകും.

ഇത്രയും കാര്യങ്ങൾ  പറഞ്ഞതിനുശേഷം  യേശു പറയുന്നത് ഇതെല്ലം ഈറ്റുനോവിൻറെ ആരംഭം  മാത്രമാണെന്നാണ് ( മർക്കോസ്  13:8).  പ്രസവം അടുക്കുംതോറും  തീവ്രതയും ആവൃത്തിയും  ( frequency)  കൂടിക്കൂടിവരും എന്നതാണല്ലോ പ്രസവവേദനയുടെ പ്രത്യേകത. അതിൻറെയർത്ഥം  മുകളിൽപ്പറഞ്ഞ അടയാളങ്ങൾ  കാണുമ്പോൾ നാം മനസിലാക്കേണ്ടത് അവയുടെ എണ്ണവും തീവ്രതയും ഇനിയുള്ള  നാളുകളിൽ  കൂടുതലായിരിക്കും എന്നാണ്.

തുടർന്നുവരുന്ന അടയാളങ്ങളും ശ്രദ്ധിക്കുക.

6. ക്രിസ്തുവിശ്വാസികളെ മറ്റുള്ളവർ പീഡനത്തിന് ഏല്പിച്ചുകൊടുക്കും

7. ക്രിസ്തുവിശ്വാസികളെ  ശത്രുക്കൾ വധിക്കും

8.. യേശുവിൻറെ  നാമം നിമിത്തം സർവ ജനങ്ങളും  വിശ്വാസികളെ ദ്വേഷിക്കും.

9. അനേകർ വിശ്വാസം ഉപേക്ഷിക്കും

10. ഒരിക്കൽ വിശ്വാസികൾ ആയിരുന്നവർ തന്നെ പരസ്പരം  ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.

11. നിരവധി വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട്  അനേകരെ വഴിതെറ്റിക്കും

12.  അധർമം വർദ്ധിക്കുന്നതിനാൽ പലരുടെയും സ്നേഹം തണുത്തുപോകും.

13. അവസാനം വരെ ക്ഷമിച്ചുനിൽക്കുന്നവൻ  രക്ഷിക്കപ്പെടും.

14. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ  സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും.

15. വിനാശത്തിൻറെ  അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്ത് നിൽക്കുന്നത് നാം കാണും.

16. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും  ദുരിതപൂർണ്ണമായ കാലങ്ങൾ ആയിരിക്കും അത്.

17. വിശ്വാസികൾക്കു   രക്ഷപ്പെടാനായി പലായനം ചെയ്യേണ്ടിവരും.

18. ആ പലായനം ശീതകാലത്തോ സാബത്തിലോ  ആകാതിരിക്കാൻ നാം പ്രാർത്ഥിക്കണം.

19. ലോകാരംഭം മുതൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തതും  ഇനി ഉണ്ടാകാൻ ഇടയില്ലാത്തതുമായ  ഉഗ്രപീഡനം അന്നുണ്ടാകും

20. തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി പീഡനത്തിൻറെ  കാലയളവു  പരിമിതപ്പെടുത്തും

21.കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും.

22. അവർ സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും  വഴിതെറ്റിക്കത്തക്ക  വിധം വലിയ അത്ഭുതങ്ങളും അടയാളങ്ങളും  കാണിക്കും.

23. യേശു മരുഭൂമിയിൽ അല്ലെങ്കിൽ മുറിക്കുള്ളിൽ  ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ നാം വിശ്വസിക്കരുത്.

24.പീഡനങ്ങളുടെ   ഒരു കാലഘട്ടത്തിനുശേഷം  പൊടുന്നനെ സൂര്യൻ ഇരുണ്ടുപോകും.

25. ചന്ദ്രൻ  പ്രകാശം തരുകയില്ല.

26. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നു  നിപതിക്കും

27. ആകാശശക്തികൾ ഇളകും

28. ആകാശത്തിൽ മനുഷ്യപുത്രൻറെ   അടയാളം പ്രത്യക്ഷപ്പെടും

29. ക്രിസ്തുവിശ്വാസികളെ ന്യായാധിപസംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകായും സിനഗോഗുകളിൽ വച്ച്  പ്രഹരിക്കുകയും ചെയ്യും

30.ദേശാധിപതികളുടെയും  രാജാക്കന്മാരുടെയും മുൻപാകെ   യേശുവിനു  സാക്ഷ്യംനൽകാൻ നാം നിൽക്കും

31.സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്പിച്ചുകൊടുക്കും.

32.മക്കൾ മാതാപിതാക്കന്മാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും.

33. പല സ്ഥലങ്ങളിലും പകർച്ചവ്യാധികൾ ഉണ്ടാകും

34.ഭീകരസംഭവങ്ങളും ആകാശത്തു നിന്നു  വലിയ അടയാളങ്ങളും ഉണ്ടാകും

35. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും  അടയാളങ്ങൾ പ്രത്യക്ഷപ്പെടും

36. കടലിൻറെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ  സംഭ്രമമുളവാക്കും

37. യുഗാന്ത്യത്തിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ  അനേകരുടെ മനസു  ദുർബലമാകാൻ സാധ്യതയുണ്ട്.

മേൽപ്പറഞ്ഞവയെല്ലാം  മത്തായി, മർക്കോസ്, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിൽ നിന്നുള്ള ഉദ്ധരണികളാണ്. ( അധ്യായങ്ങൾ : മത്തായി:24,   മർക്കോസ്  :13 , ലൂക്കാ 21).

അന്ത്യകാലത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ കിട്ടണമെങ്കിൽ നാം സുവിശേഷത്തിനു പുറമെ ദാനിയേൽ പ്രവാചകൻറെ  പുസ്തകവും വെളിപാടു  പുസ്തകവും നിർബന്ധമായി വായിച്ചിരിക്കണം. കൂടാതെ പത്രോസ്, പൗലോസ്,   യോഹന്നാൻ, എന്നിവരുടെ ലേഖനങ്ങളും  ഏശയ്യാ, ജെറമിയ, എസക്കിയേൽ, ജോയേൽ,  സെഫാനിയ ,ആമോസ് തുടങ്ങിയ പ്രവാചകന്മാരുടെ  പുസ്തകങ്ങളും  അന്ത്യകാലസംഭവങ്ങളെ  അതിൻറെ   യഥാർത്ഥ രൂപത്തിൽ വിലയിരുത്താൻ  നമ്മെ സഹായിക്കും എന്നതുകൊണ്ട്  നമുക്ക് അവയും പരിശോധിക്കേണ്ടിയിരിക്കുന്നു.

( തുടരും)