കഴിഞ്ഞ അധ്യായത്തിൽ നാം അവസാനിപ്പിച്ചത് യുഗാന്ത്യകാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന എതിർക്രിസ്തു (Antichrist) വിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്.എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളിലൊന്നായി വിശുദ്ധഗ്രന്ഥം പറയുന്നത് അവൻ നിരന്തരദഹനബലി നിരോധിക്കും എന്നാണ്. യഹൂദന്മാരുടെ ജെറുസലേം ദൈവാലയത്തിൽ നിരന്തര ദഹനബലി നടന്നുകൊണ്ടിരുന്ന കാലത്തേക്കുള്ള പ്രവചനമായിരുന്നില്ല ഇത്. മറിച്ച് യേശുക്രിസ്തുവിൻറെ കുരിശുമരണത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയ ബലിയാകുന്ന പരിശുദ്ധകുർബാനയെക്കുറിച്ചാണ് ഈ പരാമർശം. പരിശുദ്ധകുർബാന നിരോധിക്കപ്പെടുന്ന ഒരു കാലമുണ്ടാകുമെന്നു പറഞ്ഞാൽ മാസങ്ങൾക്കു മുൻപുവരെ ഒരു ക്രിസ്ത്യാനിയും വിശ്വസിക്കുമായിരുന്നില്ല. കോവിഡിൻറെ പേരു പറഞ്ഞ് ഇപ്പോൾ അതു സാധിച്ചെങ്കിൽ വരുംകാലങ്ങളിൽ പ്രത്യേകിച്ചൊരു കാരണവും പറയാതെ തന്നെ പരിശുദ്ധകുർബാന നിരോധിക്കപ്പെടാൻ സാധ്യതകൾ ഏറെയുണ്ട്. പരിശുദ്ധകുർബാന നടക്കുന്നയിടങ്ങളിൽപ്പോലും അതിൻറെ ബലിഭാവം നിഷേധിച്ചുകൊണ്ട് അതു വെറുമൊരു തിരുവത്താഴസ്മരണ മാത്രമാക്കി ചുരുക്കാനുള്ള ശ്രമങ്ങൾ പലക്രിസ്തീയസഭകളിലും ദൃശ്യമാണുതാനും.
പരിശുദ്ധകുർബാന എന്നത് യേശുവിൻറെ ശരീരരക്തങ്ങളാണെന്നും അവ ജീവനും സൗഖ്യവും നല്കുന്നവയാണെന്നും രോഗം പരത്തുന്നവയല്ല എന്നുമുള്ള ബോധ്യം എപ്പോഴാണ് ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ നിന്നു നഷ്ടപ്പെട്ടത്? പരിശുദ്ധകുർബാന നാവിൽ കൊടുത്താൽ കോവിഡ് പകരും എന്ന പച്ചക്കള്ളം വിശ്വസിക്കുന്നവരായി വൈദികരടക്കം നല്ലൊരുപങ്ക് ക്രിസ്ത്യാനികൾ മാറിയെങ്കിൽ അവർക്കു നിരന്തരദഹനബലിയായ പരിശുദ്ധകുർബാനയെക്കുറിച്ച് അത്രയുമേ മതിപ്പ് ഉള്ളോ? പരിശുദ്ധ കുർബാന അപ്പാടെ വേണ്ടെന്നുവച്ചാലും പ്രതികരിക്കാത്ത ഒരു വർഗ്ഗമായി ക്രിസ്ത്യാനികളെ എത്രയെളുപ്പത്തിൽ മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്നു ചിന്തിക്കുക. അതിൻറെ പിറകിൽ സഭയ്ക്കുള്ളിൽ നിന്നുതന്നെയുള്ള വ്യാജപ്രബോധകരും സഭയ്ക്കു പുറത്തുനിന്നുള്ള ക്രിസ്തുവിരോധികളും പങ്കുവഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.
ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം ദൈവാലയത്തിൻറെ നാശവും നിരന്തര ദഹനബലി നിർത്തലാക്കപ്പെടുന്നതും വിനാശത്തിൻറെ മ്ലേച്ഛവിഗ്രഹം ദൈവാലയത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നതും എല്ലാം റോമൻ സൈന്യം ജെറുസലേം കീഴടക്കിയതിനെക്കുറിച്ചാണെന്നും അവയൊന്നും അന്ത്യകാലവുമായി ബന്ധപ്പെട്ടവയല്ല എന്നുമുള്ള വ്യാജപ്രബോധനങ്ങൾ നൽകുന്നവർ ഇക്കാലത്തുമുണ്ട് എന്നതാണ് . അവർ മറന്നുപോകുന്ന കാര്യം ജെറുസലേം ദൈവാലയം AD 70 ൽ തകർക്കപ്പെട്ടു എന്നും വെളിപാടുപുസ്തകം AD 95 കാലഘട്ടത്തിലാണ് എഴുതപ്പെട്ടത് എന്നുമാണ്. AD 75നും 90നും ഇടയ്ക്കു രചിക്കപ്പെട്ടു എന്നുകരുതുന്ന മത്തായിയുടെ സുവിശേഷത്തിലെ ( പി ഒ സി ബൈബിളിലെ സുവിശേഷത്തിൻറെ ആമുഖത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട് ) ഇരുപത്തിനാലാം അധ്യായം പതിനഞ്ചാം തിരുവചനം പറയുന്നു; ‘ ദാനിയേൽ പ്രവാചകൻ പ്രവചിച്ച വിനാശത്തിൻറെ അശുദ്ധലക്ഷണം കാണുമ്പോൾ — വായിക്കുന്നവർ ഗ്രഹിക്കട്ടെ – യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ”
യേശു ഇതു പറഞ്ഞത് ‘ ഇതെല്ലം എപ്പോൾ സംഭവിക്കുമെന്നും നിൻറെ ആഗമനത്തിൻറെയും യുഗാന്തത്തിൻറെയും അടയാളമെന്താണെന്നും’ ശിഷ്യന്മാർ തന്നോടു ചോദിച്ചപ്പോഴാണ് ( മത്തായി 24:3). മത്തായി 24:15ന് പി ഒ സി ബൈബിളിൽ റെഫറൻസായി അടിക്കുറിപ്പിൽ കൊടുത്തിരിക്കുന്നത് ദാനിയേൽ 9:27 ഉം 11:31ഉം ആണ്. അത് എന്താണെന്നു നോക്കാം.
……….’പകുതി ആഴ്ചത്തേക്കു ബലിയും കാഴ്ചകളും അവൻ നിരോധിക്കും. ദൈവാലയത്തിൻറെ ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകൻറെ മേൽ പതിക്കുന്നതുവരെ അത് അവിടെ നിൽക്കും’ (ദാനിയേൽ 9:27). ”അവൻറെ സൈന്യം വന്നു ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയുംചെയ്യും. അവർ വിനാശത്തിൻറെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും’ (ദാനിയേൽ 11:31).
ഇതിനും പുറമെ ‘യുഗാന്തം’ എന്നുതന്നെ തലക്കെട്ടു കൊടുത്തിട്ടുള്ള പി ഒ സി ബൈബിളിലെ ദാനിയേൽ പന്ത്രണ്ടാം അധ്യായം അവസാനിക്കുന്നതുപോലും ഇതേകാര്യം വീണ്ടും സൂചിപ്പിച്ചുകൊണ്ടാണ്.
‘ നിരന്തരദഹനബലി നിർത്തലാക്കുന്നതും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയിരത്തിഇരുനൂറ്റിതൊണ്ണൂറ് ദിവസം ഉണ്ടാകും” (ദാനിയേൽ 12:11). ദാനിയേൽ പ്രവാചകൻ മൂന്നുതവണ ആവർത്തിക്കുകയും യേശു എടുത്തുപറയുകയും വെളിപാടു പുസ്തകത്തിൽ സൂചനകളിലൂടെ പരാമർശിക്കുകയും ചെയ്യുന്ന ഇക്കാര്യങ്ങൾ AD 70ൽ നിറവേറിയ ജറുസലേമിൻറെ പതനത്തെക്കുറിച്ചാണെന്നു കരുതുന്നതിൽ തന്നെ യുക്തിഭംഗമുണ്ട്. ഇവ തീർച്ചയായും യുഗാന്ത്യത്തിൽ സംഭവിക്കാനുള്ളതു തന്നെയാണ്. അന്ത്യകാലത്തു സഭയെ കാത്തുസംരക്ഷിക്കുന്നത് ദിവ്യകാരുണ്യഭക്തിയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണെന്ന വിശുദ്ധ ഡോൺ ബോസ്‌കോയുടെ ദർശനവും നമുക്കോർക്കാം.
നിരന്തര ദഹനബലിയായ പരിശുദ്ധകുർബാന നിർത്തലാക്കപ്പെടുന്ന ഒരു കാലം വരാനിരിക്കുന്നു എന്ന തിരുവചനം നിവർത്തിയായിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ അതിൻറെ തുടർച്ചയായിത്തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യം കൂടി നാം ശ്രദ്ധിക്കണം. അതു വിനാശത്തിൻറെ മ്ലേച്ഛ വിഗ്രഹം ദൈവാലയത്തിൽ സ്ഥാപിക്കപ്പെടും എന്നതാണ്. ദൈവത്തിൻറെ ആലയമായ നമ്മുടെ ഹൃദയത്തിൽ മ്ലേച്ഛത കയറിപ്പറ്റും എന്നത് ഒരു വശം. പരിശുദ്ധമായ ദൈവാലയങ്ങളിൽ മ്ലേച്ഛമായ വസ്തുക്കൾ സ്ഥാപിക്കുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നതും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. നിഷിദ്ധമായ വിജാതീയ അനുഷ്ടാനങ്ങൾ ക്രിസ്തീയദൈവാലയങ്ങളിൽ അരങ്ങേറുന്നതും ഇതിൻറെ ഭാഗം തന്നെ. കഴിഞ്ഞ കുറച്ചുകാലമായി ആഗോളകത്തോലിക്കാസഭയിലും, ഭാരതസഭയിലും, കേരളസഭയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വിജാതീയ അനുഷ്ടാനങ്ങൾ മാത്രം പരിശോധിച്ചാൽ മതി, കൂടുതൽ വിശദീകരണം ഇല്ലാതെ തന്നെ ആർക്കും മനസിലാകുന്ന കാര്യം ആണിത്. ഭൂമി അമ്മയാണെന്നും മറ്റുമുള്ള ക്രൈസ്തവവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് അക്രൈസ്തവരോ, സാധാരണ ക്രിസ്തീയവിശ്വാസികളോ അല്ല എന്നും നമുക്കറിയാം. ജ്ഞാനികളിൽ ചിലർ വീഴും എന്നു തിരുവചനം മുന്നറിയിപ്പു തരുന്നതു ജ്ഞാനികൾ എന്നു സ്വയം അഭിമാനിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്.
ഇത്രയും പറഞ്ഞതിൻറെ സാരം ഒന്നു മാത്രം. യേശുക്രിസ്തുവിൻറെ മഹത്വപൂർണ്ണമായ ദ്വിതീയാഗമനം ആസന്നമായിരിക്കുന്നു. അതു ക്രിസ്ത്യാനികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ലോകത്തിലുള്ള സകല മനുഷ്യരെയും ബാധിക്കുന്നതും അവരുടെ നിത്യഭാഗധേയം നിർണ്ണയിക്കപ്പെടുന്നതുമായ സമയമായിരിക്കും അത്. ആ മഹാദിനത്തിനുവേണ്ടി ഒരുങ്ങാനുള്ള അന്തിമവിനാഴികകളിലാണു നാം ഇപ്പോൾ ജീവിക്കുന്നത് എന്നാണു നാം കാണുന്ന അടയാളങ്ങളുടെയെല്ലാംഅർത്ഥം. അതുതന്നെയാണ് ഈ ലേഖനം ഇപ്പോൾ എഴുതി പ്രസിദ്ധീകരിക്കാനുള്ള കാരണവും.
എതിർക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ പ്രഥമമായി നാം മനസിലാക്കേണ്ട കാര്യം അവൻ തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് മടങ്ങിവരുന്ന ക്രിസ്തുവായിട്ടായിരിക്കും എന്നതാണ്. അതാണല്ലോ മതപരമായ പരമവഞ്ചന. അതിനായി അവൻ ക്രിസ്തുവിനെ എല്ലാക്കാര്യത്തിലും അനുകരിക്കാൻ ശ്രമിക്കും. ക്രിസ്തു ദൈവികശക്തിയാൽ ചെയ്ത കാര്യങ്ങളെല്ലാം അവനും ചെയ്യുന്നതായി ലോകർക്കു തോന്നും. അത് പൈശാചികശക്തിയുടെ പ്രവർത്തനമായിരിക്കും എന്നതാണു സത്യം. പല വിശുദ്ധരും പറഞ്ഞിട്ടുള്ളത് അവൻ യഹൂദരെയും ക്രിസ്ത്യാനികളെയും ഒരേപോലെ പാട്ടിലാക്കും എന്നാണ്. യഹൂദരെ പാട്ടിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അവർക്കു ജെറുസലേം ദൈവാലയം പുനർനിർമ്മിച്ചുകൊടുക്കുക എന്നതാണല്ലോ. ഇരുപതു നൂറ്റാണ്ടുകളായി യഹൂദർക്കു ദൈവാലയമില്ല എന്നു നമുക്കറിയാം. ഒരു രാഷ്ട്രീയമായ ഒത്തുതീർപ്പിലൂടെ ഇസ്രായേൽ- പലസ്തീൻ തർക്കത്തിന് അന്ത്യം വരുത്താനും അതോടൊപ്പം ജെറുസലേം ദൈവാലയം പുനർനിർമ്മിക്കാനും ഉള്ള ശ്രമങ്ങൾ സജീവമാണ്. അതിൻറെ പിറകിലുള്ളത് എതിർക്രിസ്തുവിൻറെ അരൂപിയുടെ പ്രവർത്തനമാണ്. ദൈവാലയം പണികഴിപ്പിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പണി പൂർത്തീകരിക്കാനുള്ള സാധനസാമഗ്രികൾ, വിശദമായ പ്ലാനും ഡ്രോയിങ്ങും അടക്കം ഇപ്പോഴേ തയ്യാറാണ് എന്നും നമുക്കറിയാം.
ഇനി ശ്രദ്ധിക്കുക. എതിർക്രിസ്തുവിൻറെ ആഭിമുഖ്യത്തിലും ഉത്സാഹത്തിലും ഒപ്പിടുന്നതും ഇസ്രായേൽ ഉൾപ്പെടുന്നതുമായ ഒരു സമാധാനസന്ധിയുടെ ഭാഗമായി ജെറുസലേം ദൈവാലയം അതിൻറെ പഴയ സ്ഥാനത്തുതന്നെ പുനർനിർമ്മിക്കാൻ അനുവാദം കിട്ടുകയും നേരത്തെതന്നെ എല്ലാ ഒരുക്കങ്ങളും നടത്തിയിരിക്കുന്നതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ദൈവാലയം പണിതീർത്തു പ്രതിഷ്ഠാകർമ്മം നടത്തുകയും ചെയ്താൽ യഹൂദരെല്ലാവരും എതിർക്രിസ്തുവിനെ തങ്ങൾ നൂറ്റാണ്ടുകളായി കാത്തിരുന്ന മിശിഹാ ആയി അംഗീകരിക്കും എന്നു തീർച്ചയാണ്. എന്നാൽ ക്രിസ്ത്യാനികളോ? എതിർക്രിസ്തു അവരെ വീഴിക്കുന്നത് പുതിയനിയമം ഉദ്ധരിച്ചുകൊണ്ടുതന്നെയായിരിക്കും. ‘ നിങ്ങൾ ഈ ദൈവാലയം നശിപ്പിക്കുക. മൂന്നു ദിവസം കൊണ്ടു ഞാൻ അതു വീണ്ടും നിർമ്മിക്കും’ എന്നു പറഞ്ഞ ഒരേയൊരാളേ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അത് യേശുക്രിസ്തുവാണെന്നു നമുക്കറിയാം. അവൻ പറഞ്ഞതു ജെറുസലേം ദൈവാലയത്തെക്കുറിച്ചല്ല, തൻറെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചാണെന്നും നമുക്കറിയാം.
ബൈബിൾ വായിക്കാനോ പഠിക്കാനോ ഒരു താല്പര്യവും കാണിക്കാത്ത ശരാശരി ക്രിസ്ത്യാനിയോട് ( സംശയിക്കേണ്ട, ഇന്നു ലോകത്തിലുള്ള ക്രിസ്ത്യാനികളിൽ നല്ലൊരു പങ്ക് ഈ വിഭാഗത്തിൽ ഉൾപ്പെടും) യേശുക്രിസ്തു പ്രവചിച്ചത് ജെറുസലേം ദൈവാലയത്തെക്കുറിച്ചുതന്നെയാണെന്നും അതു പ്രവചനമനുസരിച്ചു മൂന്നു ദിവസം കൊണ്ടു പുനർനിർമ്മിച്ച ഈ വ്യക്തി സ്വർഗത്തിൽ നിന്നു തിരികെ വന്ന യേശുക്രിസ്തു തന്നെ ആണെന്നും പറഞ്ഞാൽ അതു സമ്മതിക്കാനുള്ള വിശ്വാസവും ബുദ്ധിയുമേ അവർക്കുള്ളൂ എന്നു പറയുന്നത് അവരെ പരിഹസിക്കാനല്ല. ആരെന്തു പറഞ്ഞാലും വിശ്വസിക്കാൻ പാകത്തിൽ നമ്മുടെ വിശ്വാസനിലവാരവും എന്തിനു ബൗദ്ധികനിലവാരം പോലും പരിതാപകരമായിത്തീർന്നിരിക്കുന്നു എന്നതാണു സത്യം. അതുകൊണ്ടാണല്ലോ ഖുറാനിലെ ഈസാനബിയും ബൈബിളിലെ യേശുക്രിസ്തുവും ഒന്നാണെന്നു ദൈവശാസ്ത്രജ്ഞന്മാരെന്ന് അവകാശപ്പെടുന്നവർ പറയുമ്പോൾ ക്രിസ്ത്യാനികൾ അതു കണ്ണുമടച്ചു വിഴുങ്ങുന്നത്.
എതിർക്രിസ്തു സ്വയം വെളിപ്പെടുത്തുന്നതിനെക്കുറിച്ചും അവൻറെ പ്രവർത്തനങ്ങളെക്കുറിച്ചും ചില കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ നാം അടുത്ത അധ്യായത്തിൽ ചർച്ച ചെയ്യുന്നതാണ്.
( തുടരും)