യുഗാന്ത്യത്തെക്കുറിച്ചു തിരുവചനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ പഠനത്തിൽ നാം ഒരു പ്രധാനവഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഇതുവരെ നാം ചിന്തിച്ചതു കർത്താവിൻറെ രണ്ടാം വരവിനു മുന്നോടിയായി സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള അടയാളങ്ങളെക്കുറിച്ചാണ്. യുദ്ധം, ക്ഷാമം, പീഡനം. പ്രകൃതിക്ഷോഭങ്ങൾ, ആകാശത്തിലും ഭൂമിയിലും സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങൾ, വ്യാപകമായ വിശ്വാസത്യാഗം, വ്യാജപ്രവാചകന്മാരുടെ വെളിപ്പെടൽ എന്നിവയ്‌ക്കൊപ്പം നാം പരാമർശിച്ച ഒരു വിഷയം അനേകം വ്യാജക്രിസ്തുമാർ ലോകത്തിൽ പ്രത്യക്ഷപ്പെടും എന്നതായിരുന്നല്ലോ. ‘ ഞാനാണ് എന്നു പറഞ്ഞു പലരും എൻറെ നാമത്തിൽ വരും. അവർ അനേകരെ വഴിതെറ്റിക്കും;( മർക്കോസ് 13:6) എന്നു പറഞ്ഞുകൊണ്ടു ക്രിസ്തു തന്നെ അവസാനകാലത്തു പ്രത്യക്ഷപ്പെടാനിരിക്കുന്ന വ്യാജക്രിസ്തുമാരെക്കുറിച്ചു നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എന്നാൽ മേൽപ്പറഞ്ഞ അനേകം വ്യാജക്രിസ്തുമാരിൽ നിന്നു വ്യത്യസ്തനായ ഒരാളെക്കുറിച്ചും ബൈബിൾ പ്രസ്താവിക്കുന്നുണ്ട്. യുഗാന്ത്യകാലത്തു പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിർക്രിസ്തു ( Antichrist) എന്ന ആ ക്രിസ്തുവിരോധിയെക്കുറിച്ചും അല്പം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന് എതിർനിൽക്കുന്നവൻ എന്ന അർത്ഥത്തിലുള്ള Antichrist എന്ന വാക്കിൻറെ തെറ്റായ വിവർത്തനമാണ് അന്തിക്രിസ്തു എന്നത്. ശരിയായ വിവർത്തനം എതിർക്രിസ്തു എന്നായതിനാൽ ഈ ലേഖനത്തിൽ ആ സംജ്ഞയാണ് ഉപയോഗിക്കുന്നത്.
ആരാണ് എതിർക്രിസ്തു? ലോകത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കുന്ന സ്വേച്ഛാധിപതിയായ ഒരു വ്യക്തി എന്നോ ഭരണകേന്ദ്രം എന്നോ അവനെ വിശേഷിപ്പിക്കാം. എല്ലാ മതങ്ങളെയും രാഷ്ട്രങ്ങളെയും അവൻ തൻറെ വരുതിയിൽ കൊണ്ടുവരും. അവൻറെ മുഖമുദ്ര ചതിയായിരിക്കും. അവൻ്റെ ഹൃദയം എല്ലായ്‌പ്പോഴും ദൈവത്തിൻറെ നിയമത്തിനെതിരെ മാത്രമേ നിൽക്കുകയുള്ളൂ. അവൻ നിരന്തരദഹനബലി (അതായത് പരിശുദ്ധകുർബാന ) നിരോധിക്കും. ദൈവവുമായുള്ള വിശുദ്ധ ഉടമ്പടി ലംഘിച്ചവരായിരിക്കും അവൻറെ ഉപദേശകർ. അവർ ദൈവാലയവും പരിസരങ്ങളും അശുദ്ധമാക്കും.
അന്ത്യകാലത്തെക്കുറിച്ചു കുറച്ചെങ്കിലും ബോധ്യമുള്ളവർക്ക് ഈ സൂചനകൾ എല്ലാം മനസിലാക്കാൻ എളുപ്പമാണ്. രാഷ്ട്രീയ നേതാവായോ, പട്ടാളമേധാവിയായോ, രാജ്യതന്ത്രജ്ഞനായോ ആത്മീയനേതാവായോ ഒക്കെ അവൻ വരാം. ഒരു പക്ഷെ ഇതെല്ലം ഒരുമിച്ചു ചേർന്ന ഒരു വ്യക്തിയോ അധികാരകേന്ദ്രമോ ആയിരിക്കാം എതിർക്രിസ്തു. അവൻ ആരെന്നതിനേക്കാൾ ഉപരിയായി നാം മനസിലാക്കേണ്ടത് അവൻറെ വഞ്ചനയുടെ നിഴൽ ഇപ്പോൾ തന്നെ ലോകമെങ്ങും പരന്നിട്ടുണ്ടെന്നാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യം പഠിപ്പിക്കുന്നതു നോക്കുക; ‘ മനുഷ്യരുടെ പ്രശ്നങ്ങൾക്കു പ്രത്യക്ഷമായ ഒരു പരിഹാരമാർഗം മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനു കൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന എതിർക്രിസ്തുവിൻറേതായിരിക്കും. മനുഷ്യൻ ദൈവത്തിൻറെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്തു തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് അത്’ ( ഖണ്ഡിക 675).
‘യുഗാന്ത്യപരമായ വിധിയിലൂടെ ചരിത്രത്തിനതീതമായി മാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന മെസിയാനിക പ്രത്യാശയെ ചരിത്രത്തിൽ തന്നെ സാക്ഷാത്കരിക്കാമെന്ന് അവകാശപ്പെടുന്ന ഓരോ പ്രാവശ്യവും എതിർക്രിസ്തുവിൻറെ വഞ്ചനയുടെ നിഴൽ ലോകത്തിൽ പടർന്നുതുടങ്ങുന്നു’
( ഖണ്ഡിക 676).
ദൈവത്തെക്കൂടാതെ സ്വർഗം പണിയാം എന്ന മിഥ്യാവാഗ്ദാനമാണ് എതിർക്രിസ്തു മുന്നോട്ടു വയ്ക്കുന്നത്. കപടസമാധാനസന്ധികളിലൂടെ യുദ്ധം അവസാനിപ്പിക്കാം. വാക്സിനേഷനിലൂടെ പകർച്ചവ്യാധികൾ മാറ്റാം, മരം വച്ചുപിടിപ്പിച്ചുകൊണ്ട് ആഗോളതാപനത്തെ ചെറുക്കാം, ഗർഭഛിദ്രം നടത്തിക്കൊണ്ടു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാം, കുടുംബം എന്ന സംവിധാനം ഇല്ലെങ്കിൽ അവനവനു ഇഷ്ടമുള്ളതുപോലെ ജീവിക്കാം, ആണിനു പെണ്ണും പെണ്ണിന് ആണും എന്ന പ്രകൃതിനിയമം തലതിരിച്ച് ആണിന് ആണും പെണ്ണിനു പെണ്ണും എന്നായാലും കുഴപ്പമില്ല, പണമാണ് എല്ലാറ്റിലും പ്രധാനപ്പെട്ട കാര്യം, മനുഷ്യനു ദൈവത്തിൻറെ ആവശ്യമേയില്ല, മനുഷ്യൻ എന്തിനും പോന്നവനാണ്, വൈകല്യങ്ങളുള്ളവരെയും സമൂഹത്തിനു ബാധ്യതയാകുന്നവരെയും ദയാവധം എന്ന ഓമനപ്പേരിൽ കൊന്നുകളയുന്നതു സമൂഹത്തിനു നല്ലതാണ്, വ്യക്തിജീവിതത്തിൽ ധാർമികതയ്ക്കു സ്ഥാനം കൊടുക്കേണ്ടതില്ല, നന്മയും തിന്മയും തീരുമാനിക്കേണ്ടതു മതമോ ധർമ്മശാസ്ത്രങ്ങളോ ദൈവമോ അല്ല, അവനവൻ തന്നെയാണ്, ആർക്കും സ്വപ്രയത്നത്തിലൂടെ ദൈവമാകാം എന്നിങ്ങനെയുള്ള അനേകം പ്രബോധനങ്ങൾ നാം ഇക്കാലത്തു കേൾക്കുന്നുണ്ട്.
ഇവയുടെയെല്ലാം ഉത്ഭവം ഒരിടത്തുനിന്നുതന്നെയാണ്. മനുഷ്യൻ തന്നെത്തന്നെ ദൈവത്തിൻറെ സ്ഥാനത്തു മഹത്വപ്പെടുത്തുന്നു എന്നതാണത്. ഇതിനെക്കുറിച്ചുതന്നെയാണു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക 675 ൽ മുന്നറിയിപ്പു നൽകിയിട്ടുള്ളതും. തന്നെത്തന്നെ ഉയർത്തുകയും സകല ദേവന്മാർക്കും ഉപരിയായി സ്വയം മഹത്വപ്പെടുത്തുകയും ദേവന്മാർക്കും ദൈവമായവനെതിരെ ഭീകരദൂഷണം പറയുകയും ചെയ്യും എന്നു ക്രിസ്തുവിനും രണ്ടു നൂറ്റാണ്ടു മുൻപു രചിക്കപ്പെട്ട ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് എതിർക്രിസ്തുവിൻറെ ഈ അരൂപിയെപ്പറ്റിയാണ് ( ദാനി.11:36).
കാലങ്ങൾക്കുമുമ്പേ ലോകത്തിൽ സജീവമായിരുന്ന എതിർക്രിസ്തുവിൻറെ അരൂപി നമ്മുടെ ഈ നാളുകളിൽ മനുഷ്യരൂപം ധരിച്ചുതന്നെ ഭൂമിയിൽ വസിക്കും എന്നാണു നാം മനസിലാക്കേണ്ടത്. ലോകത്തിൻറെ നാനാഭാഗങ്ങളിൽ വർധിച്ചുവരുന്ന കലാപങ്ങളും യുദ്ധങ്ങളും ഭീകരസംഭവങ്ങളും പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ദൈവദൂഷണങ്ങളും സാത്താൻ ആരാധനകളും മ്ലേച്ഛ സാഹിത്യവും സിനിമകളും ഒക്കെ എതിർക്രിസ്തുവിൻറെ വെളിപ്പെടുത്തലിന് ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അരങ്ങൊരുക്കുന്നവയാണെന്നു ഞാൻ പറഞ്ഞാൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. വിശ്വസിക്കുന്നവൻ ഭാഗ്യവാൻ. അവനു പുതിയൊരു ലോകക്രമത്തെ നേരിടാൻ ഒരുങ്ങേണ്ടതിൻറെ ആവശ്യകത പെട്ടെന്നുതന്നെ മനസിലാകും.
ഒരു ഏകലോകമതവും ഏകലോകഗവണ്മെന്റും ഏകലോകസംസ്കാരവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അതിനു നായകത്വം വഹിക്കുന്നത് എതിർക്രിസ്തുവായിരിക്കും. ഇത് എൻറെ വാക്കുകളല്ല. ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിൻറെ വാക്കുകളാണ്.
” ദൈവദൂഷണവും വൻപും പറയുന്ന ഒരു വായ് അതിനു (കടലിൽ നിന്നു കയറിവരുന്ന മൃഗം എന്ന പേരിൽ ബൈബിൾ പരിചയപ്പെടുത്തുന്ന വ്യക്തി) നൽകപ്പെട്ടു. നാൽപ്പത്തിരണ്ടുമാസം പ്രവർത്തനം നടത്താൻ അതിനു അധികാരവും നൽകപ്പെട്ടു. ദൈവത്തിനെതിരെ ദൂഷണം പറയാൻ അതു വായ് തുറന്നു. അവിടുത്തെ നാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവനെയും അത് ദുഷിച്ചുപറഞ്ഞു. വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താൻ അതിന് അനുവാദം നൽകി. സകലഗോത്രങ്ങളുടെയും ജനതയുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേൽ അതിന് അധികാരവും ലഭിച്ചു” ( വെളി. 13:5-7) എന്നു വായിക്കുമ്പോൾ ലോകം മുഴുവനെയും നിയന്ത്രിക്കുന്ന ശക്തി തന്നെയായിരിക്കും അത് എന്നുറപ്പാണല്ലോ.
തുടർന്ന് , ‘വധിക്കപ്പെട്ട കുഞ്ഞാടിൻറെ (യേശുക്രിസ്തുവിൻറെ) ജീവഗ്രന്ഥത്തിൽ ലോകസ്ഥാപനം മുതൽ പേരെഴുതപ്പെടാത്തവരായി ഭൂമിയിൽ വസിക്കുന്ന സകലരും അതിനെ ആരാധിക്കും’ ( വെളി 13:8) എന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. അതായത് അവൻ ദൈവസമാനം ആരാധിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ഒരു മനുഷ്യനു ചെയ്യാവുന്ന അങ്ങേയറ്റത്തെ പാപമാണു ദൈവത്തെപ്പോലെയാകാൻ ശ്രമിക്കുക എന്നത്.
നമുക്ക് അല്പം പിറകോട്ടു പോകേണ്ടിയിരിക്കുന്നു. എന്തായിരുന്നു ആദത്തിൻറെയും ഹവ്വയുടെയും പാപത്തിനു പ്രചോദനമായത്? വിലക്കപ്പെട്ട പഴം കഴിച്ചാൽ നന്മതിന്മകൾ തിരിച്ചറിഞ്ഞു തങ്ങൾ ദൈവത്തെപ്പോലെയാകും എന്ന സാത്താൻറെ വ്യാജം വിശ്വസിച്ചതായിരുന്നു അവർ ചെയ്ത ആദ്യപാപത്തിൻറെ മൂലകാരണം. ദൈവത്തോടൊപ്പം വസിച്ചിരുന്ന മനുഷ്യൻ ദൈവത്തെ അവിശ്വസിച്ച്, സ്വപ്രയത്നത്താൽ ദൈവത്തെപ്പോലെയാകാൻ ശ്രമിച്ചിടത്താണു മനുഷ്യകുലത്തിൻറെ പതനം ആരംഭിച്ചത്. മനുഷ്യചരിത്രത്തിൻറെ അവസാനനാഴികകളിലും സാത്താൻ ഇതേ വ്യാജം പറഞ്ഞുതന്നെയാണ് മനുഷ്യരെ വഞ്ചിക്കുന്നത് എന്നതിൽ അത്ഭുതമില്ല. ദൈവത്തെ മാറ്റിനിർത്തി, മനുഷ്യൻറെ കഴിവുകളിൽ മാത്രം ആശ്രയിച്ച്, സ്വയമേ ഭൗതികനന്മയും ആത്മീയ സാക്ഷാത്കാരവും നേടാം എന്നു പഠിപ്പിക്കുന്ന ഏതൊരു തത്വശാസ്ത്രവും ( കമ്മ്യൂണിസം, ഫ്രീമേസണറി, യോഗ, റെയ്ക്കി, അതീന്ദ്രിയധ്യാനം തുടങ്ങിയവ ) അതിൽ തന്നെ ദൈവനിഷേധമാണ്.
ഇന്നു ലോകം ഭരിക്കുന്നതു രാഷ്ട്രീയനേതാക്കന്മാർ ആണെന്നതു നമ്മുടെ മിഥ്യാധാരണ മാത്രം. സത്യത്തിൽ അവരെ നിയന്ത്രിക്കുന്നത് ആഗോളവരേണ്യവർഗമായ ഇല്ല്യൂമിനാറ്റി ആണ്. അവരുടെ പ്രചോദനമാകട്ടെ ഫ്രീമേസൺ ആശയങ്ങളാണ്. ഈയൊരു കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ ലോകത്ത് ഇന്നു സംഭവിക്കുന്ന പല സംഭവങ്ങളുടെയും ഉൾപ്പൊരുൾ നമുക്കു മനസിലാകും. അതിൽ കോവിഡ് ഉണ്ട്, അതിനു ബിൽ ഗേറ്റ്സ് തന്നെ കൊണ്ടുവരുന്ന വാക്സിൻ ഉണ്ട്. അതു നിർബന്ധമായും പ്രയോഗിക്കണം എന്നു ശഠിക്കുന്ന ഗവണ്മെന്റുകളുണ്ട്. അബോർഷനും സ്വവർഗബന്ധങ്ങളും വിവാഹമോചനവും പ്രോത്സാഹിപ്പിക്കാനായി ആയിരക്കണക്കിനു കോടി ഡോളർ സംഭാവന ചെയ്യുന്ന ജോർജ് സോറോസിനെപ്പോലെയും ബിൽ ഗേറ്റ്സിനേയും പോലെയുള്ള ശതകോടീശ്വരന്മാരുണ്ട്, കോവിഡിനുള്ള വാക്സിൻ ഉണ്ടാക്കുന്നതു ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ മൂലകോശങ്ങളിൽ നിന്നാണെങ്കിൽ പോലും അതു സ്വീകരിക്കുക എന്നതു നമ്മുടെ കടമയാണെന്നു പഠിപ്പിക്കുന്ന മതാചാര്യന്മാരുണ്ട്, മറ്റു മനുഷ്യരെ കൊന്നാൽ സ്വർഗം കിട്ടും എന്നു വിശ്വസിപ്പിക്കുന്ന മതങ്ങളുണ്ട്.
ബോധപൂർവം ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന ഭരണാധികാരികളുണ്ട്, അവരെടുക്കുന്ന ഏതു തെറ്റായ തീരുമാനത്തെയും ന്യായീകരിക്കുന്ന നിയമസംവിധാനങ്ങളുണ്ട്, തിന്മയെ നന്മയായി അവതരിപ്പിക്കുന്ന നിയമങ്ങളുണ്ട്, താക്കോൽസ്ഥാനങ്ങളിൽ എത്തിപ്പെടുന്നവർ പുതിയൊരു ലോകക്രമത്തിനു യോജിച്ചവരായിരിക്കണം എന്നുറപ്പുവരുത്തുന്ന പിൻവാതിൽ സംവിധാനങ്ങളുണ്ട്, കാലാവസ്ഥാവ്യതിയാനം എന്ന ഉമ്മാക്കി കാണിച്ചു മനുഷ്യരെ ഭീഷണിപ്പെടുത്തുന്ന കപടശാസ്ത്രജ്ഞന്മാരുണ്ട്, സത്യം ഒരിക്കലും പുറത്തുവിടാത്ത ഗവേഷണ കേന്ദ്രങ്ങളുണ്ട്, ദൈവത്തെ മറന്നു ലോകത്തോടൊട്ടി നിൽക്കുന്ന മതനേതാക്കളുണ്ട്, ദരിദ്രൻ കൂടുതൽ ദരിദ്രനാകുകയും ധനികൻ കൂടുതൽ ധനികനാവുകയും ചെയ്യുന്ന വ്യവസ്ഥിതിയുണ്ട്, ഓരോ മനുഷ്യൻറെയും നീക്കങ്ങൾ നിരീക്ഷിക്കാൻ പോന്ന സാങ്കേതികവിദ്യയുണ്ട്, ആഗോളവ്യാപകമായി വലിയൊരു ഭക്ഷ്യക്ഷാമം വരുന്നുണ്ടെന്ന വാർത്ത വളരെ തന്ത്രപരമായി മറച്ചുവയ്ക്കുന്ന സർക്കാരുകളുണ്ട്. എല്ലാ അശ്ലീലവും അസാന്മാർഗികതയും തുറന്നു പ്രോത്സാഹിപ്പിക്കുന്ന ദൃശ്യാ-ശ്രവ്യ മാധ്യമങ്ങളുണ്ട്. മനുഷ്യനെയും ദൈവത്തെയും തമ്മിലും മനുഷ്യനെയും മനുഷ്യനെയും തമ്മിലും അകറ്റുന്ന സാമൂഹ്യ അകലത്തിൻറെ നവീനരൂപങ്ങളുണ്ട്.
ഇത്രയും പറഞ്ഞത് ആർക്കും മനസിലാകുന്ന കാര്യങ്ങൾ മാത്രം. നമുക്കുചുറ്റും ഒന്ന് കണ്ണോടിച്ചാൽ പ്രത്യേകിച്ചൊരു വിശദീകരണവും ഇല്ലാതെ തന്നെ നമുക്കു മനസ്സിലാക്കാവുന്ന കാര്യങ്ങൾ. എന്നാൽ നാം അതിനുമപ്പുറത്തേയ്ക്കു കടന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്ത അധ്യായങ്ങളിൽ അവയെല്ലാം ചർച്ച ചെയ്യുമ്പോൾ അതു ദൈവം ആഗ്രഹിക്കുന്ന രീതിയിൽ മനസിലാക്കാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഈ അധ്യായം അവസാനിപ്പിക്കുകയാണ്.
(തുടരും)