യുഗാന്ത്യകാലത്തെ പീഡനങ്ങൾ അതിതീവ്രമായിരിക്കും എന്നു നാം കണ്ടുകഴിഞ്ഞു. അതിൻറെ തുടർച്ചയാണ് ഈ അധ്യായവും. ഒരു ചോദ്യം കൊണ്ടുതുടങ്ങാം. നിങ്ങളെ ഒരു അപരിചിതൻ വേദനിപ്പിക്കുന്നതാണോ അതോ നിങ്ങൾക്കു വേണ്ടപ്പെട്ടവർ വേദനിപ്പിക്കുന്നതാണോ കൂടുതൽ ദുഖകരം? തീർച്ചയായും പ്രിയപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണമാണു നമ്മെ മാനസികമായി കൂടുതൽ തളർത്തുക. ഈയൊരു ബോധ്യത്തോടെ നമുക്ക് അടുത്ത വിഷയത്തിലേക്കു കടക്കാം . അതിനുശേഷം വരുന്ന ഉപശീർഷകത്തിനു കീഴിൽ നാം ചർച്ച ചെയ്യാൻ പോകുന്നതു ഭയത്തോടും വിറയലോടും കൂടെ മാത്രം ധ്യാനിക്കേണ്ട ലൂക്കയുടെ സുവിശേഷത്തിലെ 21:34-35 വചനമാണ്.
31.സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്പിച്ചുകൊടുക്കും.
32.മക്കൾ മാതാപിതാക്കന്മാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും ( മർക്കോസ് 13:12)
ഒരു സംശയവും വേണ്ട. ക്രിസ്തീയവിശ്വാസം ഏറ്റുപറയുന്നതിൻറെ പേരിൽ നിങ്ങൾക്ക് ഏറ്റവുമധികം പീഡനം അനുഭവിക്കേണ്ടിവരുന്നതു നിങ്ങളുടെ സ്വന്തം കുടുംബത്തിൽ നിന്നുതന്നെയായിരിക്കും. സഹോദരൻ സഹോദരനെയോ മക്കൾ മാതാപിതാക്കളെയോ മാതാപിതാക്കൾ മക്കളെയോ വധിക്കുക എന്ന ചിന്ത തന്നെ നമ്മുടെ മനസിലുണ്ടാക്കുന്ന ഞെട്ടൽ എത്രയായിരിക്കും എന്നോർത്തുനോക്കുക. പണത്തിനും സ്വത്തിനും വേണ്ടിയോ, അധികാരത്തിനു വേണ്ടിയോ, ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയോ അതുമല്ലെങ്കിൽ മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും ലഹരിയിൽ ആയിരുന്നപ്പോഴോ സംഭവിച്ച ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ ആയിരുന്നു അവയെല്ലാം ഇതുവരെ.
ഇനിയങ്ങോട്ട് അതിൻറെ പ്രധാനകാരണം ക്രിസ്തുവിൽ വിശ്വസിച്ചു എന്നതും ആ വിശ്വാസം ഏറ്റുപറഞ്ഞു എന്നതുമായിരിക്കും. ഇസ്ലാമിക രാജ്യങ്ങളിൽ പലതിലും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ സ്വന്തം കുടുംബാംഗങ്ങൾ തന്നെ കൊല്ലുന്ന അനുഭവങ്ങൾ നാം വായിച്ചറിഞ്ഞിട്ടുണ്ട്. അധാർമികമായ തരത്തിൽ സമ്പത്ത് ഉണ്ടാക്കാനും മനസാക്ഷിയെ വഞ്ചിക്കുന്ന പ്രവൃത്തികൾ സ്വാർത്ഥലാഭത്തിനുവേണ്ടി ചെയ്യാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ക്രിസ്തുവിനെ തള്ളിപ്പറയാനും മടിക്കുന്ന വിശ്വാസിയ്ക്കു സ്വഭവനത്തിൽ തന്നെ പീഡനം ഉറപ്പിക്കാം.
അബോർഷൻ കൊടുംപാപമാണെന്നു ചിന്തിക്കുന്ന ഭാര്യയും നിയമം അനുവദിക്കുന്നുവെന്നതിനാൽ അബോർഷൻ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ചിന്തിക്കുന്ന ഭർത്താവും അടങ്ങുന്ന കുടുംബത്തെ ഓർത്തുനോക്കുക. അന്ത്യകാലത്തു റേഷൻ വാങ്ങാൻ വേണ്ടി എതിർക്രിസ്തുവിൻറെ മുദ്രയായ ചിപ്പ് ശരീരത്തിൽ ഘടിപ്പിക്കാമെന്നു പറയുന്ന ഭാര്യയും പട്ടിണി കിടന്നു മരിച്ചാലും ക്രിസ്തുവിനെ ഉപേക്ഷിക്കില്ല എന്നു പറയുന്ന ഭർത്താവും ഒരേ കൂരയ്ക്കു കീഴിൽ തന്നെയാണല്ലോ കഴിയേണ്ടത്. പള്ളിയിൽ പോകുന്നതിനേക്കാൾ നല്ലത് ഓൺലൈൻ കുർബാനയാണെന്നും കുമ്പസാരത്തിനുപകരം പാപങ്ങൾ നേരിട്ട് ഏറ്റുപറഞ്ഞാൽ മതിയെന്നും ചിന്തിക്കുന്ന മക്കളെ നാം കണ്ടിട്ടില്ലേ? സാബത്തു വിശുദ്ധമായി ആചരിക്കുന്ന മാതാപിതാക്കളും അശുദ്ധപ്രവൃത്തികൾക്കായി വിശുദ്ധദിനം നീക്കിവയ്ക്കുന്ന മക്കളും പൊരുത്തപ്പെട്ടുപോകുമോ?
കർത്താവു രണ്ടാമതും വരേണ്ട സമയം സമാഗതമായി എന്നു വിശ്വസിക്കുന്നവരും അത് ഉടനെയൊന്നും സംഭവിക്കില്ല എന്നു കരുതി ചിന്തയില്ലാതെ ജീവിക്കുന്നവരും ഒരേ കുടുംബത്തിൽ തന്നെയാണല്ലോ. എല്ലാം ഒന്നാണ് എന്ന വ്യാജപ്രബോധനം തലയ്ക്കുള്ളിൽ കയറിയവൻറെ സഹോദരൻ വിശ്വസിക്കുന്നത് യേശുക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്നായിരിക്കും.
ഇവിടെയൊക്കെ സംഭവിക്കുന്ന ഒരു കാര്യം എല്ലായ്‌പ്പോഴും തിന്മയുടെ ഭാഗത്തായിരിക്കും ഭൂരിപക്ഷവും നിലകൊള്ളുക എന്നതാണ്. അത് അങ്ങനെയേ വരാൻ തരമുള്ളൂ. സത്യപ്രവാചകനായ ഏലിയാ ഒറ്റയ്ക്കായിരുന്നു. എന്നാൽ അവനെ എതിരിടാൻ ജസബേൽ പോറ്റുന്ന നാനൂറ്റമ്പത് വ്യാജപ്രവാചകൻമാരുണ്ടായിരുന്നു. തനിച്ചായിട്ടുപോലും ദൈവത്തിൻറെ പക്ഷത്തു നിലകൊണ്ട ഏലിയായ്ക്കായിരുന്നു അന്തിമവിജയം എന്നതു അന്തിമതലമുറയിൽ ഒറ്റയ്ക്കുനിന്നു പൊരുതാനുള്ള വിളി ലഭിച്ച നമുക്കെല്ലാവർക്കും വേണ്ടിക്കൂടിയാണു വിശുദ്ധഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്നത്.
സഹോദരൻ സഹോദരനെയും പിതാവു പുത്രനെയും മരണത്തിന് ഏൽപ്പിച്ചുകൊടുക്കും എന്നു വായിക്കുമ്പോൾ നമ്മുടെ ചിന്ത പോകേണ്ടത് ബൈബിളിൽ ആദ്യമായി രേഖപ്പെടുത്തിയ കൊലപാതകം ഒരു ഭാതൃഹത്യ ആയിരുന്നു എന്നതിലേക്കാണ്. കായേൻ ആബേലിനെ വധിച്ചതു പണത്തിനുവേണ്ടിയോ, സ്വത്തിനുവേണ്ടിയോ അധികാരത്തിനുവേണ്ടിയോ ആയിരുന്നില്ല. ‘ആബേലിലും അവൻറെ കാഴ്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചു. എന്നാൽ കായേനിലും അവൻറെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല’ ( ഉല്പത്തി 4:4-5) എന്നതായിരുന്നു അവൻറെ പ്രശ്നം.
ഈ ഭൂമിയിൽ നടക്കാൻ പോകുന്ന അവസാനത്തെ കൊലപാതകങ്ങളും ഇതേ കാരണത്താൽ തന്നെയായിരിക്കും. ദൈവം പ്രസാദിച്ചവരെ മറ്റുള്ളവർ കൊല്ലുകതന്നെ ചെയ്യും. കാരണം ‘പാപികൾക്കു നീതിമാന്മാരുടെ ഇടയിൽ ഉറച്ചുനിൽക്കാൻ കഴിയില്ല ( സങ്കീ 1:5) എന്നവർക്കറിയാം. അപ്പോൾ എളുപ്പവഴി നീതിമാന്മാരെ ഇല്ലാതാക്കുകയാണെന്ന് അവരെ നയിക്കുന്ന പിശാച് അവരെ വിശ്വസിപ്പിക്കും. അവനാകട്ടെ ആദിമുതലേ കൊലപാതകിയാണല്ലോ!
33. യുഗാന്ത്യത്തിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ അനേകരുടെ മനസ്സ് ദുർബലമാകാൻ സാധ്യതയുണ്ട്.
‘സുഖലോലുപത,മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസു ദുർബലമാവുകയും ആ ദിവസം ഒരു കെണി പോലെ പെട്ടെന്നു നിങ്ങളുടെ മേൽ വന്നു വീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ. എന്തെന്നാൽ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയും മേൽ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപെട്ടു മനുഷ്യപുത്രൻറെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ’ ( ലൂക്ക 21:34-35).
അവസാന നാളുകളിൽ ഏറ്റവുമധികം മനുഷ്യരെ ദൈവത്തിൽ നിന്നകറ്റി നിത്യനാശത്തിലേക്കു കൊണ്ടുപോകുന്ന ഗൗരവമേറിയ മൂന്നു തിന്മകളെ, അഥവാ പ്രലോഭനങ്ങളെക്കുറിച്ചാണ് യേശു ഇവിടെ മുന്നറിയിപ്പു തരുന്നത്. ഈ മൂന്നു തിന്മകൾ മനുഷ്യചരിത്രത്തിൽ എക്കാലത്തും നിലനിന്നിരുന്നു എന്നു നമുക്കറിയാം. എങ്കിൽപ്പിന്നെ അന്ത്യകാലത്ത് ഇവയ്ക്കെന്തുകൊണ്ടാണു കൂടുതൽ പ്രസക്തി കൈവരുന്നത്? .അതിനു മറുപടി കിട്ടണമെങ്കിൽ ദൂരെയെങ്ങും പോകേണ്ടതില്ല. നമ്മുടെ ചുറ്റും ഒന്നു നോക്കിയാൽ മാത്രം മതി.
ശരീരത്തിൻറെ സുഖമാണ് ഏറ്റവും വലിയ സുഖം എന്നും അതു നേടാനായി മറ്റെന്തും ബലികൊടുക്കുന്നതിൽ തെറ്റില്ല എന്നുമുള്ള പിശാചിൻ്റെ പ്രബോധനം വലിയൊരു വിഭാഗം മനുഷ്യരുടെ ഹൃദയത്തിൽ പതിഞ്ഞുകഴിഞ്ഞു. ജഡികസുഖത്തിനുവേണ്ടി മാതാപിതാക്കളെയും ജീവിതപങ്കാളിയെയും മക്കളെയും ഉപേക്ഷിക്കുന്നതിൽ തെല്ലും മനസാക്ഷിക്കുത്തില്ലാത്തവരായി മനുഷ്യർ മാറുന്നുണ്ടെങ്കിൽ ഓർക്കുക, കർത്താവിൻറെ രണ്ടാം വരവിനു മുൻപു സംഭവിക്കേണ്ട വലിയൊരടയാളം അതുതന്നെയാണ്.
വിലകൂടിയ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വാഹനങ്ങൾക്കും വേണ്ടി ചെലവഴിക്കപ്പെടുന്ന പണത്തിൻറെ കണക്കു നമ്മെ ഞെട്ടിക്കും. ആഘോഷങ്ങളും സൽക്കാരങ്ങളും പണത്തിൻറെ പ്രതാപം കാണിക്കാൻ വേണ്ടി മാത്രമാകുമ്പോൾ അവിടെ പാഴാക്കിക്കളയുന്ന ഭക്ഷണം നമുക്കെതിരെ ദൈവത്തിൻറെ മുൻപിൽ സാക്ഷ്യമാകുന്നു.
ദൈവാലയങ്ങൾ തുറന്നില്ലെങ്കിലും മദ്യശാലകൾ തുറന്നുപ്രവർത്തിക്കണം എന്നു വാശിപിടിക്കുന്ന സർക്കാരിനേക്കാൾ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം അങ്ങനെയൊരു തീരുമാനത്തിലേക്കു സർക്കാരിനെ കൊണ്ടുചെന്നെത്തിച്ച ജനങ്ങൾക്കുതന്നെയല്ലേ? ആരാധനാലയങ്ങൾ തുറന്നിട്ടും അവിടെയൊന്നും മദ്യശാലകളുടെ മുൻപിൽ കാണുന്ന തിക്കും തിരക്കും കാണുന്നില്ലല്ലോ എന്നും ചിന്തിക്കുക. മദ്യം പിശാചാണ് എന്നതിൽ സംശയമില്ല. എന്നാൽ എല്ലാവർക്കും ആ പിശാചിനെ മതി. കൂടുതൽ ലഹരി കിട്ടുന്ന മയക്കുമരുന്നുകൾ തേടിപ്പോകുന്ന മറ്റൊരു വിഭാഗവുമുണ്ട്. യേശുക്രിസ്തു മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ മദ്യപിച്ചും ലഹരിമരുന്നു കഴിച്ചും സുബോധമില്ലാത്ത അവസ്ഥയിൽ ആയിരിക്കാനാണോ നമ്മുടെ ദുർവിധി?
എല്ലാവർക്കും പരമാവധി വെട്ടിപ്പിടിക്കണം എന്ന ഒരേയൊരു ചിന്തമാത്രം. കൂടുതൽ ഉയർന്ന ജോലി, കൂടുതൽ പണം, കൂടുതൽ വലിയ വീട്, പുതിയ മോഡൽ വാഹനങ്ങൾ ഇതെല്ലം നേടിയെടുക്കണമെങ്കിൽ ഇരുപത്തിനാലുമണിക്കൂർ ജോലി ചെയ്‌താൽ പോലും തികയില്ല. കുട്ടികൾക്ക് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം, അതും നിവൃത്തിയുണ്ടെങ്കിൽ വിദേശരാജ്യത്തു തന്നെ വേണമെന്നു ചിന്തിക്കുന്ന മലയാളി തന്നെയാണു ജീവിതവ്യഗ്രത നമ്മെ എത്രത്തോളം ദൈവത്തിൽ നിന്നകറ്റുമെന്നതിൻ്റെ ഏറ്റവും നല്ല ഉദാഹരണം.
തിരുവചനം വളരെ വ്യക്തമായി നമുക്കു മുന്നറിയിപ്പു തരുന്നുണ്ട്: ഈ ത്രിവിധ തിന്മകൾ അന്ത്യനാളുകളിൽ വ്യാപകമാവുകയും അതുവഴി അനേകർ ദൈവത്തെ ഉപേക്ഷിച്ചു നിത്യനാശം സ്വമേധയാ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും. പിശാച് ഒരുക്കിയിരിക്കുന്ന ഈ മുപ്പല്ലിയിൽ കുരുങ്ങാതിരിക്കുന്നവൻ ഭാഗ്യവാൻ.
(തുടരും)