അവൻ വീണ്ടും വരുന്നു അധ്യായം 11

 വിശ്വാസികൾ  നേരിടേണ്ടിവരുന്ന  അന്തിമപരീക്ഷ    അനേകരുടെ വിശ്വാസത്തെ പിടിച്ചുകുലുക്കുന്ന ഒന്നായിരിക്കും  എന്നു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ  (CCC 675) പറയുന്നുണ്ട്. അതിനു കാരണം ആ പീഡനങ്ങൾ  അത്രമേൽ തീവ്രവും രൂക്ഷവും വേദനാജനകവും അസഹനീയവും ആയിരിക്കും എന്നതാണ്.  അങ്ങനെയെങ്കിൽ ആർക്കു രക്ഷപെടാൻ സാധിക്കും?   ദൈവത്തിൻറെ കരുണ ഒന്നുകൊണ്ടുമാത്രമേ നമുക്ക് ആ കാലഘട്ടത്തെ തരണം ചെയ്യാൻ സാധിക്കുകയുള്ളൂ.  പുതിയ ആകാശവും പുതിയ ഭൂമിയും  കൈവശമാക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരെ  പ്രതി മഹാപീഡനങ്ങളുടെ നാളുകൾ ദൈവം പരിമിതപ്പെടുത്തും  എന്ന   വാഗ്ദാനം നമുക്ക് ആശ്വാസം നൽകുന്നതാണ്.   തുടർന്നുവരുന്ന രണ്ട് ഉപശീർഷകങ്ങളിൽ നാം ചർച്ച ചെയ്യുന്നത് ഇതിനേക്കുറിച്ചാണ്.

19. ലോകാരംഭം മുതൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തതും  ഇനി ഉണ്ടാകാൻ ഇടയില്ലാത്തതുമായ   ഉഗ്രപീഡനം അന്നുണ്ടാകും:

20. തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി പീഡനത്തിൻറെ  കാലയളവു  പരിമിതപ്പെടുത്തും:

സത്യത്തിൽ നാം ഒരു പീഡനകാലത്തിലൂടെയാണു  കടന്നുപൊയ് ക്കൊണ്ടിരിക്കുന്നത്. അതു  പീഡനകാലമാണെന്നു  പലരും തിരിച്ചറിയാത്തതിനു  കാരണം അവർ അത്രയധികം  ലോകവുമായി സമരസപ്പെട്ടുപോയതുകൊണ്ടോ  ദൈവനിഷേധവും സെക്കുലറിസവും തലക്കുപിടിച്ചതുകൊണ്ടോ അതുമല്ലെങ്കിൽ  ലോകം നൽകുന്ന സുഖങ്ങളാണു   പരമപ്രധാനം എന്നു  ചിന്തിക്കുന്നതുകൊണ്ടോ ആണ്. അങ്ങനെയുള്ളവർക്കായി  ചില വാർത്തകൾ.

നെതർലണ്ടിലെ ഒരു പൗരനെ അവിടുത്തെ കോടതി ശിക്ഷിച്ചു. കാരണം അദ്ദേഹം തുർക്കിയിലെ  സ്വേച്ഛാധിപതിയായ റിസപ് ത്വയ്യിബ് എർദോഗനെ വിമർശിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനു അങ്ങേയറ്റത്തെ വില കൊടുക്കുന്ന ഒരു യൂറോപ്യൻ രാജ്യത്തിൻറെ അവസ്ഥയാണിത്. 24% കത്തോലിക്കരും  50% മതമില്ലാത്തവരും  ഉൾപ്പെടുന്ന ഒരു “ക്രിസ്ത്യൻ രാജ്യമാണ്” നെതർ ലാൻഡ്‌സ് .

ഫ്രാൻസിലെ സ്‌ട്രെസ്ബർഗിൽ 29 വയസ്സുള്ള ഒരു കുടിയേറ്റക്കാരൻ  ഏതാനും ഫ്രഞ്ചു പൗരന്മാരെ  ആക്രമിച്ചു കൊലപ്പെടുത്തി.  അയാൾ ഇതിനു മുൻപു   പല    തവണ ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്  എന്നീ  രാജ്യങ്ങളിലായി  നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി  തെളിവുകളുണ്ട്. എന്നിട്ടും എന്തുകൊണ്ട് അയാൾക്ക് ഇരുപത്തിയെട്ടാമത്തെ തവണ  ഒരു ഭീകരാക്രമണം നടത്താൻ കഴിയുന്നു എന്നു  ചിന്തിക്കുമ്പോൾ  അനധികൃത  കുടിയേറ്റത്തിനും അതോടൊപ്പം ക്രിസ്ത്യൻ വംശഹത്യയ്‌ക്കും  എങ്ങനെയാണ് ഫ്രാൻസിലെ ഭരണകൂടം വഴിയൊരുക്കുന്നതെന്നു  ചിന്തിക്കുക.

 വംശഹത്യ എന്ന വാക്ക് വെറുതെ ഉപയോഗിച്ചതല്ല.  ബ്രിട്ടൻറെ  വിദേശകാര്യ സെക്രട്ടറിയായ  ജെറമി ഹണ്ടിൻറെ നിർദേശപ്രകാരം നടത്തിയ  അന്വേഷണത്തിൽ പറയുന്നതു   മതപീഡനങ്ങൾക്ക്  ഇരയാകുന്നവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നാണ്. അതിനെതിരെ ആരും ശബ്ദമുയർത്താത്തതു   രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും നമുക്കറിയാം. പല രാജ്യങ്ങളിലും നിന്നു  ക്രിസ്തീയവിശ്വാസം അപ്രത്യക്ഷമാകാനുള്ള സാധ്യതകളും ആ റിപ്പോർട്ടു  വരച്ചുകാട്ടുന്നു.  പലസ്തീനിലെ ക്രിസ്ത്യൻ ജനസംഖ്യ 1.50 % എന്ന അപകടകരമായ നിലയിലേക്ക്  ഇപ്പോൾ താഴ്ന്നിരിക്കുന്നു. 2003 ൽ  പതിനഞ്ചു  ലക്ഷം ക്രിസ്ത്യാനികളുണ്ടായിരുന്ന ഇറാക്കിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒരു ലക്ഷത്തിൽപരം മാത്രം!

പല രാജ്യങ്ങളിലെയും ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം ഐക്യരാഷ്ട്ര സംഘടനയുടെ  നിർവചനമനുസരിച്ച് വംശഹത്യ എന്നു  പറയാവുന്നതിന് അടുത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഏറ്റവുമധികം ക്രൈസ്തവപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടിക  വേൾഡ് വാച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 0  എന്നതു  പരിപൂർണ്ണ മതസ്വാതന്ത്ര്യത്തെയും  100 എന്നതു  മതസ്വാതന്ത്ര്യം ഒട്ടുമില്ലാത്ത അവസ്ഥയെയും ആണു   സൂചിപ്പിക്കുന്നത്.  94  പോയിന്റോടെ വടക്കൻ കൊറിയയും അഫ്‌ഗാനിസ്ഥാനും  ലിസ്റ്റിൽ മുന്നിട്ടുനിൽക്കുന്നു. സൊമാലിയ, ലിബിയ, പാക്കിസ്ഥാൻ, സുഡാൻ, ഇറാൻ, സിറിയ, എന്നിവയൊക്കെ 80 പോയിൻറിനു  മുകളിലാണ്. നമ്മുടെ മാതൃരാജ്യവും  ഇതേ പട്ടികയിലാണു പെടുന്നത്.  ഇറാഖ്, നൈജീരിയ, മാലി,  ഈജിപ്ത്,  അൾജീരിയ എന്നിവ 70 പോയിൻറിനു  മുകളിലും  തുർക്കി, ചൈന, എത്യോപ്യ, നേപ്പാൾ, ഖത്തർ, കെനിയ എന്നിവ  60  പോയിൻറിനു  മുകളിലും  റഷ്യ  പാലസ്തിൻ, കൊളംബിയ, മെക്സിക്കോ എന്നിവ 50  പോയിൻറിനു മുകളിലും  ആണ്.

തുർക്കിയിൽ അർമേനിയൻ ഓർത്തഡോൿസ് സഭയുടെ തലവൻ അജ്ഞാതമായ കാരണങ്ങളാൽ  ഒരു പതിറ്റാണ്ടിലധികമായി അബോധാവസ്ഥയിൽ ആയിരുന്നെങ്കിലും പുതിയ തലവനെ തെരഞ്ഞെടുക്കാൻ സർക്കാർ അനുവദിച്ചിരുന്നില്ല.കാരണം ലളിതം.  നിലവിലുള്ള  തലവൻ  മരിച്ചിട്ടില്ലല്ലോ.  അവസാനം അദ്ദേഹം മരിച്ചപ്പോഴാകട്ടെ  പുതിയ തലവനെ  തെരഞ്ഞെടുക്കാൻ  എർദോഗൻറെ സർക്കാർ ഉടനെ ത്തതു   അനുവാദം കൊടുത്തതുമില്ല.  രാജ്യത്ത് ആകെയുള്ള ഒരേയൊരു സെമിനാരി  ഗവണ്മെന്റ് പൂട്ടിക്കഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു.

Pew Research Centerൻറെ  കണക്കുകൾ പറയുന്നത്  ക്രൈസ്തവപീഡനം നടക്കുന്ന രാജ്യങ്ങളുടെ എണ്ണം 2015 ൽ 128  ആയിരുന്നെങ്കിൽ 2016 ൽ  അത്  144 ആയി ഉയർന്നു എന്നാണ്. അതിൽ തന്നെ ക്രിസ്തീയവിശ്വാസത്തിനെതിരെ കടുത്ത നിയന്ത്രണങ്ങൾ ഉള്ള രാജ്യങ്ങളുടെ ശതമാനം അതേ  കാലയളവിൽ 25 ശതമാനത്തിൽ നിന്ന് 28  ശതമാനമായി ഉയർന്നു.

Open Doors ൻറെയും വേൾഡ് വാച്ച് ലിസ്റ്റിൻറെയും  റിപ്പോർട്ടുകൾ ഈ കണക്കുകളെ സാധൂകരിക്കുന്നു.  ക്രിസ്തീയതയ്‌ക്കെതിരെ ഏറ്റവും ഉയർന്ന തലത്തിലുള്ള  കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളുടെ എണ്ണം 11  ആണ്. അഞ്ചുവർഷങ്ങൾക്കുമുൻപ്   ആ ലിസ്റ്റിൽ നോർത്ത് കൊറിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നറിയുമ്പോൾ  നാം എങ്ങോട്ടാണു  പോകുന്നത് എന്നു മനസിലാകും.

Release International  എന്ന സന്നദ്ധസംഘടനയുടെ  റിപ്പോർട്ടനുസരിച്ച്  ചൈന, ഇന്ത്യ,  നൈജീരിയ എന്നീ രാജ്യങ്ങളിൽ  ഈ വർഷം ക്രൈസ്തവപീഡനം  വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ കമ്മ്യൂണിസ്റ്റ് സർക്കാരും നൈജീരിയയിൽ  മുസ്‌ലിം തീവ്രവാദികളും ഇന്ത്യയിൽ  ഹിന്ദു വർഗീയഭ്രാന്തന്മാരുമാണ്  ഇതിനു പിറകിൽ പ്രവർത്തിക്കുന്നത്.

പല സംസ്ഥാനങ്ങളിലും   നിലവിലുള്ള മതപരിവർത്തനനിരോധനനിയമങ്ങളനുസരിച്ച്  ഏതു  ക്രിസ്ത്യാനിയെയും കള്ളക്കേസുകളിൽ കുടുക്കാൻ  ആർക്കും സാധിക്കും. അവിടെനിന്നു  രക്ഷപ്പെടാൻ ബുദ്ധിമുട്ടാണു താനും. ഉത്തരേന്ത്യയിൽ ബിഷപ്പുമാർക്കെതിരെയും വൈദികർക്കെതിരെയും കന്യാസ്ത്രീകൾക്കെതിരെയും  സുവിശേഷപ്രസംഗകർക്കെതിരെയും ഈ നിയമം  ദുരുപയോഗിക്കുന്നുണ്ട് എന്നതും വാസ്തവം.

ഇതൊക്കെ അക്രൈസ്തവ ഗ്രൂപ്പുകളിൽ നിന്നോ കമ്മ്യൂണിസ്റ്റ്  സർക്കാരിൽ നിന്നോ ഉള്ള പീഡനങ്ങളുടെ  കഥ. യഥാർത്ഥ പീഡനം വരുന്നതു  സഹോദരക്രിസ്ത്യാനികളിൽ നിന്നു  തന്നെയായിരിക്കും എന്നുറപ്പ്. അതിൻറെ  അടയാളങ്ങൾ ഇപ്പോൾ തന്നെ യൂറോപ്പിലെയും അമേരിക്കയിലെയും ക്രൈസ്തവ രാജ്യങ്ങളിൽ

കാണാനുമുണ്ട്.  ഉദാഹരണത്തിന്  2016 – 17  കാലഘട്ടത്തിൽ  യൂറോപ്പിൽ അഞ്ഞൂറിലധികം  ആക്രമണങ്ങൾ  ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടായിട്ടുണ്ടെന്നു   റിപ്പോർട്ട് ചെയ്തത്  Observatory on Intolerance and Discrimination against Christians  എന്ന സംഘടനയാണ്.  ഇംഗ്ലണ്ടിലെ  Christian Legal Centerൻറെ  പഠനറിപ്പോർട്ടനുസരിച്ച്     തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും  ഗവൺമെന്റ് ഓഫിസുകളിലും ക്രിസ്ത്യാനികൾക്കെതിരായ വിവേചനം  വളരെ വ്യാപകമാണ്.  എന്തുകൊണ്ട് അതു  മുഖ്യധാരാപത്രങ്ങളിലോ ടെലിവിഷൻ ചാനലുകളിലോ  പ്രധാനവാർത്തയാകുന്നില്ല എന്നന്വേഷിച്ചാൽ നാം ചെന്നെത്തുക വളരെ  വേദനാജനകമായ ഒരു  വസ്തുതയിലാണ്. അതായത് ഈ വിവേചനമെല്ലാം അനുഭവിക്കേണ്ടിവരുന്നത്  യേശുക്രിസ്തുവിൻറെ  പ്രബോധനങ്ങളോടു  കൂറു  പുലർത്തുന്നവരും  യാഥാർത്ഥക്രിസ്തീയവിശ്വാസത്തിൽ  ഉറച്ചുനിൽക്കുന്നവരും മാത്രമാണ്. അവർ സമൂഹത്തിൽ ഒരു ന്യൂനപക്ഷം ആയിക്കഴിഞ്ഞിരിക്കുന്നു എന്നതാണു പച്ചപ്പരമാർത്ഥം. 

അതുകൊണ്ടുതന്നെ ക്രൈസ്തവനാമം വഹിക്കുന്ന ബഹുഭൂരിപക്ഷത്തിനും അത് ഒരു പീഡനമായേ തോന്നിയിട്ടില്ല.  അവരുടെ  കാഴ്ചപ്പാടനുസരിച്ച്, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ഈ ന്യൂനപക്ഷം  ക്രിസ്ത്യാനികൾ  യാഥാസ്ഥിതികരും മതമൗലികവാദികളും  ആണ്. അവർ സ്വവർഗലൈംഗികബന്ധം, വ്യഭിചാരം, വിവാഹമോചനം, അശുദ്ധമായ   വിനോദങ്ങൾ, അധാർമ്മികമായ ധനസമ്പാദനം,  മ്ലേച്ഛമായ വിജാതീയ – പ്രാകൃതാചാരങ്ങൾ എന്നിവയ്ക്കു  കൂട്ടുനിൽക്കുന്നില്ലല്ലോ.  ഇത്തരം തിന്മകൾക്കു  കുട പിടിക്കുന്നവരും ക്രിസ്തുവിൻറെ  സഭയെ ഏതുവിധേനയും  പിച്ചിച്ചീന്താൻ ഒരുങ്ങിനിൽക്കുന്ന ഫ്രീമേസൺസും  സാത്താൻ ആരാധകരും ആണു  ക്രൈസ്തവം എന്നു  നാം കരുതുന്ന പല രാജ്യങ്ങളുടെയും  ഭരണം നിയന്ത്രിക്കുന്നത്. 

മാത്രവുമല്ല മാധ്യമരംഗത്തും വിനോദവ്യവസായരംഗത്തും ബിസിനസ് രംഗത്തും  നിയന്ത്രണം അവരുടെ കൈയിലാണ്. എന്തുകൊണ്ടാണു  ധാർമ്മികത തകരുകയും അസാന്മാർഗികത വളരുകയും ചെയ്യുന്നതെന്നന്വേഷിക്കുമ്പോൾ നാം ചെന്നെത്തുക  മിക്കവാറും രാജ്യങ്ങളിലെല്ലാം  തന്നെ താക്കോൽ സ്ഥാനത്തിരിക്കുന്നവർ ഇത്തരം വൈകൃതങ്ങളെ  പിന്തുണയ്ക്കുന്നവരാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലാണ്.  തങ്ങളുടെ വരുതിയ്ക്കു   നിൽക്കാത്ത രാഷ്ട്രനേതാക്കന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവർക്കറിയാം.

ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം എന്നതു  പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കുരിശു ധരിക്കാൻ അനുവദിക്കാതിരിക്കുക, സ്വവർഗ ലൈംഗികത  ശരിയാണെന്നു  പറയാൻ തയ്യാറല്ലാത്ത മാതാപിതാക്കൾക്കു  കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അനുവദിക്കാതിരിക്കുക, രോഗികൾ ആവശ്യപ്പെട്ടാൽ പോലും   ആശുപത്രിയിൽ വച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നഴ്സുമാരെ  അനുവദിക്കാതിരിക്കുക,  ലൈംഗികവൈകൃതങ്ങൾ അടങ്ങിയ പാഠപുസ്തകങ്ങൾ മാതാപിതാക്കളുടെ എതിർപ്പു  മറികടന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കുക, എന്നു  തുടങ്ങി സ്വന്തം ബിസിനസ് സ്ഥാപനത്തിൻറെ  ലെറ്റർ ഹെഡിൽ Jesus Loves You  എന്ന് എഴുതാൻ പോലും  ക്രിസ്ത്യൻ സംരംഭകരെ അനുവദിക്കാതിരിക്കുക, സമത്വത്തിൻറെ പേരു  പറഞ്ഞ്  ഈശ്വര പ്രാർത്ഥനയോടൊപ്പം സാത്താനോടുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തണം എന്ന് നിർബന്ധിക്കുക, തങ്ങളുടെ മനഃസാക്ഷിയ്‌ക്കെതിരായി അബോർഷൻ നടത്താൻ ഡോക്ടർമാരെയും നഴ്സുമാരെയും  നിർബന്ധിക്കുക,  ക്രിസ്ത്യാനികൾക്കില്ലാത്ത മതപരമായ ആനുകൂല്യങ്ങൾ മറ്റു മതസ്ഥർക്കു  നൽകുക, സ്വവർഗവിവാഹത്തിന്(?) കേക്ക് ഉണ്ടാക്കിക്കൊടുക്കില്ല എന്നു  പറയുന്ന ക്രിസ്ത്യൻ ബേക്കറിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുക, അഭയാർഥിക്യാമ്പുകളിൽ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുക, എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ ദൃശ്യമാണ്.

വടക്കൻ ഫ്രാൻസിലെ Grande Synthe  അഭയാർത്ഥി ക്യാമ്പിൽ  ക്രിസ്തുവിശ്വാസം സ്വീകരിച്ച ഒരു ഇറാൻ പൗരനെ മറ്റൊരാൾ  ക്രൂരമായി കൊലപ്പെടുത്തി എന്നു  പറയുമ്പോൾ  അവിടുത്തെ ഒരു ഏകദേശചിത്രം കിട്ടുമല്ലോ. പാരീസിലെ നോത്രദാം കത്തീഡ്രൽ കത്തിയമർന്നപ്പോൾ ആഹ്‌ളാദം  പ്രകടിപ്പിച്ച ഒരുകൂട്ടം ജനങ്ങളുണ്ടായിരുന്നു എന്നു  നിങ്ങൾ എന്നും വായിക്കുന്ന മുത്തശ്ശിപ്പത്രങ്ങൾ  റിപ്പോർട്ടു  ചെയ്തിട്ടുണ്ടാകില്ല. അൾജീരിയയിൽ  നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിൻറെ  ഫലമായി ലക്ഷക്കണക്കിനു  ജനങ്ങൾ ഫ്രാൻസിലേക്കു   കടക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അതു തടയാൻ വേണ്ട നടപടികൾ എടുക്കുന്നതിൽ  ഫ്രഞ്ച് ഗവണ്മെന്റ് താല്പര്യം കാണിക്കുന്നില്ല  എന്നുതന്നെ പറയാം.  ഫ്രാൻസിനു  വേണമെങ്കിൽ  അത് ചെയ്യാവുന്നതേയുള്ളൂ. അല്പം മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിൽ,1932 – 39  കാലഘട്ടത്തിൽ നാസി ജർമ്മനിയെ  തടഞ്ഞുനിർത്താൻ  ഫ്രാൻസിനു കഴിയുമായിരുന്നു. അവർ അതു  ചെയ്തില്ല. ഫ്രാൻസ്  അതേ  തെറ്റു   വീണ്ടും ആവർത്തിക്കുകയാണ്.

ഇനി  ഇതുകൂടി കേൾക്കുക. ഫ്രാൻ‌സിൽ ആകെയുള്ള  42258  ക്രിസ്ത്യൻ ദൈവാലയങ്ങളിൽ ഒരു വർഷം  ആക്രമണത്തിനിരയാകുന്നത് 875  എണ്ണമാണ്. 59  സെമിത്തേരികളും  ആ കാലയളവിൽ അശുദ്ധമാക്കപ്പെട്ടു.    ജർമ്മനിയിൽ  2019  മാർച്ചുമാസത്തിൽ മാത്രം ആക്രമിക്കപ്പെട്ട ക്രിസ്ത്യൻ ദൈവാലയങ്ങളുടെ എണ്ണം നാല് . വിചിത്രമായ കാര്യം ഈ ആക്രമണങ്ങൾ വേണ്ട രീതിയിൽ റിപ്പോർട്ടു  ചെയ്യാതിരിക്കുന്ന  കാര്യത്തിൽ അവിടുത്തെ പ്രമുഖപത്രങ്ങളും ന്യൂസ് ചാനലുകളും  എല്ലാം ഒറ്റക്കെട്ടാണെന്നതാണ്. റിപ്പോർട്ടു ചെയ്യുന്ന കേസുകളിലാകട്ടെ ആക്രമണകാരികളുടെ പേര് ഉണ്ടാകില്ല.  എങ്ങനെയെങ്കിലും അക്രമണകാരിയുടെ പേരു പുറത്തുവന്നാൽ  അടുത്ത വാർത്ത അവൻ മാനസിക അസ്വാസ്ഥ്യം ഉള്ളവനാണ് എന്നതായിരിക്കും.

 സ്വന്തം കയ്യിലിരുപ്പു  കൊണ്ടുതന്നെ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യൂറോപ്പ്  വൈദേശിക  അധിനിവേശത്തിന് ഇരയാകും എന്ന  അഞ്ചു  നൂറ്റാണ്ടു പഴക്കമുള്ള  പ്രവചനങ്ങളുടെ പൂർത്തീകരണമാണോ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്? സ്വീഡനിലെ ഭരണകൂടവും അവിടുത്തെ ലിബറൽ ഇടതുപക്ഷവും കൂടി വൻതോതിലുള്ള  അനധികൃത  കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ  സ്വയം നശിക്കാൻ വ്രതമെടുത്ത ഒരു രാജ്യത്തിൻറെ  നേർചിത്രം നമുക്ക് ലഭിക്കും. ബ്രിട്ടനിലാണെങ്കിൽ  ആ രാജ്യത്തിൻറെ  അക്രൈസ്തവവൽക്കരണത്തിന്   എല്ലാ പിന്തുണയും നൽകുന്ന ഭരണകൂടങ്ങളാണു ‌  കഴിഞ്ഞ ഏതാനും വര്ഷങ്ങളായി അവിടെയുള്ളത്. സ്പെയിനിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റം ആ രാജ്യത്തെ ക്രമാസമാധാനനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നു  സ്പാനിഷ് ജനത വിലപിക്കുമ്പോൾ യൂറോപ്പിലെ ഏതെണ്ടെല്ലാ രാജ്യങ്ങളിലും  അതു  തന്നെയാണ്  അവസ്ഥ എന്നത് ആശ്വസിക്കാനുള്ള കാര്യമല്ലല്ലോ. ഇതിനിടയിലും ഫ്രീമേസൺമാർ  നിയന്ത്രിക്കുന്ന എല്ലാ ഭാഷകളിലെയും പ്രമുഖ പത്രങ്ങളിൽ  ഇറ്റലിയിലെ ഉപപ്രധാനമന്ത്രി  അനധികൃതകുടിയേറ്റത്തിനെതിരായ നിലപാടെടുത്തു  എന്നതു  മഹാപാപമായി ചിത്രീകരിക്കുകയാണ്. ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ  ഭരണാധികാരികളും അനിയന്ത്രിതമായ കുടിയേറ്റത്തിനെതിരായ നിലപാടെടുക്കുന്നുണ്ട്. അവരും  മാധ്യമങ്ങളുടെ ദൃഷ്ടിയിൽ മഹാപാപികളാണ്. ഇതിനിടയിൽ സുബോധമുള്ള ഒരു ആത്മീയനേതാവു  പറഞ്ഞതു   ശ്രദ്ധിക്കാൻ ആർക്കും സമയവുമില്ല.  അനധികൃതവും  അനിയന്ത്രിതവുമായ  മുസ്ലിം കുടിയേറ്റത്തെക്കുറിച്ചു  ചോദിച്ചപ്പോൾ ദലൈലാമ പറഞ്ഞതു  ‘ യൂറോപ്പ് യൂറോപ്യൻസിനു വേണ്ടിയുള്ളതാണ്’ എന്നാണ്.

കൂടുതൽ വിശദീകരിക്കുന്നില്ല. അറബിയുടെയും ഒട്ടകത്തിൻറെയും കഥ ഓർമ്മയുണ്ടല്ലോ.   ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കാത്തതുകൊണ്ടാണോ   അറബിയുടെയും ഒട്ടകത്തിൻറെയും  കഥ വായിക്കാത്തതുകൊണ്ടാണോ എന്തോ യൂറോപ്പിലെ ഭരണാധികാരികൾക്കും ലിബറൽ ഇടതുപക്ഷത്തിനും  അതൊന്നും പ്രശ്നമല്ല.

 ക്രിസ്ത്യാനികൾക്കു  മുൻപോട്ടുള്ള യാത്ര സുഖകരമല്ല എന്നു ഇപ്പോഴേ മനസിലാക്കിയിരുന്നാൽ  പീഡനം വരുമ്പോളും ആക്രമണം വരുമ്പോഴും അത് അപ്രതീക്ഷിതമായി തോന്നില്ല എന്ന ഗുണമുണ്ട്.  എന്നിരുന്നാലും അന്ത്യകാല രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനികൾക്ക് ആശ്വസിക്കാനുള്ള വക യേശുനാഥൻ  തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരെ  പ്രതി പീഡനത്തിൻറെ   കാലയളവു  ചുരുക്കും എന്നതാണത്.  ക്രൈസ്തവരെ പീഡിപ്പിക്കുന്ന ആഗോളഭരണസംവിധാനത്തിൻറെ  ഭരണകാലം നാല്പത്തിരണ്ടു മാസം ( മൂന്നരവർഷം) ആയിരിക്കും എന്നു  വെളിപാടുപുസ്തകം പതിമൂന്നാം അധ്യായത്തിൽ പറയുന്നുണ്ട്.

എന്തുകൊണ്ടാണു   തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി പീഡനകാലയളവു പരിമിതപ്പെടുത്തുന്നതെന്ന്  യേശു തന്നെ വിശദമാക്കുന്നുണ്ട്. ” ആ ദിവസങ്ങൾ  പരിമിതപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ഒരുവനും രക്ഷപ്പെടുകയില്ലായിരുന്നു” ( മത്തായി 24:22).  നമുക്കു  കർത്താവിനെ സ്തുതിക്കാം. കാരണം നമുക്കു വേണ്ടിയാണ് അവിടുന്ന് പീഡനങ്ങളുടെ നാളുകൾ ചുരുക്കിയിരിക്കുന്നത്. എന്നിരുന്നാലും  വരാനിരിക്കുന്ന ഉഗ്രപീഡനങ്ങളുടെ  മുൻപിൽ ക്രിസ്തുവിനെ തള്ളിപ്പറയാതിരിക്കാനുള്ള കൃപയ്ക്കായി നാം  പ്രാർത്ഥിക്കണം.

(തുടരും)