അവൻ വീണ്ടും വരുന്നു അധ്യായം 10

അന്ത്യകാലം എന്നാൽ  എന്നാൽ പീഡനങ്ങളുടെ കാലമാണെന്നു നാം കണ്ടുകഴിഞ്ഞു.  അപ്പൊൾ നമ്മുടെ മുൻപിൽ രണ്ടു വഴികൾ മാത്രമേ അവശേഷിച്ചിട്ടുണ്ടാകൂ. ഒന്നു  വിശ്വാസം പരിത്യജിച്ച്, ലോകത്തിൻറെ  വഴി തെരഞ്ഞെടുക്കുക.  നിങ്ങളുടെ ആത്മാവിനെക്കുറിച്ചു  നിങ്ങൾക്കു ചിന്തയില്ലെങ്കിൽ ഇതാണ് ഏറ്റവും എളുപ്പമുള്ള വഴി. എന്നാൽ നിത്യജീവനിലേക്കു കടക്കാൻ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമുക്ക് ആ വഴി തെരഞ്ഞെടുക്കാൻ കഴിയില്ലല്ലോ. പിന്നെ അവശേഷിക്കുന്ന ഒരേയൊരു വഴി വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു    പീഡനങ്ങളെ   നേരിടുക എന്നതാണ്. അതിനുള്ള കൃപ ദൈവം  പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ നമുക്കു   പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്കു കടക്കാം.

17. വിശ്വാസികൾക്ക്  രക്ഷപ്പെടാനായി പലായനം ചെയ്യേണ്ടിവരും.

18. ആ പലായനം ശീതകാലത്തോ സാബത്തിലോ  ആകാതിരിക്കാൻ നാം പ്രാർത്ഥിക്കണം.

ലോകത്താകമാനം സ്വന്തം മതവിശ്വാസം  സംരക്ഷിക്കാനായി പലായനം ചെയ്യുന്നവരുടെ എണ്ണമെടുത്താൽ  അതിൽ ബഹുഭൂരിപക്ഷവും  ക്രിസ്ത്യാനികളാണ് എന്നതു  കയ്‌പേറിയ സത്യം. പക്ഷേ നാം വായിക്കുന്ന മുഖ്യധാരാപത്രങ്ങളിലോ കണ്ണുമടച്ച് വിഴുങ്ങുന്ന ചാനൽ വാർത്തകളിലോ  ഇക്കാര്യം ഒരിക്കലും പ്രത്യക്ഷപ്പെടാറില്ല .  അതിനു കാരണം വഴിയേ പറയാം. ക്രിസ്തുമതം ഉപേക്ഷിക്കാൻ തയ്യാറല്ലാത്തതിനാൽ

 മാത്രം സിറിയയിൽ നിന്നു   പലായനം ചെയ്യുന്ന  ആയിരക്കണക്കിനു  മനുഷ്യരോടു   പല യൂറോപ്യൻ രാജ്യങ്ങളും കാണിക്കുന്ന വിവേചനവും  തികച്ചും രാഷ്ട്രീയവും  സാമ്പത്തികവും വ്യക്തിപരവുമായ  കാരണങ്ങളാൽ അവിടെ നിന്നു  പലായനം ചെയ്യുന്ന  അക്രൈസ്തവരോടുള്ള ഉദാരസമീപനവും ചേർത്തുവായിക്കുമ്പോൾ  ക്രൈസ്തവപീഡനത്തിൻറെ   ആന്തരാർത്ഥങ്ങൾ നമുക്കു  മനസിലാകും.

എന്നാൽ ഇതിനേക്കാളൊക്കെ ഭീകരമായ ഒരു പലായനം  കൂടി നാം പ്രതീക്ഷിക്കുന്നുണ്ട്.  അതു  മറ്റൊന്നുമല്ല. ഇപ്പോൾ ഏതാനും രാജ്യങ്ങളിലോ പ്രദേശങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കുന്ന  ക്രൈസ്തവപീഡനവും ക്രിസ്ത്യാനികളോടുള്ള വിവേചനവും  ഒരു ആഗോള പ്രതിഭാസമായി മാറുന്നതനുസരിച്ചു  ലോകത്തിൻറെ  എല്ലാ ഭാഗങ്ങളിലുമുള്ള   ക്രിസ്തീയവിശ്വാസികൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായി  മാത്രം  പൊതുസമൂഹത്തിൽ നിന്നു  പലായനം ചെയ്യുന്ന ഒരു കാലം വരുന്നു.  വിശ്വാസം വരുന്നില്ല അല്ലേ? 

എന്നാൽ കേട്ടുകൊള്ളുക. സ്വവർഗലൈംഗികതയെയും ഗർഭഛിദ്രത്തെയും വിവാഹമോചനത്തെയും  ലിംഗമാറ്റത്തെയും ഒക്കെ  മഹത്വൽക്കരിക്കുന്ന പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്‌കൂളുകളിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയില്ല എന്ന് ഏതെങ്കിലും  ഒരു ക്രിസ്ത്യാനി  തീരുമാനമെടുത്താൽ എന്തു  സംഭവിക്കും? നിങ്ങൾ പറഞ്ഞേക്കാം; അതിനെന്താ, മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാമല്ലോ എന്ന്. ആ കാലമൊക്കെ  കഴിഞ്ഞുപോയി എന്നറിയുക. ഇപ്പോൾ  പലരാജ്യങ്ങളിലും  ഹോംസ്‌കൂളിങ്ങിനെതിരെ കർശനനിയന്ത്രണങ്ങൾ  നടപ്പിൽ വന്നുകഴിഞ്ഞു.  

എതിർക്രിസ്തുവിൻറെ   മുദ്രയായ  ബയോ ചിപ്പ് ശരീരത്തിൽ ഘടിപ്പിക്കാനും അതുവഴി നരകത്തിലേക്കുള്ള നിത്യനാശത്തിൻറെ  വഴി തെരഞ്ഞെടുക്കാനും വിസമ്മതിക്കുന്ന ക്രിസ്ത്യാനികൾക്കു  പലായനം ചെയ്യുകയല്ലാതെ മറ്റെന്തുവഴി? കാരണം ആ ദിവസങ്ങളിൽ  പോക്കറ്റിലെ  പണം ഒന്നിനും ഉപകരിക്കുകയില്ല. അപ്പോൾ വിശപ്പടക്കാൻ അരി വാങ്ങണമെങ്കിൽ അതു  ചിപ്പിനോടു  ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ കഴിയുകയുള്ളൂ എന്നറിയാമല്ലോ.  എല്ലാവിധ അശുദ്ധിയും തിന്മയും  വൈകൃതങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു ലോകത്തിൽ കറ കൂടാതെ തങ്ങളുടെ ആത്മാക്കളെ കാത്തുസൂക്ഷിക്കണമെന്നുള്ളവർക്കു  സാമൂഹ്യജീവിതത്തിൽ നിന്നു  പിൻവലിയുക എന്നതല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല.  അങ്ങനെയൊരു ദിവസം നാം ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വളരെ അടുത്തെത്തിയിരിക്കുന്നു.

 അതുകൊണ്ടുതന്നെ ലോകമെമ്പാടും വിശ്വാസികൾ  ചെറുസംഘങ്ങളായോ  അല്ലെങ്കിൽ സ്വന്തം നിലയിലോ  കൃഷി ചെയ്തു   ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാനും  അവശ്യസാധനങ്ങൾ സംഭരിച്ചുവയ്ക്കാനും  തുടങ്ങിക്കഴിഞ്ഞു എന്ന് ഇതു  വായിക്കുന്ന എത്ര പേർക്കറിയാം?  കേരളത്തിൽ, നിങ്ങളുടെ  വീടിനടുത്തും ഈ ബോധ്യത്തോടെ ജീവിക്കുന്ന   അനേകരെ കണ്ടെത്താൻ കഴിയും.  അവരെ നിങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിൽ അതിൻറെയർത്ഥം നിങ്ങൾ അവരെ ഇതുവരെ അന്വേഷിച്ചിട്ടില്ല എന്നുമാത്രമാണ്. ജലപ്രളയത്തിനു മുൻപുള്ള കാലത്തേതുപോലെ നാമെല്ലാവരും വിൽക്കുകയും വാങ്ങുകയും  വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും  ചെയ്തുകൊണ്ട് ജീവിതവ്യഗ്രതയിൽ മുഴുകിക്കഴിയുകയാണല്ലോ. 

ശരീരത്തിൻറെ  സുഖമാണു  ലോകത്തിലെ ഏറ്റവും വിശിഷ്ടമായ കാര്യം എന്ന വ്യാജബോധ്യത്തിനടിപ്പെട്ട വലിയൊരു വിഭാഗം മനുഷ്യരും,  മദ്യാസക്തിയിൽ തന്നെത്തന്നെയും തൻറെ  സ്രഷ്ടാവിനെയും മറക്കുന്ന മനുഷ്യരും കൂടി  ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായം  മുപ്പത്തിനാലാം തിരുവചനം നിറവേറ്റുന്ന കാലം എത്തിക്കഴിഞ്ഞു.  “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത  എന്നിവയാൽ നിങ്ങളുടെ മനസ് ദുർബലമാകുകയും  ആ ദിവസം ഒരു കെണി പോലെ  പെട്ടെന്നു  നിങ്ങളുടെമേൽ വന്നുവീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ”.

 ക്രിസ്തുവിരോധികളുടെ പീഡനങ്ങളിൽ നിന്നു രക്ഷപെടാനും  സ്വന്തം വിശ്വാസം  കാത്തുരക്ഷിച്ചുകൊണ്ട് ആത്മരക്ഷ ഉറപ്പുവരുത്താനുമായി   വിശ്വാസികൾ  നേരിടേണ്ടിവരുന്ന അന്ത്യകാലത്തെ പലായനത്തെക്കുറിച്ചു   പറയുമ്പോൾ കർത്താവ്  ഓർമ്മിപ്പിക്കുന്ന ഒരു കാര്യം  ആ പലായനം സാബത്തിലോ ശീതകാലത്തോ ആകാതിരിക്കാൻ വേണ്ടി നാം പ്രാർത്ഥിക്കണം എന്നാണ്. എന്തുകൊണ്ടായിരിക്കാം  കർത്താവ്  ഇങ്ങനെയൊരു മുന്നറിയിപ്പു  നൽകിയത് എന്നു  നാം ചിന്തിക്കണം.  

വേനൽക്കാലത്തെ അപേക്ഷിച്ചു   ശീതകാലത്തു   നാടും വീടും വിട്ട് ഓടിപ്പോകാൻ  ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമുക്കറിയാം. കേരളം പോലെ കടുത്ത ശീതകാലം ഇല്ലാത്ത പ്രദേശങ്ങളിൽ വസിക്കുന്നവർക്കു   ശീതകാലത്തിൻറെ  കാഠിന്യത്തെക്കുറിച്ചു  നേരിട്ട് അറിവുണ്ടാകില്ല.  എന്നുവച്ച് അവസാനകാലത്ത് ഒരു ശീതകാലത്തു  പലായനം ചെയ്യുക എന്ന സാധ്യതയിൽ നിന്നു  കേരളീയർ  രക്ഷപ്പെടും  എന്നു  പറയാനും കഴിയില്ല. കാരണം ഒരു ആണവയുദ്ധം  ഉണ്ടാവുകയാണെങ്കിൽ അതിൻറെ  ഫലമായി ഉണ്ടാകുന്ന പൊടിപടലങ്ങൾ   അന്തരീക്ഷത്തെ ആവരണം ചെയ്യുകയും  സൂര്യപ്രകാശം  ഭൂമിയിൽ പതിക്കുന്നതിനെ തടയുകയും  ചെയ്യുമെന്നും തൽഫലമായി  സുദീർഘമായ ഒരു ശീതകാലത്തെ ( ന്യൂക്ലിയർ വിൻറർ  അഥവാ ആണവശൈത്യം) നമുക്കു  നേരിടേണ്ടിവരുമെന്നും  ശാസ്ത്രം  പറഞ്ഞുതരുന്നു. തണുപ്പിനെ  പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ഇപ്പോഴേ കരുതിവയ്ക്കുന്നതു  ബുദ്ധിമോശമാകില്ല എന്നർത്ഥം.

ഇനി സാബത്തിനെക്കുറിച്ച്. എന്തുകൊണ്ടാണ് അന്ത്യകാലത്തെ പലായനം സാബത്തിൽ ആകാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന്  യേശു പറയുന്നത്? കർത്താവിൻറെ  ദിവസം അത്രയധികം പ്രധാനപ്പെട്ടതായതുകൊണ്ടുതന്നെ. ‘സാബത്തിനെ  ചവിട്ടിമെതിക്കുന്നതിൽ നിന്നും എൻറെ  വിശുദ്ധദിവസത്തിൽ   നിൻറെ  ഇഷ്ടം അനുവർത്തിക്കുന്നതിൽ നിന്നും നീ പിന്തിരിയുക. സാബത്തിനെ  സന്തോഷദായകവും കർത്താവിൻറെ  ദിവസത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിൻറെ  സ്വന്തം വഴിയിലൂടെ നടക്കാതെയും നിൻറെ  താല്പര്യങ്ങൾ  അന്വേഷിക്കാതെയും വ്യർത്ഥഭാഷണത്തിലേർപ്പെടാതെയും അതിനെ ആദരിക്കുക. അപ്പോൾ നീ കർത്താവിൽ ആനന്ദിക്കും’

( ഏശയ്യാ 58:13) എന്ന തിരുവചനം ഓർമ്മിക്കുക. 

ഞായറാഴ്ചകൾ നാം എങ്ങനെയാണ് ആചരിക്കുന്നത് എന്നു  ചിന്തിക്കുക. അതു  കർത്താവിനു  മഹത്വം നൽകുന്ന വിധത്തിലാണോ? ഒരുപക്ഷേ ലോകസൃഷ്ടിക്കുശേഷം  ദൈവം വിശ്രമിച്ച ദിവസം പോലെയും  യേശു മരിച്ചവരിൽ നിന്ന് ഉയിർത്ത ദിവസം പോലെയും  പരിശുദ്ധാത്മാവിനെ  വർഷിച്ച പന്തക്കുസ്താദിവസം പോലെയും  ഒരു സാബത്തുദിവസം തന്നെ തൻറെ  രണ്ടാമത്തെ ആഗമനത്തിനായി യേശുക്രിസ്തു തെരഞ്ഞെടുക്കുന്നുവെങ്കിൽ   ആ സമയത്തു   നാം എവിടെയായിരിക്കും എന്നും ചിന്തിക്കുക.

(തുടരും)