സ്മിർണായിലെ സഭയെ ഓർമ്മയില്ലേ? ഏഴു സഭകളിൽ വച്ച് യേശു പ്രശംസിച്ച ഒരു സഭയായിരുന്നു സ്മിർണായിലേത്. ഞെരുക്കത്തിലും ദാരിദ്ര്യത്തിലും കൂടി കടന്നുപോകുമ്പോഴും കർത്താവിൻറെ മുൻപിൽ അവർ സമ്പന്നരായിരുന്നു എന്നു യേശുക്രിസ്തു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നാളുകൾ വലിയ സഹനത്തിൻറെയും പീഡനത്തിൻറെയുമായിരിക്കും എന്ന് യേശു അവർക്കു മുന്നറിയിപ്പു കൊടുക്കുന്നുമുണ്ട്. ‘നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങൾ പരീക്ഷിക്കപ്പെടുന്നതിനാണ്. പത്തു ദിവസത്തേക്കു നിങ്ങൾക്കു ഞെരുക്കമുണ്ടാകും. മരണം വരെ വിശ്വസ്തനായിരിക്കുക; ജീവൻറെ കിരീടം നിനക്കു ഞാൻ നൽകും’
(വെളി 2:10).
ഇങ്ങനെ എഴുതിവച്ചതു വിശുദ്ധ യോഹന്നാൻ ശ്ലീഹായാണ്. അദ്ദേഹത്തിൻറെ ശിഷ്യനായിരുന്നു വിശുദ്ധ പോളികാർപ്പ് ( AD 69-155). അദ്ദേഹം പിന്നീടു സ്മിർണയിലെ മെത്രാനായിത്തീർന്നു. അവിടുത്തെ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ ഉറപ്പിച്ചു. അനുകരണീയമായ ജീവിതമാതൃക തൻറെ ജനങ്ങൾക്കു നൽകിക്കൊണ്ട് എൺപത്തിയാറാം വയസിൽ ഈ വിശുദ്ധൻ കർത്തൃസന്നിധിയിലേക്ക് തിരിച്ചുപോയത് യോഹന്നാൻറെ പ്രവചനങ്ങളുടെ പൂർത്തീകരണത്തിൻറെ കാലഘട്ടത്തിലായിരുന്നു.
അപ്പസ്തോലന്മാരുടെ കാലഘട്ടത്തെയും തുടർന്നുവരുന്ന സഭാപിതാക്കന്മാരുടെ കാലഘട്ടത്തെയും ബന്ധിപ്പിക്കുന്ന കണ്ണികളിൽ പ്രധാനപ്പെട്ട രണ്ടു വിശുദ്ധരാണ് അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസും സ്മിർണയിലെ വിശുദ്ധ പോളികാർപ്പും. റോമിലേക്കുള്ള തൻറെ അവസാന യാത്രയിൽ താൻ പോളികാർപ്പിനെ കണ്ടതിനെക്കുറിച്ച് ഇഗ്‌നേഷ്യസ് എഴുതിയിരിക്കുന്നതു ‘പോളികാർപ്പ് കൃപയുടെ വസ്ത്രം ധരിച്ചിരുന്നു’ (with the garment of grace) എന്നാണ്.
ഏറെത്താമസിയാതെ റോമൻ പട്ടാളക്കാർ പോളികാർപ്പിനെയും തേടിവന്നു. കർത്താവിനെപ്പോലെ തന്നെ പോളികാർപ്പിനെയും ഒരാൾ ഒറ്റിക്കൊടുക്കുകയായിരുന്നു. റോമൻ പട്ടാളക്കാർ തന്നെ പിടികൂടുന്നതിനു മൂന്നു ദിവസം മുൻപു പോളികാർപ്പിന് ഒരു ദർശനം ഉണ്ടായിരുന്നു. താൻ കിടക്കുന്ന തലയിണയ്ക്കു തീ പിടിക്കുന്നതായിരുന്നു അത്. ഉണർന്നെഴുന്നേറ്റ അദ്ദേഹം തൻറെ ശിഷ്യരോടു പറഞ്ഞതു താൻ ഉടൻ തന്നെ തീയിൽ ചുട്ടെരിക്കപ്പെടുമെന്നായിരുന്നു. വേണമെങ്കിൽ രക്ഷപെടാനുള്ള അവസരം ഉണ്ടായിരുന്നിട്ടും അദ്ദേഹം പറഞ്ഞതു ‘ദൈവത്തിൻറെ ഇഷ്ടം നിറവേറട്ടെ’ എന്നായിരുന്നു. ഒരു കവർച്ചക്കാരനെയെന്ന പോലെ ആയുധങ്ങളുമായി തന്നെ പിടികൂടാൻ വന്ന പട്ടാളക്കാരെ അദ്ദേഹം സ്നേഹപൂർവ്വം സ്വീകരിച്ചു. അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി. തുടർന്ന് ഒരു മണിക്കൂർ തനിയെ പ്രാർത്ഥിക്കാനുള്ള അനുവാദം
വാങ്ങിയ അദ്ദേഹം പ്രാർത്ഥന അവസാനിപ്പിച്ചപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞിരുന്നു.
തൻറെ ഭവനത്തിൽ നിന്നു വിചാരണസ്ഥലമായ സ്മിർണയിലെ സ്റ്റേഡിയത്തിലേക്കുള്ള പോളികാർപ്പിൻറെ അവസാനയാത്ര ഒരു കഴുതയുടെ പുറത്തായിരുന്നു. അവിടെ വിജാതീയരുടെയും യഹൂദരുടെയും ആക്രോശങ്ങൾക്കിടയിൽ അവിടുത്തെ റോമൻ പ്രവിശ്യാ ഭരണാധികാരിയായ പ്രോ-കോൺസൽ ക്രിസ്തുവിനെ തള്ളിപ്പറയാനും റോമൻ ചക്രവർത്തിയായ സീസർ ദൈവമാണെന്ന് ഏറ്റുപറഞ്ഞുകൊണ്ടു ബലിയർപ്പിക്കാനും പോളികാർപ്പിനെ നിർബന്ധിച്ചു. പോളികാർപ്പിൻറെ മറുപടി കൃത്യമായും അളന്നുമുറിച്ച വാക്കുകളായിരുന്നു. “എൺപത്തിയാറു വർഷം ഞാൻ യേശുക്രിസ്തുവിനു ശുശ്രൂഷ ചെയ്തു. അവിടുന്ന് ഇന്നുവരെ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. പിന്നെയെങ്ങനെയാണ് എൻറെ രാജാവും രക്ഷകനുമായവനെതിരെ ഞാൻ ദൈവദൂഷണം പറയുന്നത്?”
കോപാക്രാന്തനായ പ്രോ-കോൺസൽ പോളികാർപ്പിനെ വന്യമൃഗങ്ങൾക്ക് ഇരയാക്കും എന്നു ഭീഷണിപ്പെടുത്തിയപ്പോൾ എത്രയും വേഗം മൃഗങ്ങളെ കൊണ്ടുവരാനായിരുന്നു ആ വിശുദ്ധൻ ആവശ്യപ്പെട്ടത്. ‘അനുതപിച്ച്’ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് സീസറിനെ ദൈവമായി ആരാധിക്കാൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ പോളികാർപ്പ് പറഞ്ഞതു നന്മയിൽ നിന്നു തിന്മയിലേക്ക് അനുതപിക്കുക എന്നതു തനിക്കു സാധ്യമല്ല എന്നും അനുതാപം എന്നാൽ തിന്മയിൽ നിന്നു നന്മയിലേക്കുള്ള തിരിച്ചുവരവാണെന്നുമായിരുന്നു.
തീയിൽ ചുട്ടെരിക്കും എന്നതായിരുന്നു അടുത്ത ഭീഷണി. അതിനു വിശുദ്ധൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു ; ‘ അല്പകാലത്തേക്കു മാത്രം ജ്വലിക്കുകയും പിന്നെ കെട്ടുപോവുകയും ചെയ്യുന്ന അഗ്നി കൊണ്ടാണു നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ ദൈവനിഷേധികൾക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ന്യായവിധിയുടെയും നിത്യശിക്ഷയുടെയും അഗ്നിയെക്കുറിച്ചു നിങ്ങൾ ഒന്നും അറിയുന്നില്ലല്ലോ”.
പിന്നെ താമസമുണ്ടായില്ല, അവർ പോളികാർപ്പിനെ ബന്ധിച്ചു തീയിലെറിഞ്ഞു. എന്നാൽ അഗ്നി അദ്ദേഹത്തെ സ്പർശിച്ചില്ല. ഈ അവസരത്തിൽ അവിടെ സന്നിഹിതരായിരുന്ന അദ്ദേഹത്തിൻറെ ശിഷ്യന്മാർ രേഖപ്പെടുത്തിയിരിക്കുന്നതു മനുഷ്യമാംസം തീയിൽ വെന്തുരുകുന്നതുപോലെയല്ല, മറിച്ച് തീക്കനലിൽ വച്ച് അപ്പം ചുട്ടെടുക്കുന്നതു പോലെയും ചൂളയിൽ സ്വർണ്ണവും വെള്ളിയും തിളങ്ങുന്നതു പോലെയുമായിരുന്നു ആ ദൃശ്യം എന്നാണ്. മാത്രവുമല്ല ചൂളയിൽ നിന്നു കുന്തിരിക്കത്തിൻറെ സുഗന്ധം ഉയരുന്നതായി അവിടെ കൂടിയിരുന്ന ജനക്കൂട്ടത്തിന് അനുഭവപ്പെടുകയും ചെയ്തു.
സ്വർഗത്തിലേക്കു പോകാൻ തിടുക്കം കൂട്ടിയ പോളികാർപ്പിനെ ദഹിപ്പിക്കാൻ ആവാതെ അഗ്നി മാറി നിന്നു. അഗ്നി സ്വഗുണം മറന്ന ഇങ്ങനെയൊരു അനുഭവം ബാബിലോൺ പ്രവാസകാലത്ത് മൂന്നു യുവാക്കൾക്കും ഉണ്ടായതായി ദാനിയേലിൻറെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ടല്ലോ. ‘ നീതിമാന്മാരെ പോറ്റി രക്ഷിക്കാൻ അഗ്നി സ്വഗുണം മറന്നു’ ( ജ്ഞാനം 16:23).
എന്നാൽ കോപാക്രാന്തനായ ഭരണാധികാരി ഒരു കഠാര കൊണ്ടു പോളികാർപ്പിനെ കൊല്ലാൻ ഉത്തരവിടുകയാണുണ്ടായത്. ആ നീതിമാൻറെ രക്തം വീണപ്പോൾ ചൂളയിലെ തീ അണഞ്ഞുപോയതായി അദ്ദേഹത്തിൻറെ ശിഷ്യന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പോളികാർപ്പിൻറെ രക്തസാക്ഷിത്വത്തെക്കുറിച്ച് നമുക്കു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതു സ്മിർണയിലെ സഭ ഫിലോമെലിയം എന്ന സ്ഥലത്തെ സഭയ്ക്ക് ഒരു കത്തിൻറെ രൂപത്തിൽ എഴുതിയ Martyrium Polycarpi ( പോളികാർപ്പിൻറെ രക്തസാക്ഷിത്വം) എന്ന പുരാതനരേഖയിൽ നിന്നാണ്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാചരിത്രകാരനായ എവുസേബിയൂസും പോളികാർപ്പിൻറെ രക്തസാക്ഷിത്വത്തെ പരാമർശിക്കുന്നുണ്ട്.
വയോവൃദ്ധനായ പോളികാർപ്പിന് എങ്ങനെയാണ് ഇത്രയും വലിയ പീഡനങ്ങളിൽ കൂടി കടന്നുപോകാൻ ധൈര്യം ലഭിച്ചത് എന്നു നമുക്ക് അത്ഭുതം തോന്നാം. എൺപത്തിയാറു വർഷവും തന്നെ കരുതലോടെ സ്നേഹിച്ച കർത്താവിനോടുള്ള വിശ്വസ്തതയായിരുന്നു അതിന് അദ്ദേഹത്തിനു പ്രചോദനമേകിയത്. നിഷിദ്ധമായ കാര്യം ചെയ്തില്ലെങ്കിൽ പോലും, ചെയ്തു എന്നു ഭാവിക്കുകയാണെങ്കിൽ തൻറെ ജീവൻ രക്ഷിക്കാമായിരുന്ന തൊണ്ണൂറു വയസുകാരൻ എലെയാസർ പറഞ്ഞതെന്തായിരുന്നു എന്നു നമുക്കറിയാം.
‘ നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേർന്നതല്ല. എലെയാസർ തൊണ്ണൂറാം വയസിൽ മതം മാറിയെന്നു ചെറുപ്പക്കാർ വിചാരിക്കും. ഒരു ചെറിയ നിമിഷം കൂടി ജീവിക്കാൻ വേണ്ടി എൻറെ ഈ അഭിനയം മൂലം ഞാൻ അവരെ വഴി തെറ്റിക്കുകയും എൻറെ വാർദ്ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയും ചെയ്യും. തൽക്കാലത്തേക്ക് മനുഷ്യശിക്ഷയിൽ നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും സർവശക്തൻറെ കരങ്ങളിൽ നിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാൻ കഴിയില്ല’ ( 2 മക്ക. 6:24-26).
രക്തസാക്ഷിത്വത്തിനു പ്രായം ഒരു പ്രശ്‌നമേയല്ല. ജീവിതത്തിൻറെ വസന്തകാലത്തു മൂന്നു യുവാക്കൾക്ക് അതു സാധിക്കുമെങ്കിൽ, ജീവിതസായാഹ്നത്തിൽ തൊണ്ണൂറുവയസുകാരനായ എലെയാസറിന് അതു സാധിക്കുമെങ്കിൽ, വാർധക്യത്തിലെത്തിയ എൺപത്തിയാറു വയസുള്ള പോളികാർപ്പിന് അതു സാധിക്കുമെങ്കിൽ, നമുക്കും അതു സാധിക്കും. അതിനുവേണ്ടത് ഒന്നുമാത്രം. പോളികാർപ്പിനെപോലെതന്നെ ഇത്രകാലവും നാം സേവിച്ച നമ്മുടെ കർത്താവു നമുക്കു നന്മ മാത്രമേ ചെയ്തിട്ടുള്ളൂ എന്നു തിരിച്ചറിയുക. ഒപ്പം തന്നെ നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നും ( റോമാ 8:18) തിരിച്ചറിയുക. തൻറെ ജീവൻ ക്രിസ്തുവിനായി സമർപ്പിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ വിശുദ്ധ പോളികാർപ്പ് ചൊല്ലിയ ഒരു പ്രാർത്ഥനയുണ്ട്. ആത്മാവിൻറെ രക്ഷയെക്കാൾ ശരീരത്തിൻറെ വേദനയാണു വലുതെന്നു കരുതുന്നവർക്ക് ആ പ്രാർത്ഥന ഇപ്പോഴെങ്കിലും ആത്മാർത്ഥമായി ചൊല്ലാൻ കഴിയണം. കാരണം യുവാക്കൾക്കും വൃദ്ധന്മാർക്കും മാത്രമല്ല കുഞ്ഞുങ്ങൾക്കുപോലും രക്തസാക്ഷികളാകാൻ സാധ്യതയുള്ള ഒരു കാലമാണിത്. ക്രിസ്ത്യാനി എന്നു പറഞ്ഞാൽ രക്തസാക്ഷി എന്നല്ലാതെ മറ്റൊരർഥവും നിരൂപിക്കാൻ കഴിയാത്ത ഒരു കാലം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന കാര്യം നമ്മിൽ എത്ര പേർ മനസിലാക്കിയിട്ടുണ്ട്?
രക്തസാക്ഷിത്വത്തിലേക്കു നടന്നടുക്കുമ്പോൾ ചൊല്ലാനായി ഈ പ്രാർഥന ഇപ്പോഴേ മനസ്സിൽ ഓർത്തുവയ്ക്കാം.
‘കർത്താവേ, സർവശക്തനും പിതാവുമായ ദൈവമേ, അങ്ങയുടെ പരിശുദ്ധനായ പ്രിയപുത്രൻ യേശുക്രിസ്തുവിലൂടെയാണല്ലോ മാലാഖാമാരുടെയും അധീശന്മാരുടെയും സകല സൃഷ്ടിജാലത്തിൻറെയും അങ്ങയുടെ ദൃഷ്ടിയിൽ വിശുദ്ധരായി വ്യാപരിക്കുന്ന എല്ലാവരുടെയും ദൈവമായ അങ്ങയെ ഞങ്ങൾ അറിയുവാൻ ഇടയായത്. എല്ലാ രക്തസാക്ഷികളോടും ചേർന്ന് അങ്ങയുടെ അഭിഷിക്തനായ ക്രിസ്തുവിൻറെ പാനപാത്രത്തിൽ പങ്കുചേരാനും അതുവഴി, പരിശുദ്ധാത്മശക്തിയാൽ ആത്മശരീരങ്ങളോടെ അനശ്വരമായ നിത്യജീവിതത്തിലേക്ക് ഉയിർക്കുവാനുമായി, ഈ ദിവസം, ഈ മണിക്കൂറിൽ എന്നെ യോഗ്യനായി വിധിച്ചതിനു ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഇന്നു ഞാൻ അങ്ങയുടെ സന്നിധിയിൽ രക്തസാക്ഷികളോടൊപ്പം ഉജ്ജ്വലവും അങ്ങേയ്ക്കു പ്രീതികരവുമായ ബലിയായി സ്വീകരിക്കപ്പെടുമാറാകട്ടെ. ഓ, നിത്യസത്യം തന്നെയായ ദൈവമേ, വ്യാജം അങ്ങയെ ഒരിക്കലും സ്പർശിച്ചിട്ടില്ല. അങ്ങുതന്നെ ഇവയെല്ലാം ഒരുക്കുകയും എനിക്കു വെളിപ്പെടുത്തിത്തരുകയും ചെയ്തുവല്ലോ. ഇതാ, ഇപ്പോൾ അങ്ങയുടെ വാഗ്ദാനം അങ്ങു നിറവേറ്റുകയും ചെയ്തിരിക്കുന്നു.
അങ്ങു ചെയ്തവയ്‌ക്കെല്ലാമായി, അങ്ങയുടെ പ്രിയപുത്രനും സ്വർഗത്തിലെ നിത്യപുരോഹിതനുമായ യേശുക്രിസ്തു വഴിയായി ഞാൻ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. യേശുക്രിസ്തുവിനോടൊപ്പം പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എല്ലാ മഹത്വവും എന്നുമെന്നേക്കും അങ്ങേയ്ക്ക് ഉണ്ടായിരിക്കട്ടെ. ആമേൻ.