വിശുദ്ധിയുടെ വില

വിശുദ്ധിയ്ക്കു  കൊടുക്കേണ്ടി വരുന്ന വില എന്താണ്? അതു  പലപ്പോഴും സ്വന്തം ജീവൻ  തന്നെയാണ്.  പാപത്തിൽ നിന്ന്  ഓടിയകലേണ്ടിവരുമ്പോൾ   ഒരുപക്ഷേ മറ്റു വാതിലുകൾ ഒന്നും  നമുക്കു മുൻപിൽ തുറന്നു കിട്ടില്ലായിരിക്കാം. അപ്പോൾ ‘സാഹചര്യങ്ങളുടെ സമ്മർദ്ദം’ എന്നൊക്കെ  ന്യായം പറഞ്ഞു  പാപത്തിനു വഴങ്ങിക്കൊടുക്കുന്നതാണോ അതോ പാപം ചെയ്യാതിരിക്കാനായി  മരണം വരിക്കുന്നതാണോ ഏതാണു   കൂടുതൽ  നല്ലത് എന്ന ചോദ്യത്തിന് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സംശയമുണ്ടാകില്ല.  നിൻറെ  കണ്ണു നിനക്ക് പാപഹേതുവാകുന്നുവെങ്കിൽ അത് ചുഴന്നെടുത്തു എറിഞ്ഞുകളയുക  എന്നും  നിൻറെ കാൽ പാപത്തിനു കാരണമാകുന്നുവെങ്കിൽ  അതു  വെട്ടി ദൂരെയെറിയുക  എന്നും പഠിപ്പിച്ച യേശുക്രിസ്തു  പറഞ്ഞത് അംഗഹീനനോ   മുടന്തനോ  ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്  അംഗവൈകല്യമില്ലാത്തവനായി പുഴു ചാകാത്തതും തീ കെടാത്തതുമായ  നിത്യനരകാഗ്നിയിൽ പതിക്കുന്നതിനേക്കാൾ  നല്ലതെന്നാണ്.

സ്വന്തം ശരീരത്തെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിച്ചുകൊണ്ട് യഥാർത്ഥമായ ആരാധന  ( റോമാ 12:1) എന്തെന്നു നമ്മെ പഠിപ്പിച്ച ഒരാളെക്കുറിച്ചു ചിന്തിക്കുന്നതു  നല്ലതാണ്.  പാപം ചെയ്യാൻ കൂട്ടുനിൽക്കാത്തതിൻറെ പേരിൽ ദേഹമാസകലം  കുത്തേറ്റ മുറിവുകളോടെ   നിത്യജീവനിലേക്കു പ്രവേശിച്ച വിശുദ്ധ മരിയ  ഗൊരേത്തിയുടെ രക്തസാക്ഷിത്വത്തിന് ഈ കാലത്ത് ഏറെ പ്രസക്തിയുണ്ട്. ഏറ്റവും കൂടുതൽ  ആത്മാക്കൾ  നരകത്തിലേക്കു പോകുന്നത് ജഡികപാപങ്ങൾ  മൂലമാണെന്നു   പരിശുദ്ധ  അമ്മ  ഫാത്തിമയിൽ പറഞ്ഞത് 1917 ലായിരുന്നു. അതിനും  പതിനഞ്ചു  വർഷങ്ങൾക്കു  മുൻപേ  നിത്യനരകത്തിലേക്കു  നയിക്കുന്ന അശുദ്ധപാപങ്ങളിൽ നിന്ന് എങ്ങനെ  ഒഴിഞ്ഞുനിൽക്കാം എന്നതിനുള്ള ഉദാഹരണം  മരിയ  ഗൊരേത്തി നമുക്കു നൽകിയിരുന്നു. 

അശുദ്ധപാപങ്ങളിൽ  അഭിരമിച്ച്,  നരകം  ചോദിച്ചുവാങ്ങുന്ന അനേകം  ആത്മാക്കളെക്കുറിച്ചുള്ള ഭാരം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു  സ്വർഗത്തിലേക്കു  പോയ മരിയ ഗൊരേത്തിയുടെ   പ്രാർത്ഥനകൊണ്ടുകൂടിയല്ലേ, ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ ‘അമ്മ  ശുദ്ധത എന്ന പുണ്യത്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കാൻ   കാരണം?

ഒരു പാവപ്പെട്ട കർഷകത്തൊഴിലാളികുടുംബത്തിൽ   1890  ഒക്ടോബര് 16 നാണ് മരിയ  ജനിച്ചത്.  ഇറ്റലിയിലെ Ancona  പ്രവിശ്യയിൽ Corinaldo  എന്ന ഗ്രാമത്തിലായിരുന്നു ആറുമക്കളിൽ മൂന്നാമത്തവളായി  മരിയയുടെ ജനനം.  അവളുടെ   ചെറുപ്പത്തിൽ തന്നെ പിതാവ് മലേറിയ ബാധിച്ചു മരണമടഞ്ഞു. തുടർന്ന്  കുടുംബഭാരം ഏറ്റെടുത്ത അമ്മ  അയൽവാസിയായ  ജിയോവാന്നിയുമായി  ചേർന്ന് ഒരു ജന്മിയുടെ കൃഷിയിടത്തിൽ  കൃഷി നടത്തിക്കൊണ്ടിരുന്നു. ലാഭത്തിൻറെ  ഭൂരിഭാഗവും  ജിയോവാന്നിയുടെ പോക്കറ്റിലേക്കാണു  പോയിരുന്നത്. ജിയോവാന്നിയുടെ മകൻ അലക്സാണ്ടറാകട്ടെ  തെറ്റായ വഴികളിൽ ചരിച്ചിരുന്ന  ഒരു ചെറുപ്പക്കാരനായിരുന്നു. അവൻ  പലപ്പോഴും മരിയയെ  അശുദ്ധപാപത്തിലേക്കു    വലിച്ചിഴയ്ക്കാൻ ശ്രമിച്ചിരുന്നു.  എന്നാൽ  ശുദ്ധത എന്ന പുണ്യത്തിൻറെ  വില അറിയാമായിരുന്ന മരിയ  ദൈവകല്പനകൾ  ലംഘിക്കാൻ ഒരിക്കലും  തയ്യാറായിരുന്നില്ല. അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതിയിട്ടാകാം അവൾ അലക്സാണ്ടറിനെക്കുറിച്ച്  വീട്ടുകാരോട് ഒന്നും സൂചിപ്പിച്ചിരുന്നുമില്ല.

കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും  മരിയയുടെ  കുടുംബം വിശ്വാസത്തിലും പുണ്യജീവിതത്തിലും  ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. തൊട്ടടുത്ത ഗ്രാമത്തിലെ കടയിൽ പോകുമ്പോഴെല്ലാം അവിടെയുള്ള മാതാവിൻറെ ദൈവാലയം സന്ദർശിക്കുന്നത് മരിയ പതിവാക്കിയിരുന്നു. മരിച്ചുപോയ പിതാവിനു  വേണ്ടി  പരിശുദ്ധ കുർബാന അർപ്പിയ്ക്കാൻ അവരുടെ സാമ്പത്തികസ്ഥിതി  അവരെ   അനുവദിച്ചിരുന്നില്ല.  അതിനുപകരമായി മരിയ കണ്ടെത്തിയ വഴി എല്ലാ ദിവസവും തൻറെ പിതാവിനു  വേണ്ടി ഒരു ജപമാല ചൊല്ലി കാഴ്ചവയ്ക്കുക എന്നതായിരുന്നു.

1902  ജൂലൈ അഞ്ചാം തിയതി മരിയ  വീടിനു മുൻപിലിരുന്നു തുണി തയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു.  അമ്മയും  സഹോദരങ്ങളും   വയലിൽ ജോലിയ്ക്കു പൊയ്ക്കഴിഞ്ഞു. അനിയത്തി തെരേസ   വീട്ടിനുള്ളിൽ  ഉറങ്ങിക്കിടക്കുന്നു. അപ്പോഴാണ്  അലക്സാണ്ടർ   അവിടേയ്ക്കു കടന്നുവന്നത്. അവൻ  മരിയയെ പിടിച്ചുവലിച്ച് വീട്ടിൻറെ ഉള്ളിലേക്കു  കൊണ്ടുപോയി.  തന്നോടൊപ്പം പാപം ചെയ്യാൻ അവൻ  നിർബന്ധിച്ചപ്പോൾ   മരിയ പറഞ്ഞു. “അലക്സാണ്ടർ, നീ ഇതു  ചെയ്യരുത്. ഇതു  പാപമാണ്. നീ നരകത്തിൽ പോകും”. എന്നാൽ അവൻ അതു  കേൾക്കാൻ തയ്യാറായിരുന്നില്ല. അലക്സാണ്ടറിൻറെ ബലിഷ്ഠകരങ്ങൾക്കിടയിൽപ്പെട്ട്   ശ്വാസമെടുക്കാൻ  ബുദ്ധിമുട്ടുമ്പോഴും  മരിയ പറഞ്ഞുകൊണ്ടിരുന്നു. “അരുത്, ഇത് ദൈവത്തിന്   ഇഷ്ടമുള്ള കാര്യമല്ല.” കലികയറിയ അലക്സാണ്ടർ  ഒരു കത്തിയെടുത്ത്, ഒന്നും  രണ്ടുമല്ല, പതിനൊന്നു   തവണ മരിയയെ കുത്തി.   വാതിൽക്കലേക്കോടി രക്ഷപ്പെടാൻ  ശ്രമിച്ച ആ പതിനൊന്നുവയസ്സുകാരിയെ അവൻ വീണ്ടും   മൂന്നു തവണ കൂടി കുത്തി.

അങ്ങനെ പതിനാലിടങ്ങളിൽ  ഏറ്റ തിരുമുറിവുകളുമായി  തൻറെ   കുരിശിൻറെ വഴിയിൽ യാത്രയാരംഭിച്ച മരിയയ്ക്ക്   ആ കഠിനവേദനയിൽ നിന്നു  മോചനം ലഭിച്ചതു  മരണത്തോടെയാണ്. അപ്പോഴേയ്ക്കും നീണ്ട ഇരുപതു മണിക്കൂറുകൾ പിന്നിട്ടുകഴിഞ്ഞിരുന്നു.  ആശുപത്രിയിൽ കൊണ്ടുപോയ മരിയയെ ഒരു അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും   കുടലിനും അടക്കം   മുറിവേറ്റിരുന്ന ആ  കുഞ്ഞുശരീരത്തിന്മേൽ ഡോക്ടർമാർക്കു  കാര്യമായൊന്നും ചെയ്യാൻ   കഴിയുമായിരുന്നില്ല.  അനസ്തേഷ്യ കൊടുക്കാതെയായിരുന്നു  ആ സർജറി ചെയ്തത്. അതുകൊണ്ടു  മുറിവുകളുടെ വേദനയ്ക്കു പുറമേ ശസ്ത്രക്രിയയുടെ   വേദനയും അവൾക്കു സഹിക്കേണ്ടിവന്നു.

സർജറി പാതിവഴിയായപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട ഡോക്ടർ  മരിയയോടു  ചോദിച്ചു. “സ്വർഗത്തിൽ പോകുമ്പോൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുമോ?” അതിനു മരിയ നിഷ്കളങ്കതയോടെ മറുപടി പറഞ്ഞു.  “അതിനു നമ്മിൽ ആരാണ് ആദ്യം സ്വർഗത്തിൽ പോകുന്നതെന്നറിയില്ലല്ലോ.”  ഡോക്ടർ പറഞ്ഞു. “ആദ്യം പോകുന്നത് മരിയ  തന്നെയായിരിയ്‌ക്കും.” അങ്ങനെയെങ്കിൽ ഞാൻ  സന്തോഷത്തോടെ താങ്കൾക്കുവേണ്ടി പ്രാർത്ഥിക്കും എന്നായിരുന്നു  തീവ്രവേദനയ്ക്കിടയിലും മരിയയുടെ മറുപടി.  അലക്സാണ്ടറിനോടു  ക്ഷമിക്കുമോ എന്നു  ചോദിച്ചപ്പോൾ  മരണത്തിനു തൊട്ടുമുൻപ് അവൾ   പറഞ്ഞ  മറുപടിയാണ് യഥാർത്ഥ ക്രിസ്തീയ ജീവിതസാക്ഷ്യം  എന്തായിരിക്കണം എന്നതിൻറെ  മാതൃക. ” ഈശോയോടുള്ള സ്നേഹത്തെപ്രതി ഞാൻ അലക്സാണ്ടറോടു  ക്ഷമിക്കുന്നു.  എന്നോടൊപ്പം അലക്സാണ്ടറും സ്വർഗത്തിൽ  ഉണ്ടാവണമെന്നു  ഞാൻ ആഗ്രഹിക്കുന്നു.”  ആശുപത്രിമുറിയുടെ ചുമരിൽ തൂക്കിയിട്ടിരുന്ന  കന്യകാമറിയത്തിൻറെ ചിത്രത്തിലേക്കു  കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട്,   കൈയിൽ ഒരു  ക്രൂശിതരൂപവും പിടിച്ചു  സ്വർഗ്ഗത്തിലേക്കു യാത്രയാകുമ്പോൾ  അവൾക്കു  പതിനൊന്നു വയസും എട്ടു മാസവും മാത്രമായിരുന്നു  പ്രായം.  

എന്നാൽ അലക്സാണ്ടറിൻറെ മാനസാന്തരത്തിനു  വേണ്ടിയുള്ള മരിയയുടെ   പ്രാർഥനയ്ക്ക്  ഉടനെയൊന്നും ഫലം  ലഭിച്ചില്ല. അലക്സാണ്ടറിൽ പശ്ചാത്താപത്തിൻറെ കണിക പോലും ഉണ്ടായിരുന്നില്ല.  അതിനു പിന്നേയും  വർഷങ്ങൾ  വേണ്ടിവന്നു. മുപ്പതു വർഷത്തെ  തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ആ മനുഷ്യൻ തൻറെ  ജയിൽ വാസത്തിൻറെ പതിനൊന്നാം വർഷത്തിൽ ഒരു സ്വപ്നം കണ്ടു.  ഒരു മനോഹരമായ പൂന്തോട്ടം. അതിൽ ഒരു  പെൺകുട്ടി ലില്ലിപ്പൂക്കൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു.  ആ പെൺകുട്ടിയെ അലക്സാണ്ടറിന്  പെട്ടെന്നുതന്നെ മനസിലായി. പതിനൊന്നു വർഷം മുൻപു  താൻ  സ്വർഗത്തിലേക്കയച്ച  മാടപ്രാവായിരുന്നു അത്.  അവൾ കൈനീട്ടി ഒരു കുടന്ന ലില്ലിപ്പൂക്കൾ അലക്സാണ്ടറിനു കൊടുത്തു. ആ പൂക്കൾ തൻറെ   കൈകളിലെടുക്കുമ്പോൾ   അത് ഒരു  കത്തുന്ന തീനാളമായിട്ടാണ്    അലക്സാണ്ടറിന്  അനുഭവപ്പെട്ടത്. ഉറക്കത്തിൽ നിന്ന്  എഴുന്നേറ്റ അലക്സാണ്ടർ  പുതിയൊരു മനുഷ്യനായിരുന്നു. 

28 വർഷത്തെ  ജയിൽ ശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങിയ അലക്സാണ്ടർ  നേരെ പോയതു   മരിയയുടെ  അമ്മ അസുന്തയുടെ അടുത്തേക്കായിരുന്നു.  തന്നോടു  മാപ്പപേക്ഷിച്ച അലക്സാണ്ടറിനോട് ആ  അമ്മ പറഞ്ഞത് ഇങ്ങനെയാണ്.  “എൻറെ മകൾക്കു  നിന്നോടു  ക്ഷമിക്കാമെങ്കിൽ പിന്നെ എനിക്കെങ്ങനെ ക്ഷമിക്കാതിരിക്കാൻ കഴിയും?”  അലക്സാണ്ടർ ശിഷ്ടകാലം  ഒരു കപ്പൂച്ചിൻ ആശ്രമത്തിൽ തോട്ടക്കാരനായി  ജോലിയെടുത്ത് ജീവിച്ചു.

1950  ജൂൺ 24ന്  പിയൂസ് പന്ത്രണ്ടാമൻ പാപ്പാ  മരിയ ഗൊരേത്തിയെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി.   ആ വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങ് പലതുകൊണ്ടും  ശ്രദ്ധേയമായിരുന്നു.  സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  വിശുദ്ധയായിരുന്നു മരിയ ഗൊരേത്തി. അവളുടെ അമ്മ അസുന്ത ഈ ചടങ്ങുകൾക്കു  സാക്ഷ്യം വഹിക്കാൻ  വത്തിക്കാനിലെത്തിയിരുന്നു. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ്  ഒരമ്മയ്ക്കു  തൻറെ മകളെ വിശുദ്ധയാക്കുന്ന  ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചത്.  ശുദ്ധത എന്ന പുണ്യം കാത്തുസൂക്ഷിക്കാനായി സ്വന്തം ജീവൻ ബലികൊടുത്ത മരിയയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനു സാക്ഷികളാകാൻ  റോമിൽ തടിച്ചുകൂടിയത് ഏതാണ്ട് അഞ്ചുലക്ഷത്തോളം പേരാണ്. അവരിൽ ഒരാളായി അലക്സാണ്ടറും ഉണ്ടായിരുന്നു!  ജനത്തിരക്കു കാരണം സെൻറ്  പീറ്റേഴ്‌സ് ബസിലിക്കയിൽ  നിശ്ചയിച്ച ചടങ്ങുകൾ  ബസിലിക്കയ്ക്കു പുറത്തുള്ള സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിയിലേക്കു മാറ്റേണ്ടിവന്നു. 

ആറും ഒൻപതും പ്രമാണങ്ങൾക്കെതിരെയുള്ള പാപങ്ങൾ  ഭയാനകം വിധം പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണു  നാം ജീവിക്കുന്നത്.   അശുദ്ധി ഒരു മഹാപ്രളയമായി നമ്മുടെ തലമുറയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.  ചാരിത്ര്യശുദ്ധി എന്നൊക്കെ പറയുന്നതുതന്നെ പഴഞ്ചനാണെന്നു ചിന്തിക്കുന്ന തരത്തിൽ ഏതു മ്ലേച്ഛതയും പുണ്യമായി അവതരിപ്പിക്കപ്പെടുന്ന   ഒരു സമൂഹത്തിൽ മരിയ  ഗൊരേത്തിയെപ്പോലുള്ളവരുടെ  പ്രസക്തി  വർധിക്കുകയാണ്.

 ‘നിങ്ങളുടെ വിശുദ്ധീകരണമാണു  ദൈവം അഭിലഷിക്കുന്നത്. അസാന്മാർഗികതയിൽ നിന്നു നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങളോരോരോരുത്തരും  സ്വന്തം ശരീരത്തെ  വിശുദ്ധിയിലും മാന്യതയിലും  കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങൾക്കു  നിങ്ങൾ   വിധേയരാകരുത്. ഈ വിഷയത്തിൽ  നിങ്ങൾ വഴിപിഴയ്ക്കുകയോ  സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങൾ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കർത്താവ്. അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.’ ( 1 തെസ 4:3-7).

സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ വിശുദ്ധി  പാലിക്കണമെന്ന സത്യം മരിയ ഗൊരേത്തിയ്ക്കു  പതിനൊന്നു വയസിലേ  അറിയാമായിരുന്നു. നമ്മുടെ യുവാക്കൾക്ക്  – വൃദ്ധന്മാർക്കും- നഷ്ടപ്പെട്ടുപോയതും  ഈ തിരിച്ചറിവല്ലേ? അശുദ്ധിയുടെ ചെളിക്കുണ്ടുകളായി മാറുന്ന  ജീവിതങ്ങളെ ദൈവസന്നിധിയിൽ സമർപ്പിക്കാം.  വിശുദ്ധി എന്ന പുണ്യം കാത്തുസൂക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ  ബലികഴിക്കാൻ തയ്യാറായ  മരിയ  ഗൊരേത്തിയുടെ മാധ്യസ്ഥം നമുക്കു  യാചിക്കാം.

 ഓ  വിശുദ്ധ മരിയ ഗൊരേത്തിയേ, ദൈവകൃപയാൽ ശക്തിപ്രാപിച്ച്,  ചാരിത്ര്യശുദ്ധി നഷ്ടപ്പെടാതിരിക്കാനായി, പതിനൊന്നു വയസിൽ തന്നെ സ്വന്തം രക്തം ചിന്താനും   ജീവൻ ബലികൊടുക്കാനും  അങ്ങു  മടി കാണിച്ചില്ലല്ലോ. നിത്യജീവൻറെ വഴിയിൽ നിന്ന് അകന്നകന്നു പോകുന്ന നിർഭാഗ്യരായ  മാനവരാശിയെ അങ്ങു കരുണയോടെ വീക്ഷിക്കണമേ.  ഈശോയെ വേദനിപ്പിക്കുകയും  പാപത്താൽ ഞങ്ങളുടെ ആത്മാക്കളെ കളങ്കപ്പെടുത്തുകയും  ചെയ്യുന്ന എല്ലാറ്റിൽ നിന്നും ഓടിയകലാൻ   ഞങ്ങളെ, വിശിഷ്യ  ഞങ്ങളുടെ യുവജനങ്ങളെ  പഠിപ്പിക്കണമേ.  പ്രലോഭനങ്ങളിൽ വിജയവും  ജീവിതക്ലേശങ്ങളിൽ സമാശ്വാസവും  കണ്ടെത്താനുള്ള കൃപ   നമ്മുടെ  കർത്താവിൽ നിന്നു  ഞങ്ങൾക്കായി വാങ്ങിത്തരണമേ. ഒരിക്കൽ ഞങ്ങളും അങ്ങയോടൊപ്പം സ്വർഗ്ഗത്തിലെ നിത്യമഹത്വം ആസ്വദിക്കാൻ  ഇടയാകുന്നതിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. ആമേൻ.