കർത്താവീശോമിശിഹായുടെ അമൂല്യ തിരുരക്തത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമാണല്ലോ ജൂലൈ.
കർത്താവിൻറെ രക്തം തിരുരക്തമായത് അതു നിഷ്കളങ്കരക്തം ആയതുകൊണ്ടു മാത്രമല്ല അതു പാപമാലിന്യമേശാത്ത ദൈവപുത്രൻറെ രക്തമായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് യേശുവിൻറെ രക്തം നമ്മടെ പാപങ്ങളുടെ പരിഹാരവും നമ്മുടെ വീണ്ടെടുപ്പിൻറെ വിലയുമായിരുന്നു എന്നതും. അതുകൊണ്ട് യേശുവിൻറെ അമൂല്യതിരുരക്തത്തോടുള്ള ഭക്തിയ്ക്കു സഭയിൽ വലിയൊരു സ്ഥാനമുണ്ട്.
നിഷ്കളങ്കനായ ആബേലിൻറെ രക്തത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തിൽ മൂന്നിടത്തെങ്കിലും പ്രതിപാദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ആബേലിൻറെ രക്തത്തെ നാം തിരുരക്തം എന്നു വിശേഷിപ്പിക്കാത്തത്? ‘നിരപരാധനായ ആബേലിൻറെ രക്തം മുതൽ ദൈവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേ വച്ചു നിങ്ങൾ വധിച്ച ബറാക്കിയയുടെ പുത്രനായ സഖറിയയുടെ രക്തം വരെ, ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേൽ പതിക്കും’ ( മത്തായി 23:35) എന്ന് പറഞ്ഞുകൊണ്ട് ആബേലിൻറെ രക്തത്തിൻറെ ശ്രേഷ്ഠതയെക്കുറിച്ച് കർത്താവു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ആബേലിൻറെ രക്തം കായേനു ശിക്ഷാവിധിയ്ക്കാണ് ഉപകരിച്ചത്. എന്നാൽ കർത്താവിൻറെ രക്തം ശിക്ഷാവിധിയിൽ ഉൾപ്പെടേണ്ടിയിരുന്ന നാമോരോരുത്തരുടേയും രക്ഷയ്ക്കു വേണ്ടിയാണു ചിന്തപ്പെട്ടത്. അതുകൊണ്ടാണു മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം കർത്താവിൻറെ രക്തം തിരുരക്തമായി മാറുന്നത്.
സ്വന്തം രക്തം മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കായി സമർപ്പിച്ച അനേകരുണ്ട്. അവർ തങ്ങളുടെ ജീവിതബലി കർത്താവിൻറെ കാൽവരി ബലിയോട് ചേർത്തുവച്ച് അതുവഴി ആത്മാക്കളെ സ്വർഗത്തിനായി നേടിയെടുക്കുന്നു. അങ്ങനെ ചെയ്ത ഒരു കൊച്ചുപെൺകുട്ടിയുടെ ഓർമ്മ ആചരിക്കുന്ന മാസം കൂടിയാണ് ജൂലൈ. വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ നാം ആഘോഷിക്കുന്നതു ജൂലൈ ആറിനാണ്.
പന്ത്രണ്ടു വർഷക്കാലം തികച്ച് ഈ ഭൂമിയിൽ ജീവിക്കാൻ അവസരം കിട്ടാത്ത മരിയ ഗൊരേത്തിയുടെ സാക്ഷ്യം ഇന്നത്തെ തലമുറയ്ക്ക്, വിശേഷിച്ചും ചെറുപ്പക്കാർക്ക് ഒരു വെല്ലുവിളിയാണ്. പിയൂസ് പന്ത്രണ്ടാമൻ പാപ്പാ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അതിനു സാക്ഷ്യം വഹിക്കാനെത്തിയത് അഞ്ചുലക്ഷം പേരായിരുന്നു. അവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു എന്നതിൽ അത്ഭുതമില്ല. അവരുടെ മുൻപിലേക്ക് പിയൂസ് പന്ത്രണ്ടാമൻ പാപ്പാ ഈ വെല്ലുവിളി ഇട്ടുകൊടുത്തു. ‘യേശുവിൽ പ്രിയപ്പെട്ട ചെറുപ്പക്കാരേ, നിങ്ങളുടെ ചാരിത്ര്യത്തിനു നേരെ വരുന്ന ഏത് ആക്രമണത്തെയും ദൈവത്തിൻറെ കൃപകൊണ്ടു തടഞ്ഞുനിർത്താൻ നിങ്ങൾ ദൃഢമായി തീരുമാനിക്കുന്നുവോ?” ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങൾ മറുപടി കൊടുത്തു. “അതേ!”
ഇന്നും ചോദ്യം അതുതന്നെയാണ്. ശരീരത്തിൻറെ വിശുദ്ധി എന്ന പുണ്യം കാത്തുസൂക്ഷിക്കാൻ വേണ്ടി മറ്റെന്തും ത്യജിക്കാൻ നാം തയ്യാറാണോ? അശ്ലീലസാഹിത്യത്തിൻറെയും മ്ലേച്ഛകലകളുടെയും എല്ലാം അനുവദനീയമാണെന്ന പൈശാചികപഠനങ്ങളുടെയും ഈ നാളുകളിൽ, നമ്മുടെ ശരീരത്തിൻറെ വിശുദ്ധി കവർന്നെടുക്കാൻ വേണ്ടി മുൻപിലും പിൻപിലും ഇടതും വലത്തും മധുരിക്കുന്ന പ്രലോഭനങ്ങളുമായി ലോകം നമ്മളെ മാടിവിളിക്കുമ്പോൾ, പാപം ചെയ്യാൻ തന്നെ നിർബന്ധിച്ച അലക്‌സാണ്ടറോടു മരിയ ഗൊരേത്തി പറഞ്ഞ വാക്കുകൾ ആവർത്തിക്കാൻ നാം തയ്യാറാണോ?
തൻറെ ഇഷ്ടത്തിനു വഴങ്ങിയില്ലെങ്കിൽ കൊല്ലും എന്നു ഭീഷണിപ്പെടുത്തിയ അലക്‌സാണ്ടറോടു മരിയ വീണ്ടും വീണ്ടും പറഞ്ഞത് ഒരു കാര്യം മാത്രമായിരുന്നു. “അരുത്! അതു പാപമാണ്. ദൈവം അത് ഇഷ്ടപ്പെടുന്നില്ല.” ഇതു പറഞ്ഞു നേരത്തോടു നേരം തികയുന്നതിനു മുൻപേ മരിയ ഗൊരേത്തി സ്വർഗത്തിലേക്ക് പോയി. കുരിശിൻറെ വഴിയിലെ പതിനാലിടങ്ങളെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരിക്കാം അലക്‌സാണ്ടർ അവളെ കത്തികൊണ്ടു കുത്തിയത് പതിനാലു തവണയായിരുന്നു! അതിൻറെ വേദനയും
ബോധം കെടുത്താതെ നടത്തിയ ഒരു ശസ്ത്രക്രിയയുടെ വേദനയും സഹിച്ചുകൊണ്ട് പിന്നെയും നീണ്ട മണിക്കൂറുകൾ അവൾ ജീവിച്ചത് അലക്‌സാണ്ടറിൻറെ മാനസാന്തരം ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു. സ്വർഗത്തിലേക്കു പോകുന്നതിനു മുൻപ് അവൾ അലക്സാണ്ടറിനു മാപ്പു കൊടുത്തു എന്നു മാത്രമല്ല, അലക്സാണ്ടറും തന്നോടൊപ്പം സ്വർഗത്തിൽ ഉണ്ടാവണം എന്ന ആഗ്രഹവും അവൾ പ്രകടിപ്പിച്ചു.
നിഷ്കളങ്ക രക്തത്തിൻറെ ഒരു തുള്ളി പോലും പാഴായിപ്പോകില്ല. മരിയ ഗൊരേത്തി തൻറെ രക്തം കൊണ്ട് അലക്‌സാണ്ടറിൻറെ ആത്മാവിനെ തിരിച്ചുപിടിച്ചു. 1947 ൽ മരിയ ഗൊരേത്തിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനു സാക്ഷിയാകാൻ വത്തിക്കാനിൽ എത്തുന്നതിന് എത്രയോ മുൻപു തന്നെ അലക്‌സാണ്ടറിൻറെ മാനസാന്തരം പൂർണ്ണമായിക്കഴിഞ്ഞിരുന്നു. തൻറെ രക്തം ചിന്തിയ അലക്‌സാണ്ടറിനെ മാനസാന്തരപ്പെടുത്തിക്കൊണ്ടാണ് തൻറെ പ്രതികാരം ആ കൊച്ചുപെൺകുട്ടി നിറവേറ്റിയത്.
‘ദൈവത്തിൻറെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ ദൈവത്തിൻറെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ’ (1 കൊറി 3:17). ഈ വചനം ആ കൊച്ചുപെൺകുട്ടി വായിച്ചിട്ടുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ദൈവത്തിനു യഥാർത്ഥമായ ആരാധന നൽകേണ്ടതെങ്ങനെയെന്നു അവൾ അറിഞ്ഞിരുന്നു. ‘നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന’ ( റോമാ 12:1). അവളെ അതിന് ഒരുക്കിയ ഭാഗ്യം ചെയ്ത അമ്മ അസുന്തയെ പിയൂസ് പന്ത്രണ്ടാമൻ പാപ്പാ അഭിസംബോധന ചെയ്തത് ഇങ്ങനെയാണ്. ‘വാഴ്ത്തപ്പെട്ട അമ്മേ, ഭാഗ്യവതിയായ അമ്മേ, വാഴ്ത്തപ്പെട്ടവളുടെ അമ്മേ’, ഇതു പറയുമ്പോൾ മാർപ്പാപ്പയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
മരിയ ഗൊരേത്തി നമ്മുടെ യുവതലമുറയ്ക്ക് ഒരു വെല്ലുവിളിയാണ്. അസുന്ത നമ്മുടെ മാതാപിതാക്കൾക്കും വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ നാം തയാറാണോ? ലോകത്തിൽ ഏറ്റവുമധികം ആത്മാക്കൾ നരകത്തിലേക്കു പോകുന്നതു ശുദ്ധതയ്‌ക്കെതിരായ പാപം കൊണ്ടാണ് എന്നു പരിശുദ്ധ അമ്മ വിലപിച്ചതു മറക്കാൻ നേരമായിട്ടില്ല. ശുദ്ധതയ്‌ക്കെതിരായ പാപം ചെയ്ത് നരകത്തിലേക്കുള്ള വിശാലമായ വഴിയേ സഞ്ചരിക്കുന്ന ഒരു തലമുറയ്ക്കു വേണ്ടി യേശുക്രിസ്തുവിൻറെ അമൂല്യതിരുരക്തം നിലവിളിക്കുന്നു.
ആ തിരുരക്തത്തോടു ചേർന്ന്, മരിയ ഗൊരേത്തിയെപ്പോലെ വിശുദ്ധിയ്ക്കു വേണ്ടി രക്തം ചിന്തിയ അനേകരുടെ രക്തം നമ്മോടു വിളിച്ചുപറയുന്നു. ” അരുത്, അതു പാപമാണ്. ദൈവം അത് ഇഷ്ടപ്പെടുന്നില്ല”.
നമുക്കു പ്രാർഥിക്കാം; ഞങ്ങളുടെ വീണ്ടെടുപ്പിൻറെ വിലയായ ഈശോയുടെ അമൂല്യതിരുരക്തമേ, മരിയ ഗൊരേത്തിയെപ്പോലെ ശുദ്ധത എന്ന പുണ്യത്തിനായി ജീവൻ പോലും ബലി കഴിക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേ. ആമേൻ.