അമ്മയ്ക്കു മുൻപേ

പഴയനിയമം അവസാനിക്കുന്നതു  മലാക്കി പ്രവാചകൻറെ പുസ്തകത്തോടെയാണ്. നീതിസൂര്യനായ  യേശുവിൻറെ ജനനത്തെക്കുറിച്ചും (മലാക്കി 4:2) കർത്താവിൻറെ  മുന്നോടിയായി എലിയായുടെ ചൈതന്യത്തോടെ   വരുന്ന  സ്നാപകയോഹന്നാനെക്കുറിച്ചും ഉള്ള  പ്രവചനങ്ങളോടെയാണു  (മലാക്കി 4:5) പഴയനിയമം അവസാനിക്കുന്നത്. പ്രവചനങ്ങളെ സംബന്ധിച്ചിടത്തോളം  പിന്നെ  ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകാലം നീളുന്ന ഒരിടവേളയാണ്. അതിനുശേഷമാണു  പുതിയനിയമപുസ്തകങ്ങൾ രചിക്കപ്പെട്ടത്.    സുവിശേഷം തുടങ്ങുന്നതു സ്നാപകയോഹന്നാൻറെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പോടെയാണ്.  

എന്നാൽ ഈ ഇടവേളയുടെ അവസാനഘട്ടത്തിൽ  ഒരു മഹാസംഭവം നടന്നിരുന്നു എന്നു  നമുക്കറിയാം. അതു നമ്മുടെ പരിശുദ്ധഅമ്മയുടെ അമലോത്ഭവജനനമാണ്.  അതിനെക്കുറിച്ച് നാം ഒരുപാടു  വായിച്ചിട്ടും  പഠിച്ചിട്ടും ധ്യാനിച്ചിട്ടും ഉണ്ട്.  മറിയം  ഉത്ഭവപാപത്തിൻറെ കറയില്ലാതെ  ജനിച്ചു എന്നതും  അവൾ  കളങ്കരഹിതയായി ജീവിച്ചു എന്നതും  നമുക്കൊരു അത്ഭുതമാണ്. 

ആരായിരുന്നു മറിയത്തിൻറെ  മാതാപിതാക്കൾ എന്നു വിശുദ്ധഗ്രന്ഥം ഒരു സൂചനയും തരുന്നില്ല. എന്നാൽ അനേകം വെളിപാടുകളിലൂടെയും ദർശനങ്ങളിലൂടെയും   ആദിമനൂറ്റാണ്ടുകളോളം  നീളുന്ന പാരമ്പര്യത്തിലൂടെയും മറിയത്തിൻറെ മാതാപിതാക്കൾ  യോവാക്കിമും  അന്നയുമാണെന്നു  നാം മനസിലാക്കുന്നു. മറിയത്തെപ്പോലെ ഒരു മകൾക്കു ജന്മം നല്കാൻ തക്കവിധത്തിൽ അത്ര വിശുദ്ധരായിരുന്നു അവർ എന്നതിൽ സംശയമില്ല. അന്നയുടെയും യോവാക്കിമിൻറെയും ജീവിതത്തെക്കുറിച്ചു സാമാന്യം  ദീർഘമായിത്തന്നെ പ്രതിപാദിച്ചിട്ടുള്ളതു  മരിയ വാൾതോർത്തയുടെ   ദൈവമനുഷ്യൻറെ സ്നേഹഗീത എന്ന ഗ്രന്ഥത്തിലാണ്. 

യോവാക്കിമും അന്നയും പ്രായം കവിഞ്ഞവരായിരുന്നു. അതിൽ അത്ഭുതപ്പെടേണ്ട. അബ്രഹാമും സാറയും പ്രായം കവിഞ്ഞവരായിരുന്നു. അവരിൽ നിന്നാണല്ലോ ഉടമ്പടിയുടെ അവകാശിയായ ഇസഹാക്ക് ജനിച്ചത്. മഹാപ്രവാചകനായ സാമുവേലിനെ  ഹന്നാ പ്രസവിക്കുമ്പോൾ അവളും ഭർത്താവ് എൽക്കാനയും പ്രായം കവിഞ്ഞവരായിരുന്നു. സ്നാപകയോഹന്നാനാകട്ടെ സഖറിയയ്ക്കും എലിസബത്തിനും തികഞ്ഞ വാർധക്യത്തിൽ കിട്ടിയ സമ്മാനമായിരുന്നു. 

അന്ന ഒരു സാധാരണ കുടുംബിനിയായിരുന്നു. നെയ്ത്തുതൊഴിലിൽ വിദഗ്ധയുമായിരുന്നു. യോവാക്കിമാകട്ടെ ഒരു സാധാരണ കർഷകനും. എന്നാൽ അവരിരുവരും അസാധാരണമായ വിധം  ദൈവത്തോടു ചേർന്നു  ജീവിച്ചവരായിരുന്നു. മക്കളില്ലാത്ത ദുഖം അവർ ദൈവത്തിനു സമർപ്പിക്കുകയാണു  ചെയ്തത്. അന്നയുടെ   മുഖം ദുഖപൂർണമാകുമ്പോൾ ഒക്കെയും  യോവാക്കിം പറയുന്ന ഒരു വാചകമുണ്ട്. ‘നമ്മൾ പ്രത്യാശയിൽ തുടർന്നു ജീവിക്കണം. ദൈവത്തിന്  എല്ലാം സാധ്യമാണ്. നമ്മുടെ ജീവിതത്തിലും അത്ഭുതം നടക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നമ്മൾ ദൈവത്തെ സ്നേഹിക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുമ്പോൾ’.

തങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ എന്ന പ്രാർഥന കർത്താവായ ദൈവത്തിൻറെ സന്നിധിയിൽ സമർപ്പിക്കാൻ  വേണ്ടി മാത്രം   അവർ ഒരു ദിവസം  ദൈവാലയത്തിൽ പോകുന്നുണ്ട്. അന്ന് അവർ ദൈവത്തോട് ഒരു വാഗ്ദാനം ചെയ്യുന്നുണ്ട്. അവർക്ക് ഒരു കുഞ്ഞു ജനിക്കുകയാണെങ്കിൽ ആ കുഞ്ഞിനെ ദൈവത്തിനു സമർപ്പിക്കുമെന്നതായിരുന്നു ആ വാഗ്ദാനം.

പ്രാർത്ഥന അവസാനിക്കുന്നതിൻറെ തലേന്നാൾ   അന്ന യോവാക്കിമിനോടു   പറയുകയാണ്; “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു, അടുത്തവർഷം വിശുദ്ധനഗരത്തിലേക്കു  ഞാൻ രണ്ടുതവണ വരും. അതിൽ ഒന്നു  നമ്മുടെ കുഞ്ഞിനെ ദൈവാലയത്തിൽ കാഴ്ചവയ്ക്കാനായിരിക്കും”. യോവാക്കിം തിരിച്ചുചോദിക്കുന്നു. “വേറെ ഒന്നും നീ കണ്ടില്ലേ?  നിൻറെ ഹൃദയത്തിൽ കർത്താവ് ഒന്നും മന്ത്രിച്ചില്ലേ?”  ദൈവികജ്ഞാനം നിറഞ്ഞ ദമ്പതികൾ. അവർ കാത്തിരുന്നത് ഒരു കുഞ്ഞിനെയാണെങ്കിലും കാതോർത്തിരുന്നതു  കർത്താവിൻറെ  നിമന്ത്രണങ്ങളെയാണ്.

ബാല്യകാലം മുതൽ തന്നെ അന്നയുടെ ആഗ്രഹം തൻറെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യൻറെ ജീവിതത്തോടു ചേർക്കണമെന്നായിരുന്നു.  യോവാക്കിം ആഗ്രഹിച്ചതു ദൈവികജ്ഞാനം നിറഞ്ഞ  ഒരു പെൺകുട്ടിയെയും! അവരുടെ വിവാഹം സ്വർഗത്തിൽ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു. പരിശുദ്ധമായ വിവാഹശയ്യകൾ  ദൈവദൂതന്മാർ കാത്തുസൂക്ഷിക്കുന്നു. അവിടെ നല്ല കുഞ്ഞുങ്ങൾ ഉണ്ടാകുന്നു എന്നു  പറഞ്ഞുകൊണ്ടാണ്   മരിയ വാൾതോർത്ത ഈ ദർശനത്തെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കുന്നത്.

തൻറെ ഉദരത്തിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്ന സന്തോഷവാർത്ത യോവാക്കിമിനെ അറിയിക്കുന്നതിനുമുൻപേ  അന്ന പാടുന്ന ഒരു കീർത്തനമുണ്ട്.  ആ കീർത്തനം ആവർത്തിച്ചുപാടിക്കൊണ്ടിരിക്കുമ്പോഴാണ് യോവാക്കിം കടന്നുവരുന്നത്. തുടർന്ന് ഇരുവരും ചേർന്ന്  ആലോചിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു  പേരു  നൽകണമെന്നാണ്. ആൺകുട്ടിയാണെങ്കിൽ സാമുവൽ എന്ന പേരിടണം എന്ന കാര്യത്തിൽ അവർക്കു സംശയമില്ല. കാരണം  അവർ ആ കുഞ്ഞിനെ ദൈവത്തോടു  ചോദിച്ചുവാങ്ങിയതാണല്ലോ (1 സാമു  1:20). പെൺകുഞ്ഞാണെങ്കിൽ അവൾക്കു മേരി എന്ന പേരു  കൊടുക്കാനും അവർ തീരുമാനിച്ചു.

പ്രസവസമയമടുത്തപ്പോൾ അന്ന  പറയുന്നത് അവൾക്ക് പ്രസവക്ലേശത്തോടൊപ്പം തന്നെ  വലിയൊരു സമാധാനവും ഹൃദയത്തിൽ അനുഭവപ്പെടുന്നുണ്ടെന്നാണ്.   അത്യുഷ്ണം നിറഞ്ഞ ഒരു പകലിൻറെ അന്ത്യത്തിൽ പൊടുന്നനെ കടന്നുവന്ന കൊടുങ്കാറ്റിൻറെയും  പേമാരിയുടെയും   നടുവിലേക്കാണ് കുഞ്ഞുമേരി പിറന്നുവീണത്.  കുഞ്ഞിനെ ദൈവാലയത്തിൽ സമർപ്പിക്കാൻ വരുമ്പോൾ എലിസബത്ത് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.  ‘സമയമാകുമ്പോൾ  നിൻറെ ഹൃദയത്തിൽ നിന്ന് ഈ കുഞ്ഞിനെ എങ്ങനെ  പറിച്ചുമാറ്റും?”  അതിനു മറുപടി പറയുന്നത് അന്നയാണ്.  “അവൾ  ഒരിക്കൽ എൻറെ കൂടെ ഇല്ലായിരുന്നു എന്നും  ദൈവമാണ് അവളെ  എനിക്കു തന്നതെന്നും ഓർത്തുകൊണ്ടു ഞാൻ   അവളെ പൂർണമായും ദൈവത്തിനു സമർപ്പിക്കും.”

പറഞ്ഞുവന്നത് മറിയത്തിൻറെ മാതാപിതാക്കളെക്കുറിച്ചാണ്.  ദൈവം  തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്ന സമയത്തിനായി ക്ഷമാപൂർവം കാത്തിരുന്ന രണ്ടു വ്യക്തികൾ.  നിരാശപ്പെടാൻ  വേണ്ടി മാത്രം  നൽകപ്പെട്ട വത്സരങ്ങളെ  പ്രത്യാശയുടെ  ആഘോഷമാക്കിയവർ.   ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും അതു  ദൈവത്തിനുള്ളതാണെന്നു നേരത്തെതന്നെ തീരുമാനമെടുത്തവർ.  ആ  വാഗ്‌ദാനം  നിറവേറ്റേണ്ട സമയമായപ്പോൾ ഒരു മുറുമുറുപ്പോ പരാതിയോ കൂടാതെ  മറിയത്തെ ദൈവാലയത്തിൽ സമർപ്പിച്ചവർ. അങ്ങനെയൊരു അന്നയും അങ്ങനെയൊരു യോവാക്കിമും ഉണ്ടായതുകൊണ്ടാണു മറിയം ഉണ്ടായത്. മറിയത്തിൻറെ ജനനം    രക്ഷകനു  ലോകത്തിലേക്കു വരാനുള്ള അവസാനത്തെ പടിയുമായിരുന്നു.

മറിയാത്തതിൻറെ മാതാപിതാക്കളെക്കുറിച്ച് Mystical City of God  (ദൈവത്തിൻറെ വിശുദ്ധനഗരം) എന്ന വിശിഷ്ടഗ്രന്ഥത്തിൽ  അഗ്രെദയിലെ മറിയം  ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘മറിയത്തിനുവേണ്ടി, അവരെക്കാൾ കൂടുതൽ വിശുദ്ധരോ പരിപൂർണ്ണരോ ആയ ആരെയും ലോകത്തിൽ കണ്ടെത്താൻ കഴിയാത്ത തരത്തിൽ ഏറ്റവും വിശുദ്ധരും തികഞ്ഞവരുമായ മാതാപിതാക്കളെ അവിടുന്നു തിരഞ്ഞെടുത്തു. എന്തെന്നാൽ, കൂടുതൽ നല്ല മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ, സർവശക്തൻ തൻറെ പുത്രൻറെ  മാതാവായി തിരഞ്ഞെടുക്കാനിരുന്നവൾക്കായി അവരെ നിയോഗിക്കുമായിരുന്നു  എന്നതിൽ സംശയമില്ല.  

അത്രമേൽ ദൈവം സ്നേഹിച്ചവരായിരുന്നു അന്നയും  യോവാക്കിമും. അന്നും ഇന്നും എല്ലാ മാതാപിതാക്കളുടെയും കടമ അന്നയും യോവാക്കിമും ചെയ്തത് അനുകരിക്കുക തന്നെയാണ്. ‘കർത്താവിൻറെ ദാനമാണു മക്കൾ. ഉദരഫലം ഒരു സമ്മാനവും (സങ്കീ. 127:3) എന്ന തിരുവചനം  ധ്യാനിച്ചുകൊണ്ടു   നമുക്കു  ദൈവം തന്ന മക്കളെ പ്രതി ദൈവത്തെ സ്തുതിക്കാം. മക്കൾ നമ്മുടേതല്ല, ദൈവത്തിൻറേതാണ് എന്ന് ഏറ്റുപറയാം. അവരെ ദൈവവേലയ്ക്കായി സമർപ്പിക്കാം.