ലോകത്തിൽ ഒരേയൊരു ഹൃദയത്തെ മാത്രമേ നാം തിരുഹൃദയം എന്നു വിളിക്കുന്നുള്ളൂ. അതിനു കാരണം തിരുഹൃദയം എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള ഒരേയൊരു മനുഷ്യഹൃദയം മാത്രമേ ഇന്നുവരെയും ഉണ്ടായിട്ടുള്ളൂ എന്നതാണ്. പിതാവ് തനിക്കു തന്നവരെല്ലാം (യോഹ. 17:6) ‘സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു ‘ ( യോഹ.17:19) എന്നു പറയാൻ മടിക്കാത്ത ഹൃദയമാണത്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ചരിത്രം കണ്ട ഏറ്റവും ക്രൂരമായ പീഡനത്തിനും മരണത്തിനും താൻ ഏല്പിച്ചുകൊടുക്കപ്പെടാൻ പോകുകയാണ് എന്നറിഞ്ഞിരുന്നിട്ടും ആ ഹൃദയത്തിലെ സമാധാനം കെട്ടുപോയിരുന്നില്ല. എന്നുമാത്രമല്ല, ആ സമാധാനം തൻറെ ശിഷ്യന്മാരിലേക്കു പകരാനും യേശുവിനു കഴിഞ്ഞെങ്കിൽ യേശുവിൻറെ ഹൃദയം തിരുഹൃദയം തന്നെയായിരിക്കുമല്ലോ. ഒറ്റിക്കൊടുക്കാൻ വന്നവൻ ‘ഗുരോ, സ്വസ്തി’ എന്നു പറഞ്ഞു തന്നെ ചുംബിച്ചപ്പോൾ (മത്തായി 26:49) അവനെ അഭിസംബോധന ചെയ്യാൻ ആ തിരുഹൃദയത്തിൽ നിന്നു പുറത്തേക്കുവന്ന വാക്ക് ‘സ്നേഹിതാ’ എന്നായിരുന്നു. ‘തീവ്രദുഖത്താൽ മരണത്തോളം എത്തിയിരിക്കുന്നു'( മത്തായി 26:38) എന്ന അവസ്ഥയിലും ആ ഹൃദയത്തിൽ നിന്നുയർന്ന പ്രാർത്ഥന ‘എങ്കിലും എൻറെ ഹിതം പോലെയല്ല,അവിടുത്തെ ഹിതം പോലെയാകട്ടെ’ (മത്തായി 26:39) എന്നായിരുന്നുവല്ലോ.
അങ്ങനെയൊരു ഹൃദയത്തിൽ നിന്നു ജീവജലത്തിൻറെ അരുവികളല്ല, സമുദ്രം തന്നെ ഒഴുകാതിരിക്കുന്നതെങ്ങനെ! എൻറെ മരണത്തിനപ്പുറവും ഞാൻ നിങ്ങളെ സ്നേഹിക്കും എന്നതിൻറെ പ്രഖ്യാപനമായിരുന്നുവല്ലോ പടയാളികളിലൊരുവൻ കുന്തം കൊണ്ട് കുത്തിയപ്പോൾ ആ ഹൃദയത്തിൽ നിന്നു പുറപ്പെട്ട രക്തവും വെള്ളവും. അങ്ങനെ തൻറെ ഹൃദയം സകലമനുഷ്യർക്കുള്ള അഭയസ്ഥാനമായി തുറന്നുകൊടുക്കുന്നതിനും മുൻപേ അവൻ ഒന്നു കൂടി പറഞ്ഞിരുന്നു. ‘എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിൻറെ അരുവികൾ ഒഴുകും’ ( യോഹ. 7:38). കരുണയുടെ ഈശോയുടെ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന ചുവപ്പും വെള്ളയും രശ്മികൾ കരുണയുടെ വാഗ്ദാനം മാത്രമല്ല, കരുണ ചോദിച്ചെത്തുന്നവർക്ക് ഒരു വെല്ലുവിളിയുമാണ്. നീ എന്നിൽ സത്യമായും വിശ്വസിച്ചിരുന്നുവെങ്കിൽ നിൻറെ ഹൃദയത്തിൽ നിന്നും ജീവജലത്തിൻറെ അരുവികൾ ഒഴുകുമായിരുന്നുവല്ലോ എന്നാണു കരുണയുടെ ഈശോയുടെ രൂപം നമ്മോടു പറയാതെ പറയുന്നത്.
‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും’ ( മത്തായി 5:8) എന്നു പറഞ്ഞതു ദൈവത്തോടു കൂടെയായിരുന്നവനും ദൈവം തന്നെയായവനും ആയിരുന്നു. അതേസമയം തന്നെ ‘ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതിരിക്കാൻ’ ( ഫിലിപ്പി 2:5) തക്കവിധം അത്രമേൽ മനുഷ്യരെ സ്നേഹിച്ച ഒരു ഹൃദയത്തിൻറെ ഉടമസ്ഥനുമായിരുന്നു അവൻ. അതാകട്ടെ ‘പുസ്തകത്തിൻറെ ആരംഭത്തിൽ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതനുസരിച്ചായിരുന്നു’ (ഹെബ്രാ 10:7). ‘ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു’ ( ഹെബ്രാ10:7).
ആ ഹൃദയത്തിൻറെ സ്പന്ദനങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ ഒരേയൊരാൾക്കു മാത്രമേ ഭാഗ്യം ലഭിച്ചുള്ളൂ. ‘ശിഷ്യന്മാരിൽ യേശു സ്നേഹിച്ചിരുന്നവൻ’ (യോഹ 13:22) എന്നു സുവിശേഷം വിളിക്കുന്ന ആ ചെറുപ്പക്കാരൻ അവസാനത്തെ അത്താഴം കഴിക്കുന്ന വേളയിൽ ഗുരുവിൻറെ വക്ഷസ്സിലേക്കു ചാരിക്കിടക്കുകയായിരുന്നുവല്ലോ. ലോകരക്ഷയ്ക്കായുള്ള ഏകബലി നിറവേറ്റപ്പെടുന്ന സമയത്ത് അതിനു സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ഏകശിഷ്യനും യോഹന്നാൻ തന്നെയായിരുന്നു. അതുകൊണ്ടാണു കുത്തിപ്പിളർക്കപ്പെട്ട തിരുഹൃദയത്തെയും അവിടെ നിന്നൊഴുകുന്ന ജീവജലത്തിൻറെ അരുവിയെയും കാണാനുള്ള ഭാഗ്യം അവനു ലഭിച്ചത്.
പതിനാറു നൂറ്റാണ്ടുകൾക്കിപ്പുറം മാർഗരറ്റ് മേരി അലക്കോക്ക് എന്ന ഫ്രഞ്ച് കന്യാസ്ത്രീയ്ക്ക് ഈശോയുടെ തിരുഹൃദയത്തിൻറെ ദർശനം ലഭിക്കുന്നത് ഒരു ഡിസംബർ 27 നായിരുന്നു. അതു യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ ദിനം ആയിരുന്നു എന്നതു യാദൃച്ഛികമല്ലല്ലോ.
തിരുഹൃദയം എന്നാൽ സ്നേഹം തന്നെയാണ്. തിരുഹൃദയഭക്തി ഈശോ സ്നേഹിക്കുന്നവർക്കു മാത്രം ലഭിക്കുന്ന വിശേഷ അനുഗ്രഹവുമാണ്. യോഹന്നാൻ നേരിട്ടനുഭവിച്ച ഈശോയുടെ ഹൃദയമിടിപ്പുകൾ മാർഗരറ്റ് ആത്മീയമായി അനുഭവിച്ചു. അപ്പോൾ അവൾക്കു തോന്നി തൻറെ ശിഷ്ടജീവിതം ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിക്കണമെന്ന്. മേലധികാരികളുടെ അനുവാദത്തോടെ അവൾ തൻറെ ജീവിതം ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചുകൊണ്ടുള്ള പ്രതിഷ്ഠ എഴുതിയുണ്ടാക്കി. എഴുതിയത് മഷികൊണ്ടാണെങ്കിലും അവൾ അതിൽ ഒപ്പിട്ടത് സ്വന്തം ഹൃദയരക്തം കൊണ്ടാണ്. സ്വന്തം നെഞ്ചിൽ ഒരു കത്തികൊണ്ട് ഈശോ എന്ന മാധുര്യമേറിയ നാമം കോറിയിട്ട അവൾ അവിടെനിന്നൊഴുകിയ രക്തം കൊണ്ടാണു തൻറെ സമർപ്പണം സമ്പൂർണ്ണമാക്കിയത്.
ഒരിക്കൽ മാർഗരറ്റിനു പ്രത്യക്ഷപ്പെട്ട തിരുഹൃദയ ഈശോ ഇപ്രകാരം പറഞ്ഞു. ‘ മനുഷ്യരെ അത്രമേൽ സ്നേഹിക്കുന്ന എൻറെ ഹൃദയം കണ്ടാലും……. എന്നാൽ നന്ദിഹീനതയാണ് ആ സ്നേഹത്തിനു പകരമായി അനേകർ എനിക്കു തിരിച്ചുതരുന്നത്’. ഇന്നും തിരുഹൃദയത്തിൻറെ വിലാപം അതുതന്നെയാണ്. അതുകൊണ്ടാണ് തിരുഹൃദയഭക്തി ഒരു പരിഹാരകർമ്മം കൂടിയാകുന്നത്. നമ്മെ ഇത്രയധികമായി സ്നേഹിച്ചിട്ടും അതിനു നന്ദി പറയാൻ മടിക്കുന്ന നമുക്കോരോരുത്തർക്കും മനുഷ്യവർഗം മുഴുവനും വേണ്ടിയും പരിഹാരം ചെയ്യാനായി നമുക്ക് ഈശോയുടെ തിരുഹൃദയത്തെ വണങ്ങാം.
നമുക്കു പ്രാർഥിക്കാം. ‘ഹൃദയശാന്തയും എളിമയുമുള്ള ഈശോയേ, എൻറെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് ഒത്തതാക്കിയരുളണമേ’.