സാബത്തിൽ മന്നാ പെറുക്കുന്നവർ

മരുഭൂമിയിലെ യാത്രയ്ക്കിടയിൽ  ദൈവം ഇസ്രായേൽ ജനത്തിനു ഭക്ഷണമായി മന്നാ കൊടുത്തപ്പോൾ അതോടൊപ്പം ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. ‘ആറുദിവസം നിങ്ങൾ അതു ശേഖരിക്കണം. ഏഴാം ദിവസം  സാബത്താകയാൽ  അതുണ്ടായിരിക്കുകയില്ല’ (പുറ 16:26). ഇത്ര കൃത്യമായി മുന്നറിയിപ്പ് കൊടുത്തിട്ടും ഇസ്രായേൽ ജനങ്ങളിൽ ചിലർ ഏഴാം ദിവസവും അപ്പം പെറുക്കാൻ  പുറത്തിറങ്ങി എന്നും അവർക്കു  വെറുംകൈയോടെ മടങ്ങേണ്ടി വന്നു എന്നും  തുടർന്നു നാം വായിക്കുന്നുണ്ട്.

ഇസ്രായേൽക്കാർ സാബത്തിൻറെ  പവിത്രത  അനുഭവത്തിലൂടെ  തിരിച്ചറിഞ്ഞു.  എന്നാൽ അഭിനവ  ഇസ്രായേലായ  തിരുസഭയുടെ മക്കൾ സാബത്തിനെ ചവിട്ടിമെതിക്കുന്നതിൽ   ഒരു മടിയും ഇല്ലാത്തവരായി മാറിക്കഴിഞ്ഞു എന്നതു നമ്മെ ചിന്തിപ്പിക്കണം.  പഴയനിയമകാലത്തെ കർശനമായ സാബത്താചരണം സഭ  ഇന്നു നിഷ്കർഷിക്കുന്നില്ല.  തിരുസഭയുടെ കല്പനകളിൽ ഒന്നാമത്തേത് ഇങ്ങനെയാണ്.  ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും  മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്.’

പണ്ടൊക്കെ ‘ ഞായറാഴ്ച കട മുടക്കം’ എന്ന  ബോർഡ് കണ്ടാൽ  അത് ഒരു ക്രിസ്ത്യാനിയുടെ കടയാണെന്ന് ഉറപ്പിക്കാമായിരുന്നു. ഇപ്പോൾ  ഞായറാഴ്ചകളിൽ കട തുറന്നു പ്രവർത്തിക്കുന്നതാണ് എന്ന  ബോർഡു  കണ്ടാൽ അതു  ക്രിസ്ത്യാനിയുടെ കടയാകാനാണു  കൂടുതൽ സാധ്യത. ഇതു   വെറുതെ പറയുന്നതല്ല. മധ്യ  കേരളത്തിലെ ഒരു പ്രമുഖ വ്യാപാരസ്ഥാപനത്തിൻറെ  പരസ്യങ്ങളിലെല്ലാം    ഞായറാഴ്ച കട തുറന്നു പ്രവർത്തിക്കുന്നതാണ് എന്നു പ്രത്യേകം  ചേർത്തിട്ടുണ്ട്. അനേകം ശാഖകളും കോടികളുടെ ബിസിനസുമുള്ള ആ സ്ഥാപനത്തിൻറെ ഉടമ അതിപുരാതന ക്രിസ്ത്യാനി തന്നെയാണ്. ഞായറാഴ്ചത്തെ കച്ചവടം കിട്ടിയില്ലെങ്കിലും ആ ഗ്രൂപ്പിന്  ഒരു നഷ്ടവും വരില്ല. എങ്കിലും അവർ ഞായറാഴ്ച കട തുറന്നു തന്നെ വയ്ക്കുന്നു.  

മധ്യകേരളത്തിലെ  തന്നെ ഒരു പട്ടണത്തിലെ ഒരു ചെറിയ കടയുടെ മുൻപിൽ കൂടി കടന്നുപോയപ്പോൾ അവിടെ തൂക്കിയിരുന്ന ബോർഡ്   കണ്ണിൽ പെട്ടു. ‘വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ  2 മണി വരെ കട  പ്രവർത്തിക്കുന്നതല്ല’. നിത്യച്ചെലവിനു  വേണ്ടി ചെറിയൊരു കട നടത്തുന്ന അക്രൈസ്തവനു  തൻറെ വിശ്വാസത്തെ പ്രതി രണ്ടു മണിക്കൂർ കട അടച്ചിടാനും അതിൻറെ നഷ്ടം സഹിക്കാനും മടിയില്ല.  ലാഭത്തിനുമേൽ ലാഭം ഉണ്ടാക്കാൻ വേണ്ടി ഞായറാഴ്ച കട തുറന്നിരിക്കാൻ   ക്രിസ്ത്യാനിയ്ക്കു മടിയുമില്ല.

ഞായറാഴ്ചകളിൽ മുഴുവൻ കുർബാനയിൽ പങ്കു കൊള്ളണം എന്ന  കൽപന പലർക്കും ചുമക്കാനാകാത്ത ഭാരമാണ്. അതുകൊണ്ട് അവർ എന്തെങ്കിലും കാരണം പറഞ്ഞു   കുർബാന മുടക്കും. ചിലർക്ക് അതിനുള്ള കാരണം  കുർബാനയുടെ പേരിലുള്ള തർക്കമായിരിക്കാം. വേറെ  ചിലർക്കു   വികാരിയച്ചനോടുള്ള ദേഷ്യമാകാം.  സുഖലോലുപതയും മദ്യാസക്തിയും ജീവിതവ്യഗ്രതയും  (ലൂക്കാ 21:34) ആയിരിക്കാം മറ്റു  ചിലരെ കുർബാനയിൽ നിന്നകറ്റുന്നത്. നിരീശ്വര സംഘടനകളുടെയും   രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പരിപാടികളിൽ പങ്കെടുക്കാൻ  വേണ്ടി ഞായറാഴ്ചക്കുർബാന  മുടക്കാനും ക്രിസ്ത്യാനികൾക്കു മടിയില്ല.   വിനോദങ്ങൾക്കും ഉല്ലാസയാത്രകൾക്കും ഞായറാഴ്ച തന്നെ വേണം എന്ന കാര്യത്തിൽ നാം നിർബന്ധ ബുദ്ധിക്കാരുമാണ്.  കുഞ്ഞുങ്ങളെ ഞായറാഴ്ച എൻട്രൻസ് പരിശീലനത്തിനും സ്പോർട്സിനും  ട്യൂഷനും വിടാൻ  മാതാപിതാക്കൾക്കു സമയമുണ്ട്. ഞായറാഴ്ചക്കുർബാനയുടെ  കാര്യം വരുമ്പോൾ മാത്രമേ സമയക്കുറവ്  അവർക്കൊരു പ്രശ്നമാകുന്നുള്ളൂ.

അവർക്കെല്ലാം വേണ്ടി  ഒരു വചനം ഏശയ്യാ  പ്രവാചകൻ  എഴുതിവെച്ചിട്ടുണ്ട്. ‘സാബത്തിനെ ചവിട്ടിമെതിക്കുന്നതിൽ നിന്നും  എൻറെ വിശുദ്ധദിവസത്തിൽ നിൻറെ ഇഷ്ടം  അനുവർത്തിക്കുന്നതിൽ നിന്നും  നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കർത്താവിൻറെ വിശുദ്ധദിവസത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിൻറെ സ്വന്തം  വഴിയിലൂടെ നടക്കാതെയും നിൻറെ താല്പര്യങ്ങൾ അന്വേഷിക്കാതെയും  വ്യർഥഭാഷണത്തിലേർപ്പെടാതെയും  അതിനെ ആദരിക്കുക. അപ്പോൾ നീ കർത്താവിൽ ആനന്ദം കണ്ടെത്തും  ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ  നിന്നെ ഞാൻ സവാരി ചെയ്യിക്കും’ (ഏശയ്യാ  58:13-14).

മക്കളുടെ അഭിവൃദ്ധിയ്ക്കുള്ള വഴി  അവരെക്കൊണ്ടു  സാബത്ത് ആചരിപ്പിക്കുക എന്നതാണ്. ഞായറാഴ്ചക്കുർബ്ബാന പോലും മുടക്കിക്കൊണ്ടുള്ള നമ്മുടെ   വിദ്യയും അഭ്യാസവും നമ്മെ എവിടെയും കൊണ്ടുചെന്നെത്തിക്കില്ല എന്നതു  നിശ്ചയം. തൻറെ കല്പനകൾ സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നമ്മെ  ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും (നിയമാ 28:1) എന്നതു  ഇന്നും ഇളക്കമില്ലാത്ത കർത്താവിൻറെ  വാഗ്ദാനമാണെന്നോർക്കുക. സാബത്തു   സൂക്ഷ്മമായി ആചരിക്കുക എന്ന കർത്താവിൻറെ കല്പന പാലിക്കുകയാണ് ഉയർച്ചയ്ക്കുള്ള  ഒരേയൊരു വഴി.

ഒരു അനുഭവം  കൂടി  പങ്കുവയ്ക്കട്ടെ.  ഈയിടെ ഞായറാഴ്ചയായിട്ടുകൂടി ഒരു വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിതനായി. വരൻറെ വീട്ടുകാർ കുറച്ചു ദൂരത്തുനിന്നാണു  വരുന്നത്.  എവിടെ നിന്നാണു  കുർബാനയിൽ പങ്കെടുത്തതെന്നു ചോദിച്ചപ്പോൾ അവർ മുഖത്തോടു മുഖം നോക്കുന്നു.  ഞാൻ എന്തോ മഹാപരാധം ചെയ്‌തെന്ന മട്ടിലായിരുന്നു അവരുടെ  പ്രതികരണം. അവർ ആരുംതന്നെ  അന്നു  കുർബാനയിൽ പങ്കെടുത്തിരുന്നില്ല.  വധുവിൻറെ ഇടവകയിൽ വൈകുന്നേരം കുർബാനയുണ്ട്, അതിൽ പങ്കെടുക്കാം എന്നു പറഞ്ഞത് അവർ ശ്രദ്ധിച്ചതുപോലുമില്ല.   വിഷമം തോന്നിയ കാര്യം  അഞ്ചു കുടുംബങ്ങളിൽ നിന്നായി വന്ന എട്ട്  അതിപുരാതന ക്രിസ്ത്യാനികൾക്കു   ഞായറാഴ്ച  ഒരു കുർബാനയിൽ പങ്കെടുക്കുന്നത് അത്ര വലിയ ഒരു  കാര്യമായി തോന്നിയില്ല എന്നതാണ്.  വിവാഹനിശ്ചയം പോലെ അതിപ്രധാനമായ ഒരു  കാര്യത്തിനു പുറപ്പെടുമ്പോൾ പോലും ഏതെങ്കിലും ഒരു ദൈവാലയത്തിൽ കയറി കുർബാനയിൽ പങ്കെടുത്തില്ലെങ്കിൽ വേണ്ട, ഒരു മിനിറ്റെങ്കിലും പ്രാർഥിക്കണം  എന്ന് അവരിൽ  ആർക്കും തോന്നിയതുമില്ല.  അവർ യാത്ര  ചെയ്ത വഴിയിൽ ഇരുപത്തിയഞ്ചു  കത്തോലിക്കാ  ദൈവാലയങ്ങളെങ്കിലും  ഉണ്ട് എന്നോർക്കണം. വധുവിൻറെ വീട്ടുകാർ എല്ലാവരും രാവിലെ കുർബാനയിൽ പങ്കുകൊണ്ടിട്ടുണ്ടാകും എന്നു കരുതാം.  എങ്കിലും ഞായറാഴ്ച വിവാഹനിശ്ചയം നടത്തുന്നതുവഴിയായി  മറ്റുള്ളവരുടെ   കുർബാന മുടങ്ങുമെങ്കിൽ  അത് ഒഴിവാക്കേണ്ടതല്ലേ?

കർത്താവിൻറെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നത് എല്ലാ തലമുറകളിലേക്കും വേണ്ടിയുള്ള ശാശ്വത നിയമമമാണ് എന്നതു  നാം മറക്കുന്നു. സാബത്ത് കർത്താവിൻറെ ദിവസമാണ്. ഓരോ സാബത്തും കർത്താവിൻറെ വരാനിരിക്കുന്ന   മഹാദിനത്തിൻറെ ഓർമ്മപ്പെടുത്തലുമാണ്.    അതു പ്രകാശത്തിൻറെയും സന്തോഷത്തിൻറെയും  രക്ഷയുടെയും ദിവസമായിരിക്കണം.  കർത്താവിൻറെ ദിനത്തെ വിലകുറച്ചു കാണുന്നവരോടു പറയാൻ ആമോസ് പ്രവാചകൻറെ വാക്കുകൾ മാത്രമേയുള്ളൂ. ‘എന്തിനാണു നിങ്ങൾക്കു കർത്താവിൻറെ ദിനം?  അത് അന്ധകാരമാണ്. പ്രകാശമല്ല’ (ആമോസ്  5:18).

കർത്താവിൻറെ ദിനം നമുക്കു പ്രകാശത്തിൻറെ ദിനമായി മാറട്ടെ എന്നു പ്രാർഥിക്കാം. ഞായറാഴ്ചകൾ  പ്രാർത്ഥനയ്‌ക്കും ദൈവാലയത്തിലെ  ആരാധനയ്‌ക്കും  ദൈവവിചാരത്തിനും   വേണ്ടി മാറ്റിവയ്ക്കുമെങ്കിൽ കർത്താവ് നമ്മെ  സമൃദ്ധമായി അനുഗ്രഹിക്കും എന്നതു  വെറുംവാക്കല്ല.  അനേകരുടെ ജീവിതത്തിൽ അവർ അനുഭവിച്ചറിഞ്ഞ കാര്യമാണ്. ഞായറാഴ്ച പഠനം ഒഴിവാക്കിയിട്ടും  ഉന്നത വിജയം നേടി ഇൻകംടാക്സ് കമ്മീഷണർ  സ്ഥാനം വരെയെത്തിയ ഒരാളുടെ   അനുഭവം  ഈയിടെ നാം  വായിച്ചിരുന്നല്ലോ.

 ‘ആറു  ദിവസം നിങ്ങൾ ജോലി  ചെയ്യണം. ഏഴാം ദിവസം സമ്പൂർണവിശ്രമത്തിനും  വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങൾ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കർത്താവിൻറെ  സാബത്താണ്’ (ലേവ്യർ  23:3) എന്നു വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നു.   ഞായറാഴ്ച ആചാരണത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനവും അതുതന്നെയാണ്.  ‘ഞായറാഴ്ചകളിലും  കടമുള്ള മറ്റു തിരുനാളുകളിലും ദൈവത്തിന് അവകാശപ്പെട്ട ആരാധനയെയും കർത്തൃദിനത്തിൻറേതായ സന്തോഷത്തെയും  ജീവകാരുണ്യപ്രവൃത്തികളുടെ നിർവഹണത്തെയും  മനസിൻറെയും ശരീരത്തിൻറെയും മതിയായ വിശ്രമത്തെയും തടയുന്ന  ജോലിയിൽ നിന്നും  പ്രവർത്തനങ്ങളിൽ നിന്നും വിശ്വാസികൾ  മാറി നിൽക്കണം  (CCC  2185).

സാബത്തിൻറെ മഹത്വവും  സാബത്തിനെ  ആദരിക്കുന്നവർക്കുള്ള പ്രതിഫലവും നാം മറന്നുപോകരുത്.  ദൈവവും തൻറെ ജനവുമായുള്ള ശാശ്വതമായ ഉടമ്പടിയുടെ  അടയാളമാണു  സാബത്ത്.  ആ ഉടമ്പടി ഇന്നും നിറവേറ്റുന്നതിനുവേണ്ടി  സമ്പത്തു നേടാൻ അവിടുന്നാണ് നിങ്ങൾക്കു ശക്തി തരുന്നത് (നിയമാ.  8:18) എന്ന വചനവും നാം ഓർക്കണം.  ഭൗതിക അഭിവൃദ്ധി നേടാൻ ഞായറാഴ്ച അധ്വാനിക്കുകയല്ല വേണ്ടത്, മറിച്ച് ആ ദിവസം എല്ലാ അധ്വാനവും  നിർത്തിവച്ച്  ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തുകയാണു ചെയ്യേണ്ടത്.  സാബത്തിനെ നിന്ദിക്കുന്നവർക്കായി ജെറമിയ ഇങ്ങനെയും  എഴുതിയിരിക്കുന്നു.  ‘നിങ്ങൾ എന്നെ അനുസരിച്ച് സാബത്ത്  ശുദ്ധമായി ആചരിക്കാതിരിക്കുകയും സാബത്തിൽ  ചുമടുമായി  ജെറുസലേമിൻറെ കവാടങ്ങളിലൂടെ പ്രവേശിക്കുകയും ചെയ്താൽ ഞാൻ അതിൻറെ  കവാടങ്ങൾക്കു  തീ കൊളുത്തും. അതു ജറുസലേമിൻറെ കൊട്ടാരങ്ങളെ  വിഴുങ്ങും. ആരും അതു കെടുത്തുകയില്ല’ (ജെറ 17:27).

 കർത്താവിൻറെ ദിവസം പരിശുദ്ധമായി ആചരിക്കാത്തവർക്ക് സഹായം എവിടെനിന്നും കിട്ടില്ല എന്നർഥം. നമ്മുടെ അനർത്ഥങ്ങൾക്കുള്ള കാരണം ഞായറാഴ്ച ആചരണത്തിൽ മുടക്കം വരുത്തിയതാണോ എന്നു  പരിശോധിക്കാം.  ഒപ്പം കർത്താവിൻറെ ദിവസമായ ഞായറാഴ്ച വിശുദ്ധമായി  ആചരിക്കാനുള്ള കൃപയ്ക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യാം.

[ പാലക്കാട് രൂപതയുടെ മുഖപത്രമായ ജനപ്രകാശത്തിൽ പ്രസിദ്ധീകരിച്ച  ലേഖനത്തിൻറെ പുനഃപ്രസിദ്ധീകരണം]