മൂന്നു പൂക്കൾ

മൂന്നു പൂക്കൾ

1947 ൽ ഇറ്റലിയിലെ മോണ്ടിചിയാറിയിൽ  സംഭവിച്ച റോസാ മിസ്റ്റിക്കാ  മാതാവിൻറെ പ്രത്യക്ഷീകരണത്തിനു   വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകിയത് ഈ ദിവസങ്ങളിലാണല്ലോ. മോണ്ടിചിയാറിയിൽ  ആദ്യവട്ടം പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മയുടെ ഹൃദയത്തിലൂടെ മൂന്നു വാളുകൾ കടന്നുപോകുന്നതായി ദർശകയായ പിയറിന  ഗില്ലി  കണ്ടു.  ഒന്നാമത്തെ വാൾ  അയോഗ്യതയോടെയുള്ള  കുർബാനയർപ്പണത്തെയും  കുർബാന സ്വീകരണത്തെയും സൂചിപ്പിച്ചപ്പോൾ രണ്ടാമത്തേത്  വൈദികരുടെയും സമർപ്പിതരുടെയും അവിശ്വസ്‌തതയെയും മൂന്നാമത്തേത്  തങ്ങളുടെ ദൈവവിളിയ്‌ക്കെതിരെ പ്രവർത്തിക്കുന്ന  വൈദികരെയും സമർപ്പിതരെയും ആണു  സൂചിപ്പിച്ചിരുന്നത്.

എന്നാൽ മറിയം തൻറെ  ജീവിതം മുഴുവനും  ഹൃദയത്തിൽ ഒരു വാൾ  വഹിച്ചുകൊണ്ടിരുന്നു എന്നതാണു  സത്യം.  യേശു  ശരീരത്തിൽ അനുഭവിച്ച എല്ലാ പീഡകളും  അമ്മ  മനസിൽ അനുഭവിച്ചു. അതെല്ലാം സഹിച്ചിട്ടും പതറാതെ  പിടിച്ചു നിന്ന അമ്മയെ നോക്കിക്കൊണ്ടാണ് യേശു മരിക്കുന്നതിനു  മുൻപ് യോഹന്നാനോട്  ‘ഇതാ  നിൻറെ അമ്മ’ എന്നു പറഞ്ഞത്. 

മറിയത്തിൻറെ സഹനം  പീലാത്തോസിൻറെ  കൊട്ടാരം  മുതലല്ല തുടങ്ങിയത്. ഗെത്സമെനിൽ വച്ചുമല്ല. നിൻറെ ഹൃദയത്തിലൂടെ ഒരു  വാൾ കടക്കും എന്നു  ശെമയോൻ പറഞ്ഞ നിമിഷം  മുതൽ മറിയം ആ വാൾ വരുന്നതും  പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ  മറിയത്തിൻറെ സഹനം ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ  ആയിരുന്നില്ല, മറിച്ചു   നീണ്ട മുപ്പത്തിമൂന്നു വർഷവും  ആ വാൾ സ്വീകരിക്കാനായി മറിയം തൻറെ ഹൃദയത്തെ  ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിൻറെ  അവസാനപർവം മാത്രമായിരുന്നു  കാൽവരിയിലേക്കുള്ള  വേദന നിറഞ്ഞ യാത്ര. 

മറിയം എങ്ങനെ പിടിച്ചുനിന്നു?  അവൾക്ക് ഒരേയൊരു മകൻ മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അവനാകട്ടെ ഒരു തെറ്റും ഒരിക്കലും ചെയ്‌തിട്ടില്ലായിരുന്നു. എന്നിട്ടും  അവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു. അടിച്ചവർക്കു പുറവും താടിമീശ പറിച്ചവർക്കു  കവിളുകളും കാണിച്ചുകൊടുക്കാനും  നിന്ദയിൽ നിന്നും തുപ്പലിൽ നിന്നും മുഖം തിരിക്കാതിരിക്കാനും വേണ്ടി  അവൻ സ്വന്തം  മുഖം ശിലാതുല്യമാക്കി (ഏശയ്യാ 50:6-7). 

അവനെ കണ്ടവർ മുഖം  തിരിച്ചുകളഞ്ഞു (ഏശയ്യാ 53:3) എന്നതു മറിയത്തെ സംബന്ധിച്ചത്തിടത്തോളം വെറുമൊരു പ്രവചനമായിരുന്നില്ല, മറിച്ച് അവൾ നേരിൽ അനുഭവിച്ച യാഥാർഥ്യമായിരുന്നു. കുരിശിൻ ചുവട്ടിൽ എത്ര പേരുണ്ടായിരുന്നു?  മറിയത്തെക്കൂടാതെ അവളുടെ സഹോദരിയും ക്ലോപ്പാസിൻറെ  ഭാര്യ മറിയവും മഗ്ദലേനാ മറിയവും  പിന്നെ മറിയത്തിൻറെ നിഴൽ പോലെ എന്നും കൂടെ നടന്ന  യോഹന്നാനും മാത്രം.  കുരിശിൻ ചുവട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ നാലും സ്ത്രീകൾ; അതിൽ മൂന്നാളുടെയും പേരു  മറിയം എന്നായിരുന്നു എന്നതു   യാദൃച്ഛികമല്ല. മറിയത്തിൻറെ സഹനങ്ങളിൽ കൂടെ നില്കുന്നവരെല്ലാം മറ്റൊരു മറിയമായി മാറുന്നു.  

ഒരു രാത്രിയിൽ തന്നെ നാലു കോടതികൾ  വിസ്തരിച്ചിട്ടും  അവനിൽ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞില്ല. അതിൽ മറിയം വിസ്മയിച്ചതുമില്ല. കാരണം അവൻ ഒരിക്കലും തെറ്റു ചെയ്തിട്ടില്ലായിരുന്നല്ലോ. എന്നാൽ അവസാനത്തെ കോടതിയായ പീലാത്തോസിൻറെ ന്യായാസനം കുറ്റക്കാരനല്ലെന്നു കണ്ടവനു  ചമ്മട്ടിയടി കൊടുക്കാനാണു  വിധിച്ചത്. അതിനുശേഷം ഭീരുവായ ആ ഭരണാധികാരി യേശുവിനെ കുരിശിൽ തറയ്ക്കാൻ  വിട്ടുകൊടുക്കുകയും ചെയ്തു. 

എന്നിട്ടും മറിയം എങ്ങനെ പിടിച്ചുനിന്നു? അതിനുത്തരം  വിശുദ്ധ ഗ്രന്ഥത്തിൽ തന്നെയുണ്ട്. നീതിമാൻറെ  ജീവനെതിരായി  അവർ ഒത്തുചേരുന്നു; നിർദോഷനെ അവർ മരണത്തിനു വിധിക്കുന്നു’ (സങ്കീ.  94:21) എന്ന തിരുവചനം  മറിയം വായിച്ചിരുന്നു.  ആ നീതിമാൻറെ   ‘ഉറ്റ സഹചരനും ചങ്ങാതിയും  ഉറ്റ സ്നേഹിതനുമായിരുന്നവൻ ( സങ്കീ 55:13) അവനെ ഒറ്റിക്കൊടുക്കുമെന്നും മറിയം അറിഞ്ഞിരുന്നു.  എൻറെ ദൈവമേ, എൻറെ ദൈവമേ,  എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു? ( സങ്കീ 22:1)  എന്ന  രോദനം  ദാവീദ് തനിക്കായി എഴുതിയതല്ല എന്നു മറിയം  അറിഞ്ഞിരുന്നു. ഒഴിച്ചുകളഞ്ഞ വെള്ളം പോലെ,  സന്ധിബന്ധങ്ങൾ ഉലഞ്ഞ്, ഹൃദയം മെഴുകു പോലെയായി, അണ്ണാക്ക് ഓടിൻറെ കഷ്ണം പോലെ വരണ്ട്, നാവ് അണ്ണാക്കിൽ ഒട്ടി,  മരണത്തിൻറെ പൂഴിയിൽ ഉപേക്ഷിക്കപ്പെടുന്ന (സങ്കീ  22:14-15) മനുഷ്യപുത്രനു വേണ്ടി  സങ്കീർത്തകൻ എഴുതിയ വരികളാണതെന്നു മറിയം മനസിലാക്കിയിരുന്നു. കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുമെന്നും അവർ കൂടിയാലോചന നടത്തുമെന്നും  (സങ്കീ 2:2) മറിയം  നേരത്തേ അറിഞ്ഞിരുന്നു. 

യേശുവിൻറെ കൈകാലുകൾ കുത്തിത്തുളച്ചപ്പോഴും  അവൻറെ  അസ്ഥികൾ എണ്ണാവുന്ന വിധത്തിൽ ആക്കിയപ്പോഴും, അവൻറെ വസ്ത്രങ്ങൾ പടയാളികൾ  പങ്കിട്ടെടുത്തപ്പോഴും അവൻറെ  അങ്കിക്കായി അവർ നറുക്കിട്ടപ്പോഴും  മറിയം പിടിച്ചുനിന്നു. കാരണം  അതിനും ഒരു സഹസ്രാബ്ദം മുൻപേ  ക്രിസ്തു സഹിക്കാനിരുന്ന പീഡനങ്ങൾ പദാനുപദം അക്കമിട്ടു പ്രവചിക്കപ്പെട്ടിരുന്നു (സങ്കീ 22:14-18). മറിയം ആ പ്രവചനങ്ങൾ എല്ലാം പഠിച്ചിരുന്നു എന്നു  മാത്രമല്ല അവയെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്തിരുന്നു.

എന്നാൽ വെളിപ്പെടാനിരിക്കുന്ന  മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു കരുതാൻ (റോമാ  8:18) മാത്രം കൃപ മറിയത്തിൻറെ  ഹൃദയത്തിൽ ദൈവം നിക്ഷേപിച്ചിരുന്നു.   അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധൻ ജീർണിക്കാൻ  അനുവദിക്കുകയില്ല (സങ്കീ 16:10)   എന്ന പ്രവചനം തൻറെ പുത്രനെക്കുറിച്ചാണെന്ന പ്രത്യാശയിൽ മറിയം ഉറച്ചുനിന്നു.  പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല ( റോമാ 5:5) എന്ന വചനം  തൻറെ ജീവിതത്തിൽ നിറവേറും എന്നും മറിയം പ്രത്യാശിച്ചിരുന്നു.  

ഗത്സമേൻ  മുതൽ  കാൽവരി വരെയുള്ള  യേശുവിൻറെ അവസാന മണിക്കൂറുകളിൽ മറിയത്തിൻറെ മനസിലൂടെ കടന്നുപോയ വികാരവിചാരങ്ങൾ എന്തെന്നു നമുക്കറിയില്ല.  മറിയം അതാരോടും പറഞ്ഞതുമില്ല. അതിനെക്കുറിച്ച്  അല്പമെങ്കിലും അറിയാവുന്ന യോഹന്നാൻ നമുക്കായി ഒന്നും എഴുതിവച്ചതുമില്ല.  എങ്കിലും ഒരു കാര്യം നമുക്കറിയാം.  അസാമാന്യമായ ധീരതയോടെ, അതിലുപരി വിശ്വാസത്തോടെയും പ്രത്യാശയോടെയും   മറിയം പിടിച്ചുനിന്നു. ഹെബ്രായ ലേഖനത്തിൽ പറയുന്നതുപോലെ  നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു  സഹതപിക്കാൻ  കഴിയാത്ത ഒരമ്മയെ അല്ല യേശു നമുക്കു തന്നത്. പിന്നെയോ എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ട  മറിയത്തെയാണ്.

അമ്മയുടെ  ഹൃദയത്തിലൂടെ കടന്നുപോയതായി പിയറിന  ഗില്ലി  ആദ്യം കണ്ട വാളുകൾ അടുത്ത ദർശനത്തിൽ മാറിപ്പോയിരുന്നു. അതിൻറെ സ്ഥാനത്ത് പിയറിന കണ്ടത് പ്രാർഥന, പ്രായശ്ചിത്തം, പരിഹാരം  എന്നിവയെ സൂചിപ്പിക്കുന്ന മൂന്നു റോസാപ്പൂക്കൾ ആയിരുന്നു.  തൻറെ ഭക്തർ തനിക്കു  തരണമെന്നു റോസാ മിസ്റ്റിക്കാ  മാതാവ്   ആഗ്രഹിക്കുന്ന  സമ്മാനവും ഈ മൂന്നു പൂക്കൾ തന്നെയാണ്.