രക്തത്തിൻറെ നിറം ചുവപ്പ്. രക്തത്തിൽ മുക്കിയ മേലങ്കിയുടെ നിറവും ചുവപ്പ്. അങ്ങനെയൊരു മേലങ്കിയും ധരിച്ചുകൊണ്ട് വരുന്ന ഒരാളെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ എഴുതിയിട്ടുണ്ട്. വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നവനും നീതിയോടെ വിധിക്കുകയും പടപൊരുതുകയും ചെയ്യുന്നവനുമായ ഒരുവൻ. സർവജനതകളെയും ഇരുമ്പുദണ്ഡു കൊണ്ടു ഭരിക്കാനുള്ളവൻ. ‘അവൻ രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവൻറെ നാമം ദൈവവചനം എന്നാണ്’ (വെളി. 19:13). ആ വചനം മാംസമായി ഒരിക്കൽ നമ്മുടെ ഇടയിൽ വസിച്ചിരുന്നു. ഇനിയും ഒരിക്കൽ കൂടി അവൻ വരാനിരിക്കുന്നു. അതാകട്ടെ പാപപരിഹാരാർഥമല്ല, തന്നെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയായിരിക്കും (ഹെബ്രാ 9:28).
യേശു രക്തനിറമുള്ള മേലങ്കി ധരിക്കുന്നത് ആദ്യമായിട്ടല്ല. മുൻപൊരിക്കൽ ശത്രുക്കൾ അവനെ നിർബന്ധപൂർവം ഒരു ചുവന്ന പുറംകുപ്പായം ധരിപ്പിച്ചിരുന്നു (മത്തായി 27:28). അടിച്ചവർക്കു പുറവും താടിമീശ പറിച്ചവർക്കു കവിളുകളും കാണിച്ചുകൊടുക്കാൻ മടിക്കാത്ത അവൻ (ഏശയ്യ 50:6) തന്നെ ചുവന്ന പുറംകുപ്പായം ധരിപ്പിച്ചവർക്കു മുൻപിലും ശാന്തനായി നിന്നു. യേശുവിനെ പരിഹസിക്കാൻ വേണ്ടി മാത്രമായിരുന്നു ആ ചുവന്ന മേലങ്കി ധരിപ്പിച്ചിരുന്നത്. കാരണം അതിനുശേഷം ഉടനെ തന്നെ ആ മേലങ്കി അഴിച്ചുമാറ്റി അവൻറെ സ്വന്തം വസ്ത്രം ധരിപ്പിച്ചു എന്നു സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി 27:31).
ചുവന്ന പുറംകുപ്പായം ധരിച്ച യേശു ന്യായാധിപൻറെ മുൻപിൽ വിചാരണ കാത്തുനിൽക്കുന്ന തടവുകാരനായിരുന്നു. എന്നാൽ രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചുവരുന്ന യേശുവാകട്ടെ ‘രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും’ (വെളി 19:16) ആണ്. അവൻറെ മുൻപിൽ എല്ലാ മുട്ടുകളും മടങ്ങുന്ന ഒരു നാൾ വരുന്നു.
ഒരിക്കൽ പരിഹാസത്തിൻറെ അടയാളമായിരുന്ന ചുവന്ന മേലങ്കി പിന്നെ മഹത്വത്തിൻറെ ചിഹ്നമായി മാറുകയാണു ചെയ്യുന്നത്. അതിനിടയിലുള്ള കാലഘട്ടമാകട്ടെ മനുഷ്യർക്കു കൃപയുടെ സമയമായി ദൈവം നിശ്ചയിച്ചുതന്നതാണ്. ധനവാൻറെയും ലാസറിൻറെയും ഉപമയിൽ ധനവാൻ ധരിച്ചിരുന്നതും ചുവന്ന പട്ടായിരുന്നു. എന്നാൽ സുഖസമൃദ്ധിയുടെ ആലസ്യത്തിൽ നിന്ന് ഉണർന്നപ്പോഴേയ്ക്കും ധനവാൻ അബ്രാഹത്തിൻറെ മടിയിൽ നിന്ന് ഏറെ ദൂരെ, നിത്യപീഡകളുടെ സ്ഥലത്ത് എത്തിയിരുന്നു. അവിടെ നിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യവും ആയിരുന്നു.
ക്രിസ്ത്യാനിയുടെ വസ്ത്രത്തിൽ എന്നും രക്തത്തിൻറെ അരുണിമ ദൃശ്യമായിരുന്നു. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും എന്ന തിരുവചനം ആരിലെങ്കിലും നിറവേറാതെ പോകുന്നുവെങ്കിൽ അവൻ ഇനിയും ക്രിസ്ത്യാനി ആയിട്ടില്ല എന്നാണ് അതിൻറെ അർഥം. ക്രിസ്ത്യാനി ആണ് എന്നതിൻറെ പേരിൽ ലഭിക്കുന്ന പരിഹാസത്തിൻറെയും നിന്ദനത്തിൻറെയും പീഡനത്തിൻറെയും ചുവപ്പുവസ്ത്രം അണിയാൻ തല കുനിച്ചുകൊടുക്കാത്തവർക്ക് രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചുവരുന്ന ക്രിസ്തുവിൻറെ മുൻപിൽ തല ഉയർത്തി നിൽക്കാൻ കഴിയുമോ?
‘കുഞ്ഞാടിൻറെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിൻറെ വചനം കൊണ്ടും സാത്താൻറെ മേൽ വിജയം നേടുകയും അതിനായി ജീവൻ നൽകാൻ തയ്യാറാവുകയും ചെയ്യുന്ന’ (വെളി. 12:11) ക്രിസ്ത്യാനികളുടെ നിരയിലേക്ക് പതിനായിരങ്ങളും ലക്ഷങ്ങളും കൂട്ടിച്ചേർക്കപ്പെടുന്ന നാളുകളിലേക്കു നാം പ്രവേശിച്ചുകഴിഞ്ഞു. ‘ജീവൻറെ വൃക്ഷത്തിന്മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും വേണ്ടി നമ്മുടെ അങ്കികൾ കഴുകി ശുദ്ധിയാക്കാനായി’ (വെളി. 22:14) ദൈവം അനുവദിച്ചുതന്ന ഈ നാളുകൾ നമുക്കു ഫലപ്രദമായി ഉപയോഗിക്കാം.
‘കടും ചുവപ്പായ നമ്മുടെ പാപങ്ങൾ മഞ്ഞുപോലെ വെണ്മയുള്ളതാക്കി മാറ്റുമെന്ന്’ (ഏശയ്യ 1:18) വാഗ്ദാനം ചെയ്തിട്ടുള്ള കർത്താവ് ‘വിജയം വരിക്കുന്നവർക്കുവേണ്ടി കരുതിവച്ചിരിക്കുന്ന വെള്ള വസ്ത്രം’ (വെളി 3:5) സ്വന്തമാക്കാനുള്ള യോഗ്യത നാം സ്വയം തെളിയിക്കേണ്ടതാണ്. ‘ക്രിസ്തുവിനുവേണ്ടി അവമാനം സഹിച്ചുകൊണ്ടു പാളയത്തിനു പുറത്തിറങ്ങി അവൻറെ അടുത്തേക്കു പോകാനുള്ള’ (ഹെബ്രാ 13:13) ഉറച്ച തീരുമാനമെടുത്തുകൊണ്ടു നമുക്ക് ആ യോഗ്യത തെളിയിക്കാം.